പേജുകള്‍‌

16 October, 2011

അലീഗഢ്; എന്‍റെ അല്‍മാമാറ്റര്‍



ഒക്ടോബര്‍ പതിനേഴ് സര്‍സയ്യദ് ഡേ. ഇരുന്നൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരൊക്ടോബര്‍ പതിനേഴിനാണ് അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയുടെ സ്ഥാപകന്‍ സര്‍ സയ്യദ് അഹ്മദ്‌ ഖാന്‍ ജനിക്കുന്നത്. അന്നേദിനം യൂനിവേഴ്സിറ്റി ക്യാംപസ് അതിന്‍റെ ചമയങ്ങള്‍ വാരിപ്പൂശി നവോഢയെപ്പോലെ അണിഞ്ഞൊരുങ്ങും, തോരണങ്ങള്‍ തൂങ്ങും, വിദ്യര്‍ഥികളും അദ്ധ്യാപകരും ഒരൊറ്റ മൈതാനിയിലില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. പഴയ ഒരു വിദ്യാര്‍ഥിയുടെ ഗൃഹാതുരമായ ഓര്‍മകളുടെ കുടഞ്ഞൊഴിവാക്കാനാകാത്ത മാറാപ്പുകള്‍ക്ക് ചുവട്ടിലിരുന്ന്‍ കുറിച്ചതാണിത്. ഒന്നുകില്‍ വായിക്കുക, അല്ലെങ്കില്‍ വായിക്കാതിരിക്കുക. നിങ്ങളുടെ മുമ്പില്‍ വേറെ ചോയ്സില്ല; ചുരുക്കത്തില്‍, വായിച്ചാല്‍ വളയും വായിച്ചില്ലെങ്കില്‍ വലയും. 



യേ മേരാ ചമന്‍ ഹെ മേരാ ചമന്‍;
മേ അപ്നേ ചമന്‍ കാ ബുല്‍ബുല്‍ ഹും
സര്‍ഷാറെ നിഗാഹെ നര്‍ഗിസ് ഹും
പാബസ്തയെ ഗേസുവേ സുമ്പുല്‍ ഹും
(ഇതെന്‍റെ പൂവാടി, ഞാനതിലെ പൂങ്കുയിലും. ദൃഷ്ടി നിറക്കും സുന്ദര കുസുമം ഞാന്‍. ചികുരമലങ്കരിക്കും സുന്ദര ദളം ഞാന്‍)

തറാനയെ അലീഗഢ് (അലീഗഢ്ഗീതം) ആരംഭിക്കുകയാണ്. ആലാപനത്തിന്‍റെ തുടക്കത്തില്‍തന്നെ നിങ്ങളുടെ മനസ്സും കരളും മജാസ് ലഖ്നവിയുടെ വരികള്‍ പിടിച്ചെടുക്കുകയായി. ഹൃദയം തുടികൊട്ടി കാത്തു നില്‍ക്കുന്നു. രോമകൂപങ്ങളോരോന്നും പൊക്കിള്‍ വിരിയിക്കാന്‍ പാകത്തില്‍ തയ്യാറെടുത്തു കഴിഞ്ഞു. പ്രകാശം പരത്തി, ഒന്നേക്കാല്‍ നൂറ്റാണ്ട് പിന്നിട്ട അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി എന്ന വിജ്ഞാന നഗരിയിലെ ഓരോ വഴിയിലും ചരിത്രം മയങ്ങുന്നുണ്ട്. ബ്രിട്ടീഷ് വിരുദ്ധ നിലപാടുപേക്ഷിച്ച് സൌഹൃദ പാത തേടിയ ഉപഭൂഖണ്ഡത്തിലെ മുസ്ലിം രാഷ്ട്രീയത്തിന്‍റെ ആരംഭം ഇവിടെയായിരുന്നു. സ്വാതന്ത്യ്രത്തിന് ശേഷം ദേശീയ മുസ്ലിംകളുടെ വിഹാര കേന്ദ്രമായി. മാര്‍ക്സിസ്റ്റ്‌ ചരിത്രകാരന്മാരുടെ ആസ്ഥാനമായി. മാര്‍ക്സിസ്റ്റ്‌ വിരുദ്ധ സമരങ്ങളുടെ രണഭൂമിയായി. ജനതാ പാര്‍ട്ടി/ദള്‍ പരീക്ഷണങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി. ഇന്ത്യന്‍ മുസ്ലിംകളുടെ ബൌദ്ധിക കേന്ദ്രമായി. തറാന പതുക്കെ മുന്നേറുകയാണ്: 

ജോ താഖെ ഹറം മെ റോഷന്‍ ഹെ
വോ ശമാ യഹാംഭീ ജല്‍ത്തീ ഹെ
ഇസ് ദഷ്ത് കെ ഗോഷേ ഗോഷേ സെ
ഇക് ജൂവെ ഹയാത്ത് ഉബല്‍ത്തീ ഹെ
(വിശുദ്ധ ഗേഹത്തെ ദീപ്തമാക്കിയ കൈത്തിരി ഇവിടെയുമെരിയുന്നു; ഈ മണ്‍പരപ്പിന്‍ ദിക്കെട്ടിലും ജീവജലം ഉറവയെടുക്കുന്നു) 

ആ കൈത്തിരിയില്‍ നിന്നുതിര്‍ന്നു വീണ പാല്‍വെളിച്ചം പരന്നൊഴുകുന്ന ഈ മണ്‍പരപ്പിലൂടെയും ഊടുവഴികളിലൂടെയും സര്‍സയ്യദ് അഹ്മദ് ഖാന്‍ നടന്നിട്ടുണ്ട്. നെഹ്റുവും കെന്നഡിയും ഇഖ്ബാലും നടന്നു നീങ്ങിയിട്ടുണ്ട്. വിഖാറുല്‍ മുല്‍ക്കും മുഹ്സിനുല്‍ മുല്‍ക്കും ഈ പാതയോരങ്ങളിലെവിടെയോ വെച്ച് മുസ്ലിം ഇന്‍ഡ്യയുടെ ഭാവിയെക്കുറിച്ച ഗൌരവമായ ചര്‍ച്ചകളിലേര്‍പ്പെട്ടിട്ടുണ്ട്. അപ്പുറവമിപ്പുറവും കാണുന്ന നരച്ച കെട്ടിടങ്ങളിലൊന്നിലുരുന്നാണ് സര്‍ തോമസ് ആര്‍നള്‍ഡ് തന്‍റെ പ്രസിദ്ധമായ The Preaching of Islam എഴുതിപ്പൂര്‍ത്തിയാക്കിയത്.  ഇന്‍ഡോ ഇസ്ലാമിക് ശില്‍പ ഭംഗി തുടിച്ചു നില്‍ക്കുന്ന ചുവന്ന ഇഷ്ടികക്കെട്ടിടങ്ങള്‍ക്കുള്ളിലെവിടെയോ വെച്ച് അല്ലാമാ ശിബ്ലി നഅ്മാനിയോടൊപ്പം പ്രഗത്ഭനായ ചരിത്രകാരന്‍ എന്ന്‍ പിന്മുറക്കാര്‍ വിളിച്ച ഈശ്വരി പ്രസാദിന് അദ്ദേഹം ചരിത്ര പാഠങ്ങള്‍ ചൊല്ലിക്കൊടുത്തിട്ടുണ്ട്. എം.എ.ഒ കോളേജി(യൂനിവേഴ്സിറ്റിയുടെ പ്രാഗ്രൂപം)ല്‍ നിന്നിറങ്ങിയ ഒന്നാമത്തെ ബിരുദധാരി എന്ന ബഹുമതിയായിരുന്നു ചരിത്രം പ്രസാദിനു വേണ്ടി കരുതി വച്ചിരുന്നത്. തറാന ഒഴുകുകയാണ്:

