പേജുകള്‍‌

21 January, 2013

കറുത്ത അതിരുകള്‍

സാദത്ത്‌ ഹസന്‍ മന്‍ടോയുടെ സിയാഹ് ഹാഷിയെ (കറുത്ത വക്കുകള്‍ )എന്ന കഥാസമാഹാരത്തിലെ ഏതാനും കഥകള്‍ ഇവിടെ തര്‍ജ്ജമ ചെയ്തു പോസ്റ്റ്‌ ചെയ്യുന്നു. വേറെ വേറെ കഥകളാണിവയെങ്കിലും ഒരുമിച്ചു വായിക്കുമ്പോള്‍ എല്ലാം കൂടി ഒരു കഥയായി മാറുന്നു. നിറയെ കറുത്ത ഫലിതം കുത്തി നിറച്ച ഈ കഥകള്‍ പിറവി കൊണ്ട പശ്ചാത്തലം മനസ്സിലാക്കണമെന്നുള്ളവര്‍ ഇവിടെ ഞെക്കുക 

ചെരിപ്പു മാല
ജൂത്ത

സംഘം അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി; സര്‍ ഗംഗാ റാമിന്‍റെ പ്രതിമക്കരികിലേക്ക്. അവര്‍ പ്രതിമയില്‍ വടി കൊണ്ടടിച്ചു, കല്ലെറിഞ്ഞു, കരിയോയിലൊഴിച്ചു. അതിനിടെ മറ്റൊരാള്‍ പഴയ ചെരിപ്പുകള്‍ കൊണ്ട് തീര്‍ത്ത മാല ചാര്‍ത്താനായി പ്രതിമക്കരികിലേക്ക് നീങ്ങി.
പൊലീസെത്തി. വെടിവെച്ചു.
ചെരിപ്പുമാല പിടിച്ചു നില്‍ക്കുന്നയാള്‍ക്ക് വെടിയേറ്റു.
സമയം കളയാതെ അയാളെ ചികിത്സക്കായി സര്‍ ഗംഗാ റാം സ്മാരക ആശുപത്രിയിലെത്തിച്ചു.  
***

അറിവില്ലായ്മയുടെ മെച്ചം
ബേഖബരി കാ ഫായെദാ

കാഞ്ചി വലിഞ്ഞു; കൈത്തോക്കില്‍ നിന്ന് വെടിയുണ്ട പാഞ്ഞു. ജനല്‍ വഴി രംഗം വീക്ഷിക്കുകയായിരുന്ന മദ്ധ്യവയസ്കന്‍ തല്‍ക്ഷണം മൃതിയടഞ്ഞു. രണ്ടാമതും കാഞ്ചി വലിഞ്ഞു. വെള്ളം വിതരണക്കാരന്‍റെ തോല്‍ത്തൊട്ടി പൊട്ടി. നിലംപതിച്ച അയാളുടെ രക്തത്തോടൊപ്പം വെള്ളം റോഡിലൂടെ ഒഴുകി. മൂന്നാമത്തെ വെടി ഉന്നം തെറ്റി. അതൊരു കുതിര്‍ന്ന മതിലില്‍ പോയി തറച്ചു. 
നാലാത്തെ ഉണ്ട മുതുകില്‍ തറച്ച വൃദ്ധ നിലവിളി പോലുമില്ലാതെ മരിച്ചു വീണു. 
ആരും മരിച്ചില്ല, ആര്‍ക്കും പരിക്കേറ്റില്ല ഇതായിരുന്നു അഞ്ചും ആറും ഉണ്ടകളുടെ സ്ഥിതി. 
വെടിക്കാരന്‍ അസ്വസ്ഥനായി. ഒരു കൊച്ചു കുട്ടി റോഡ് മുറിച്ചു കൊണ്ടോടുന്നത് അയാളുടെ ശ്രദ്ധയില്‍ പെട്ടു. അയാള്‍ തോക്ക് അവനു നേരെ ചൂണ്ടി.
‘നീയെന്താ ചെയ്യുന്നത്?’ അയാളുടെ കൂട്ടുകാരന്‍ ചോദിച്ചു. ‘നിന്‍റെ തോക്കില്‍ ഉണ്ട ബാക്കിയില്ല.’
‘മിണ്ടാതിരി! അതാ കുട്ടിക്കെങ്ങനെ അറിയാം?’
***

ഉചിതമായ നടപടി
മുനാസിബ് കാര്‍വായി

കലാപമുണ്ടായപ്പോള്‍ പ്രദേശ വാസികളായ ന്യൂനപക്ഷ സമുദായത്തില്‍ പെട്ട ചിലര്‍ കൊല്ലപ്പെടുകയുണ്ടായി. ബാക്കിയായവര്‍ ജീവനും കൊണ്ടോടി. ഒരാള്‍ മാത്രം പക്ഷേ അയാളുടെ ഭാര്യയെയും കൂട്ടി പത്തായപ്പുരയിലൊളിച്ചു.
മൂന്നു രാത്രികളും മൂന്നു പകലുകളും അവര്‍ അക്രമികള്‍ക്കു വേണ്ടി വൃഥാ കാത്തിരുന്നു. വീണ്ടും രണ്ടു ദിവസങ്ങള്‍ കൂടി അവിടെ. മരണത്തെക്കുറിച്ചുള്ള ഭയം കുറഞ്ഞു വന്നു. വെള്ളത്തിനും ഭക്ഷണത്തിനുമുള്ള ആഗ്രഹം ശക്തമായി.
നാലു ദിനങ്ങള്‍ കൂടി കഴിഞ്ഞു. ജീവിതവും മരണവുമൊന്നും ഇപ്പോള്‍ ദമ്പതികളെ അലട്ടുന്ന പ്രശ്നമേ അല്ല. ഇരുവരും ഒളിവില്‍ നിന്ന് പുറത്തു വന്നു. 
ഭര്‍ത്താവ് അതുവഴി പോകുന്ന ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു. ക്ഷീണിച്ച സ്വരത്തില്‍ അയാള്‍ വിളിച്ചു പറഞ്ഞു, ‘ദയവു ചെയ്ത് ഞങ്ങളെയൊന്ന് കൊല്ലൂ. ഞങ്ങള്‍ കീഴടങ്ങുന്നു.’  
വിളി കേട്ടയാള്‍ കൈമലര്‍ത്തി, ‘ഞങ്ങളുടെ മതത്തില്‍ ജീവനെടുക്കുന്നത് പാപമാണ്’ 

അവര്‍ ജൈന മതക്കാരായിരുന്നു. എന്നാല്‍ അല്‍പ നേരത്തെ കൂടിയാലോചനക്കു ശേഷം അവര്‍ ഭാര്യയെയും ഭര്‍ത്താവിനെയും ഉചിതമായ നടപടികള്‍ക്കായി തൊട്ടടുത്ത പ്രദേശത്തുള്ളവര്‍ക്കെത്തിച്ചു കൊടുത്തു.
***

പഠാനിസ്താന്‍

'ഖോ എക്ദം ജല്‍ദി ബോലോ, തും കോനേ?'
'മേ...മേ...' 
'ഖോ ശേത്താന്‍ കാ ബച്ചാ ജല്‍ദി ബോലോ..... ഇന്ദൂ ഏ യാ മുസ്ലിമീന്‍?'
'മുസ്ലിമീന്‍'
'ഖോ തുമാരാ റസൂല്‍ കോനേ?'
'മുഹമ്മദ് ഖാന്‍'
'ടീകേ … ജാഊ'
***
അങ്ങനെയല്ല; ഇതാ.. ഇങ്ങനെ
ഹലാല്‍ ഓര്‍ ഝട്കാ

‘ഞാനവന്‍റെ കഴുത്തിലെ രക്തക്കുഴലില്‍ തന്നെ കത്തി വച്ചു. പതുക്കെ, വളരെ പതുക്കെ ഞാനവനെ അറുത്തു.’
ഛെ! നീയെന്താ ചെയ്തത്? 
‘എന്തേ?’
‘നീ എന്തിന് അയാളെ അങ്ങനെ കൊന്നു?’
‘അങ്ങനെ കൊല്ലുന്നതാണ് ഒരു രസം.’
‘വിഡ്ഢീ, നീ അവനെ ഒറ്റവെട്ടിന് (ഝട്ക) കൊല്ലേണ്ടിയിരുന്നു. ഇതാ ഇങ്ങനെ’ 
പതുക്കെ ഹലാല്‍ കൊല നടത്തിയവന്‍റെ തല ഝട്കയായി- തലയും ഉടലും വേറെവേറെയായി.

