പേജുകള്‍‌

29 May, 2011

അവിടെ കാരാഗൃഹങ്ങളേതെങ്കിലും തകര്‍ന്നു കാണുമോ?



നിങ്ങളോര്‍ക്കുന്നുണ്ടാകും, ബൂലോഗത്തേക്ക് ഞാന്‍ കാലെടുത്തു വെച്ചത് ഒരു പ്രര്‍ഥനയോടെയാണ്; ലിബിയയിലെ ബെന്‍ഗാസിക്കടുത്തുള്ള ഏതോ ഉള്‍പ്രദേശത്തു നിന്ന് ഫേസ് ബുക് സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരുന്ന രാജാ അര്‍ഷദ് മുദ്ദസ്സിര്‍ എന്ന കശ്മീരി സുഹൃത്തിനു വേണ്ടിയുള്ള പ്രാര്‍ഥനകളോടെ. എന്റെ പ്രാര്‍ഥന ഫലിച്ചു. അര്‍ഷദ് നാട്ടിലെത്തി; പക്ഷേ എല്ലാം നഷ്ടപ്പെട്ട്, കൊള്ളയടിക്കപ്പെട്ട്, ഉടുത്തിരുന്ന ജീന്‍സിലും ടീ ഷേര്‍ട്ടിലും. ആദ്യം മിസ്ലയില്‍ നിന്ന് ബെന്‍ഗാസിയിലേക്ക് അവിടെ നിന്ന് ഈജിപ്ത് അതിര്‍ത്തിയിലുള്ള ബൈദായിലേക്ക് അവിടെനിന്ന് അലക്സാന്‍ഡ്രിയയിലേക്ക്.. അങ്ങനെ ദുരിതപൂര്‍ണമായ യാത്രക്കൊടുവില്‍ അദ്ദേഹം നാട്ടിലെത്തി. ഇപ്പോഴും ഞെട്ടല്‍ തീര്‍ന്നിട്ടില്ല എന്നദ്ദേഹം സന്ദേശം കുറിച്ചു. കൂടെ ജോലി ചെയ്തിരുന്ന, മനുഷ്യരെപ്പോലെ ജീവിച്ചിരുന്നവര്‍ നിയമവും വ്യവസ്ഥയും അല്‍പ ദിവസത്തേക്ക് മാറി നിന്നപ്പോള്‍ നായായും പുലിയായും നാടു ചുറ്റിയ കഥ അദ്ദേഹം പറഞ്ഞു തീര്‍ന്നപ്പോള്‍ കാലിനടിയില്‍ നിന്ന് മൂര്‍ധാവിലേക്കൊരു വിറ പാഞ്ഞു. 

എല്ലാം പറഞ്ഞു കഴിഞ്ഞതില്‍പ്പിന്നെ ഞാനദ്ദേഹത്തോടു ചോദിച്ചു, ‘അവിടെ നിന്ന് ഏതെങ്കിലും ജെയിലുകള്‍ തകര്‍ന്ന വാര്‍ത്തയുണ്ടോ?’ ഈജിപ്തില്‍ പ്രക്ഷോഭകര്‍ തകര്‍ത്ത ജയിലില്‍ നിന്ന് കുറ്റവാളികള്‍ വരെ രക്ഷപ്പെട്ടിരുന്നു. അര്‍ഷദിന്റെ കയ്യില്‍ മറുപടിയൊന്നുമുണ്ടായിരുന്നില്ല. ഞാനെന്തു കൊണ്ടാണത് അന്വേഷിക്കുന്നതെന്ന് അദ്ദേഹത്തിനറിയാമായിരുന്നുവല്ലോ. മനോജ് കുമാര്‍ യാദവിന്റെ കഥ ഞങ്ങള്‍ തമ്മില്‍ പങ്കുവെച്ചിരുന്നു.




ജോലി ചെയ്യുന്ന കമ്പനിയുടെ ഉദ്യോഗസ്ഥര്‍ക്ക് ദ്വിഭാഷിയായി പലപ്പോഴും കോടതിയില്‍ പോകാറുണ്ടായിരുന്നു ഞാന്‍. വിവിധ കോടതിയിലെ ചില ഉദ്യോഗസ്ഥന്‍മാര്‍ക്ക് അങ്ങനെ എന്നെ പരിചയമുണ്ടായിരുന്നു. സുവാനി കോടതിയിലെ ഉദ്യോഗസ്ഥന്‍ അബ്ദുല്‍ ജവാദിന്റ അപ്രതീക്ഷിതമായ ഒരു വിളി ലഭിച്ചപ്പോള്‍ ഇത്രയൊന്നും കരുതിയിരുന്നില്ല. കമ്പനി കോടതിയില്‍ സമര്‍പ്പിക്കാന്‍ ബാക്കിയുള്ള ഏതെങ്കിലും കടലാസുകള്‍ക്കു വേണ്ടിയായിരിക്കുമെന്നേ വിചാരിച്ചിരുന്നുള്ളൂ. ‘നാളെ രാവിലെ പത്തിനും പതിനൊന്നിനുമിടയില്‍ പ്രോസിക്യൂട്ടറെ ഒന്നു കാണാമോ? അദ്ദേഹത്തിന്റെ ചേമ്പറില്‍ വന്നാല്‍ മതി. ഒരു പ്രത്യേക കാര്യം നിങ്ങളുമായി സംസാരിക്കാനുണ്ട്’ എന്തിനായാലും നല്ലതിനായിരിക്കില്ലെന്ന് മനസ്സില്‍ പറഞ്ഞ് മറുപടി കൊടുത്തു, ‘വരാം, പത്തിനും പതിനൊന്നിനുമിടക്ക്.’

പ്രോസിക്യൂട്ടര്‍ വിളിക്കുന്നു എന്നറിയിച്ച യൂനിഫോം ധാരിയായ കോടതി ജീവനക്കാരന്റെ പിറകെ നടന്നു. 

‘ഇരിക്കൂ’ പതിവ് ഉപചാര വാക്കുകളുടെ പ്രവാഹം. വിഷയത്തിലേക്ക് പ്രവേശിക്കാത്തതിലുള്ള അക്ഷമ മുഖത്തു നിന്ന് അദ്ദേഹം വായിച്ചെടുത്തെന്നു തോന്നുന്നു.

