പേജുകള്‍‌

17 September, 2011

ഖിര്‍ബെത് ഖിസെ: മനസ്സാക്ഷിയുടെ ശബ്ദം


 സ്മിലാന്‍സ്കി
“ശരിയാണ്, അതെല്ലാം നടന്നിട്ട് കാലം കുറേ കഴിഞ്ഞു. എന്നാല്‍ അതെന്നെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു.” സുപ്രിദ്ധ ഇസ്രയേലി സാഹിത്യകാരന്‍ യിസ്ഹാര്‍ സ്മിലാന്‍സ്കിയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഖിര്‍ബെത് ഖിസെ എന്ന നോവല്‍ ആരംഭിക്കുന്നതിങ്ങനെയാണ്. ഹിബ്രുവില്‍ 1949 ല്‍ പ്രത്യക്ഷപ്പെട്ടുവെങ്കിലും നോവലിന്‍റെ ഇംഗ്ളീഷ് പരിഭാഷ പുറത്തിറങ്ങിയത് അടുത്തിടയാണ്. അതുല്യമായ ഈ കൃതിശില്‍പ്പത്തിന്‍റെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ അറബി പരിഭാഷ ഇതെഴുമ്പോള്‍ എന്‍റെ മേശപ്പുറത്തുണ്ട്. ഖിര്‍ബ ഖിസ്അ: ഖര്‍യത്തുന്‍ അറബിയ്യത്തുന്‍ ലം യഉദ് ലഹാ വജൂദ് (ഖിര്‍ബത് ഖിസ: നിലവിലില്ലാത്ത ഒരറബി ഗ്രാമം) എന്നു പേര്‍. പരിഭാഷ തൌഫീഖ് ഫയ്യാദ്.

ഖിര്‍ബെത് ഖിസെ എന്ന സാങ്കല്‍പിക ഗ്രാമമാണ് നോവലിന്‍റെ പശ്ചാത്തലം. ശിശിരത്തിലെ ഒരു പുലര്‍ക്കാലത്ത് മൂന്നു ബെറ്റാലിയനുകളില്‍ നിന്നുള്ള ഇസ്രയേലി ഭടന്മാര്‍ ഖിര്‍ബെത് ഖിസെ ഗ്രാമാതിര്‍ത്തിയില്‍ മുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കാത്തു നില്‍ക്കുന്നു. കയ്യിലുള്ള ദൂരദര്‍ശിനിയിലൂടെ നോക്കി ഗ്രാമത്തിലെ ചലനങ്ങള്‍ അവര്‍ക്ക് മനസ്സിലാക്കാം. അവിടെയുള്ള ചെറുപ്പക്കാരും പ്രായമായവരുമെല്ലാം തങ്ങളുടെ അന്നത്തെ ദിവസം തുടങ്ങുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഏതാനും മണിക്കൂറുകള്‍ക്ക്ശേഷം അവരുടെ നിയന്ത്രണത്തില്‍ വരാനുള്ള ഗ്രാമത്തെ വീക്ഷിക്കുകയാണവര്‍. പിടിച്ചെടുക്കാന്‍ പോകുന്ന മണിമാളികകളും തകര്‍ക്കാന്‍ പോകുന്ന വീടുകളും നശിപ്പിക്കാന്‍ പോകുന്ന പച്ചക്കറിപ്പടര്‍പ്പുകളുമെല്ലാം അവര്‍ തങ്ങളുടെ ബൈനോക്കുലറിലൂടെ നോക്കിക്കണ്ടു. 
.
സ്വാഗതാഖ്യാനത്തിലുള്ള കഥ എഴുതാനരംഭിച്ചപ്പോള്‍, എങ്ങനെ കഥ മുമ്പോട്ട് കൊണ്ടു പോകണമെന്നോ, എന്തു പറയണമെന്നോ മുഖ്യ കഥാപാത്രമായ ആഖ്യാതാവിനുതന്നെ വലിയ നിശ്ചയം പോരായിരുന്നു എന്ന് വായനക്കാരന് തോന്നും. താന്‍ കണ്ടതും അനുഭവിച്ചതും ഇനിയും മനസ്സില്‍ സൂക്ഷിക്കാന്‍ അയാള്‍ക്കാകില്ല. കഥ പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍തന്നെ സത്യസന്ധമായി കാര്യങ്ങള്‍ പറയാന്‍ തനിക്കാകുമോ എന്നും അയാള്‍ക്കു തീര്‍ച്ചയില്ല. ജീവിതത്തില്‍ ഏറ്റവും പ്രയാസകരമായ കാര്യം സത്യം പറയുന്നതാണെന്നയാള്‍ക്ക് തോന്നി. കഥ പറയാന്‍ സാധിക്കുമോ എന്നതു പോലെ തന്നെ പ്രധാനമാണ് താനെഴുതിയത് അംഗീകരിക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയുമോ എന്നതും. 