(മുസ്ലിംകള്‍ മൃഗങ്ങളെ അറുക്കുക പതുക്കെ മൂര്‍ന്നാണ് ;ഹലാല്‍ ചെയ്യുക എന്നു പറയും എന്നാല്‍ സിഖുകാര്‍ അവയെ ഒറ്റവെട്ടിന് അറുക്കുകയാണ് ചെയ്യുക ഇതാണ് ഝട്ക) 
***
നഷ്ടക്കച്ചവടം
ഘാട്ടെ കാ സോദാ

പത്തിരുപത് പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്ന് നാല്‍പത്തി രണ്ട് രൂപ കൊടുത്താണ് രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരെണ്ണത്തിനെ വാങ്ങിയത്.
‘നിന്‍റെ പേരെന്താ?’ ഒരാള്‍ ചോദിച്ചു.
പേരു കേട്ടതും അയാള്‍ കോപം കൊണ്ട് വിറച്ചു.
‘നീ മറ്റേ സമുദായത്തില്‍ പെട്ടവളാണെന്നാണല്ലോ ആ ചങ്ങാതി ഞങ്ങളോടു പറഞ്ഞിരുന്നത്!’
‘അയാള്‍ നുണ പറഞ്ഞതാണ്’ പെണ്‍കുട്ടി പറഞ്ഞു.
അയാള്‍ ഓടി കൂട്ടുകാരന്‍റെ വീട്ടിലെത്തി, ‘ആ തന്തയില്ലാത്തവന്‍ നമ്മളെ പറ്റിക്കുകയായിരുന്നു. നമ്മുടെ സമുദായത്തില്‍ പെട്ട ഒരു പെണ്ണിനെ തന്നെ നമ്മുടെ തലയില്‍ വെച്ചു കെട്ടി. വാ, തിരിച്ചു കൊടുത്തിട്ട് വരാം.’
***
താക്കീത്
ഖബര്‍ദാര്‍)

ഏറിയ പിടിവലികള്‍ക്കു ശേഷമാണ് കെട്ടിട ഉടമയെ പുറത്തുകൊണ്ടു വന്ന് കൊല്ലുന്നവര്‍ക്ക് മുമ്പിലിട്ടു കൊടുക്കാന്‍ അവര്‍ക്ക് സാധിച്ചത്. അയാള്‍ എഴുന്നേറ്റ് നിന്ന് വസ്ത്രങ്ങള്‍ പറിച്ചെറിഞ്ഞു. ‘നിങ്ങളെന്നെ കൊന്നോളൂ, പക്ഷേ എന്‍റെ ഒരു രൂപയോ പൈസയോ തൊട്ടു പോകരുത്.. പറഞ്ഞില്ലെന്ന് വേണ്ട...’
 ***

വീതം വെപ്പ്
തഖ്സീം

അവരിലൊരാള്‍ തെരഞ്ഞെടുത്തത് വലിയൊരു മരപ്പെട്ടിയായിരുന്നു. പൊക്കാന്‍ ശ്രമിച്ചെങ്കിലും അതൊരിഞ്ച് നീക്കാന്‍ പോലും അയാള്‍ക്കായില്ല.
ഒന്നും കിട്ടാതെ നിരാശനായി ഇതെല്ലാം കണ്ടു നില്‍ക്കുകയായിരുന്ന മറ്റൊരാള്‍ സഹായ ഹസ്തം നീട്ടി. ‘ഞാന്‍ സഹായിക്കണോ?’ 
‘ശരി’ 
അതുവരെ ഒന്നും തരമാകാതെ നില്‍ക്കുകയായിരുന്നയാള്‍ പെട്ടി ബലിഷ്ഠമായ കൈകള്‍ കൊണ്ടുയര്‍ത്തി ഒരു ഞരക്കത്തോടെ പുറത്ത് വഹിച്ചു. ഇരുവരും പുറത്തിറങ്ങി.
പെട്ടിക്ക് നല്ല ഭാരമുണ്ടായിരുന്നു. ഏറ്റിയ ആള്‍ അതിന്‍റെ ഭാരത്തിന് കീഴെ ഞെരിഞ്ഞു. കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു. എന്നാല്‍ കിട്ടാനുള്ള പ്രതിഫലമോര്‍ത്ത്, പ്രയാസം വകവെക്കാതെ അയാള്‍ നടന്നു.
പെട്ടി കണ്ടെത്തിയ ആള്‍ ഏറ്റുന്ന ആളെ അപേക്ഷിച്ച് വളരെ ദുര്‍ബ്ബലനായിരുന്നു. വഴിയിലുടനീളം അയാള്‍ ഒരു കൈ പെട്ടിയില്‍ വച്ചു കൊണ്ട് തന്‍റെ അവകാശം പ്രഖ്യാപിച്ചു കൊണ്ടിരുന്നു. സുരക്ഷിതമായ ഒരിടത്തെത്തിയപ്പോള്‍ പെട്ടി അവിടെ ഇറക്കി വച്ചു. എല്ലാ വിഷമങ്ങളും സഹിച്ചവന്‍ ചോദിച്ചു, ‘പറയൂ, ഈ പെട്ടിയില്‍ നിന്ന് എന്‍റെ പങ്കെന്താണ്?’ 
‘നാലിലൊന്ന്’ പെട്ടി ആദ്യം കണ്ടെത്തിയവന്‍ പറഞ്ഞു.
‘അത് വളരെ കുറഞ്ഞു പോയി’ 
‘എനിക്കങ്ങനെ തോന്നുന്നില്ല, തന്നെയുമല്ല വളരെ കൂടുതലുമാണ്. ഞാനാണത് കണ്ടെത്തിയത് എന്ന് നീ ഓര്‍ക്കണം’
‘അത് ശരിയാണ്. പക്ഷേ, ഇതുവരെ മുതുക് തകര്‍ത്ത് ഏറ്റിക്കൊണ്ടുവന്നതാരാണ്?
‘എന്നാല്‍ പകുതിയും പകുതിയും..സമ്മതമാണോ?’
‘ശരി, പെട്ടി തുറക്ക്’
പെട്ടി തുറന്നതും അതിനുള്ളില്‍ നിന്ന് വാളും പിടിച്ച് ഒരാള്‍ എഴുന്നേറ്റ് നിന്ന് രണ്ട് അവകാശികളെയും നാലായി ഭാഗിച്ചു.
                                                     ***
ജെല്ലി

രാവിലെ ആറു മണിക്ക് ഉന്തുവണ്ടിയില്‍ ഐസ് വിറ്റിരുന്നയാള്‍ പെട്രോള്‍ പമ്പിന്നരികില്‍ കുത്തേറ്റ് മരിച്ചു. ഏഴു മണി വരെ ജഡം റോഡില്‍ കിടന്നു. ഐസുരുകി റോഡിലൂടെ വെള്ളമായി ഒഴുകി.
ഏഴെ കാലിന് പൊലിസെത്തി ജഡം മാറ്റി. ഐസിന്‍റെയും രക്തത്തിന്‍റെയും മിശ്രിതം റോഡില്‍ കട്ടപിടിച്ചു കിടന്നു.
അന്നേരം ആ വഴി ഒരു കുതിരവണ്ടി കടന്നു പോയി. ഐസും രക്തവും കട്ടപിടിച്ചു കിടക്കുന്നത് കണ്ട കൊച്ചു കുട്ടി അമ്മയുടെ കുപ്പായം പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു ‘നോക്കൂ അമ്മേ, ജെല്ലി’
                                                     ***


പരാതി
ഉല്‍ഹനാ

നോക്കൂ ചങ്ങാതീ, നീ ബ്ലാക്ക് മാര്‍ക്കറ്റ് വിലയും ഈടാക്കി വകക്ക് കൊള്ളാത്ത പെട്രോളും തന്നു. നോക്ക്, ഒരൊറ്റ കട പോലും കത്തിയില്ല.
                                                  ***

പണിതുടങ്ങാന്‍ സമയമായി
ദാവത്തെ അമല്‍

തീ ആളിപ്പടര്‍ന്നു. ആ പ്രദേശം മുഴുവന്‍ കത്തിച്ചാമ്പലായി. ഒരു കടയും അതിന് പുറത്തു തൂക്കിയ ‘ഇവിടെ നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കപ്പെടും’എന്നെഴുതിയ ബോഡും മാത്രം ബാക്കിയായി. 
                                                   ***
തിരുത്ത്
ഇസ് ലാഹ്