‘ഞാന്‍ നിങ്ങളെ വിളിപ്പിച്ചതില്‍ ഒരു പ്രത്യേക ഉദ്ദേശ്യമുണ്ട്. ഇവിടെ ഒരിന്ത്യക്കാരന്റെ കേസുണ്ട്. അയാളോടിച്ചിരുന്ന വാഹനമിടിച്ച് മൂന്ന് തദ്ദേശീയര്‍ മരണമടഞ്ഞു. അയാള്‍ ജോലി ചെയ്തിരുന്ന കമ്പനി ഒരു വക്കീലിനെ ഏര്‍പ്പാടക്കാനോ അയാളെ ജെയ്ല്‍ മുക്താനാക്കാനോ ഒന്നും ശ്രമിച്ചു കാണുന്നില്ല. തുടക്കത്തില്‍ കമ്പനിയുടെ പ്രതിനിധി വന്നിരുന്നു. ഇയാള്‍ ഓടിച്ചിരുന്ന ബസ് റിലീസ് ചെയ്തു കിട്ടിയതില്‍ പിന്നെ അയാള്‍ വന്നിട്ടില്ല. ഇപ്പോള്‍ കേസ് മേല്‍കോടതിയിലേക്ക നീങ്ങേണ്ട സമയമായി. പക്ഷേ അയാള്‍ക്കെന്തൊക്കെയോ പറയാനുണ്ട്, എനിക്കത് കേള്‍ക്കണം. അയാള്‍ക്കാണെങ്കില്‍ ഹിന്ദിയല്ലാതെ മറ്റൊരു ഭാഷയും വശമില്ല. അയാള്‍ പറയുന്നതൊന്ന് തര്‍ജ്ജമ ചെയ്തു തരാന്‍ നിങ്ങള്‍ക്കാകുമോ?’

‘തീര്‍ച്ചയായും. അതിനു മുമ്പ് എനിക്കയാളുമായി ഒന്ന് സംസാരിക്കാമോ?’

‘എന്തു കൊണ്ടില്ല? അല്‍പ സമയത്തിനുള്ളില്‍ അയാളെ ജെയ്ല്‍ നിന്ന് ഇവിടെ കൊണ്ടവരും. നിങ്ങള്‍ക്ക് സംസാരിക്കാനുള്ള അവസരമൊരുക്കിത്തരാം.’ 
പ്രോസിക്യൂട്ടറോട് സലാം പറഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും ജെയ്ലില്‍ നിന്നുള്ള വണ്ടി എത്തിക്കഴിഞ്ഞിരുന്നു.

‘കൈസേ ഹെ?’

‘ആപ് കീ ദുആയെം’

‘പേരെന്താ?’

‘മനോജ് കുമാര്‍ യാദവ്’

‘നാട്?’

‘ബിഹാറിലെ സമസ്തി പൂര്‍’

കറുത്തു കരുവാളിച്ച ആ മുഖത്തു നിന്ന് ഏതെങ്കിലും ഭാവങ്ങള്‍ വായിച്ചെടുക്കുക സാഹസമാണെങ്കിലും നിരാശയും ദു:ഖവും വിഷാദവും ചേര്‍ന്ന മിശ്രിതം കൊണ്ട് അയാളുടെ മുഖം ചായമടിച്ചിരുന്നു.

‘എന്തു സംഭവിച്ചു?’

‘ഞാന്‍ ഓടിച്ച ബസ് തട്ടി മൂന്ന് പേര്‍ മരിച്ചു’

‘എങ്ങനെ?’

‘വലതു ഭാഗത്തേക്ക് പോകുന്ന തിരക്കു കുറഞ്ഞ മെയ്ന്‍ റോഡ് മുറിച്ചു കടന്നു വേണം എന്റെ ബസിന് ഇടതു ഭാഗത്തേക്ക് പോകാന്‍. ഇടത്തോട്ട് വഴികാണിക്കുന്ന ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തിക്കുണ്ടായിരുന്നില്ല. വണ്ടി നേരെ എടുത്തു. ചീറിപ്പാഞ്ഞു വന്ന ഒരു കാര്‍ വണ്ടിയില്‍ ശക്തിയായി ഇടിച്ച ശബ്ദം കേട്ട് വണ്ടി നിര്‍ത്തി. പിന്നീട്….’

കരകവിഞ്ഞ കണ്ണുകള്‍ ഉള്ളംകൈ കൊണ്ട് തുടച്ച്, വരുമെന്ന് പ്രതീക്ഷിക്കുന്ന വാക്കുകള്‍ക്കു വേണ്ടി അയാള്‍ കാത്തിരുന്നു. തളം കെട്ടി നിന്ന മൌനത്തെ വെട്ടി മുറിച്ചത് അയാളുടെ വിതുമ്പലും ഏങ്ങലും മാത്രം. തൊണ്ടയും നാക്കും വീണ്ടും വരുതിയിലായതോടെ അയാള്‍ തുടര്‍ന്നു.

‘…ഞാന്‍ ഓടി. പൊലീസില്‍ വിവരമറിയിക്കാനൊന്നും അപ്പോഴത്തെ മാനസികാവസ്ഥയില്‍ എനിക്കു തോന്നിയില്ല. എങ്ങോട്ടെന്നില്ലാതെ ഓടി…’ വീണ്ടും നീണ്ട മൌനം. സമയം പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞു. 

‘മനോജ്, ഇത്രയേ ഉള്ളൂ?’ ഞാന്‍ അക്ഷമനാവുന്നു എന്നു തോന്നുന്നു. 

‘സാബ്…’ ഭോജ്പുരി കലര്‍ന്ന ഹിന്ദിയില്‍ അയാള്‍ തുടര്‍ന്നു, ‘അപകടമുണ്ടായ സമത്ത് വണ്ടിയോടിച്ചിരുന്നത് ഞാനായിരുന്നില്ല.’

അനിഛാ പ്രേരണയിലെന്നവണ്ണം അവിശ്വസനീയതയുടെ ശബ്ദം വായില്‍ നിന്ന് പുറത്തു വന്നു. ‘പിന്നെ?’

‘എന്റെ കൂട്ടുകാരനായിരുന്നു. അയാള്‍ മിക്കവാറും ദിവസങ്ങളില്‍ ഡ്രൈവിംഗ് പഠിക്കാനായി എന്റെ കൂടെ വരാറുണ്ട്. അന്നും എന്നോടൊപ്പം കൂടി…’ വിതുമ്പലും കരച്ചിലും തേങ്ങലുമെല്ലാം അയാളുടെ വാചകങ്ങള്‍ക്കിടയില്‍ കുത്തും കോമയും അര്‍ധ വിരാമവുമൊക്കെയായി അച്ചടക്കമില്ലാതെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. 

‘അത് ഇങ്ങനെ കലാശിച്ചു…’

‘എന്നിട്ട്?’