നോവലിന്‍റെ തുടക്കത്തില്‍ സ്മിലാന്‍സ്കി നല്‍കുന്ന സൂചന ‘നാം’ എന്നും ‘അവര്‍’ എന്നുമുള്ള ദ്വന്ദ്വങ്ങള്‍ക്കിടയിലാണ് കഥ പുരോഗമിക്കുക എന്നാണ്. ‘നാം’ നമ്മുടെ ഭൂമി ഏറ്റെടുക്കുന്നു. അവരോ? അവര്‍ വാസ്തവത്തില്‍ അസ്തിത്വം തന്നെ ഇല്ലാത്തവരാണ്. ഇനി, അസ്തിത്വമുണ്ടെങ്കില്‍തന്നെ, ‘ഒലീവ് മരങ്ങള്‍ക്കു ചോട്ടിലെ നിഴലുകളായി മാത്രം’. ‘നാം’ ഉല്‍കൃഷ്ടര്‍, ‘അവര്‍’ ഭീരുക്കള്‍ ഒരു ചെറുത്തു നില്‍പിന് പോലും ശ്രമിക്കാതെ പലായനം ചെയ്യുന്നവര്‍. അതുകൊണ്ട് തന്നെ അവര്‍ നിര്‍ദയരും ക്രൂരന്മാരുമാണ്; ചെകുത്താനു മാത്രം മനസ്സിലാകുന്ന യുക്തി. 

തങ്ങള്‍ വലയം ചെയ്തിരിക്കുന്ന ഗ്രാമത്തെ ചൂഴ്ന്നു നില്‍ക്കുന്ന മലമുകളില്‍ യുവസൈനികര്‍ ഒലീവ് മരങ്ങളില്‍ ചാരി വര്‍ത്തമാനം പറഞ്ഞ് നേരം പോക്കി. ചിലര്‍ ബൈനോക്കുലറിലൂടെ ഗ്രാമത്തെ നിരീക്ഷിച്ചു. കാത്തിരിപ്പ് അനിവാര്യമാണ്. പുതുതായെന്തോ സംഭവിക്കാനുള്ള കാത്തിരിപ്പ്. തങ്ങള്‍ സജ്ജരാക്കപ്പെട്ടതെന്തിനു വേണ്ടിയായിരുന്നോ അതിന് വേണ്ടി മാത്രമുള്ള കാത്തിരിപ്പ്.

ആദ്യം അവര്‍ വെടിയുതിര്‍ത്തത് ഗ്രാമത്തിന്‍റെ താഴ്ന്ന ഭാഗത്തേക്കാണ്; തലയുയര്‍ത്തി നിന്ന വലിയ വീടുകള്‍ക്കു നേരെ. അവ ഒരിക്കലും ആരുടെ കണ്ണിലും പെടാതെ പോകില്ല. പിന്നീട് യന്ത്രത്തോക്കുകള്‍ ഇടതടവില്ലാതെ തീ തുപ്പിക്കൊണ്ടിരുന്നു. ചുമരായ ചുമരൊക്കെ ബുള്ളറ്റുകള്‍ തുളച്ചുകേറി വികൃതമായിക്കൊണ്ടിരുന്നു. 