'നീ ആരാ?'
'ആരാ നീ?'
'ഹര ഹര മഹാദേവ! ഹരഹര മഹാദേവ!
ഹരഹര മഹാദേവ!'
'തെളിവെന്താ?'
'തെളിവ്.... എന്‍റെ പേര് ധര്‍മ്മചന്ദ്രന്‍ എന്നാണ്.'
'അതൊരു തെളിവല്ല.'
'നാലു വേദങ്ങളില്‍ നിന്നെന്തെങ്കിലും എന്നോട് ചോദിച്ചോളൂ... ഉത്തരം തരാം'
'ഞങ്ങള്‍ക്ക് വേദങ്ങള്‍ അറിയില്ല. തെളിവ് താ'
'എന്ത് തെളിവ്?'
'പൈജാമ താഴ്ത്തൂ'
പൈജാമ താഴ്ന്നതും ഒരട്ടഹാസം. ‘കൊല്ലവനെ, കൊല്ലവനെ’
‘നില്‍ക്ക് നില്‍ക്ക്. ഞാന്‍ നിങ്ങളുടെ സഹോദരനാണ്. ഭഗവാനാണെ സത്യം. ഞാന്‍ നിങ്ങളുടെ സഹോദരനാണ്.’
‘പിന്നെ ഇത്?’
‘ഞാന്‍ ഇപ്പോള്‍ വരുന്നത് നമ്മുടെ ശത്രുക്കളുടെ പ്രദേശത്തു നിന്നാണ്. അതിനാല്‍ ഞാന്‍ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതനായി. സ്വന്തം ജീവന്‍ രക്ഷപ്പെടുത്താന്‍ വേണ്ടി മാത്രം..... അത് മാത്രമാണെന്‍റെ തെറ്റ്. ബാക്കിയെല്ലാം ഞാന്‍ ഓക്കെയാണ്.’
‘ആ തെറ്റ് ശരിയാക്കൂ' അയാള്‍ കൂടെ നില്‍ക്കുന്നവരോടലറി.
ആ തെറ്റ് ശരിയാക്കി. കൂടെ ധര്‍മ്മചന്ദ്രനെയും.
                                                   ***
സോഷ്യലിസം
ഇഷ്തിറാകിയത്ത്

അയാള്‍ തന്‍റെ വീട്ടിലെ മുഴുവന്‍ സാധന സാമഗ്രികളും ഒരു ട്രക്കില്‍ കയറ്റി അടുത്ത നഗരത്തിലേക്ക് പോവുകയായിരുന്നു. വഴിയില്‍ ആക്കൂട്ടം വണ്ടി തടഞ്ഞു.
‘നോക്കൂ ചങ്ങാതീ, എന്തൊരു രസത്തിലാ പഹയന്‍ ഇത്രയധികം സാധങ്ങള്‍ ഒറ്റക്കടിച്ചെടുത്ത് കൊണ്ടുപോകുന്നത്’
‘ഇതെന്‍റെ സ്വന്തം വീട്ടിലെ വസ്തുവഹകളാണ്.’ ഉടമ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
രണ്ട് മൂന്ന് പേര്‍ ചിരിക്കുകയും ചെയ്തു, ‘എല്ലാം ഞങ്ങള്‍ക്കറിയാം’
ഒരാള്‍ അലറി, 'അവയെല്ലാം എടുത്തോളൂ. ഇവന്‍ പണക്കാരനാണ്. ട്രക്ക് ഉപയോഗിച്ച് കളവ് നടത്തുന്ന പെരുങ്കള്ളന്‍ .'
                                                 ***
സോറി

കത്തി വയറ്റില്‍ ആഴ്ന്നിറങ്ങി. നാഭി തുളച്ചു. താഴോട്ട് താഴോട്ട് വന്ന് പൈജാമയുടെ ചരടറുത്തു. കത്തി കയറ്റിയവന്‍റെ വായില്‍ നിന്ന് ഖേദത്തിന്‍റെ ശബ്ദം ഉതിര്‍ന്ന് വീണു.
‘ഛെ ഛെ ഛെ ഛെ ഛെ മിസ്റ്റെയ്ക്ക്.’
                                                  ***
യോഗഭാഗ്യം
ഖിസ്മത്

ഒന്നുമില്ല ചങ്ങാതി... ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ആകെയൊരു പെട്ടിയാണ് കൈയില്‍ തടഞ്ഞത്. കള്ള പന്നിയുടെ ഇറച്ചിയേ അതിലുണ്ടായിരുന്നുള്ളൂ.
                                                  ***

മുന്‍കരുതല്‍ നടപടികള്‍
പേശ് ബന്ദി

ഒന്നാമത്തെ സംഭവം തെരുവിന്‍റെ ആ മൂലിയില്‍ ഹോട്ടലിന് മുമ്പിലാണുണ്ടായത്. വൈകാതെ ഒരു പൊലിസുകാരനെ അവിടെ പോസ്റ്റ്‌ ചെയ്തു. 
രണ്ടാമത്തെ സംഭവം പിറ്റേ ദിവസം വൈകുന്നേരമാണുണ്ടായത്; ജനറല്‍ സ്റ്റോറിന് തൊട്ടടുത്ത്. പൊലിസുകാരനെ അങ്ങോട്ട് മാറ്റി.
മൂന്നാമത്തെ സംഭവം രാത്രി 12 മണിക്ക് ലോന്‍ഡ്രിക്കരികില്‍ വെച്ചാണുണ്ടായത്. 
അങ്ങോട്ടു നീങ്ങാനുള്ള നിര്‍ദ്ദേശം നല്‍കിയ ഇന്‍സ്പെക്ടറോട് പൊലീസുകാരന്‍ പറഞ്ഞു, അടുത്ത കൊലപാതകം നടക്കുന്ന സ്ഥലത്തേക്ക് എന്നെ മാറ്റാത്തതെന്ത്?’
                                                  ***

എല്ലാം അവന്‍റെ ഔദാര്യം 
സദഖേ ഉസ്കേ

മുജ്ര (നൃത്ത സദസ്സ്) സമാപിച്ചു. കാണികളെല്ലാം പിരിഞ്ഞു പോയി. അന്നേരം ഉസ്താദ്ജി പറഞ്ഞു, എല്ലാം കൊള്ള ചെയ്യപ്പെട്ട് വെറും കൈയ്യോടെയാണ് നാം ഇവിടെ വന്നത്. സര്‍വ്വശക്തന് സ്തുതി. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഈ രൂപത്തില്‍ അവന്‍ നമുക്ക് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞുവല്ലോ. 
                                                    ***

നന്ദിയില്ലാത്ത വര്‍ഗ്ഗം
ആംഘോ പര്‍ ചര്‍ബി

നമ്മുടെ സമുദായക്കാരുടെയൊരു കാര്യം. എത്ര കഷ്ടപ്പെട്ടാണ് അമ്പത് പന്നികളെ പിടിച്ചു കൊണ്ടു വന്ന് ഈ പള്ളിയില്‍ വെച്ചറുത്തത്. അവിടെ അമ്പലങ്ങളിലറുത്ത ഗോ മാംസം ഥടഥടാ വിറ്റു പോകുന്നു. ഇവിടെയോ? പന്നിയിറച്ചി വാങ്ങാനായി ഒരു നായിന്‍റെ മോന്‍ പോലും വരുന്നില്ല.
                                                    ***

എനിക്കൊന്ന് വിശ്രമിക്കണം
ആറാം കി സറൂറത് ഹെ

‘ഇത് വരെ മരിച്ചില്ല.... നോക്ക് ഇപ്പോഴും ജീവന്‍ ബാക്കിയുണ്ട്.’
‘അവടെ നിക്കട്ടെ ചങ്ങാതീ…. ഞാന്‍ ആകെ ക്ഷീണിതനാണ്.’


മന്‍ടോയുടെ മറ്റു കഥകള്‍ക്കായി താഴെ  ലിങ്കില്‍ ഞെക്കുക 

ടോബാ ടേക് സിങ്: ഒരു സ്വാതന്ത്യ്രദിന സമ്മാനം


83 comments:

  1. സംഘം അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി; സര്‍ ഗംഗാ റാമിന്‍റെ പ്രതിമക്കരികിലേക്ക്. അവര്‍ പ്രതിമയില്‍ വടി കൊണ്ടടിച്ചു, കല്ലെറിഞ്ഞു, കരിയോയിലൊഴിച്ചു. അതിനിടെ മറ്റൊരാള്‍ പഴയ ചെരിപ്പുകള്‍ കൊണ്ട് തീര്‍ത്ത ചെരിപ്പുമാല ചാര്‍ത്താനായി പ്രതിമക്കരികിലേക്ക് നീങ്ങി.
    പൊലീസെത്തി വെടിവെച്ചു.
    ചെരിപ്പുമാല പിടിച്ചുനല്‍ക്കുന്നയാള്‍ക്ക് വെടിയേറ്റു.
    ഉടനടി അയാളെ ചികിത്സക്കായി സര്‍ ഗംഗാ റാം സ്മാരക ആശുപത്രിയിലേക്ക് മാറ്റി.

    ReplyDelete
  2. അപ്പോ ഇതാണല്ലേ ഇന്നലെ മൂലക്കിരുന്ന് എഴുതുന്നുണ്ടായത്?

    ReplyDelete
    Replies
    1. ഈ വാക്ക് മുമ്പ് കേട്ടിട്ടില്ല “ഥടഥടാ“?

      Delete
    2. 'ഫടാഫട്' എന്നതിന്‍റെ മലയാളം.