അതിനിടെ സൈറ്റ് സൂപര്‍വൈസര്‍ക്ക് ഫോണ്‍ ചെയ്തു. ഉണ്ടായതെല്ലാം ചുരുക്കി വിവരിച്ചു. ഉടനെ അയാള്‍ പറഞ്ഞു, ‘മനോജ്, നിങ്ങള്‍ ഉടനെ സംഭവ സ്ഥലത്തേക്ക് തന്നെ തിരിച്ചു പോവുക, ഞാനവിടെ എത്താം. നിങ്ങള്‍ തന്നെയായിരുന്നു വണ്ടി ഓടിച്ചിരുന്നത് എന്നേ ആരു ചോദിച്ചാലും പറയാവൂ.’
‘അതെന്തിനാ?’

‘കാരണം എനിക്കറിയാമായിരുന്നു. എന്റെ കൂട്ടുകാരന് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നിപ്പോള്‍ അതിലും വലിയ കാരണം ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു, സൂപ്പര്‍വൈസറുടെ ബന്ധുവായിരുന്നു അയാള്‍.’ 
‘ബസില്‍ മറ്റാരും ഉണ്ടായിരുന്നില്ലേ?’

'ഇല്ല, അന്ന് വെള്ളിയാഴ്ചയായിരുന്നു; വെള്ളിയാഴ്ച അവധിയല്ലേ. വണ്ടിയുടെ അല്ലറ ചില്ലറ കേടുപാടുകള്‍ തീര്‍ക്കാനായി അല്‍പം ദൂരെയുള്ള കമ്പനിയുടെ തന്നെ ഗരാജിലേക്ക് ബസ് കൊണ്ടു പോവുകയായിരുന്നു ഞങ്ങള്‍.’

ദാരിദ്യ്രം കയ്യിലെടുത്തമ്മാനമാടിയ ഒരു വലിയ കുടുംബത്തിനുള്ള അന്നം ശേഖരിക്കാനായി യൌവനത്തിന്റെ പുലര്‍ക്കാലവേളയിലെപ്പോഴോ വീടുവിട്ടിറങ്ങിയതാണ് മനോജ്. കൊല്‍ക്കൊത്തയിലെ തെരുവുകളില്‍ പലരുടെയും ഹെല്‍പ്പര്‍ ആയി ജോലി നോക്കി അവസാനം ഡല്‍ഹിയിലെത്തി. അല്ലറ ചില്ലറ ജോലികളെല്ലാം പഠിച്ച് ഒരിന്ത്യന്‍ നിര്‍മാണക്കമ്പനിയുടെ ഏജന്റിന് പണം നല്‍കി മൂന്നു വര്‍ഷം മുമ്പാണയാള്‍ ലിബിയയിലെത്തിയത്. തുടക്കത്തില്‍ മെയ്സന്‍ ആയി ജോലി നോക്കി പിന്നീട് ലൈസന്‍സെടുത്ത് ഡ്രൈവറാവുകയായിരുന്നു. 

‘സാബ്, അങ്ങനെ ഞാന്‍ കുറ്റം ഏറ്റെടുത്തു. എന്റെ ഭാഗത്തു നിന്നുണ്ടായി എന്നു വേണമെങ്കില്‍ പറയാവുന്നത്, ലൈസന്‍സില്ലാത്ത കൂട്ടുകാരന് ഓടിക്കാനായി ബസ് വിട്ടു കൊടുത്തു എന്നതായിരുന്നു. എന്നാല്‍ അതിനും കാരണം ഈ സൂപര്‍വൈസര്‍ തന്നെയായിരുന്നു. ബന്ധുവിനെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ അയാള്‍ എന്നോട് നിരന്തരം ആവശ്യപ്പെടുമായിരുന്നു. അങ്ങനെയാണ് മുമ്പ് പലപ്പോഴുമെന്ന പോലെ അന്നും അയാള്‍ എന്നോടൊപ്പം കൂടിയത്. എന്തു ചെയ്യാം സാബ്, വിധി അങ്ങനെയായിപ്പോയി.’ 

‘കമ്പനിയില്‍ നിന്ന് ആരും നിങ്ങളെ സന്ദര്‍ശിക്കാറില്ലേ?’

‘ഇല്ല. ആദ്യത്തെ മൂന്ന് ഹിയറിംഗിന് കമ്പനിയുടെ പ്രതിനിധി വന്നിരുന്നു. പൊലീസ് പിടിച്ചു വച്ചിരുന്ന ബസ് തിരിച്ചു കിട്ടിയതോടെ അവര്‍ വരവു നിര്‍ത്തി. ഇപ്പോള്‍ അവരെ കാണാറില്ല. അതു കൊണ്ട് ഞാന്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ പോവുകയാണ്. ഞാനങ്ങനെ ചെയ്താലും എനിക്ക് വന്നതില്‍ കൂടുതല്‍ എന്തെങ്കിലും സംഭവിക്കും എന്നു തോന്നുന്നില്ല. എനിക്ക് ശിക്ഷ ഒഴിവായിക്കിട്ടണമെങ്കില്‍ ലക്ഷത്തിലധികം ദീനാര്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണം. അതിന് കമ്പനി തയ്യാറല്ല. അങ്ങനെ ഒരു ചര്‍ച്ച പോലും നടക്കുന്നുണ്ട് എന്നു തോന്നുന്നില്ല. ഞാനിവിടെയുണ്ടല്ലോ സെക്വറിറ്റിയായിട്ട്… ഇനിയുള്ള കാലം ഞാനീ ജെയ്ലില്‍ തന്നെയായിരിക്കുമോ സാബ്? നിങ്ങള്‍ക്കെന്തു തോന്നുന്നു?’ കവിളിലൂടെ ഒഴുകിയ കണ്ണീര്‍ കണങ്ങള്‍ തുടച്ചു കൊണ്ടായാള്‍ ചോദിച്ചു.

എന്തു തോന്നാന്‍! സത്യസന്ധത, വാഗ്ദത്ത പാലനം, മാനുഷിക ബന്ധങ്ങള്‍ എന്നത്യാദി ഗുണങ്ങളൊക്കെ അപരിചിതശബ്ദങ്ങളായ ഒരു രംഗത്തേക്ക് കടന്നു വന്നതു തന്നെ തെറ്റായിപ്പോയി എന്നു തോന്നുന്നു. എന്നാല്‍ അതയാളോടു പറഞ്ഞു കൂടാ. ഒരു പക്ഷേ, ഒരിരുപതു വര്‍ഷം അയാള്‍ ഇനിയും ജയിലില്‍ കഴിഞ്ഞെന്നു വരാം. താന്‍ ജന്‍മം നല്‍കിയ മൂന്ന് ഓമനകളെ ഇനിയൊരിക്കലും അയാള്‍ കണ്ടെന്നു വരില്ല. വിധി അയാള്‍ക്കു വേണ്ടി എന്താണ് കരുതി വച്ചിരിക്കുന്നതെന്നാര്‍ക്കറിയാം? ചെയ്യാത്ത കുറ്റം ഏറ്റെടുക്കാന്‍ അയാളോട് നിര്‍ദേശിച്ച് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ സ്വന്തം ബന്ധുവിനെ രക്ഷപ്പെടുത്തി കൂളായി കഴിഞ്ഞു കൂടുന്ന നരാധമനെ സൂപര്‍വൈസര്‍ എന്നു തന്നെയാണാവോ ആളുകള്‍ ഇപ്പോഴും വിളിക്കുന്നത്! 