ഫിത്റത്ത് നെ സിഖായി ഹെ ഹം കൊ 
ഉഫ്താദ് യഹാം പര്‍വാസ് യഹാം
ഗായെ ഹെ വഫാ കെ ഗീത്ത് യഹാം
ഛേഢാ ഹെ ജുനൂന്‍ കാ സാസ് യഹാം
(പ്രകൃതി ഞങ്ങളെ ചിറകണിയാനും പറക്കാനും പഠിപ്പിച്ചതിവിടം; വിശ്വാസ ഗീതി പാടുന്നതിവിടം, ഉന്മാദ രാഗം തിമര്‍ക്കുന്നതിവിടം)

ഈ കെട്ടിട സമുച്ചയങ്ങളിലെവിടെയെങ്കിലും വെച്ച് ഡോ. സാകിര്‍ ഹുസെയ്നും മുഹമ്മദ് അബ്ദുര്‍റഹ്മാനും, സയ്യിദ് അമീര്‍ അലിയും രാജാ മഹേന്ദ്ര പ്രാതാപും, നവാബ് ലിയാഖത്ത് അലി ഖാനും അതിര്‍ത്തി ഗാന്ധിയും, ശെയ്ഖ് അബ്ദുല്ലയും അലി സഹോദരന്മാരും, ഹര്‍ഷ് നാരായണും റഫീ അഹ്മദ് ഖിദ്വായിയും, മുഹമ്മദ് ഹബീബും മുഷീറുല്‍ ഹസനും, സയ്യിദ് ഹാമിദും സാഹിബ് സിങ് വര്‍മയും ഹാമിദ് അന്‍സാരിയും, നസീറുദ്ദീന്‍ ഷായും വക്കം പുരുഷോത്തമനുമെല്ലാം വ്യത്യസതമായ കാലങ്ങളിലും നേരങ്ങളിലും തങ്ങളുടെ ഗുരുനാഥന്മാരുടെ സാന്നിദ്ധ്യത്തിലും അല്ലാതെയും ചൂടേറിയ ചര്‍ച്ചകളിലും വാഗ്വാദങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ടാകണം. 

ഈ പാതവക്കിലെ പുല്‍ത്തകിടികളിലും തൊട്ടടുത്തു കാണുന്ന സ്ട്രാച്ചി ഹാളിലുമിരുന്നാണ് ഹസ്റത്ത് മൊഹാനിയും മജാസും, കെയ്ഫീ ആസ്മിയും അലി സര്‍ദാര്‍ ജാഫ്രിയും, ജാന്‍ നിസാര്‍ അഖ്തറും മകന്‍ ജാവേദ് അഖ്തറും, നബകാന്ത് ബറുവയും, അനുഭവ് സിന്‍ഹയും, സാഹിര്‍ ലുധിയാണ്‍വിയും ഷകീല്‍ ബദായൂനിയും, കെ.എ അബ്ബാസും മജ്റൂഹ് സുല്‍ത്താന്‍ പുരിയും, ഷാഹിദ് ലതീഫും പത്നി, ഇസ്മത് ചുഗ്തായിയും, ഖുര്‍റത്തുല്‍ ഐന്‍ ഹൈദറും മഹാഭാരതം സീരിയലിന് തിരക്കഥയെഴുതി സംഭാഷണം തീര്‍ത്ത റാഹി മാസൂം റസയും പുനത്തില്‍ കുഞ്ഞബ്ദുല്ലയുമെല്ലാം സാഹിത്യത്തെയും സമൂഹത്തെയും കുറിച്ച ചര്‍ച്ചകളിലേര്‍പ്പെട്ടിട്ടുണ്ടാവുക. തറാന പാതി വഴി പിന്നിട്ടിരിക്കുന്നു:

ഇസ് ബസ്മ് മെ തേഗേം ഖീചീ ഹെ
ഇസ് ബസ്മ് മെ ദില്‍ തക് ജോഡേ ഹെ
ഹര്‍ ശാമ് ഹെ ശാമെ മിസ്റ് യഹാം
ഹര്‍ ശബ് ഹെ ശബേ ശീറാസ് യഹാം
(ഈ സദസ്സില്‍ ഖഡ്കങ്ങളുരസിയിട്ടുണ്ട്; ഹൃദയങ്ങള്‍ ചേര്‍ന്നിട്ടുണ്ട്.  മിസ്റിലെ സായന്തനങ്ങളിവിടെ; ശീറാസിലെ ഇരവുകളിവിടെ)

ക്യാംപസിന്‍റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന അനേകം പച്ചപ്പുല്‍ മൈതാനങ്ങളിലേതെങ്കിലൊന്നിലാവുമല്ലോ ലാലാ അമര്‍ നാഥും ധ്യാന്‍ ചന്ദും സഫര്‍ ഇഖ്ബാലുമെല്ലാം ക്രിക്കറ്റും ഹോക്കിയും പരിശീലിച്ചിട്ടുണ്ടാവുക. സമന്വയത്തിന്‍റെ മാതൃകാസ്ഥാനമാണിത്. ശാസ്ത്രവും സാഹിത്യവും ചരിത്രവും സാമ്പത്തിക ശാസ്ത്രവും കലയും മതവും ഭാഷയും ഗണിതവും വൈദ്യവും എഞ്ചിനീയറിംഗും ഭരണവും നയതന്ത്രവും കായിക വിനോദവും ഇവിടെ ഇഴപിരിഞ്ഞ് കിടക്കുന്നു. 

ഹെ സാരെ ജഹാം കാ സോസ് യഹാം
ഓര്‍ സാരെ ജഹാം കാ സാസ് യഹാം
(സകല ലോകത്തിന്‍റെയും അധ്വാനവും ഹൃദയരാഗവുമുണ്ടിവിടെ)

ആക്രമണോത്സുക ഹിന്ദുത്വം തെരുവില്‍ നൃത്തം ചെയ്ത തൊണ്ണൂറുകളുടെ തുടക്കത്തിലെ ക്യാംപസിന്‍റെ ഓര്‍മകളിലേക്ക്, നിങ്ങളനുവദിക്കുമെങ്കില്‍, കൂട്ടിക്കൊണ്ടു പോകാനാണ് വന്നത്. ജനങ്ങളെല്ലാം പിട്ത്തം വിട്ട ഉന്മാദികളായ കാലം; കൊന്നുതിന്നുന്ന ഭ്രാന്ത്. അത്ഭുതമല്ലെങ്കിലെന്ത്! പുറത്ത് താപകോപ ക്രോധങ്ങളുടെ ജ്വാലാമുഖികള്‍ ലാവയൊഴുക്കിയപ്പോഴും ക്യാംപസ് ശാന്തം! എന്തൊക്കെ ഓര്‍മകള്‍! കലാപങ്ങള്‍, രഥയാത്ര, മണ്ഡല്‍, ബാബ്‌റി ധ്വംസനം, വീണ്ടും കലാപങ്ങള്‍, ഫ്ലാഗ് മാര്‍ച്ചുകള്‍, വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍…

വായിച്ചു മാത്രമറിഞ്ഞ കാലചക്രത്തിലെ നാലു ഋതുക്കളും അതിന്‍റെ മഹിമയില്‍ നിങ്ങളിവിടെ അനുഭവിക്കുന്നു. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലത്തിന്‍റെ ഓര്‍മകള്‍ മഴവില്‍ വര്‍ണങ്ങളില്‍ പരിലസിച്ചു നില്‍ക്കുന്ന പൂക്കളുടേതാണ്. അക്കാലം ക്യാംപസ് കൂടുതല്‍ ഹരിതാഭമായി. മെയ് മുതല്‍ ഓഗസ്ത് വരെ ഗ്രീഷ്മം. വറുത്തെടുക്കുന്ന ചൂടാണ്. ക്യാംപസിനോട് തന്നെ മടുപ്പുണ്ടാക്കുന്ന പരീക്ഷാ ചൂട് വേറെയും. 