      Delete
  3. വിഭജനകാലം വരച്ചിട്ട നുറുങ്ങു കഥകളുടെ സമാഹാരം :) കഥകള്‍ ചെറുത്‌ ആണെങ്കിലും എത്ര വലിയ ആശയങ്ങള്‍ ആണ് ഓരോന്നിലും . കുറെ കാലത്തെ കാത്തിരിപ്പിന് ഫലമുണ്ടായി . നല്ല പോസ്റ്റ്‌ അരിഫ്ക്കാ . മുന്‍പ് തന്ന വാക്ക് പാലിച്ചതില്‍ സന്തോഷം . അന്ന് വാങ്ങിയ പുസ്തകത്തിലെ ബാക്കിയുള്ള കഥകള്‍ ഓരോരോ പോസ്റ്റായി ഇനീം പോരട്ടെ :)

    ReplyDelete
  4. നല്ല പരിചയപ്പെടുത്തൽ. മുഴുവൻ വായിച്ച്

    ReplyDelete
  5. സാദത്ത്‌ ഹസന്‍ മണ്ടോയുടെ ടോബോ ടെക് സിംഗ് ആരിഫ്ക്കാ വിവര്‍ത്തനം ചെയ്തത് വായിച്ചിട്ടാണ് ഈ ഉറുദു എഴുത്തുകാരനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചത്. ഇപ്പോള്‍ വീണ്ടും അദ്ദേഹത്തിന്റെ തന്നെ നുറുങ്ങു കഥകളുടെ സമാഹാരം വിവര്‍ത്തനം ചെയ്തു കാണുന്നതില്‍ ഏറെ സന്തോഷം. ആരിഫ്ക്കാ പറഞ്ഞ പോലെ എല്ലാം വ്യത്യസ്ഥ കഥകള്‍ ആണെങ്കിലും എല്ലാം ചേര്‍ത്ത് വെച്ചാല്‍ നമുക്ക് ലഭിക്കുന്നത് 'വിഭജനം' എന്നാണ്. അതുണ്ടാക്കുന്ന മുറിവുകള്‍ വ്യത്യസ്ഥ രീതിയില്‍ ഓരോ കഥകളിലും വരുന്നു. ഒപ്പം ഒരു തുടര്‍ച്ചയുമുണ്ട്. രണ്ടു തവണ ആ കഥകളിലൂടെ കടന്നു പോയാല്‍ ആ തുടര്‍ച്ച മനസ്സിലാകും

    ഏറെ അത്ഭുതപ്പെടുത്തുന്നത് വിഭജനത്തെപ്പറ്റി ഇന്ത്യയില്‍ എഴുതപ്പെട്ട സാഹിത്യങ്ങളില്‍ നിന്നൊക്കെ വ്യത്യസ്ഥമായ ഒരു മാനം ഈ കഥകള്‍ക്കുണ്ട്. പല തവണ വായിക്കേണ്ടിയിരിക്കുന്നു പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ എന്ന് തോന്നുന്നു
    മികച്ച ഈ വിവര്‍ത്തനത്തിനു നന്ദി

    ReplyDelete
  6. വായനയുടെ അപര്യാപ്തതകൊണ്ടാവണം ഞാന്‍ ഇങ്ങിനെയുള്ള എഴുത്തുകാരില്‍ നിന്നും രചനകളില്‍ നിന്നും ഒരു പാട് ദൂരെയാണ്. സാദത്ത്‌ ഹസന്‍ മന്‍ടോയെ പരിചയപ്പെടുത്തിയതിന് നന്ദി ആരിഫ്ക്കാ..

    ReplyDelete
  7. വിവര്‍ത്തനങ്ങളില്‍ പൊതുവേ വരണ്ടഭാഷയാണ് കാണപ്പെടുക. അതില്‍നിന്ന് വ്യത്യസ്തമായി, വായിക്കാന്‍ സുഖമുണ്ട് ഈ കഥകളിലെ ഭാഷ.

    ReplyDelete
  8. കൊള്ളാം നല്ല കുറെ കഥകൾ വായിക്കാൻ അവസരം തന്നതിന് ഇക്കാ

    ഒപ്പം വിവർത്തനത്തിലെ ഭാഷാ ഭംഗി നല്ല പോലെ ഇഷ്ടമായി എന്നറിയിക്കട്ടെ.
    “ഥടഥടാ വിറ്റു പോകുന്നു“ ഈ ഥടഥടാ വിറ്റു പോകുന്നു എന്നത് വേഗത്തിൽ വിറ്റുപോകുന്നു എന്നല്ലെ? ശരിക്കും അങ്ങനെ ഒരു വാക്കുണ്ടോ?

    ReplyDelete
  9. വിഭജനം തീര്‍ത്ത മുറിവുകള്‍ മാത്രം വായിച്ച പരിജയം മാത്രമുള്ള
    അറിവിലേക്ക് നര്‍മത്തിന്റെ ഭാഷയില്‍ ചാലിച്ച് വിഭജന കാലത്തിന്റെ കഥ,എഴുത്തുകാരെ പരിചയപ്പെടുത്തിയതിന് നന്ദി..

    ഇഷ്ട്ടപെട്ടു .... വിഭജനത്തിന്റെ മലബാര്‍ ചരിത്രം അറിയാന്‍ താല്പര്യം ഉണ്ട്... അഭിവാദ്യങ്ങള്‍

    ReplyDelete
  10. കഥകള്‍ക്ക് ഒരു ഉദ്ദേശം വേണം. ഒന്നുകില്‍ ചിരിപ്പിക്കണം. അല്ലെങ്കില്‍ കരയിക്കണം.

    ഒരു മാതിരി ആശയക്കുഴപ്പത്തിലാക്കരുത്.

    ReplyDelete
  11. ആരിഫ് ഭായി....കിടിലം.. മുഹമ്മദ്‌ ഖാനും,ജെല്ലിയുമൊന്നും പെട്ടെന്നൊന്നും കുടിയിറങ്ങില്ല...ഇനിയും പോരട്ടെ...

    ReplyDelete
  12. സാദത്ത് ഹസൻ മണ്ടോയെ പരിചയപ്പെടുന്നത് താങ്കളിലൂടെയാണ്, വിഭജനത്തിന്റ മുറിവുകളിൽ നിന്ന് കിനിയുന്ന ചുടുചോരയുടെ നൊമ്പരങ്ങളാണ് പൊതുവെ മൺടോയുടെ രചനകളുടെ തുടിപ്പുകൾ. എന്നാൽ ഇവിടെ പരിചയപ്പെടുത്തിയ കഥകലിലെല്ലാം.,ഉള്ളിൽ എവിടെയോ തേങ്ങിക്കൊണ്ട് എഴുത്തുകാരന്റെ തൂലികത്തുമ്പിലേക്ക് തേങ്ങിക്കൊണ്ട് വാർന്നുവീഴുന്ന നിലവിളികളെ കറുത്ത ഫലിതങ്ങളായി അവതരിപ്പിക്കുന്ന മൺടോയുടെ വ്യത്യസ്ഥമായൊരു ഭാഷ വായിക്കാനാവുന്നു. താങ്കൾ പറഞ്ഞപോലെ വേറെ വേറെ കഥകളാണിവയെങ്കിലും ഒരുമിച്ചു വായിക്കുമ്പോൾ എല്ലാം കൂടി ഒരു കഥയായി മാറുന്നു.

    അർത്ഥ-ഭാവ കൽപ്പനകൾ ചോർന്നുപോവാതെ മൊവിമാറ്റം നടത്തിയതിന് അഭിനന്ദനങ്ങൾ.

    ReplyDelete
  13. പരിചയപ്പെടുത്തിയ കുഞ്ഞുകഥകള്‍ നന്നായിതോന്നി.

    ReplyDelete
  14. കൊള്ളാലോ ആരിഫ്കാ, വായിച്ചു, ഇഷ്ടപ്പെട്ടു, ഇദ്ദേഹത്തെ പറ്റി, ഞാനും ആദ്യമായാണ്‌ കേള്‍ക്കുന്നത്, പരിചയപ്പെടുത്തലിനു നന്ദി!

    ReplyDelete
  15. കഥകളുടെ ഒരു പുതിയ സരണി ഇക്കഥകളിലൂടെ എനിക്ക് വെളിപ്പെട്ടു. പറയപ്പെട്ടതിനെക്കാൾ കൂടുതൽ പറയുന്ന കഥകൾ.

    ReplyDelete
  16. കറുപ്പ് കറുപ്പ് കറുപ്പ്

    ReplyDelete
  17. :) ഇത്രയും കുറച്ചു വാക്കുകള്‍ കൊണ്ട് വലിയ സന്ദേശം തുറന്നുകാണിക്കുന്ന എഴുത്തുകാരനോ ? ... മഹാന്‍ തന്നെ ! വല്ലാതെ ഇഷ്ട്ടപ്പെട്ടുപോയി, ഓരോ വരികളും മനുഷ്യന്റെ ഭാഗത്ത്‌ നിന്ന് മതത്തിന്റെ പൊള്ളത്തരത്തിനെ കൊഞ്ഞനം കാണിക്കുന്നു. റിയലി ഗ്രേയ്റ്റ് !