‘മനോജ്, നിങ്ങള്‍ പറഞ്ഞതെല്ലാം സത്യമാണോ എന്നെനിക്കറിഞ്ഞു കൂടാ, സത്യമാണെങ്കില്‍ നിങ്ങളുടെ ഭാഗത്ത് യാതൊരു തെറ്റുമില്ല. അതിനാല്‍ തന്നെ കരുണാമയനായ ദൈവം നിങ്ങളെ ഈ കുടുക്കില്‍ നിന്നും രക്ഷപ്പെടുത്തും.’
‘നിങ്ങളുടെ വീട്ടുകാര്‍ക്ക്  നിങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി അറിയാമോ?’

‘അവര്‍ അറിയുമോ എന്നെനിക്കറിഞ്ഞു കൂടാ സാബ്. നിങ്ങള്‍ അറിയിക്കുമോ സാബ്?’ 

എന്താണറിയിക്കേണ്ടത് സുഹൃത്തേ? ചെയ്യാത്ത കുറ്റത്തിന് നിങ്ങള്‍ ഒരു ആഫ്രിക്കന്‍ രാജ്യത്തെ ജയിലില്‍ അടക്കപ്പെട്ടിരിക്കുകയാണെന്നോ? നിങ്ങളൊരിക്കലും അവരെ കാണാനായി തിരിച്ചു ചെല്ലിന്നോ? നിങ്ങളെക്കുറിച്ച് നിങ്ങളുടെ കുടുംബാംഗങ്ങളല്ലാതെ ആരും ഓര്‍ക്കുന്നില്ലെന്നോ? ഈ ഓമനകളുടെ മുഖത്ത് പാല്‍പുഞ്ചിരി വിരിയിക്കാമെന്ന നിങ്ങളുടെ സ്വപ്നം പൂവണിയാന്‍ പോകുന്നില്ലെന്നോ? 

‘അഡ്രസ് കയ്യിലുണ്ടോ?’ 

അത്ഭുതകരമാം വിധം വടിവൊത്ത ഇംഗ്ളീഷ് കൈപ്പടയില്‍ അയാള്‍ ഭാര്യയുടെ അഡ്രസ് എഴുതി നീട്ടി.


 ‘ഓക്കെ മനോജ്, നിങ്ങള്‍ ധൈര്യമായിരിക്കുക; ദൈവം എന്തെങ്കിലും വഴി കാട്ടിത്തരാതിരിക്കില്ല.’

വിധി നൂറായിരം വരകള്‍ കോറിയിട്ട ആ മുഖത്ത് നിന്ന് എന്തെങ്കിലും ഭാവം വായിച്ചെടുക്കക സാധ്യമായിരുന്നില്ല. വിഷാദം കൂടുകെട്ടി പാര്‍പ്പാണവിടെ. ബാഷ്പ സങ്കുലമായ കണ്ണുകളില്‍ പതുക്കെ നീങ്ങുന്ന കുഞ്ഞോളങ്ങള്‍ പക്ഷേ ദൈവ കാരുണ്യത്തില്‍ അയാള്‍ പ്രതീക്ഷയര്‍പ്പിക്കുന്നതു പോലെ തോന്നിച്ചു. 

പ്രോസിക്യൂട്ടറോട് ഇക്കാര്യങ്ങളെല്ലാം അയാള്‍ തുറന്നു പറഞ്ഞു. തന്റെ തന്നെ നേരത്തെയുള്ള മൊഴിയുടെയും പൊലീസ് റിപ്പോര്‍ട്ടിന്റെയും നേര്‍വിപരീതമായിരുന്നു അയാളുടെ പുതിയ മൊഴി. അതു കൊണ്ട് തന്നെ അതിന്റെ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല.

ഈ സംഭവം കഴിഞ്ഞു ഒന്നര വര്‍ഷം കടന്നു പോയി, അതിനു ശേഷം ലോകത്തും ലിബിയയിലും വലിയ തോതിലുള്ള മാറ്റങ്ങളുണ്ടായി… മനോജിന് പിന്നീടെന്തു സംഭവിച്ചു എന്നെനിക്കറിഞ്ഞു കൂടാ. അറിയാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വൃഥാവിലാവുകയും ചെയ്തു.

മനോജിനും മനോജിനെപ്പോലെ നിരപരാധരായ ജയില്‍പ്പുള്ളികള്‍ക്കും രക്ഷപ്പെടാന്‍ അവസരം ലഭിച്ചോ എന്നാണറിയാനായി ലിബിയയിലെ ജയിലുകളേതെങ്കിലും തകര്‍ന്നോ എന്ന് ഇപ്പോഴും ഞാനന്വേഷിക്കുന്നു; അവരുടെ കരച്ചിലും തേങ്ങലും ചേര്‍ന്നുണ്ടായ രാസപ്രവര്‍ത്തനത്തിന്റെ ഫലമായി ഉയിര്‍ക്കൊണ്ട താപത്തില്‍ ജെയലിന്റെ ഇരുമ്പഴികള്‍ ഉരുകിയൊലിച്ചിട്ടുണ്ടാകുമോ

പ്രശ്നം ഇപ്പോള്‍ മറ്റൊരു വിധത്തില്‍ അലട്ടിക്കൊണ്ടിരിക്കുന്നു. മനോജിന് നല്‍കിയ വാക്കുണ്ട്. അയാളുടെ വീട്ടുകാരെ അറിയിക്കുക എന്ന ഉത്തരവാദിത്തം; അത് പാലിക്കണം. അതിന്റെ ഫലമെന്താകുമെന്നത് മറ്റൊരു പ്രശ്നം. പറയാതിരുന്നാല്‍ എന്ത് എന്നത് വേറൊരു പ്രശ്നം.

‘ശ്രീമതി കുസും, നിങ്ങളുടെ ഭര്‍ത്താവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്’

ഇങ്ങനെ ഒരു കുറിപ്പ് മേശവലിപ്പില്‍ നിക്ഷേപിച്ച് പോസ്റ് ചെയ്യാന്‍ പാകത്തില്‍ കാത്തിരിക്കുകയാണ് ഞാന്‍ പ്രിയപ്പെട്ടവരേ, ഇനി പറയൂ, ഇതെന്തു ചെയ്യണം? പോസ്റ് ചെയ്യണോ, അതോ അതിനെ അങ്ങിനെത്തന്നെ മേശവലിപ്പിനുള്ളില്‍ വിശ്രമിക്കാന്‍ വിടണോ?  