രാത്രി രണ്ട് മണിവരെ പ്രവര്‍ത്തിക്കുന്ന മൌലാനാ ആസാദ് ലൈബ്രറിയില്‍, പുസ്തകങ്ങളില്‍ കണ്ണും പൂഴ്ത്തിയിരിക്കുന്ന വിദ്യാര്‍ഥികളും അദ്ധ്യാപകരുമുണ്ട്. ബൌദ്ധിക സംവാദങ്ങളും ചര്‍ച്ചകളും കൊണ്ട് സജീവമാകുന്ന ഡിപാര്‍ട്മെന്‍റ് സെമിനാറുകള്‍, ക്ളാസ് മുറികള്‍, കവിയരങ്ങുകള്‍, നുമായിഷ്, വിജയത്തിലേക്ക് വിളിക്കുന്ന പള്ളി മിനാരങ്ങള്‍, ധാബകള്‍, വെടിവെട്ടം സജീവമായ ചായക്കടകള്‍, പിന്നെ തേനീച്ചക്കൂടു പോലെ സദാ സജീവമായ കന്‍റീന്‍. 

ഉച്ചനേരം പന്ത്രണ്ട് മണിയോടെ നിങ്ങള്‍ സ്വന്തം ഡിപാര്‍ട്മെന്‍റ്ല്‍ നിന്നിറങ്ങുന്നു. ഭക്ഷണം കഴിഞ്ഞ് കെന്നഡി ഹാള്‍, ആര്‍ട്സ് ഫാക്കല്‍റ്റി, ജിയോഗ്രഫി ഡിപാട്മെന്‍റ്, ലോ ഫാക്കല്‍റ്റി.. അങ്ങനെ എവിടെയെങ്കിലും ചുറ്റിത്തിരിയുന്നു. അവിടെയെവിടെയെങ്കിലും വെച്ച് അവിചാരിതമായി നിങ്ങളുടെ പ്രിയപ്പെട്ട ഒരെഴുത്തു കാരന്‍റെ, ഒരു രാഷ്ട്രീയ നേതാവിന്‍റെ, ഒരു ചരിത്രകാരന്‍റെ പ്രഭാഷണം കേള്‍ക്കാം. അവരുമായി സംവദിക്കാം. ഇപ്പോള്‍ നിങ്ങളാ ഒഴുക്കില്‍ ചേര്‍ന്നു കഴിഞ്ഞു:

സര്‍റാത്ത് കാ ബോസാ ലേനെ കോ
സൌ ബാര്‍ ഝുകാ ആകാശ് യഹാം
ഖുദ് ആംഖ് സെ ഹം നെ ദേഖീ ഹെ
ബാത്തില്‍ കി ശികസ്തെ ഫാഷ് യഹാം
(ഈ മണ്‍തരികളില്‍ മുത്തമിടാനായി മാനം നൂറു വട്ടം താഴ്ന്നിറങ്ങിയിട്ടുണ്ട്; അന്ധകാരം പുഴകി വീണതിന് ഈ കണ്ണുകള്‍ സാക്ഷി)

മതങ്ങളെ കുറിച്ച് സംസാരിക്കുന്ന വഹീദുദ്ദീന്‍ ഖാനെയോ സ്വാമി അഗ്നിവേശിനെയോ, ചിത്ര കലയെക്കുറിച്ച് പ്രഭാഷണം നടത്തുന്ന ജത്തിന്‍ ദാസിനെയോ, നാടകത്തെക്കുറിച്ച് ആധികാരികകതയോടെ സംസാരിക്കുന്ന ഇബ്രാഹിം അല്‍ഖാസിയെയോ, നിയമം കീറിമുറിക്കുന്ന റാണി ജേഠ്മലാനിയെയോ (ഘടാഘടിയന്‍ റാം ജേഠ്മലാനിയുടെ മകള്‍), ചന്ദ്ര താരാഗണങ്ങള്‍ തിരിയുന്ന കോലം വിശദീകരിക്കുന്ന ജയന്ത് നാര്‍ളികറെയോ ഈ പതിവു ചുറ്റിത്തിരിച്ചിലില്‍ നിങ്ങള്‍ കണ്ടെന്നിരിക്കും. വി.പി സിംഗ്, ചന്ദ്രശേഖര്‍, മാധവ റാവു സിന്ധ്യ, മുലായം സിംഗ് യാദവ്, സയ്യദ് ഷഹാബുദ്ദീന്‍, നട്വര്‍ സിംഗ്, ഖുഷ്വന്ത് സിംഗ് കുല്‍ദീപ് നെയര്‍, മുച്കുന്ദ് ദുബെ, രാജ് മോഹന്‍ ഗാന്ധി, എ.ബി ബര്‍ധന്‍, ജോര്‍ജ് ഫെര്‍നാന്‍ഡസ്, അജീത് സിംഗ്, സീതാ റാം യെച്ചൂരി, സല്‍മാന്‍ ഖുര്‍ഷീദ്, ഇര്‍ഫാന്‍ ഹബീബ്…

ഇര്‍ഫാനെക്കുറിച്ചൊരോര്‍മ: ക്യാംപസിലെത്തിയ ആദ്യ ആഴ്ചകളിലൊന്നില്‍ കന്‍റീന് പുറത്തുള്ള അറീപ്പുഫലകത്തില്‍  പതിച്ച ഒരു നോട്ടീസ് നിങ്ങളുടെ ശ്രദ്ധയില്‍പെടുന്നു, പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ആര്‍ട്സ് ഫാക്കല്‍റ്റി ഹാളില്‍ പ്രഭാഷണം നടത്തുന്നു. വിഷയം Ayodhya at Stake തിയ്യതിയും സമയവും കുറിച്ചെടുത്തു. ധാരാളം കേട്ടിട്ടുള്ള ഇര്‍ഫാനെ നേരില്‍ കാണണം, പ്രഭാഷണം കേള്‍ക്കണം. സമയത്തിന് മുമ്പു തന്നെ ഹാളില്‍ സ്ഥലം പിടിച്ചു. അല്‍പം കഴിഞ്ഞ് വെളുത്ത് അന്തര്‍മുഖനെന്ന് തോന്നിക്കുന്ന പുറം വളഞ്ഞു മുമ്പോട്ടാഞ്ഞ ഒരു മധ്യവയസ്കന്‍ ഡയസിലെത്തി പ്രസംഗം തുടങ്ങി. ഇതാണോ ലോക പ്രശസ്ത മിഡീവലിസ്റ്റും പ്രമുഖ മാര്‍ക്സിസ്റ്റ്‌ ചരിത്രകാരനുമായ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ്? എങ്കില്‍ ഞാന്‍ നോം ചോംസ്കിയാണ്. പണ്ട് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഒരു ബന്ധുവിന്‍റെ കയ്യില്‍ കണ്ട ഇല്ലസ്ട്രേറ്റഡ് വീക്ലിയുടെ പുറം ചട്ടയില്‍ അന്ന് അലിഗഢില്‍ ഇര്‍ഫാന്‍-മാര്‍ക്സിസ്റ്റ്‌ വിരുദ്ധ സമരത്തിന് നേതൃത്വം കൊടുത്തിരുന്ന സകീ കിര്‍മാനിക്കൊപ്പം കണ്ട ആ ചിത്രത്തില്‍ നിന്ന് ഒരു പാട് മാറ്റമുണ്ടിപ്പോള്‍. ഓര്‍മയിലുള്ള ചിത്രത്തിന് യഥാര്‍ഥ ഇര്‍ഫാനുമായി വിദൂര ബന്ധം മാത്രം.