    ReplyDelete
  18. സുപ്രഭാതം ഇക്കാ..
    ഇന്നലെ മുതൽ വായിക്കുന്നൂ..
    അതിശയം തോന്നുന്നൂ..
    അതിനേക്കാളേറെ അഭിമാനവും..
    റിയലി ഗ്രെയ്റ്റ്‌ വർക്ക്‌..സന്തോഷം..നന്ദി ട്ടൊ.,!

    ReplyDelete
  19. വിഭജനത്തിന്‍റെ മായാത്ത മുറിവുകള്‍ ,അറപ്പ് തോന്നിക്കുന്നവ ,രോഷം തിളപ്പിക്കുന്നവ ,ദുഃഖം വിതുമ്പുന്നവ..സൈനോക്കുലാറില്‍ കുറേക്കാലത്തിനു ശേഷം വന്ന ഉജ്വലമായ ഈ പോസ്റ്റില്‍ക്കൂടി കടന്നു പോകുമ്പോള്‍ ചിലപ്പോഴൊക്കെ ചിരി പോലും വന്നു ,ഞാനടങ്ങുന്ന മനുഷ്യസമൂഹത്തിന്റെ അടങ്ങാത്ത ദുരയോര്‍ത്തു ഞാന്‍ നിര്‍ലജ്ജം ചിരിച്ചു ,ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നെങ്കിലും ....

    ReplyDelete
  20. ഈ വിവര്‍ത്തന കഥകള്‍ കാലിക പ്രാധാന്യമുള്ളതും കാര്യമാത്ര പ്രസക്തവും. എന്ത് കൊണ്ടെന്നാല്‍ ഈ കഥകളില്‍ ഓരോന്നും സസൂക്ഷ്മം സമകാലീക സംഭവങ്ങളുമായി താരതമ്യം ചെയ്തു നോക്കൂ. എല്ലാം തനിയാവര്‍ത്തനം തന്നെ അല്ലെ...

    വര്‍ഷങ്ങള്‍ കഴിഞ്ഞും ചിന്തകളിലോ സംസ്കാരത്തിലോ നാം ഏറെയോന്നും മുന്നോട്ടു ചരിച്ചിട്ടില്ലെന്നത് ഈ കൊച്ചു കഥകള്‍ അടിവരയിടുന്നു.

    ReplyDelete
  21. മുഴുവന്‍ വിവര്‍ത്തനങ്ങളും വായിച്ചു. നല്ല ഉദ്യമം തന്നെ മാഷേ.

    ഇതിവിടെ പങ്കു വച്ചതിനു നന്ദി :)

    ReplyDelete
  22. ആരിഫ്ജി, സാദത്ത്‌ ഹസന്‍ മന്‍ടോയെ ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്, ഇപ്പോള്‍ താങ്കളിലൂടെ അറിയുന്നതും. അറിഞ്ഞപ്പോള്‍ ഏറെ സന്തോഷം.

    ReplyDelete
  23. വായനയുടെ ഒരംശം പകര്‍ന്നു നല്കാന്‍ കാട്ടുന്ന സന്മനസിന് നന്ദി.

    ReplyDelete
  24. വായന നശിട്ടില്ലാ ...
    കഴിഞ്ഞു പോയാ കാലത്തെ വരികള്‍ ..
    ഒരു തിരിഞ്ഞു നോട്ടം ...
    അഭിനന്ദനം ..ഈ വിവര്‍ത്തനത്തിനു

    ReplyDelete
  25. വൈക്കം ബഷീറിനെക്കാളും എന്നെ സ്വാധീനിച്ച മതേതര കഥാകാരനാണ് സാദത്ത്‌ ഹസന്‍ എന്ന് എം എന്‍ കാരശ്ശേരി മുന്‍പ് പറഞ്ഞതായി ഓര്‍ക്കുന്നു....സല്‍മാന്‍ റുഷ്ദി എഡിറ്റ്‌ ചെയ്തിറക്കിയ 50 ഇന്ത്യന്‍ കഥകളില്‍ ഇംഗ്ലീഷ് ഭാഷയില്‍ എഴുതപ്പെടാത്ത ഏക കഥ മാന്‍ടോയുടെതായിരുന്നു. അക്കഥ കാരശ്ശേരി തന്നെ തര്‍ജമ്മ ചെയ്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു...

    ReplyDelete
  26. വേറിട്ട ഒരു പരിചയപ്പെടുത്തല്‍.. കഥകളുടെ നാലയത്ത് കൂടി പോകാത്ത ഞാന്‍ പോലും ആസ്വദിച്ചു.. പല കഥകളും. പഠാനിസ്താന്‍ അല്പം ചിരിപ്പിച്ചു, ഏറെ ചിന്തിപ്പിച്ചു.

    ReplyDelete
  27. കഥകള്‍ പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങള്‍ .
    കഥകളുടെ കാമ്പ് കളയാതെ പകര്‍ത്താന്‍ കഴിഞ്ഞു.ആശംസകള്‍

    ReplyDelete
  28. ഈ ചെറിയ കഥകളുടെ വലിയ ലോകത്തെയും വലിയ കഥാകാരനെയും പരിചയപ്പെടുത്തിയതില്‍ വളരെ നന്ദി ആരിഫ് ജി.

    ReplyDelete
  29. കുറെനാളുകള്‍ക്ക് ശേഷം സെയ്നോക്കുലറില്‍ പരിചയപ്പെടുത്തിയ കുഞ്ഞുകഥകള്‍ വളരെ ഇഷ്ടായി ആരിഫിക്കാ ... അടുത്തത് ഇത്രയും താമസം വരുത്താതെ നോക്കുമല്ലോ
    നല്ല പരിചയപ്പെടുത്തല്‍ ..

    ReplyDelete
  30. ഇങ്ങനെയൊരാളെ അടുത്തറിയാന്‍ പറ്റിയതില്‍ സന്തോഷിക്കുന്നു....അതിനു മുതിര്‍ന്നതിനു നന്ദി

    ReplyDelete
  31. വളരെ നന്ദി പ്രിയാ, ഇത് നല്ലൊരു പരിചപ്പെടുത്തൽ തന്നെ
    ആശംസകൾ

    ReplyDelete
  32. വിഭജനത്തിന്റെ മായാത്ത മുറിവുകളിൽ ചോരകൊണ്ടിപ്പഴും ചിത്ര വരച്ചുകൊണ്ടിരിക്കുന്നു...

    ReplyDelete
  33. ചെറുതെങ്കിലും വലിയ കഥകള്‍ പരിചയപ്പെടുത്തിയതിനു നന്ദി ഇക്ക...
    "അമ്മെ..ജെല്ലി ..." ആ വാക്ക് ഹൃദയത്തില്‍ തട്ടി.... :(

    ReplyDelete
  34. വിഭജനത്തിന്റെ നേര്ച്ചിത്രങ്ങള്‍.. കൂട്ടത്തില്‍ ഇഷ്ടായത് മുഹമ്മദ്‌ ഖാന്‍ തന്നെ.

    ReplyDelete
  35. വിവർത്തനത്തിലെ കൈത്തഴക്കം എല്ലാ കഥകളെയും മെച്ചപ്പെട്ട നിലവാരത്തിൽ എത്തിച്ചിട്ടുണ്ട്.. അഭിനന്ദനങ്ങൾ..!

    ReplyDelete
  36. നല്ലൊരു ശ്രമം അഭിനന്ദനങ്ങള്‍

    ReplyDelete
  37. വിഭജനം വിട്ടുള്ള പരിപാടിയില്ല ല്ലേ? 
    ഇനിയും വരട്ടെ വിവർത്തനങ്ങൾ.. 

    ReplyDelete
  38. വിവര്ത്തനത്ത്തിന്‍ ആദ്യമേ അഭിനന്ദനങ്ങള്‍ .. മനസ്സില്‍ പതിഞ്ഞു പോകുന്നു ഓരോ കറുത്ത ഫലിതങ്ങളും. രണ്ടാമതും വായിക്കണമെന്ന് തോന്നുന്നു. മനസ്സനുവദിക്കുന്നില്ല. വേദനിപ്പിക്കുന്നു മുന്‍പ് വായിച്ച വരികള്‍..