28 comments:

  1. "എന്തു തോന്നാന്‍? സത്യസന്ധത, വാഗ്ദത്ത പാലനം, മാനുഷിക ബന്ധങ്ങള്‍ എന്നത്യാദി ഗുണങ്ങളൊക്കെ അപരിചിതശബ്ദങ്ങളായ ഒരു രംഗത്തേക്ക് കടന്നു വന്നതു തന്നെ തെറ്റായിപ്പോയി എന്നു തോന്നുന്നു".

    ഈ പറഞ്ഞത് പോലെ ഇ post വായികണ്ടയിരുനു.. എത്ര എത്ര മനോജ്‌ മാര്‍ തടവറകളില്‍.... നാം നിസ്സഹായകരവുന്നു... arifka senti ആക്കി...

    ReplyDelete
  2. സെന്റി ആക്കിയതല്ല അഫ്സല്‍, ആയിപ്പോയതാണ്.

    ReplyDelete
  3. "ഈ സംഭവം കഴിഞ്ഞു ഒന്നര വര്‍ഷം കടന്നു പോയി"


    വായനക്കാര്‍ക്കുള്ള സെന്റിമെന്റ്സ് താങ്കള്‍ക്ക് നഷ്ടപ്പെട്ടുവോ….? എങ്ങിനെ ഇത്രയും കാലം ആ കത്തുമായി താങ്കളിരുന്നു…..!!!

    ReplyDelete
  4. ഞാന്‍ അന്ന് തന്നെ ലിബിയയിലെ ഇന്ത്യന്‍ എംബസ്സിയിലെ ഡി.എം. സദ്ദിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. വിവരങ്ങള്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു. താന്‍ ലീവില്‍ പോവുകയാണെന്നും വന്നതിനു ശേഷം കാര്യങ്ങള്‍ വിശദമായി സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല.

    ReplyDelete
  5. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന വാക്യം ഓര്‍ത്തുപോവുന്നൂ....... ഈ ജീവിതം ചില ആളുകള്‍ക്ക് ദു:ഖം മാത്രം സമ്മാനിക്കുന്നുവോ?

    ReplyDelete
  6. എത്ര എളുപ്പത്തിലാണ് ഓരോ നാടും കുത്തുപാളയെടുക്കുന്നത്?
    നിങ്ങളുടെ പ്രൊഫൈലില്‍ ' നാടുവിട്ടു' എന്നുപോര.. ലിബിയ വിട്ടു
    എന്ന് തന്നെ കൊടുക്കാം.
    പോസ്റ്റുകളുടെ വിശ്രമം കുറച്ചു കൂടുന്നുണ്ടോ എന്നൊരു സംശയം.

    ReplyDelete
  7. പോസ്റ്റുകള്‍ ഇടതടവില്ലാതെ ഇടണമെന്നുണ്ട്. പക്ഷെ, സമയം! അതാണല്ലോ എല്ലാം.

    ReplyDelete
  8. മിടിക്കുന്ന ഒരു ഹൃദയം കവറിലിട്ടിട്ട്‌ അയയ്ക്കണോ വേണ്ടയോ എന്നു ചോദിച്ചാൽ എന്തു പറയാൻ കഴിയും...? ഉത്തരമില്ല..

    ReplyDelete
  9. ഇനി പറയൂ, ഇതെന്തു ചെയ്യണം? പോസ്റ് ചെയ്യണോ, അതോ അതിനെ അങ്ങിനെത്തന്നെ മേശവലിപ്പിനുള്ളില്‍ വിശ്രമിക്കാന്‍ വിടണോ?
    :
    :
    :
    ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങളുടെ കൂട്ടത്തില്‍ ഇതും കൂടി...
    ദൈവം പലപ്പോഴും അന്ധത നടിക്കുന്നോ..?.... ജീവിതം ചില ആളുകള്‍ക്ക് ദു:ഖം മാത്രം സമ്മാനിക്കുന്നുവോ?..

    ReplyDelete
  10. കാരാഗൃഹങ്ങള്‍ ഓരോരുത്തരും നമുക്ക് പണിതു തരികയാണ് ,ഒരിക്കല്‍ പെട്ടാല്‍ പിന്നെ രക്ഷയുമില്ല ,കുറ്റവാളി ആണെങ്കിലും അല്ലെങ്കിലും .നിയമങ്ങള്‍ ആവട്ടെ എല്ലായിടത്തും പണവും സ്വാധീനവും ഉള്ളവര്‍ക്ക് നൂണ് കടക്കാന്‍ മാത്രം പാകത്തിലും ....

    ReplyDelete
  11. ലിബിയയെ കുറിച്ചും ഗദ്ദാഫിയെ കുറിച്ചും കൂടുതല്‍ അറിയുന്നതിന്റെ ഭാഗമായാണ് ഇവിടെ എത്തിയത്. പക്ഷേ ഇത് വായിച്ചപ്പൊള്‍ വിഷമമായി. ഇങ്ങനെ എത്രയെത്ര മനോജുമാര്‍ ഏതൊക്കെ ജെയിലില്‍ കഴിയുന്നുണ്ടാകും, കുറ്റം ചെയ്തിട്ടും ചെയ്യാതെയും.

    ReplyDelete
  12. സത്യം അറിയാതെ ഇതു പോലെ അഴികള്‍ക്കുള്ളില്‍ അകപെട്ട ആയിരം പേരുണ്ട് ..
    മനോജ്‌ അവരില്‍ ഒരാള്‍ മാത്രം . ഒരു വേള മനോജ്‌ അടക്കപ്പെട്ട ജയില്‍ തകര്‍ന്നെങ്കില്‍
    എന്ന് ഞാനും ആശിച്ചു പോയി ....
    പതിവ് പോലെ തന്നെ ..നല്ല ഒരു ആരിഫ് ക്രാഫ്റ്റ് ,,,,, ആശംസകള്‍

    ReplyDelete
  13. കുറ്റവാളികള്‍ കൊട്ടാരങ്ങളില്‍ വിലസുമ്പോള്‍, യാതൊരു കുറ്റവും ചെയ്യാത്ത അനേകങ്ങള്‍ തടവറകളിലും..! 'നീതി'യെ ആരാണ് കറുപ്പുടുപ്പിച്ചത്..?