ഒരു മധ്യകാല ചരിത്ര സ്മാരകത്തെ ഓര്‍മിപ്പിക്കുന്ന സൈക്കിളില്‍ പതുക്കെ നീങ്ങുന്ന ഇയാളെ മിക്കവാറും ദിവസങ്ങളില്‍ രാവിലെ  ഡിപാര്‍ട്മെന്റിലേക്കുള്ള എന്‍റെ വഴിയില്‍ കാണാറുള്ളതല്ലേ?  യൂനിവേഴ്സിറ്റിയിലെ ഏതെങ്കിലും ഫോര്‍ത്ത് ക്ളാസ് ജീവനക്കാരനാകാമെന്ന ധാരണയില്‍ ശ്രദ്ധിച്ചില്ലെന്നു മാത്രം. ഈ പ്രസംഗം Irfan flays VHP historians എന്ന തലക്കെട്ടില്‍ പിറ്റേന്നിറങ്ങിയ പത്രങ്ങളുടെ ഒന്നാം പജില്‍ സ്ഥാനം പിടിച്ചു. (ഈ പ്രഭാഷണത്തിന് ശേഷമാണ് സി.പി.എം നേതൃത്വംനല്‍കുന്ന മുഖ്യധാരാ ഇടതു പക്ഷം ബാബ്‌റി പ്രശ്നത്തില്‍ ഒരു നിലപാടെടുക്കുന്നതെന്നാണോര്‍മ) ഈ കൊലുന്നനെയുള്ള മനുഷ്യന്‍ തന്നെയാണ് പണ്ട് കോഴിക്കോട്ട് ഡി.വൈ.എഫ്.ഐ സമ്മേളനത്തിലെത്തി ഇന്ത്യയെ, ആദ്യം ഏക സിവില്‍കോഡ് വിവാദത്തിലേക്കും പിന്നെ  ശരീഅത്ത് വിവാദത്തിലേക്കും ആനയിക്കുന്നത്.

വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന ഡിബേറ്റുകള്‍, ഗ്രൂപ് ഡിസ്കഷന്‍സ്, കവിയരങ്ങുകള്‍… ഒരുല്‍സവം പോലെ നടക്കുന്ന മുശായറ ഒരു സംഭവം തന്നെ:

ജോ അബ്റ് യഹാം സെ ഉഠേഗാ
വോ സാരെ ജഹാം പര്‍ ബര്‍സേഗാ,
ഹര്‍ ജൂവെ റവാം പര്‍ ബര്‍സേഗാ 
ഹര്‍ ഗോഹെ ഗറാം പര്‍ ബര്‍സേഗാ
(ഇവിടെയുരുണ്ടു കൂടുന്ന മേഘമാലകള്‍ നാളെ ലോകമാകെ അരുവികളിലും ഗിരിനിരകളിലും വര്‍ഷിക്കും)

ഷഹര്‍യാര്‍  എന്ന ഉര്‍ദു കവിയെ  ഇതാ ഇത്ര അകലത്തില്‍ നിന്ന് നിരവധി തവണ കണ്ടിട്ടുണ്ട്... വിശ്വാസം വരുന്നില്ല അല്ലേ? സത്യമാണ്. മുസഫര്‍ അലിയുടെ പ്രശസ്തമായ ഉമ്രാഓ ജാനിലെ,  മേരി ആംഖോ കി മസ്തി, ജുസ്ത്ജൂ ജിസ്കി ഥി, സിന്ദഗി ജബ് ഭി തേരി ബസ്‌മ് മേ ലാത്തി ഹേ ഹമേ, ദില്‍ ചീസ്‌ ഹേ ക്യാ ഹേ ആപ് മേരെ ജാന്‍ ലീജിയേ തുടങ്ങിയ  മനോഹര ഗാനങ്ങളുടെ രചയിതാവാണ് ഉര്‍ദു ഡിപാര്‍ട്ട്മെന്‍റ് തലവനായിരുന്ന അഖ്ലാഖ് മുഹമ്മദ്‌ ഖാന്‍ എന്ന ഷഹര്‍യാര്‍. അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങളിലൂടെ  ഉര്‍ദു കവിതകളുടെ മാസ്മരിക ലോകത്തെത്തി; അത്ഭുത ലോകത്തിലെ ആലീസ്‌  ആയി   അന്തം വിട്ട് നിന്നു. പിന്നീട് 2008 ല്‍  രാജ്യം അദ്ദേഹത്തെ ജ്ഞാനപീഠം നല്‍കി ആദരിച്ചു. ആര്‍ക്കും ആരുടെ ക്ലാസിലും എപ്പോള്‍  വേണമങ്കിലും പോയി ഇരിക്കാമായിരുന്നു എന്നത് ഇവിടത്തെ പ്രത്യകത. 

മത്സരപ്പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികളെ സജ്ജമാക്കാന്‍ പ്രത്യേകം കോച്ചിംഗ് സെന്‍ററുകള്‍, അവ നിറയെ നാളത്തെ കലക്ടര്‍മാരും അംബാസഡര്‍മാരും. പുറമെ, കുതിര സവാരിയും സ്കേറ്റിംഗും ട്രെക്കിംഗും സിനിമയും സംഗീതവുമെല്ലാം തലയില്‍കേറി കിറുങ്ങി കറങ്ങി നടക്കുന്ന കിറുക്കന്മാരെയും കാണാം. 


മികവാര്‍ന്ന പരിപാടികളോടെ ഒക്ടോബര്‍ 17 ന് സര്‍സയ്യദ് ഡേ വന്നുചേരുന്നു. വലിയ കുതിരകളെപ്പൂട്ടിയ രഥത്തില്‍ വൈസ് ചാന്‍സ്ലറോടൊപ്പം മുഖ്യാതിഥി വന്നിറങ്ങുന്നത് ഇന്നലെക്കണ്ട ദൃശ്യത്തിന്‍റെ തെളിമയോടെ മനസ്സില്‍ പച്ചച്ച് നില്‍ക്കുന്നു. അക്കൊല്ലത്തെ മുഖ്യാതിഥി ബല്‍റാം ഝക്കറുടെ വാഗ്ധാടി നിങ്ങള്‍ അനുഭവിച്ചറിയുന്നു. കോണ്‍ഗ്രസ് വിരുദ്ധ വികാരം ക്യാംപസില്‍ കൊടിപിടിച്ചു നിന്ന നാളുകളില്‍ സാധാരണ ഗതിയില്‍ ഒരു കോണ്‍ഗ്രസുകാരനെ കൂക്കി വിടേണ്ടതാണ്. തലേ വര്‍ഷം അജീത് സിംഗിന് അത്  അനുഭവിക്കേണ്ടിയും വന്നു. എന്നാല്‍ ഝക്കര്‍ജി പ്രസംഗിക്കാനായി ഇംഗ്ളീഷിന് പകരം കലര്‍പ്പില്ലാത്ത ഉര്‍ദു തെരഞ്ഞെടുത്തു. അതോടെ മഞ്ഞുരുകി എന്നു തോന്നുന്നു. പണ്ട് അല്‍ജീരിയായില്‍ അംബാസഡറായിരുന്ന കാലത്ത് പഠിച്ചെടുത്തതായിരിക്കണം, ഒന്നര മണിക്കൂര്‍ നേരത്തെ പ്രസംഗത്തില്‍ ഇടക്കിടെ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉച്ചാരണഭംഗമൊഴിഞ്ഞ ശുദ്ധ അറബിയില്‍ ഉദ്ധരിച്ച് സദസ്സിനെ നിശ്ചലം ഇരുത്തി അന്നത്തെ കൃഷി മന്ത്രി. തറാന ഗതി വേഗം വര്‍ധിച്ച് പതുക്കെ ഉച്ചസ്ഥായി പ്രാപിക്കുകയാണ്:

ഹര്‍ സര്‍ദൊ സമന്‍ പര്‍ ബര്‍സേഗാ
ഹര്‍ ദസ്തൊ ദമന്‍ പര്‍ ബര്‍സേഗാ
ഖുദ് അപ്നെ ചമന്‍ പര്‍ ബര്‍സേഗാ
ഗേറോം കെ ചമന്‍ പര്‍ ബര്‍സേഗാ
(വെളിമ്പറമ്പിലും കുടിലിലും, പട്ടിക്കാട്ടിലും പട്ടണത്തിലും എന്‍റെ കാവിലും അടുത്ത വീട്ടിലെ മുറ്റത്തും വര്‍ഷിക്കും)

47,000 ഏക്കറിലായി പരന്നു കിടക്കുന്ന വിശാലമായ ക്യാംപസില്‍ നഴ്സറി മുതല്‍ ഗവേഷണം വരെയുള്ള പഠന സൌകര്യമുണ്ട്. 88 ഡിപാര്‍ട്മെന്റുകളും 13 സെന്ററുകളുമുണ്ട്. പതിനാറ് ഹാളുകളിലായി സ്ഥിതി ചെയ്യുന്ന എഴുപതിലധികം ഹോസ്റലുകളില്‍ 33,000 വിദ്യാര്‍ഥികള്‍ അന്തിയുറങ്ങുന്നു; ചിലരൊക്കെ പകലും. 