    ReplyDelete
  39. കഥകള്‍ വിവര്‍ത്തനം ചെയ്തത് ഭംഗിയായി.
    സാധിക്കുമെങ്കില്‍ സാദത്ത് ഹസന്‍ മണ്‍ടോ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്രുവിന് എഴുതിയ കത്തും ഒന്നു വിവര്‍ത്തനം ചെയ്യാമോ? നമ്മുടെ ഈ കാലത്തില്‍ തികച്ചും പ്രസക്തമായ ഒന്നായിരിക്കും ആ കത്ത്. എല്ലാത്തരം വിഭജനങ്ങള്‍ക്കും എതിരേ നിലകൊള്ളുന്ന ആ അക്ഷരങ്ങള്‍......
    മഹാനായ ആ എഴുത്തുകാരനെ ഓര്‍മ്മിപ്പിച്ചതില്‍ സന്തോഷം നന്ദി........

    ReplyDelete
  40. ഒറ്റ വായനയല്ല ; ഒരു പാട് വായന ആവശ്യപ്പെടുന്ന കുറിയ വലിയ കഥകള്‍ ; ആറ്റിക്കുറുക്കുമ്പോള്‍ ശക്തി കൂടുമെന്ന് നമുക്ക് പണ്ടേ അറിയാം .. നൂറ്റൊന്നാവര്‍ത്തിച്ച ക്ഷീര ബലം ..

    ReplyDelete
  41. കറുത്ത ഫലിതങ്ങള്‍ ............വീണ്ടും വീണ്ടും വായന ആവശ്യപ്പെടുന്നു

    ReplyDelete
  42. ഹാവൂ അങ്ങിനെ വലിയൊരു കാത്തിരിപ്പിന് ശേഷം ആരിഫ് ബായിയുടെ ഒരു സൃഷ്ടി കൂടി വന്നിരിക്കുന്നു

    വളരെ നാന്നായിരിക്കുന്നു , ഇനിയും പ്രതീക്ഷിക്കുന്നു

    അള്ളാഹു താങ്കള്‍ക്കു ഇനിയും കൂടുതല്‍ എഴുതാന്‍ കഴിവ് നല്കട്ടെ ആമീന്‍

    ReplyDelete
  43. മുഴുവന്‍ വായിച്ചു....കറുത്ത ഫലിതങ്ങള്‍ തന്നെ.

    ReplyDelete
  44. പി എം എ ഗഫൂർWednesday, January 23, 2013 9:21:00 AM

    ‘ഹലാല്‍ ഓര്‍ ഝട്കാ‘ കേമം.....നന്ദി ഗുരോ..

    ReplyDelete
  45. ആദ്യത്തേതിലെ 'കാര്യം' എനിക്ക് മനസ്സിലായില്ല.
    ക്ഷമിക്കണം.

    2.അറിവില്ലായ്മയുടെ മെച്ചം.

    ഞാൻ കുട്ടിക്കാലത്ത് ഒരു ദിവസം കുളത്തിൽ മീൻ പിടിക്കാൻ വന്ന ഒരാളുടെ തമാശ വായിച്ചിട്ടുണ്ട്.
    'ഈ കുളത്തിൽ മീൻ പിടിക്കാൻ പാടില്ല' എന്ന ബോർഡ് വച്ചിട്ടുണ്ട്.
    ഒരാൾ, ആ ബോർഡ് കണ്ടാൽ വായിച്ചറിഞ്ഞൂടേ ?
    ചൂണ്ടക്കാരൻ: മീനുകൾക്ക് വായിക്കാനറിയില്ലല്ലോ ?

    അറിയാവുന്നവർക്കേ ഉള്ളൂ നീതിയും ഭയവും സംസ്ക്കാരവും.
    അറിയാത്തവർക്കൊന്നുമറിയണ്ടല്ലോ ?



    ഉചിതമായ നടപടി.

    കഥയുടെ അവസാനം വന്ന ആ വരിയിലുള്ള ഉചിതമായ നടപടി എന്താ ന്ന് മനസ്സിലായില്ല.
    രസകരം,ചിന്തനീയം.


    പഠാനിസ്താന്‍.

    ഭാഷയത്രയ്ക്കൊന്നുമറിയാഞ്ഞിട്ട് കൂടി വായിച്ചപ്പോൾ മനസ്സിലായി,
    രസകരം.



    അങ്ങനെയല്ല; ഇതാ.. ഇങ്ങനെ.

    വളരെയധികം രസകരമീ കുറിപ്പ്.
    ആരിഫിക്കാ ങ്ങളെ വായിച്ചാലേ ഇത്തരം ഐറ്റംസ് കിട്ടൂ.!


    നഷ്ടക്കച്ചവടം.

    ഇതുവരെ വായിച്ചതിൽ ഏറ്റവും രസകരമായത്.
    ഞാനീ രസകരമായതെന്ന് പറയുന്നത് തമാശയായതോണ്ടല്ല ട്ടോ ഇക്കാ.


    താക്കീത്.

    ചാവാൻ പോവുന്നവന്റെ താക്കീത് കൊള്ളാം.
    മീനിനെ പിടിച്ചപ്പോൾ അത് പറഞ്ഞ പോലെ,
    എന്നെ എന്ത് വേണേലും ചെയ്തോളൂ,
    കിണറ്റിലോ , കുളത്തിലോ ഇടരുത്.!


    വീതം വെപ്പ്.

    'നഷ്ടക്കച്ചവട'ത്തേക്കാൾ നന്നായതിതാണെന്ന് തോന്നുന്നു.



    ജെല്ലി.

    അവസാനത്തേക്കെത്തുമ്പോഴേക്ക്
    കൂടുതൽ കൂടുതൽ നന്നായി വരുന്നു.!


    പരാതി.

    മനസ്സിലായില്ല.
    ക്ഷമിക്കണം.


    പണിതുടങ്ങാന്‍ സമയമായി.

    ‘ഇവിടെ നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കപ്പെടും’
    എന്നത് മാത്രമേ ബാക്കിയായുള്ളൂ അല്ലേ ?
    സാാഗ്രകളൊന്നുമില്ലല്ലേ ?ഹാഹാഹാ.


    തിരുത്ത്.

    എല്ലാം ഞാനും തിരുത്തി.
    നമ്പർ വൺ ആയത് ഇതുതന്നെ.
    സൂപ്പർ,അടിപൊളി.



    സോഷ്യലിസം.

    എനിക്കേറ്റവും ചിന്തനീയമായി തോന്നിയത്.
    അല്ലേൽ ഞാനേറ്റവുമധികം ചിന്തിച്ചത്.!



    സോറി.

    വായിച്ചവയിൽ ക്ലാസ്സ് വൺ.
    കൊള്ളാം,ആ ഭീതി മനസ്സിലെത്തി.



    യോഗഭാഗ്യം.

    നന്നായിട്ടുണ്ടിത്,കൂടുതലില്ല.



    മുന്‍കരുതല്‍ നടപടികള്‍.

    കുറച്ചോവറായി,എന്റെ ചിന്തകളേക്കാൾ വലുതാണിതിലുള്ളത്.!


    എല്ലാം അവന്‍റെ ഔദാര്യം.

    ജീവിക്കാൻ 'അവനെ'പ്പോഴും ഓരോ വഴി കാണിച്ച് കൊണ്ടിരിക്കും.


    നന്ദിയില്ലാത്ത വര്‍ഗ്ഗം.

    ശരിക്കും പന്നികളെ തന്നെയാണോ അവരറുത്തത് ?



    എനിക്കൊന്ന് വിശ്രമിക്കണം.

    ഹോ...!
    അവർക്കുമില്ലേ ഈ ക്ഷീണം എന്ന സാധനം ?
    അവരങ്ങ് വിശ്രമിക്കട്ടേ ന്ന്.!


    ആരിഫിക്കാ,
    ഞാൻ ങ്ങളെ വായിക്കുന്നതെന്തിനാണോ,
    അത് കിട്ടി വേണ്ടോളം.
    ആശംസകൾ.



    ReplyDelete
    Replies
    1. @മന്ദൂസന്‍
      ///പരാതി.

      മനസ്സിലായില്ല.
      ക്ഷമിക്കണം.///

      കടകള്‍ കത്തിക്കാനായി ഒരുത്തന്‍ മറ്റൊരുത്തനില്‍ നിന്ന് പെട്രോള്‍ വാങ്ങി. അത് മായം ചേര്‍ത്ത പെട്രോള്‍ ആയിരുന്നു. കരിഞ്ചന്ത വിലക്കായിരുന്നു അയാള്‍ വാങ്ങിയത്. ഒരു കട പോലും കത്തിക്കാനുള്ള ക്ഷമത ആ പെട്രോളിന് ഇല്ലായിരുന്നു. മായം ചേര്‍ത്തതല്ലേ?

      Delete
    2. ഏതു ഗംഗാ റാമിന്‍റെ പ്രതിമക്കു മേല്‍ ചെരുപ്പുമാല ചാര്‍ത്താനായിരുന്നോ അവര്‍ പോയത്‌. അതെ ഗംഗാ റാമിന്‍റെ പേരില്‍ സ്ഥാപിച്ച ഹോസ്പിറ്റലിലാണ് മാലയിടാന്‍ നടന്നു നീങ്ങിയവനെ പരിക്കുപറ്റിയപ്പോള്‍ പ്രവേശിച്ചത്‌ എന്ന്. ഇപ്പൊ തിരിഞ്ഞോ?