    ReplyDelete
  14. വല്ലാത്ത ഒരു ചോദ്യമാണ് താങ്കള്‍ ചോദിച്ചത്. വായിച്ച ഞങ്ങളെ ഇത് അസ്വസ്ഥമാക്കുന്നുവെങ്കില്‍ ആ കത്ത് എന്തു ചെയ്യണം എന്ന ചിന്തയില്‍ താങ്കള്‍ എത്രമാത്രം അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും...

    വലിയ ഒരു അനുഭവമണ്ഡലത്തിന് ഉടമയായ താങ്കളുടെ രചനകള്‍ വായിക്കാറുണ്ട്.. പലപ്പോഴും എന്റെ അഭിപ്രായപ്രകടനം അവിടെ അധികപ്പറ്റാവും എന്ന് തോന്നി ഒന്നും പറയാന്‍ കഴിയാറില്ല...

    ReplyDelete
  15. ഹൃദയ സ്പര്‍ശിയായ കഥ, അല്ലെങ്കില്‍ അനുഭവം... ജയിലറകളില്‍ നീതി നിഷേധത്തിന്‌റേയും വഞ്ചനയുടെയും നിശ്വാസങ്ങള്‍ എപ്പോഴും കാണാം, വിദ്യാഭ്യാസമില്ലാത്ത ഭാഷ അറിയാത്ത, പാമരരായ മനുഷ്യര്‍ അന്യ ദേശങ്ങളില്‍ കാരാഗ്രഹങ്ങളില്‍ പെട്ടാല്‍ അവരുടെ മോചനം ഒട്ടകം സൂചിക്കുഴലില്‍ കൂടി കടക്കുന്നത്‌ പോലെ ശ്രമകരമായ കാര്യമാണ്‌. നീതി നിര്‍വ്വഹിക്കപ്പെടുന്നുവോ എന്ന് നോക്കേണ്‌ടത്‌ നീതി പാലകരാണ്‌, നീതി ബോധമുള്ള ജഡ്ജിയാണ്‌. ഇത്തരത്തിലുള്ള നിരവധി കഥകളുണ്‌ട്‌, തെറ്റിദ്ദരിക്കപ്പെട്ട്‌ വധ ശിക്ഷ വരെ ലഭിച്ചിട്ടുള്ളവരുടെ കഥകള്‍ നമുക്ക്‌ കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്‌ട്‌. മനുഷ്യ നിര്‍മ്മിതമായ കോടതികളില്‍ നിന്ന് നീതി നിഷേധിക്കപ്പെടുമ്പോള്‍ വേറെ ഒരു കോടതി നമ്മെ കാത്തിരിക്കുന്നുണ്‌ട്‌ എന്നുള്ളത്‌ ഒാരോരുത്തരും ഒാര്‍ക്കേണ്‌ടതുണ്‌ട്‌. വളരെ തന്‍മയത്തത്തോടെ അക്ഷര സ്ഫുടതയോടെ പ്രൊഫഷണല്‍ ടച്ച്‌ നില നിര്‍ത്തി കൊണ്‌ടുള്ള ഈ ലേഖനം നന്നായിട്ടുണ്‌ട്‌. ആ കുറിപ്പ്‌ പോസ്റ്റ്‌ ചെയ്യണമോ എന്നുള്ള വായനക്കാരോടുള്ള ചോദ്യം , ഈ ലേഖനം മനസ്സിരുത്തി വായിച്ചവരുടെ മനസ്സിനെ അലട്ടുന്നു... ആ ചോദ്യം ഞാന്‍ ആവര്‍ത്തിക്കുന്നു.... എന്ത്‌ ചെയ്യണം ?

    ReplyDelete
  16. ഇനി പറയൂ, ഇതെന്തു ചെയ്യണം? പോസ്റ് ചെയ്യണോ, അതോ അതിനെ അങ്ങിനെത്തന്നെ മേശവലിപ്പിനുള്ളില്‍ വിശ്രമിക്കാന്‍ വിടണോ?......
    അപ്പൊ ഇതേവരെ അത് പോസ്റ്റ്‌ ചെയ്തില്ലേ ...അത് തന്നെ തെറ്റല്ലേ ഇക്കാ ...ആ കത്ത് കിട്ടിയിരുന്നെങ്കില്‍ വീട്ടുകാര്‍ ആരെയെങ്കിലും പോയി കണ്ടു അടുത്ത നടപടി സ്വീകരിച്ചേനെ ആയിരുന്നു ....ഇതിപ്പോ ഇക്കാക്കു ഒന്നും ചെയ്യാനും പറ്റീല്ല അവര്‍ക്ക് ഒന്നും അറിയാനും സാധിച്ചില്ല എന്നറിഞ്ഞതില്‍ വലിയ സങ്കടം ഉണ്ട് ട്ടോ ?

    ആരിഫ് ഇക്കാ ഞാന്‍ ഇന്നലെ കണ്ടിരുന്നു പോസ്റ്റ്‌ ...സമയം പോലെ കമന്റ്‌ ഇടാം എന്ന് വച്ചതിനു ഒരു കാരണം ഉണ്ട് ....ഞാന്‍ നാല് വര്ഷം പുറകിലോട്ടു പോയി ...യാത്ര ഭയങ്കര ഇഷ്ടാ നിക്ക് ...വീട്ടില്‍ എല്ലാരും സമയം കിട്ടിയാല്‍ ദൂരെ യാത്ര പോകും ...അങ്ങനെ ഒരു ഓണത്തിനു ഞങ്ങള്‍ മലമ്പുഴക്കു പോയി മടങ്ങി വന്നപ്പോള്‍ ഒരു അക്സിടെന്റ്റ് ഉണ്ടായി ...ഞാനും ഭര്‍ത്താവും മകനും ,എന്റെ സഹോദരന്‍ ,ഭാര്താവിന്ടെ സഹോദരി കുടുംബം ..അങ്ങനെ സന്തോഷമായി പോയി തിരിച്ചു മടങ്ങി വരവേ ആലപ്പുഴ വച്ചു മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചു ...ഞങ്ങള്‍ക്ക് ആര്‍ക്കും ഒന്നും സംഭവിച്ചില്ല പക്ഷെ ഓടിച്ചിരുന്ന ഇക്കാ ഇന്ന് ഈ ലോകത്തില്ല ...സഹോദരി അന്ന് മുതല്‍ വിധവയാണ് ... മറ്റേ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ ഒരു പാവം പിടിച്ച ആളാണ്‌ ...അദ്ധേഹത്തിന്റെ കാല്‍ ഒടിഞ്ഞു ..കാറിന്റെ ഓണര്‍ എന്ത് ചെയ്തെന്നോ ?അയാളുടെ വണ്ടി കയ്യില്‍ കിട്ടാന്‍ വേണ്ടി ഓടി നടന്നു ...കേസ് ആയി വലിയ അക്സിടെന്റ്റ് ആയിരുന്നു ..വണ്ടി കണ്ടാല്‍ അതില്‍ ഉള്ളവര്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് അതിശയം തോന്നും ....