ഒരു ഗ്രാമത്തില്‍ നിന്ന് അവിടത്തെ നിവാസികളെ പേടിപ്പിച്ച്നിര്‍ത്തി ആട്ടിയോടിക്കുന്നതെങ്ങനെയെന്നുള്ളുതിന്‍റെ വിവരണമാണീ നോവല്‍. ഗ്രാമവാസികള്‍ക്ക് ഇനിയൊരു തിരിച്ചു വരവ് സാധ്യമാകാത്ത വിധം എങ്ങനെ ഗ്രാമത്തെ തരിപ്പണമാക്കാം എന്നതിനെക്കുറിച്ചെല്ലാം വായന പുരോഗമിക്കുന്തോറും വായനക്കാരന് വ്യക്തമായി ചിത്രവും വിവരവും ലഭിക്കുന്നു. പുലര്‍ച്ചെ ആരംഭിച്ച ഓപ്പറേഷന്‍ മധ്യാഹ്നത്തോടെ ലക്ഷ്യം കണ്ടു. ഇനി പിറ്റേന്ന് അടുത്ത ഗ്രാമത്തിലേക്ക്…

A land without a people for a people without a land (ഭൂമിയില്ലാത്ത (ജൂത) ജനതക്കൊരു ജനങ്ങില്ലാത്ത (ഫില്സ്തീന്‍) ഭൂമി. എന്നായിരുന്നുവല്ലോ ഇസ്രയേലിന്‍റെ സ്ഥാപനത്തിനു വേണ്ടി നിലം ശരിപ്പെടുത്താനായി പ്രചരിപ്പിക്കപ്പെട്ട വലിയ നുണ. ഫലസ്തീനെക്കുറിച്ച് ആളില്ലാത്ത ഭൂപ്രദേശം എന്ന മിത്ത് എങ്ങനെ സൃഷ്ടിച്ചെടുത്തുവെന്ന് ശക്തമായ ആഖ്യാനത്തിലൂടെ സ്മിലാന്‍സ്കി വിശദീകരിച്ചു തരുന്നു. ഈ ഗ്രാമത്തില്‍ വന്ന് പട്ടാളക്കാര്‍ക്ക് എന്തും സ്വന്തമാക്കാം. ഫലസ്തീന്‍ ജനങ്ങളില്ലാത്ത ഭൂമിയാണെന്നും, അറബികളെ പുറത്താക്കുന്നതിന് മുമ്പു തന്നെ അവര്‍ക്കാ ഗ്രാമത്തിനുമേല്‍ അവകാശമുണ്ടായിരുന്നു എന്നുമൊക്കെയാണല്ലോ അവരെ പഠിപ്പിച്ചിരുന്നത്.

‘അപരന്‍’ എന്ന ധാരണ സുസംഘടിതമായി സൃഷ്ടിച്ചെടുക്കുന്നതെങ്ങനെയെന്ന് ഒരുപക്ഷേ അവര്‍ പഠിച്ചത് തങ്ങളുടെ പീഡകരായ നാസികളില്‍ നിന്നു തന്നെയാകാം. അസ്തിത്വം തന്നെയില്ലാത്ത അപരന്‍ ദുഷ്ടനാണ്, ക്രൂരനാണ്, ഭീരുവാണ്, അസംസ്കൃതനാണ്, യാതൊരുപകാരവുമില്ലാത്തവനും കൊള്ളരുതാത്തവനുമാണ്, വിശ്വസിക്കാന്‍ കൊള്ളാത്തവനും മടിയനുമാണ്. ഒരു വിലയുമില്ലാത്ത അപരന്‍ അതുകൊണ്ടുതന്നെ ഗൌരവത്തിലെടുക്കപ്പെടേണ്ടവനല്ല… അങ്ങനെ പോകുന്നു തിരസ്കരണത്തിന്‍റെ തികഞ്ഞ അവസ്ഥ. ഗ്രാമത്തിലൂടെ നടന്നുനീങ്ങുന്ന, തങ്ങള്‍ ബൈനോക്കുലറിലൂടെ കണ്ടുകൊണ്ടിരിക്കുന്ന അപരന്‍ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നേ ഇല്ല! 