      Delete
  46. മന്‍ടൊകഥകള്‍ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്... ഇങ്ങിനെ പ്രതീക്ഷിക്കാതെ വായിക്കാന്‍ മുന്നിലെത്തിയതും ഒരത്ഭുതം.

    ReplyDelete
  47. It is good to read small stories...minikatha is popular as it wont take much time.

    ReplyDelete
  48. മണ്‍ടോ കഥകളെക്കുറിച്ച്‌ ധാരാളം കേട്ടിട്ടുണ്ട്‌. ചുരുക്കം ചിലത്‌ വായിച്ചിട്ടുമുണ്ട്‌. അതിശക്തമായ ആ കഥകള്‍ പരിചയപ്പെടുത്തിയതിന്‌ ഒരായിരം നന്ദി.

    ReplyDelete
  49. ഒരുപാട് ചിന്തിപ്പിക്കുന്ന ചെറു കഥകള്‍. വിഭജന കാലത്തെ വേദനകളും, നൊമ്പരങ്ങളും വരച്ചു കാട്ടുന്ന രചനകള്‍. പല കഥകളും ഇന്നും പ്രസക്തമാണ്. വിവര്‍ത്തനം മനോഹരമായിരിക്കുന്നു. ഒപ്പം സാദത് ഹസന്‍ മണ്ടോ എന്ന വലിയ കഥാകൃത്തിനെ പരിചയപ്പെടുത്തിയതിന് നന്ദി പറയുന്നു.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  50. Akshepa Hasyam ithra bhangiyaayi... athum kurachu vaakkukalil (Pala kadhakalum nurungu paruvathil) cheythirikkunnu.
    Paribhaasha athi manoharam...
    All the very best..

    ReplyDelete
  51. ഗ്രൈറ്റ് വര്‍ക്ക് ആരിഫ്ക്ക

    ReplyDelete
  52. വിഭജനത്തിന്റെ ഉത്തരേന്ത്യന്‍ ചിത്രം. അതില്‍ മനുഷ്യരക്തം
    ജെല്ലിപോലെ കട്ട പിടിച്ചു നില്‍ക്കുന്നു ഇപ്പോഴും. സാധാരണ
    നിലയില്‍ ഭ്രാന്ത്‌ ഒരു പകര്‍ച്ചവ്യാധിയല്ല. എന്നാല്‍ മതവര്‍ഗീയ
    ഭ്രാന്ത്‌ അത് കോളറയെക്കാള്‍ വേഗത്തില്‍ പടരുന്നു. കാട്ടുതീ പോലെ.
    ഈ കഥയില്‍ പറയുന്ന പരിസരങ്ങളില്‍ ഇന്നും ഒരു തീപൊരി
    വീണാല്‍, വീഴ്ത്തിയാല്‍ ഇത് തന്നെയല്ലേ അവസ്ഥ.
    മനുഷ്യത്വം അനാഥമാക്കപ്പെട്ട നിലവിളിയുടെ ഈ അക്ഷരങ്ങളെ
    ആരിഫ്‌ ഭായ്‌ താങ്കള്‍ കല്ലില്‍ കൊത്തി വെച്ച കവിത പോലെ
    മലയാളത്തിലേക്ക് മനോഹരമായി പകര്‍ത്തിയിരിക്കുന്നു.

    ReplyDelete
  53. കാത്തിരിപ്പിന് കാര്യമുണ്ടായി... വീണ്ടും പ്രിയ മന്ഡോ..! ജ്ഞാനീ ....

    ReplyDelete
  54. ആദ്യം ചിരിപ്പിക്കുകയാണ് ചെയ്യുക.
    പിന്നെ ആ ചിരികൾ തിരിച്ചു വന്ന് നമ്മെ മുറിപ്പെടുത്താൻ തുടങ്ങും..

    ഇത്രയും വർഷങ്ങൾക്കു മുമ്പേ ഒരെഴുത്തുകാരൻ ഇങ്ങനെയൊക്കെ എഴുതിയിരുന്നുവെന്നുള്ളതിൽ അത്ഭുതം തോന്നുന്നു

    ReplyDelete
  55. മനസ്സില്‍ പോറലേല്‍പ്പിച്ചാണ്- ഓരോ കഥയും അവസാനിച്ചത്. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാവരുതേ എന്ന പ്രാര്‍ത്ഥനയേ ഉള്ളു.

    ReplyDelete
  56. നല്ല കഥകള്‍....,,,,പഠിക്കാന്‍ പറ്റിയ കുറെ കാര്യങ്ങള്‍ ഉള്ള കുറെ കുഞ്ഞു കഥകള്‍ പരിചയപ്പെടുത്തിയതിനു നന്ദി....

    ReplyDelete
  57. കൊള്ളാം . ഇത്തിരി നീണ്ടു പോയി . @PRAVAAHINY

    ReplyDelete
  58. വിഭജനത്തിന്റെ മുറിവുകൾ. സാദത്ത് മന്റോയുടെ ഖോൽദൊ എന്ന കഥ മുൻപ് വായിച്ചിട്ടുണ്ട്, താങ്കളുടെ വിവർത്തനവും. വിഭജന കാലത്തിന്റെ ഭയാനകത അക്ഷരാർത്ഥത്തിൽ വായനക്കാരെനെ അനുഭവഭേദ്യമാക്കുന്നവ.

    ReplyDelete
  59. ആരിഫ്ക്കാ ...ഇത് കൊള്ളാല്ലോ സംഭവം ... വിവര്‍ത്തന ഭാഷയുടെ നിലവാരവും ഒറിജിനല്‍ കഥയുടെ ആശയത്തിന്റെ നിലവാരവും വളരെയധികം ആകര്‍ഷിച്ചു ..ആദ്യം വായിച്ചു തുടങ്ങിയപ്പോള്‍ ഒരു പുക വന്നു ..പക്ഷെ പിന്നീട് അത് മാഞ്ഞു ... ചില കഥകള്‍ വീണ്ടും വീണ്ടും വായിച്ചിട്ടും എനിക്ക് മനസിലായില്ല .. പക്ഷെ ചിലതെല്ലാം ഭയങ്കരമായി സ്ട്രൈക്ക് ചെയ്തു .. സോറി, പരാതി, താക്കീത്, അങ്ങനെയല്ല; ഇതാ.. ഇങ്ങനെ
    ഹലാല്‍ ഓര്‍ ഝട്കാ എന്നിവ ആ ഗണത്തില്‍ പെടുത്താം ....അതെ സമയം , പഠാനിസ്താന്‍, പണിതുടങ്ങാന്‍ സമയമായി ദാവത്തെ അമല്‍, യോഗഭാഗ്യം ഖിസ്മത്, എനിക്കൊന്ന് വിശ്രമിക്കണം
    ആറാം കി സറൂറത് ഹെ ..ഇതൊന്നും എനിക്ക് മുഴുവനായി അങ്ങട് കത്തിയിട്ടില്ല... .

    ചിന്തിച്ചിട്ട് പല പല ദിക്കിലേക്ക് ആണ് ചിന്ത പോകുന്നത് ...

    എന്തൊക്കെയായാലും ഇങ്ങനത്തെ കഥകള്‍ ചിന്തക്ക് ഒരു ഉണര്‍വ് തരുന്നുണ്ട് .. അതിപ്പോ മുഴുവന്‍ മനസിലായാലും ഇല്ലേലും ... ഇനിയും ഇത് പോലത്തെ കഥകള്‍ പോരട്ടെ ..വായിക്കാന്‍ ഞാന്‍ വരും ...