ഇതൊക്കെയാണെങ്കിലും ഫ്യൂഡല്‍ വ്യവസ്ഥയുടെ കരിഞ്ഞ അവശേഷങ്ങള്‍ പുറത്തു പോകാന്‍ കൂട്ടാകാതെ കിടക്കുന്നുണ്ട് അലിഗഢില്‍. ജന്മിത്വത്തിന്‍റെ  ജീര്‍ണതകള്‍ നിക്ഷേപിച്ച ഒരു കൊട്ടയായി പലപ്പോഴും രംഗപ്രവേശം നടത്താറുണ്ട്. 

തങ്ങളുടെ ഇളമുറക്കാര്‍ക്കായി കേരളത്തിലും ഇത്തരം ഒരു ക്യാംപസ് സ്വപ്നം കണ്ടവര്‍ക്കിപ്പോള്‍ ആശ്വസിക്കാം. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ റീജനല്‍ സെന്റര്‍ തുറന്നിരിക്കുന്നു. എനിക്ക് വ്യക്തിപരമായി ഇനിയും സന്തോഷിക്കാനുണ്ട്. എന്‍റെ നാട്ടില്‍ നിന്നുള്ള മൂന്നാമത്തെ അലീഗേറിയനും അയല്‍പക്കക്കാരനുമായ പ്രോഫെസര്‍ മുഹമ്മദ് ആണ് സെന്‍റ്റിന്‍റെ ഡയറക്ടര്‍. തറാന ഉച്ചസ്ഥായിയിലാണ്; നിങ്ങളുടെ ആവേശവും: 

യേ അബ്റ് ഹമേശാ ബര്‍സാ ഹെ
യേ അബ്റ് ഹമേശാ ബര്‍സേഗാ
യേ അബ്റ് ഹമേശാ ബര്‍സാ ഹെ
യേ അബ്റ് ഹമേശാ ബര്‍സേഗാാാ..
(ഈ മുകിലുകള്‍ എന്നും പെയ്തിറങ്ങിയിട്ടുണ്ട്; പെയ്യുകയും ചെയ്യും)

കരഘോഷങ്ങളുടെ അലകളില്‍ നിങ്ങളും നിങ്ങളുടെ ശബ്ദവും മുങ്ങിപ്പോകുന്നു. തലതാഴ്ത്തി പതുക്കെ സ്ഥലം കാലിയാക്കുന്നു.

അലീഗഢ്നെക്കുറിച്ചുള്ള Stanley Wolpert ന്‍റെ  Aligarh's First Generation  നല്ലൊരു വായന സമ്മാനിക്കും 

അടിക്കുറി: അലിഗഢില്‍ സ്ഥിര താമസമുള്ള എന്‍റെ സഹപാഠിയോട് പതിവ് ഫെയ്സ്ബുക് സലാം ചൊല്ലലിനിടെ ഞാന്‍ ചോദിച്ചു, സര്‍സയ്യദ് ദിനത്തിന് ഇപ്രാവശ്യം ആരാ മുഖ്യാതിഥി? തല ചൊറിഞ്ഞു കാണണം, 'ആര്‍ക്കാ ആരിഫ് അതൊക്കെ നോക്കാന്‍ നേരം?' അവളുടെ കമന്‍റ്. ദൂരെ നിന്ന് നോക്കുമ്പോള്‍ എല്ലാം രസകരമായിത്തോന്നുന്നു. വിട്ടു പോന്ന അക്കരെയാണ് പച്ചപ്പുള്ളത് എന്ന് പറയുന്നത് ശരിയായിരിക്കാം.

38 comments:

  1. ജോ അബ്റ് യഹാം സെ ഉഠേഗാ
    വോ സാരെ ജഹാം പര്‍ ബര്‍സേഗാ,...
    --------------------------------
    ഞാനും ഇതേ പൂന്തോട്ടത്തിലെ ഒരു കിളിയായിരുന്നു .... മനോഹരമായ പൂന്തോട്ടം, പാറി പറന്നു 3 വര്ഷം !
    "ഇനി എന്ന് നാം കാണുമാ സ്ട്രാച്ചി ഹാള്‍
    ഇനി എന്ന് നാം കേള്‍ക്കുമാം എസ് . എസ് ഇന്‍ മുറ്റത്തെ ബാങ്ക്ഒലി ...
    ------------------------------------------------------------------------------Yunus

    ReplyDelete
  2. അലിഗഡ് ഓര്‍മ്മകള്‍ നന്നായി എഴുതി. ഇര്‍ഫാന്‍ ഹബീബിനെക്കുറിച്ച് എഴുതിയത് ഏറെ ഇഷ്ടപ്പെട്ടു

    ReplyDelete
  3. അന്ന് അലിഗറില്‍ പഠിക്കാന്‍ കിട്ടിയിരുന്നു. പക്ഷെ സാഹചര്യം അവിടെ പഠിക്കേണ്ട എന്ന ഒരു തീരുമാനതിലെക്കാന് എന്നെ നയിച്ചത്‌. എങ്കിലും ഏഴു വര്ഷ്ങ്ങള്ക്ക് മുമ്പ്‌ എന്റെ പിതാവുമോന്നിച്ചു രണ്ടാഴ്ച ഞാനും അവിടെയൊക്കെ ചുറ്റി നടന്നിട്ടുണ്ട്...അലിഗരിന്റെ ഗ്രഹാതുരത്വം എനിക്കസ്വദക്കാന്‍ കഴിയുന്നില്ലെങ്കിലും ദക്ഷിണേന്ത്യന്‍ അലിഗരായ ഫാറൂഖിന്റെ ഓര്മ്മ്കള്‍ എന്നിലൂടെ കടന്നു പോകുന്നുണ്ട്...ഫരൂഖിയനായ അഞ്ചര കൊല്ലകാലത്തെ ഓര്മ്മ്..പല ഫരൂഖിയന്മാരും പിന്നെ അലിഗരിലെക്ക് തീവണ്ടി കയറിയിരുന്നു....



    നന്നായിരിക്കുന്നു..

    ReplyDelete
  4. കേട്ട് മാത്രം പരിചയമുള്ള അലിഗഡ് സര്‍വകലാശാലയെപ്പറ്റി ഈ അനുഭവക്കുറിപ്പ് നല്ലൊരു പരിചയം സമ്മാനിച്ചു.

    ReplyDelete
  5. ഇവിടെ വന്നാൽ ഒരിക്കലും വെറുതെ ആകാറില്ല. മനോഹരം ഇക്കാ..