    കേസ് ആലപ്പുഴ ആയിരുന്നു ..ആദ്യമായി കോടതി കാണുകയാ ...പേടിച്ചു വിറച്ചു പോയ ഞങ്ങളോട് വക്കീല്‍ dhyryam തന്നു ..ഒന്നും ചോദിക്കില്ല ഉള്ളത് പറഞ്ഞാല്‍ മാത്രം മതി എന്ന് ...ഞങ്ങള്‍ പോയി അടുത്ത് നിന്ന ഡ്രൈവറിനെ ഞങ്ങള്‍ കണ്ടിട്ട് പോലും ഇല്ല .... ഒരു സ്ത്രീ ഓടിവന്നു കാലില്‍ വീണു ഞങ്ങള്‍ ഞെടിപോയി ഇതെന്ടാ സംഭവം എന്നറിയാതെ ....പിന്നേ അവര്‍ ആണ് പറഞ്ഞത് ഡ്രൈവറുടെ ഭാര്യ ആണ് ,പാവങ്ങളാണ് ,ആകെ ഉളള വരുമാനവും നിന്നു, കാലൊടിഞ്ഞു വണ്ടി ഓടിക്കാന്‍ പോലും വയ്യാതെ ഇരിക്കയാ അദ്ദേഹം !
    കൊച്ചു കുട്ടികള്‍ അസുഖക്കാരായ മാതാപിതാക്കള്‍ ...ഞങ്ങളുടെ വാക്ക് പോലെ ഇരിക്കും അവരുടെ ജീവിതം ...അവര്‍ കരഞ്ഞു കാലുപിടിക്കുകയാ ....ഞങ്ങള്‍ മാറ്റിപരഞ്ഞാല്‍ തെറ്റ് ഞങ്ങളുടെ ഭാഗത്ത് ആകും ...വല്ലാത്ത ധര്‍മ സങ്കടം ആയി ...അവരെ രക്ഷിചില്ലേല്‍ മരണം വരെ കുറ്റബോധം കൊണ്ട് നീറണ്ടി വരും ....ഒരു തീരുമാനം എടുക്കാന്‍ ഞങ്ങള്‍ക്ക്‌ കഴിഞ്ഞില്ല ...ഒരു ഭാഗത്ത് സഹോദരി മറുഭാഗത്ത്‌ ഒരു പാവം കുടുംബം ...
    അവസാനം ഞാനും എന്റെ സഹോദരനും ചോദിച്ചതിനു ഒന്നും മറുപടി കൊടുത്തില്ല ...ഞങ്ങള്‍ ഉറക്കം ആയിരുന്നു ഒന്നും കണ്ടില്ല പറഞ്ഞു ...രണ്ടു പേര്‍ ഉള്ളതും പറഞ്ഞു ...പ്രാര്‍ഥനയുടെ ഫലമോ , ആ പാവങ്ങളുടെ കണ്ണുനീരോ കോടതി അയാളെ വെറുതെ വിട്ടു ...മരിച്ച ആള്‍ക്കെതിരെ കേസ് എടുത്തിട്ടു എന്ത് ചെയ്യാന്‍ കിട്ടാന്‍ ഉള്ള തുക സഹോദരിക്ക് നഷ്ടമായി ...അത് സാരമില്ല ആളും പോയി പിന്നെ എന്തിനു ആ കാശ് എന്ന് പറഞ്ഞു ഞങ്ങള്‍ കേസ് ഒത്തുതീര്‍പ്പാക്കി .....ഞാന്‍ ഇത് പറഞ്ഞത് അനുഭവം ആണ് അതുപോലെ ഇക്കാക്ക്‌ അവരുടെ വീട്ടില്‍ അറിയിച്ചാല്‍ അവര്‍ക്ക് എന്തെങ്കിലും ഒക്കെ ചെയ്യാന്‍ സാധിച്ചേനെ ആയിരുന്നു ..

    ReplyDelete
  17. വളരെ വൈകി ഞാനിവിടെ എത്താന്‍.. വായിക്കെണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. മനസ്സില്‍ ഒരു പിടച്ചില്‍ ഭാക്കിയാകുന്നു അവസാനം.. ആരിഫ്ക്കയുടെ അനുഭവം അതിന്റെ എല്ലാ വികാരങ്ങളെയും ഇവിടെ പകര്ത്ത്തിവെച്ച്ചിരിക്കുന്നു.. ആ സഹോദരന് വേണ്ടി ഞാനും പ്രാര്‍ഥിക്കുന്നു..

    ReplyDelete
  18. @കൊച്ചു മോള്‍, കത്ത് ഞാന്‍ അയച്ചു, ഈ ബ്ലോഗില്‍ പറഞ്ഞ കാര്യങ്ങളുടെ രത്ന
    ച്ചുരുക്കം ഹിന്ദിയിലാക്കി അയച്ചു കൊടുത്തു. അയാളുടെ ഒരു സുഹൃത്ത്‌ മുഖേന. എന്നാലാകുന്നത് ഞാന്‍ ചെയ്തിട്ടുണ്ട്.
    അന്ന് ഇന്ത്യന്‍ എംബസ്സിയിലെ ഫസ്റ്റ് സെക്രെടരിയും ഒരു ഘട്ടത്തില്‍ ഷാഷ്ദാഫെ (charge de affairs) യുമായിരുന്ന ധരം വീര്‍ സദ്ദിയുമായി ഞാന്‍ സംസാരിച്ചിരുന്നു. വളരെ നല്ല മനുഷ്യനായിരുന്നത് കൊണ്ട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളെ പോലെ ആയിക്കസിഞ്ഞിരുന്നു. ട്രിപോളി വിട്ടതിനു ശേഷം മെയ്ല്‍ വഴി അദ്ദേഹവുമായി ബന്ധപ്പെട്ടു വരികയായിരുന്നു. അപ്പോഴാണ്‌ പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഇപ്പോള്‍ അദ്ദേഹത്തെ എനിക്ക് മേയ്ലില്‍ കിട്ടുന്നില്ല.ഇപ്പോള്‍ യൂറപിയന്‍ സക്ടര്‍ ല്‍ എവിടെയോ ആണെന്ന് ഒരു സുഹൃത്ത് പറഞ്ഞു.