    ആശംസകളോടെ

    ReplyDelete
    Replies
    1. പഠാനിസ്താന്‍
      ഒരു പാവം പഠാനി ലഹളക്കാലത്ത് താന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ മോശമല്ലേ എന്ന ധാരണയില്‍ ഒരുത്തനെ വിചാരണ ചെയ്യുന്നതാണ്.
      ഉര്‍ദുവിന്‍റെ പഠാണി വകഭേദവും അയാളുടെ ചോദ്യവും മറ്റേയാളുടെ ഉത്തരവും ആണ് അവിടത്തെ തമാശ.
      ഹിന്ദു ഹെ യാ മുസല്‍മാന്‍ എന്നാണ് ചോദിക്കുക. ഏതെങ്കിലും പഠാണിയോട് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക നോര്‍മല്‍ കേയ്സില്‍ 'ഹ' എന്നയാള്‍ ഉച്ചരിക്കില്ല. ഹിന്ദു എന്നിടത്ത് ഇന്ദു എന്നും ഹെ എന്നിടത്ത് ഏ എന്നുമാണ് അയാള്‍ പറയുന്നത്. മുസല്‍മാന്‍ എന്നിടത്ത് മുസ്‌ലിം എന്നതിന്‍റെ ബഹുവചനമായ മുസ്‌ലിമീന്‍ എന്നും.
      തുമാര റസൂല്‍ കോന്‍ ഹെ എന്നിടത്ത് വീണ്ടും 'കോനേ' എന്നാണ് പറയുന്നത്. റസൂല്‍ എന്നാല്‍ ദൂതന്‍ (നബി എന്നാല്‍ പ്രവാചകന്‍ എന്നും റസൂല്‍ എന്നാല്‍ ദൂതന്‍ എന്നും അര്‍ഥം. രണ്ടും മുഹമ്മദ്‌ എന്ന് തന്നെയാണുത്തരം). എന്നാല്‍ പഠാണി തന്‍റെ ചുറ്റുപാടുകളില്‍ നിന്ന് കിട്ടിയ പരിചയത്തിന്‍റെയും അടിസ്ഥാനത്തില്‍ മുഹമ്മദിനോടൊപ്പം പഠാണികളുടെ പേരിനു കൂടെ സാധാരണ കണ്ടു വരുന്ന ഖാന്‍ എന്ന് കൂടി ചേര്‍ക്കുന്നു. അയാള്‍ പറഞ്ഞത്‌ അപ്പടി വിശ്വാസത്തിലെടുത്ത്‌ അയാളെ വെറുതെ വിടുന്നു. ആ മനസ്സിലെ കാപട്യമില്ലായ്മ തന്നെ മികച്ചു നില്‍ക്കുന്നത്‌..

      രണ്ട്:പണിതുടങ്ങാന്‍ സമയമായി (ദാവത്തെ അമല്‍,)
      എല്ലാം നശിച്ചു. ഒരു കടയുടെ ബോഡ് മാത്രം ബാക്കിയായി; ഒരക്ഷരത്തെറ്റ് പോലെ. എന്നാല്‍ അതിലെഴുതിയതോ, ഇവിടെ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കപ്പെടുന്നു എന്നതും. (മഞ്ചേരിയില്‍ പടക്കക്കടക്ക് തീപ്പിടിച്ച് എല്ലാം കത്തിചാമ്പലാവുമ്പോള്‍ ആ കാറില്‍ ഒരു സ്വരം മാത്രം കുറെ നേരം ഉയര്‍ന്നു പൊങ്ങി, 'നാളത്തെ ഭാഗ്യവാന്‍ ഒരു പക്ഷെ നിങ്ങളായിരിക്കാം'ആ കാര്‍ പൂര്‍ണ്ണമായും കത്തിത്തീരുന്നത് വരെ ആ ശബ്ദം ഉയര്‍ന്നു കേട്ടു)
      അതിലെ രണ്ടാമത്തെ ഫലിതം നാളെ മുതല്‍ തന്നെ കത്തിച്ചാമ്പലായ കെട്ടിടങ്ങളുടെ പണി തുടങ്ങാറായി എന്നാണ്. മനുഷ്യന്‍ നിര്‍മ്മിക്കുന്നു അവന്‍ തന്നെ തകര്‍ക്കുന്നു എന്ന് സാരം.

      യോഗഭാഗ്യം ഖിസ്മത്,
      കുറെ അദ്ധ്വാനിച്ചിട്ടും അയാള്‍ക്ക് കൊള്ള ചെയ്യാനായത് ഒരു പെട്ടി മാത്രം അതിലാകട്ടെ ഒരു പന്നിയുടെ ജഡവും (അതൊരു പക്ഷേ എതിര്‍ സമുദായത്തിലെ ഒരാളുടെ ജടവുമായിരിക്കാം)

      എനിക്കൊന്ന് വിശ്രമിക്കണം
      അയാള്‍ കൊന്ന് കൊന്ന് കുഴങ്ങിയിരുന്നു. അപ്പോഴാണ്‌ കൂട്ടുകാരന്‍ താന്‍ കൊന്ന ആള്‍ക്ക് ഇപ്പോഴും ജീവനുണ്ട് എന്ന് പറയുന്നത്. അപ്പോള്‍ അയാള്‍ പറഞ്ഞു, ഞാന്‍ കൊന്ന് ക്ഷീണിച്ചു ചങ്ങാതീ, ഇനി എനിക്കൊന്ന് വിശ്രമിക്കണം.

      Delete
    2. നന്ദി ആരിഫ്ക്കാ ഈ വിശദീകരണത്തിനു ... ഈ മൂന്നു കഥയിലും ഇപ്പോള്‍ എനിക്കിഷ്ടമായത് "എനിക്കൊന്ന് വിശ്രമിക്കണം" എന്ന കഥയാണ് .. പിന്നെ ആ മഞ്ചേരിയിലെ കഥ , "പണിതുടങ്ങാന്‍ സമയമായി" എന്ന കഥയെക്കാള്‍ ആകര്‍ഷണീയമായാണ് എനിക്ക് തോന്നിയത് .. കൂടുതല്‍ പ്രസക്തമായത് അതല്ലേ ..അല്‍പ്പം കൂടി പൂര്‍ണത അനുഭവപ്പെട്ടു ആ കഥയില്‍ ...

      Delete
    3. പ്രവീണ്‍, പണി തുടങ്ങാന്‍ സമയമായി എന്ന കഥ കണ്‍സ്ട്രക്ഷന്‍ മേഖലയിലുള്ളവര്‍ക്ക്‌ വേഗം മനസ്സിലാവും. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ എല്ലാ രാജ്യങ്ങളിലും പുനര്‍നിര്‍മ്മാണത്തിന്റെ വമ്പന്‍ പ്രോജക്റ്റുകള്‍ കാത്തിരിപ്പുണ്ട്‌.

      Delete
  60. കഥകൾ കൊള്ളാം..വിവർത്തനത്തിനു നന്ദി..ക്രൂരമായ തമാശകൾ നിഴലിക്കുന്നുണ്ട് കഥകളിൽ..

    ReplyDelete
  61. വളരെ വ്യത്യസ്തമായ കഥകള്‍. പക്ഷേ ഒട്ടുമുക്കാലും കൊലപാതകങ്ങളും അക്രമങ്ങളുമാണു മുന്നോട്ട് വയ്ക്കുന്നത്. അത് മനുഷ്യനായാലും മാടായാലും. അഭിനന്ദനങ്ങള്‍ ആരിഫ് ബായി. ഈ ഒരു ശ്രമത്തിനു..

    ReplyDelete
  62. ഈ മിനിയേച്ചറുകളെല്ലാം കൊള്ളാലൊ ഭായ്
    ആ സോഷ്യലിസം ഉഗ്രനായിട്ടാ‍ാ

    ReplyDelete
  63. ഈ പരിച്ചപ്പെടുത്തല്‍ കൊള്ളാം... ഇവയൊന്നും വായിച്ചിട്ടില്ലായിരുന്നു

    ReplyDelete
  64. ഒന്നാം സ്ഥാനം 'ജെല്ലി'ക്ക് :D

    ReplyDelete
  65. മനസ്സില്‍ ഒരു നൊമ്പരമായി " ഉചിതമായ മറുപടി " എന്ന കഥ .യുദ്ധത്തിന്റെ ഭീകരത എത്ര വലുത് എന്ന് കുറഞ്ഞ വരികളില്‍ കൂടി ,,നന്നായി ഈ ശ്രമം .

    ReplyDelete
  66. വായിച്ചു, വായിച്ച് വായിച്ച് ഇവിടെ താങ്കളുടെ പേജിലും എത്തി....സന്തോഷം

    ReplyDelete
  67. വായിക്കാനും ചിന്തിക്കാനും. നല്ല പരിഭാഷ

    ReplyDelete
  68. കറുത്ത ഫലിതങ്ങള്‍ മനസ്സിനെ നൊമ്പരപ്പെടുത്തി .ഒരുപക്ഷെ ഒരിക്കലും വായിക്കാന്‍ കഴിയുമായിരുന്നില്ല ഈ കഥകള്‍ ,ഇവിടെ ഇതിങ്ങനെ പരിഭാഷപ്പെടുത്തി തന്നതിന് നന്ദി. എല്ലാ ആശംസകളും .

    ReplyDelete
  69. വികാരങ്ങൾ ചോര്ന്നു പോകാതെയുള്ള മൊഴിമാറ്റം...
    വേദനകളുടെ ഭാഷ !
    ആശംസകൾ !

    ReplyDelete
  70. ദേവൂട്ടിയുടെ ആശംസകള്‍........

    ReplyDelete
  71. താല്പ്പര്യത്തോടെ വായിച്ചു. കഥകളും (പരിഭാഷയുടെ മേന്മയും) ഇരുത്തി ചിന്തിപ്പിക്കുന്നു.

    ReplyDelete