    ReplyDelete
  6. സത്യം പറയാലോ വായിച്ചപ്പോള്‍ കരഞ്ഞു പോയി. എന്തിനാണ് എന്ന് എനിക്ക് മനസിലായില്ല. ചിലപ്പോള്‍ ചിരിവരുന്നതിന്റെയും കരയുന്നതിന്റെയും കാരണം മനസിലാകാറില്ല. അലിഗര്‍ എന്ന വിജ്ഞാന സാഗരത്തില്‍ നീന്തി തുടിക്കാന്‍ കഴിയാത്തതില്‍ ഉള്ള സങ്കടമാണോ അതോ മഹത്തായ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന ഒരു സ്ഥാപനം ഇന്ത്യക്ക് അഭിമാനമായി മുസ്‌ലിം ഐടന്ടിടിയില്‍ അറിയപ്പെടുന്നത് കൊണ്ടാണോ എന്നറിയില്ല. ..സലാം ഉസ്താദ്‌ സലാം.....സര്‍സയ്യിദ്‌.....ഗൂഗിള്‍ സര്‍വകലാശാല തന്നെ ശരണം.

    ReplyDelete
  7. "ഒരു മധ്യകാല ചരിത്ര സ്മാരകത്തെ ഓര്‍മിപ്പിക്കുന്ന സൈക്കിളില്‍ പതുക്കെ നീങ്ങുന്ന ഇയാളെ മിക്കവാറും ദിവസങ്ങളില്‍ രാവിലെ ഡിപാര്‍ട്മെന്റിലേക്കുള്ള എന്‍റെ വഴിയില്‍ കാണാറുള്ളതല്ലേ? യൂനിവേഴ്സിറ്റിയിലെ ഏതെങ്കിലും ഫോര്‍ത്ത് ക്ളാസ് ജീവനക്കാരനാകാമെന്...ന ധാരണയില്‍ ശ്രദ്ധിച്ചില്ലെന്നു മാത്രം. ഈ പ്രസംഗം Irfan flays VHP historians എന്ന തലക്കെട്ടില്‍ പിറ്റേന്നിറങ്ങിയ പത്രങ്ങളുടെ ഒന്നാം പജില്‍ സ്ഥാനം പിടിച്ചു. "- Arif Zain- You could even catch the nuances from a large campus. That's what we get when you mention Prof. Irfan Habeeb. Many things in AMU motivate you, and there are even many things you need to disagree as well. The simplicity of this world renowned historian is something everybody needs to appreciate.

    ReplyDelete
  8. യേ അബ്റ് ഹമേശാ ബര്‍സാ ഹെ
    യേ അബ്റ് ഹമേശാ ബര്‍സേഗാ
    യേ അബ്റ് ഹമേശാ ബര്‍സാ ഹെ
    യേ അബ്റ് ഹമേശാ ബര്‍സേഗാാാ.....



    അലിഗഡ് ഓര്‍മ്മകള്‍ നന്നായി എഴുതി. ആശംസകള്‍.....

    ReplyDelete
  9. അലിഗരിനെ കുറിച്ച് അറിയാന്‍ താല്പര്യം ഉണ്ടായിരുന്നു ,പണ്ടേ ,ചിലപ്പോള്‍ നല്ല മൂഡില്‍ ഇരിക്കുമ്പോള്‍ സലിം അവിടുത്തെ കഥകള്‍ പറയും ,പക്ഷെ അവനെ അത്തരം മൂഡില്‍ കിട്ടാന്‍ വലിയ പാടാണ്‌,ഏതായാലും നല്ല ഒരു വായനാനുഭവം (ഒരു സംശയം .രോമങ്ങള്‍ പൊക്കിള്‍ വിരിയിക്കുന്നതെങ്ങനെയാണ് ?ഗൂഗിള്‍ ഇടയ്ക്കു കാണിക്കാറുള്ള വികൃതികളില്‍ ഒന്നായിരിക്കും അതും അല്ലെ ?)

    ReplyDelete
  10. @യൂനുസ്‌, ബഷീര്‍ വള്ളിക്കുന്ന്, നിയാസ്‌ മോങ്ങം, അജീത്‌ സര്‍, ജെഫു, അന്‍സാര്‍ ഭായ്‌, ഷഫീക്ക്‌, ഖാദു, സിയാഫ്‌ നന്ദി എല്ലാവര്‍ക്കും നന്ദി; ഇവിടെ വന്നതിനും കമന്‍റ്ട്ടതിനും.
    സിയാഫ്‌ ഭായ്‌, രോമങ്ങള്‍ എന്നല്ല ഞാന്‍ പറഞ്ഞത്; രോമകൂപങ്ങള്‍ എന്നാണ്. രോമക്കുഴികള്‍ എന്നര്‍ത്ഥം. രോമാഞ്ചമുണ്ടാകുമ്പോള്‍ രോമകൂപങ്ങള്‍ വികസിക്കുന്നു. അന്നേരം നമുക്കവ വ്യക്തമായി കാണാം. കൂടുതല്‍ ആവേശഭരിതരാവുമ്പോള്‍ കൂടുത വികസിക്കുന്നു, അങ്ങനെ പോക്കിളോളം വലിയ കുഴികളായി മാറുന്നു. പിന്നെ പൊക്കിള്‍ മാതൃത്വത്തിന്‍റെ പ്രതീകമാണല്ലോ.
    ഏതായാലും പിടുത്തം വിട്ട ഭാവനയായിപ്പോയല്ലേ. ഉപമേയം ആവശ്യത്തില്‍ കൂടുതല്‍ വലുതായിപ്പോയി. ഒരിക്കല്‍കൂടി നന്ദി ബ്രദര്‍.

    ReplyDelete
  11. വെറുമൊരു പോളിടെക് നിക്ക് കോളേജില്‍ പഠിച്ച എനിക്ക് ക്യാമ്പസ്‌ എന്നാല്‍ ഞാന്‍ പങ്കെടുക്കാത്ത കുറെ സമരങ്ങളും പിന്നെ കുറച്ചു നല്ല കൂട്ടുകരുമായിരുന്നു...

    പോസ്റ്റിനെ കുറിച്ച് : എന്നെ സംബന്ധിച്ച് തീര്‍ത്തും വ്യത്യസ്തമായ ഒരനുഭവം... ഇത്ര മഹത്തായ ഒരു പാരമ്പര്യത്തിന് കീഴില്‍ വിദ്യ അഭ്യസിക്കാന്‍ കഴിഞ്ഞ താങ്കള്‍ ഭാഗ്യവാനാണ്..

    ReplyDelete
  12. മാര്‍ക്സിസ്റ്റ്‌ വിരുദ്ധ സമരങ്ങളുടെ രണഭൂമിയായി..

    മാര്‍ക്സിസ്റ്റ്‌ വിരുദ്ധ സമരത്തിന് നേതൃത്വം കൊടുത്തിരുന്ന സകീ കിര്‍മാനിക്കൊപ്പം..

    വായനയില്‍ രണ്ടിടത്തും മാര്‍ക്സിസ്റ്റിനെതിരെ എന്നാണ്, അത് അങ്ങനെത്തന്നെയല്ലേ?

    പോസ്റ്റ് നന്നായിരിക്കുന്നു, നല്ല വായനാനുഭവം-ആശംസകള്‍

    ReplyDelete
  13. @നിശാ സുരഭി, അതങ്ങനെത്തന്നെയാണ്. ഇര്‍ഫാന്‍ നേതൃത്വം നല്‍കിയിരുന്ന മാര്‍ക്സിസ്റ്റ്‌ പക്ഷവും അവര്‍ക്കെതിരെ നില കൊണ്ട സകി കിര്‍മാനിയുടെ മാര്‍ക്സിസ്റ്റ്‌ വിരുദ്ധ ഇസ്ലാമിസ്റ്റ്‌ ഗ്രൂപും തമ്മില്‍ കുറെ കാലം ഏറ്റുമുട്ടലുണ്ടായി; അന്ന് ഇല്ലസ്ട്രെറ്റഡ്‌ വീക്ക്‌ലി രണ്ടു പേരുടെയും ചിത്രം ആലേഖനം ചെയ്ത കവര്‍ പേജോട് കൂടെ പുറത്തിറങ്ങുകയുണ്ടായി. രണ്ടിടത്തും അങ്ങനെ തന്നെ

    ReplyDelete
  14. ആരിഫ് സൈന്‍ താങ്കളുടെ ബ്ലോഗ്‌ എനിക്കൊരു ഭോജന ശാല ആണ് പലവിധ പലഹാരങ്ങള്‍ ലഭിക്കുന്ന ഭോജന ശാല

    ReplyDelete
  15. ഞാനും രണ്ടു വര്ഷം അലിഗഡ് വാസിയായിരുന്നു .. നന്നായി എഴുതി .. കഴിഞ്ഞ കാലം ഓര്‍ത്തു പോയി.. എല്ലാ ആശംസകളും ...