    @എല്ലാവരും. എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  19. ഇത് വളരെ ആഗ്രഹത്തോടെ വായിക്കാന്‍ തിരെഞ്ഞെടുത്ത ഒന്നായിരുന്നു നേരെത്തെ ഇങ്ങനെ ഒരു കഥ ആരോ പറഞ്ഞു കേട്ടിട്ടുണ്ട് ആരാന്നു അറിയില്ല എവിടുന്നു എന്ന് അറിയില്ല
    ഏതായാലും ആ കത്ത് എങ്ങനെ നിങ്ങള്‍ അയക്കും നിങ്ങള്‍ക്കറിയാമോ? അയാള്‍ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ?ഇല്ലയോ?എന്ന്

    ReplyDelete
  20. ആരിഫ്‌ ജി,
    വളരെയധികം ദുഖത്തോടെ വായിച്ചു.
    കമെന്റില്‍ നിന്നും അങ്ങ് സാധ്യമായത് എല്ലാം ചെയ്തു എന്ന് മനസിലായി.
    ബാക്കിയൊക്കെ ദൈവത്തിനു വിടാം.

    ReplyDelete
  21. ആരിഫ്ക്കാ, നിങ്ങളുടെ, വായിക്കാതെ വിട്ടുപോയ ഒരു പോസ്റ്റാണിത്. എന്തായാലും ഒടുവിലാ വിവരം അവര്‍ക്കെത്തിച്ചത് നന്നായി. ഇങ്ങനെ എത്രയെത്രെ മനോജുമാര്‍ ഓരോ നാട്ടിലെയും ജയിലുകളില്‍ കഴിയുന്നുണ്ടാവും! വെളിച്ചം പോലും കാണാതെ, പുറം ലോകം അറിയാതെ മരണത്തെ പുല്‍കുന്നുണ്ടാവും!

    ReplyDelete
  22. വളരെ നല്ല പോസ്റ്റ്‌ ആരിഫ്ജി. ഇതിന്‍റെ ഒരു ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി ഗള്‍ഫിലെ ഏതെങ്കിലും ഒരു പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുമോയെന്ന് ശ്രമിക്കൂ .

    ReplyDelete
  23. എത്രയോ ജന്മങ്ങള്‍ ഇങ്ങനെ ജയിലഴികള്‍ക്കുള്ളില്‍ . രണ്ടു കാര്യങ്ങള്‍ ഓര്‍മ്മ വന്നു. ദുബായില്‍ ഉള്ളപ്പോള്‍ ഒരു ജയില്‍ സന്ദര്‍ശിച്ചു ഒരു സുഹൃത്തിനെ പുറത്തിറക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ ദുരിതങ്ങള്‍ . ഒപ്പം അഭയാര്‍ഥികള്‍ എന്ന ആനന്ദിന്റെ നോവല്‍

    ReplyDelete
  24. പ്രിയ ആരിഫ് ഭായ് .
    വൈകിയ വായന.
    മനോജ്‌ ഇപ്പോഴും ഒരു ചോദ്യചിഹ്നം തന്നെയാണല്ലേ..?
    കാത്തിരിക്കുന്ന കുടുംബത്തിന്റെ തണലില്‍ അയാള്‍ എത്തിക്കാണുമെന്ന് ഞാന്‍ വിശ്വസിച്ചു .
    നന്നായി എഴുതി എന്നല്ലല്ലോ ഇവിടെ പറയേണ്ടത്. ഇതൊരു പ്രാര്‍ത്ഥനയല്ലേ.
    -

    ReplyDelete
  25. നിരപരാധികളായ എത്രയെത്ര മനുഷ്യര്‍ ഇങ്ങനെ തടവറകളില്‍?
    പക്ഷെ ഞാനൊരിയ്ക്കലും ആ നിയമസംഹിതകളെ കുറ്റപ്പെടുത്തുകയില്ല
    കുറ്റവാളിയായിട്ട് ഇവിടെ ഒരു സൂപ്പര്‍വൈസര്‍ എന്നപോലെ ഏതെങ്കിലും ഒരു ദുഷ്ടമനുഷ്യന്‍ കാണും മറവില്‍

    എനിക്ക് വേറെ കുറെ ചോദ്യങ്ങളുണ്ട്:

    ലിബിയ ഇപ്പോള്‍ മുമ്പത്തെക്കാള്‍ മെച്ചമാണോ
    ഇറാക്ക് ഇപ്പോള്‍ മുമ്പത്തെക്കാള്‍ മെച്ചമാണോ
    ഈജിപ്റ്റ് ഇപ്പോള്‍ മുമ്പത്തെക്കാള്‍ മെച്ചമാണോ
    ടുണിഷ്യ ഇപ്പോള്‍ മുമ്പത്തെക്കാള്‍ മെച്ചമാണോ
    അഫ്ഗാന്‍ ഇപ്പോള്‍ മുമ്പത്തെക്കാള്‍ മെച്ചമാണോ

    ചില ചോദ്യങ്ങളുടെയെങ്കിലും ഉത്തരം അല്ലയെന്നാകുന്നതെന്തുകൊണ്ട്?

    ReplyDelete
  26. ഇത് പഴയൊരു പോസ്റ്റാണല്ലേ. .ഞാന്‍ ഇത് വരെ കണ്ടതെ ഇല്ലല്ലോ.മനോജ് കുമാര്‍ യാദവ് എന്ന ആ ചെറുപ്പക്കാരന്റെ വിധി എന്തായി എന്നോര്‍ത്ത് മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നു

    ReplyDelete
  27. തികച്ചും യാദൃശ്ചികമായാണ് ഈ പോസ്റ്റ്‌ വായിക്കാനിടയായത്. ഈ നാല് വർഷത്തിനിടയിൽ എന്തെങ്കിലും അത്ഭുതം സംഭവിച്ചു അയാൾ രക്ഷപ്പെട്ടുകാണും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഇങ്ങിനെ എത്രയോ നിരപരാധികൾ ജയിലുകളിൽ അന്യന്റെ കുറ്റത്തിനുള്ള ശിക്ഷയും കാത്തു കഴിയുന്നുണ്ടാവും. കുറിപ്പ് ഹൃദയത്തിൽ സ്പർശിക്കും വിധം എഴുതി.

    ReplyDelete
  28. തികച്ചും യാദൃശ്ചികമായാണ് ഈ പോസ്റ്റ്‌ വായിക്കാനിടയായത്. ഈ നാല് വർഷത്തിനിടയിൽ എന്തെങ്കിലും അത്ഭുതം സംഭവിച്ചു അയാൾ രക്ഷപ്പെട്ടുകാണും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഇങ്ങിനെ എത്രയോ നിരപരാധികൾ ജയിലുകളിൽ അന്യന്റെ കുറ്റത്തിനുള്ള ശിക്ഷയും കാത്തു കഴിയുന്നുണ്ടാവും. കുറിപ്പ് ഹൃദയത്തിൽ സ്പർശിക്കും വിധം എഴുതി.

    ReplyDelete