1947-48 കാലത്ത് അപ്രത്യക്ഷമായ 418 ഫലസ്തീന്‍ ഗ്രാമങ്ങളില്‍ വാസ്തവത്തില്‍ എന്തു നടന്നുവെന്ന് വെറും നൂറില്‍പരം പേജുകളിലായി സ്മിലാന്‍സ്കി വരച്ചിടുന്നു. ഗ്രാമം സാങ്കല്‍പ്പികമായതു കൊണ്ട് ഈ അവസ്ഥ ഫലസ്തീനിലേക്ക് മാത്രമായി ചുരുക്കേണ്ടതില്ല. ബലപ്രയോഗത്തിലൂടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അപ്രത്യക്ഷമായ നൂറുകണക്കിന് ഗ്രാമങ്ങളുടെ കഥയായി നമുക്കതിനെ കണക്കാക്കാം. വിയറ്റനാമിലെ സോംഗ് മൈ ഗ്രാമത്തെ വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാം. ഗസ്സയ്ക്കു നേരെ ആക്രമണത്തിന് പുറപ്പെടാനിരിക്കുന്ന ഇസ്രയേലി പട്ടാളക്കാരിലാരെങ്കിലും ഈ നോവല്‍ വായിച്ചിരുന്നെങ്കില്‍ തങ്ങളുടെ ചെയ്തികള്‍ പുറത്തുനിന്നെങ്ങനെ വീക്ഷിക്കപ്പെടുന്നുവെന്ന് അവര്‍ മനസ്സിലാക്കാമായിരുന്നു. വേണമെങ്കില്‍, അവര്‍ക്ക് തങ്ങളുടെ റോള്‍ എന്താണെന്നും മുന്‍തലമുറയില്‍ നിന്ന് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്താണെന്നും വ്യക്തമായി അറിയാനാകുമായിരുന്നു.

ഫലസ്തീനിലെ, ഓസ്ട്രിയയിലെ, ജര്‍മനിയിലെ… നിങ്ങളുടെ വീടുകളില്‍ നിന്ന്, അമേരിക്കയിലെ നിങ്ങളുടെ തമ്പുകളില്‍ നിന്ന് നിങ്ങള്‍ ഓടിപ്പോന്നിരിക്കുന്നു. ഇന്ന്, നിങ്ങള്‍ക്ക് മടങ്ങിപ്പോകാനായി ആ വീടുകളോ തമ്പുകളോ അവിടെ അവശേഷിക്കുന്നില്ല. ഒരിക്കല്‍ നിങ്ങളവിടെ കഴിഞ്ഞിരുന്നു. ഇപ്പോഴും നിങ്ങള്‍ ജീവിക്കുന്നു, നിങ്ങളുടെ കഥ മറവിയിലേക്ക് മറഞ്ഞുകൂടാ എന്നാണ് നോവലിസ്റ്റിനു പറയാനുള്ളത്. ഹിബ്രു സാഹിത്യത്തില്‍ അത് വിശദമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു; ഖിര്‍ബെത് ഖിസെയിലൂടെ. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അപ്രത്യക്ഷമായ 418 ഗ്രാമങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട രേഖ. 

ആരും ഒന്നും പഠിക്കുന്നില്ല, തിരുത്തുന്നില്ല. അതുകൊണ്ടാണല്ലോ ഘടികാരസമാനമായ കൃത്യതയോടെ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നത്. രണ്ടാം ലോക യുദ്ധം അവസാനിപ്പിച്ചു കൊണ്ടുള്ള കരാര്‍ ഒപ്പിട്ടതിന്‍റെ തൊട്ടു പിറകെയാണ് നക്ബ അരങ്ങേറുന്നത്. മഷി ഉണങ്ങുന്നതിന് മുമ്പ് ലോകം ദുരന്തത്തെ മറന്നു. ഓരോ ഫലസതീനിയും വേദനയുടെ കൈപ്പ് കുടിച്ച് ദുരിതക്കടല്‍ നീന്തി അഭയാര്‍ത്ഥി ക്യാംപുകളില്‍ ചെന്നു കേറി. പിന്നീട് ഇതുവരെ  ഈ ക്യാംപുകള്‍ തന്നെയായിരുന്നു അവരുടെയും അവരുടെ മക്കളുടെയും മക്കളുടെ മക്കളുടെയും മേല്‍വിലാസം.