    ReplyDelete
  16. ഒരു നാൾ അവിടെ പഠിക്കണമെന്ന് ആഗ്രഹിച്ചു ചെന്നു. പക്ഷെ എനിക്ക് അവിടെ പഠിക്കുവാൻ യോഗ്യത ഉണ്ടായിരുന്നില്ല.. എന്നാലും അവിടുത്തെ ഓർമ്മകളെ തലോടുന്ന ഒരു ദിനം ഇന്നും എന്റെ മനസ്സിലിടൂ തലോലിക്കുന്നു,, ഗ്രേറ്റ് അലീഗ്ഗർ....

    ReplyDelete
  17. قراءتي مثل ولادة الفيل، بل التقاطي الفاظك يذكرني رواق جامعة عليكره الإسلامية عند ما كنت زائرا لها من 1994 إلى 1999.

    ذكرياتنا هذه تسوقنا إلى ميادين آلاف من العواطف التي كانت تعطر ثوانينا في تلك الأيام!!

    فنفسي تنفض قطرات ندى اللاتي أسقطتها بقلمك يا صديق... فكياني تستيقظ ببرودتها متشكلا مع روح حنونة سائر معك، وتابعا لك... في ممرات عليكره ورصافها


    أحسنت...
    مع باقات تحياتي...

    أحمد كبير

    ReplyDelete
  18. This comment has been removed by a blog administrator.

    ReplyDelete
  19. അലിഗഡിനെ ചുറ്റിപ്പറ്റിയുള്ള ഈ പോസ്റ്റ്‌ മനോഹരം..
    അവിടെ പഠിക്കാന്‍ കഴിഞ്ഞത് താങ്കളുടെ ഒരു മഹാഭാഗ്യം.

    ReplyDelete
  20. ഹൊ!

    വായിച്ചു
    ഒന്നുകൂടി വായിക്കണം പ്രിയാ

    ReplyDelete
  21. വായനയില്‍ ഞാന്‍ ഇന്ത്യയെ കാണുകയായിരുന്നു.
    ഭാരതത്തിന്റെ സാമൂഹ്യ മണ്ഡലങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയ അനേകം പേരുകാരെ വായിക്കുമ്പോള്‍ ഇടക്ക് സലാം വെച്ചും, ഇടക്ക് ചുവന്ന സല്യൂട്ട് ചെയ്തും...എന്റെ ബുദ്ധിയും തലച്ചോറും ഒരുപോലെ വിനയം കൊള്ളുകയായിരുന്നു. ഇന്ത്യയുടെ വൈവിദ്ധ്യത്തെ അതനുവദിക്കുന്ന സ്വാതന്ത്ര്യത്തെ ഇവിടെ പരാമര്‍ശിക്കപ്പെട്ട ഒറ്റ വരി പേരില്‍ നിന്ന് പോലും വായിച്ചെടുക്കാനാകുന്നു.
    ഈ എഴുത്താണിക്ക് സ്നേഹ സലാം,./

    ReplyDelete
  22. വായന കഴിഞ്ഞപ്പോള്‍ ഞാന്‍ ചിന്തിച്ചത് മറ്റൊന്നുമായിരുന്നില്ല .
    വിഭിന്ന സംസ്കാരങ്ങളുടെ സംഗമസ്ഥാനമായ അലിഗഡില്‍ പഠിക്കാന്‍ കഴിഞ്ഞ എന്റെ സുഹൃത്ത്‌ ആരിഫ്‌ എത്ര ഭാഗ്യവാന്‍ ആണ് എന്നാണു .
    നന്നായി പരിചയപെടുത്തി വിദ്യാ ദേവിയുടെ ഈ കളിയരങ്ങിനെ ശ്രീ ആരിഫ് ..
    ആശംസകള്‍

    ReplyDelete
  23. അലീഗഡ് : വളരെ മനോഹരമായി എഴുതിയിരിക്കുന്നു. വായിച്ചു. ഒന്നല്ല ,രണ്ടു മൂന്നു തവണ. ആ കാമ്പസ് മനസ്സ് കൊണ്ട് സങ്കല്പ്പിചെടുത്തു . വായിച്ചു കഴിഞ്ഞപ്പോള്‍ ഒരല്പം അസൂയ താങ്കളോട് തോന്നി എന്ന് പറഞ്ഞാല്‍ അതില്‍ കള്ളം ഒട്ടുമില്ല. നന്ദി ഈ പരിചയപ്പെടുത്തലിനും പങ്കു വെയ്ക്കലിനും

    ReplyDelete
  24. പ്രശസ്തമായ സര്‍വ്വകലാശാലകളുടെ സമ്പന്നമായ അനുഭവം നുകരാന്‍ കഴിഞ്ഞ ഭാഗ്യവാന്മാരോടാണ് എനിക്ക് ഏറ്റവും കൂടുതല്‍ അസൂയയുള്ളത്... അത്തരം പഠനവഴികളിലൂടെ പോവാന്‍ കഴിയാഞ്ഞതിന്റെ വലിയ നഷ്ടബോധവും എന്നെ പിന്തുടരുന്നുണ്ട്... പഠനകാലത്ത് അത്തരം സാദ്ധ്യതകളെക്കുറിച്ച് ഞാന്‍ ഒട്ടും ശ്രദ്ധാലു ആയിരുന്നില്ല... എന്റെ ജന്മനഗരത്തിലെ കലാശാലകള്‍ക്കപ്പുറമുള്ള മേഖലകളെക്കുറിച്ച് ഞാന്‍ ചിന്തിച്ചതുപോലുമില്ല... താങ്കളെ ആദ്യം ശ്രദ്ധിച്ചപ്പോള്‍ തന്നെ താങ്കളുടെ അലിഗഡ് മേല്‍വിലാസമാണ് എന്റെ ശ്രദ്ധയില്‍ ഉടക്കിയത്... പ്രശസ്തമായ ഒരു സര്‍വ്വകലാശാലയുടെ പ്രൊഡക്ട് എന്ന മുന്‍വിധിയോടെ തന്നെയാണ് ഞാന്‍ താങ്കളെ വായിച്ചു തുടങ്ങിയതും...

    പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ എഴുത്തുകളില്‍ പലപ്പോഴും അലിഗഡും പരിസരങ്ങളും വായിച്ചിട്ടുണ്ട്... തറാനയുടെ വീഡിയോയിലൂടെയും ആ ലിങ്കില്‍ കണ്ട മറ്റു വീഡിയോകളിലൂടെയും മഹത്തായ ആ കാമ്പസും പരിസരവും അനുഭവിച്ചു...

    വായനയുടെയും അനുഭവങ്ങളുടെയും ചിന്തകളുടെയും ലോകം ഇനിയും പങ്കുവെക്കുക...

    ReplyDelete
  25. എല്ലാ സുഹൃത്തുക്കളുടെയും നല്ല വാക്കുകള്‍ക്ക് നന്ദി. ഒരലീഗേറിയന് തറാന ഒരു വികാരമാണ്. യെ മേരാ ചമന്‍ എന്ന് ഒന്ന് മൂളിയാല്‍ മതി അയാളുടെ മുന്‍പില്‍ ബാക്കി സാധു പൂരിപ്പിച്ചു കൊള്ളും. തരാന നടന്നു കൊണ്ടിരിക്കെ ചുറ്റുവട്ടതെന്തു സംഭവിച്ചാലും അയാളെ അവയൊന്നും കാര്യമായി ബാധിക്കില്ല. അയാളുടെ മനസ്സും ശരീരവും അതില്‍ മുഴുകിയിരിക്കും. പാടാനറിരിയുന്നവനും അല്ലാത്തവനും കൂടെ പാടിക്കൊണ്ടിരിക്കും; പരിസരം മറന്ന് തന്നെ. അത് കൊണ്ടാണ് അലിഗഡ്‌ ചരിത്രം അയവിറക്കാന്‍ തറാന തന്നെ തെരഞ്ഞെടുത്തത്. അലിഗഡ്‌ പരിസരം അറിയാത്ത സുഹൃത്തുക്കള്‍ പോലും പോസ്റ്റ്‌ ആസ്വദിച്ചു എന്നറിയുമ്പോള്‍ വളരെ സന്തോഷം. നന്ദി.

    ReplyDelete
  26. ഞാൻ അവിടെ പോയിട്ടുണ്ട്, കുറച്ച് സമയം മാത്രം.
    ആ ഓർമ്മകൾ തിരികെ വന്ന ആഹ്ലാദത്തിൽ...

    ReplyDelete
  27. പ്രിയപ്പെട്ട ആരിഫ്‌,
    ഞാന്‍ അലിഗഡില്‍ പോയിട്ടില്ല...!പക്ഷെ, പലേ സ്ഥലങ്ങളിലും പോകാതെ തന്നെ, നമുക്ക് അവിടെ എത്തിച്ചേരാം...! അവിടുത്തെ അനുഭവങ്ങള്‍ പങ്കു വെക്കാം...!
    ഒരു പാട് ഇഷ്ടപ്പെട്ട പാട്ടുകളുടെ ഈണത്തില്‍,ഈ പോസ്റ്റ്‌ വായിച്ചു..!വളരെ മനോഹരമായി,ഈ ഓര്‍മ്മക്കുറിപ്പുകള്‍‍..! അലിഗഡ് ഇഷ്ടപ്പെടാതിരിക്കാന്‍ പറ്റാത്തതും,അത് കൊണ്ടു തന്നെ !
    അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  28. അലിഗഡ് സ്വപ്നം കണ്ടു ഒരുപാട് നടന്നു.. അവിടുത്തെ 'ശാമെ മിസ്റ്' ഉം 'ശബേ ശീറാസ്' ഉം എന്നും എനിക്കും ആവേശമായിരുന്നു....
    ആ ചരിത്ര പശ്ചാതലതിലൂടെയുള്ള ഈ ഒഴുക്ക് ആസ്വാദ്യകരമായിരിക്കുന്നു.....

    ReplyDelete
  29. വായിച്ചും കേട്ടും ഉള്ള അറിവുകള്‍ മാത്രേ ഉള്ളൂ അലിഗട്ട്നെക്കുറിച്ച് . പ്രഗല്‍ഭരും പ്രശസ്തരുമായ അനേകം പേര്‍ വിദ്യഅഭ്യസിച്ച ഇടമാണ് അതല്ലേ? അതില്‍ ഒരു ഭാഗമാകാന്‍ കഴിഞ്ഞ ഇക്ക ഭാഗ്യവാന്‍ . വെറുതെയല്ല ഉറുദു നന്നായി അറിയുന്നത് ഇക്കാക്ക് . :) കേട്ടറിഞ്ഞ അലിഗട്ടില്‍ കണ്ടറിഞ്ഞ പോലൊരു വായന സമ്മാനിച്ചതിന് നന്ദി .

    ReplyDelete
  30. വല്ലാത്തൊരു ആവേശമായിരുന്നു ഈ ക്യാമ്പസ്‌. പഠിക്കണം എന്ന് ഒരുപാട് ആഗ്രഹിച്ചു. എന്തോ അഡ്മിഷന്‍ കിട്ടിയില്ല. അപേക്ഷ കൊടുക്കാന്‍ ഒരിക്കല്‍ ആണ് ഇവിടെ വന്നിട്ടുള്ളത്. തിരിച്ചു പോരാന്‍ തോന്നിയില്ല. പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന ഒരു ആഗ്രഹം ഉള്ളില്‍ പിടയുന്നു , ഇത് വായിക്കുമ്പോള്‍ . ഗസലുകളുടെ നനവുള്ള ഓര്‍മ്മകള്‍
    നന്ദി ആരിഫ്ക്കാ

    ReplyDelete
  31. ഇത്ര നല്ലൊരു ലേഖനം വായിക്കാന്‍ ഇത്ര വൈകിയതെന്തേ ഞാന്‍.....,,,

    ReplyDelete
  32. ഓരോ അലിഗറിയനും ഇന്നത്തെ ദിവസം ഒരിക്കലും മറക്കാനിടയില്ല...സര്‍ സയീദ്‌ അഹമ്മദ്ഖാന്‍റെ ജന്മദിനം...Sir Syed Day universityലെ ഏറ്റവും വലിയ ആഘോഷമാണ്...

    ReplyDelete
  33. കുറേനേരം ഇത് വായിച്ചും വീഡിയോ കണ്ടും അങ്ങനെ ഇരുന്നു പോയി ...
    പാതി വഴിക്ക് നിന്നുപോയ എന്റെ വിദ്യാഭാസം ഓര്‍ത്തു അറിയാതെ കണ്ണുകളും നിറഞ്ഞു ...
    നല്ല വായനാനുഭവം സമ്മാനിച്ച ആരിഫിക്കാക്ക് നന്ദി .

    ReplyDelete
  34. മോഹിപ്പിക്കുന്ന അലിഗഡ് അനുഭവങ്ങള്‍ .
    ഉപരിപഠനത്തിന്റെ കേരളീയസാദ്ധ്യതകള്‍ പോലും അനുഭവിക്കാന്‍ യോഗമില്ലാതെപോയവന്‌ ഇതൊക്കെ പട്ടിണിക്കാരന്റെ മുന്നിലെത്തിയ വിശിഷ്ടഭോജ്യങ്ങള്‍ .
    ആര്‍ത്തിയോടെ വായിച്ചു.
    ആസ്വാദ്യകരം .

    ReplyDelete
  35. കേട്ടറിവ് മാത്രമുള്ള അലിഗഡ് - ഇപ്പൊ കുറച്ചൊക്കെ കണ്ട പൊലെയുമായി -- നന്ദി. അറിവുകള നൽകിയതിന്.

    ReplyDelete
  36. കേട്ട് മാത്രം പരിചയമുള്ള അലിഗഡ് സര്‍വകലാശാലയെപ്പറ്റി ഈ അനുഭവക്കുറിപ്പ് നല്ലൊരു പരിചയം സമ്മാനിച്ചു.

    ReplyDelete
  37. ഇത് വായിച്ചപ്പോൾ നൊസ്റ്റാൽജിയ ഫീൽ ചെയ്യുന്നു, വീണ്ടും ആ ക്യാമ്പസ്‌ കാണാനും അനുഭവിക്കുവാനും കൊതിയാകുന്നു.

    വളരെ നന്നായിരിക്കുന്നു..

    ReplyDelete
  38. അലിഗഡിന്റെ ഇന്നത്തെ അവസ്ഥയും, സർ സയ്യിദിന്റെ പിന്മുറക്കാരുടെ ഗതിവിഗതികളും സങ്കടപ്പെടുത്തുന്നതാണ്. എന്തായാലും പ്രതാപ കാലത്തെ കുറിച്ച് ഓർമ്മക്കുറിപ്പ്‌ നന്നായി.

    ReplyDelete