പറഞ്ഞതു പോലെ, ചരിത്രത്തില്‍ നിന്ന് ആരും ഒന്നും പഠിച്ചില്ലെന്നാണ് ചരിത്രം നല്‍കുന്ന ഏറ്റവും വലിയ പാഠം. അഥവാ വേണ്ടപോലെ പഠിച്ചില്ല. വിയറ്റ്നാം യുദ്ധം വന്‍ശക്തിയുടെ നിലപാടുകള്‍ മുച്ചൂടും മാറാന്‍ കാരണമാകേണ്ടതായിരുന്നു. പിന്നീടൊരു യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചു കൊണ്ടു പോയ ജോര്‍ജ് ബുഷ് രണ്ടാമന്‍ ഇറാഖില്‍ അമേരിക്ക വിജയിച്ചുവെന്ന് പ്രഖ്യാപിച്ചു. സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാതെ അദ്ദേഹത്തിനതെങ്ങനെയത് പറയാനാകും? 15 ലക്ഷം കുഴിമാടങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ ജനാധിപത്യത്തിനു വേണ്ടിയുള്ള യുദ്ധത്തിന്‍റെ പ്രത്യക്ഷഫലം. ഈ കൊടുംക്രൂരതയുടെ പേരില്‍ ആരും വിചാരണ ചെയ്യപ്പെടാനോ ശിക്ഷിക്കപ്പെടാനോ പോകുന്നില്ല. ഇറാഖിലും അഫ്ഗാനിലുമെല്ലാം ‘ഖിര്‍ബെത് ഖിസെ’കള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അപരന്‍റെ വീടുകള്‍ തകിട്പൊടിയാക്കുക, വീട്ടുകാരെ ഓടിപ്പിക്കുക, ഓടുന്നില്ലെങ്കില്‍ അയാള്‍ കൊല്ലപ്പെടും. എല്ലാം കഴിഞ്ഞ് നാളെ എന്തു സംഭവിക്കുമെന്നതിനെക്കുറിച്ചുള്ള സുനിശ്ചിതത്വം; അധിനിവേശക്കാരനെ സ്വതന്ത്രനായി വിലസാന്‍ വിടുകയും സംഭവിച്ചതിന്‍റെയെല്ലാം ഉത്തരവാദിത്തം അധിനിവിഷ്ടനുമേല്‍ കെട്ടിയേല്‍പ്പിക്കുകയും ചെയ്യുന്ന തലതിരിഞ്ഞ നീതി. 

ഖിര്‍ബെത് ഖിസെ പഴയതും പുതിയതും തമ്മിലുള്ള വ്യത്യാസം, ഇസ്രയേലി/അമേരിക്കന്‍/നാറ്റോ പട്ടാളക്കാരന്‍ തന്‍റെ എഫ് 16 കളിപ്പാട്ടം വളരെ കൂളായി പറത്തുന്നത് കോടിക്കണക്കിനാളുകള്‍ തല്‍സമയം തല്‍സമയം കണ്ടുകൊണ്ടിരിക്കുന്നുവെന്നുള്ളതാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ബോംബുകള്‍ വര്‍ഷിച്ച് അയാള്‍ തന്‍റെ ആയുധവര്‍ഷത്തിലെ വൈദഗ്ദ്യത്തിന്‍റെ അങ്ങേത്തല, തുറന്നുപിടിച്ച ശതകോടി കണ്ണുകള്‍ക്കു മുമ്പില്‍ പുറത്തെടുക്കുന്നു. പട്ടാള ക്യാമ്പില്‍ തിരിച്ചെത്തി ടെലവിഷന്‍ കാണാന്‍ മെനക്കെടാതെ നേരെ തന്‍റെ കംപ്യൂട്ടിറില്‍ കയറ്റിയിരിക്കുന്ന ഏറ്റവും പുതിയ ഗെയ്മിലേക്ക് ഊളിയിടുന്നു.

ഗസ്സയിലെ കാര്യമെടുക്കൂ. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുവിട്ടോടിപ്പോയവരെ ഒരു മതില്‍ കെട്ടി വളഞ്ഞുവെച്ചിരിക്കുന്നു. എവിടെയും പോകാനില്ല. കാഴ്ച ബംഗ്ളാവുകളിലെ കൂടുകളില്‍ മൃഗങ്ങളെന്ന പോലെ അവര്‍ അങ്ങോട്ടുമിങ്ങോട്ടുമോടുന്നു. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ക്ക് ബൈത്ലേഹമിലേക്കോ, ഈജിപ്തിലേക്കോ, ജോര്‍ഡനിലേക്കോ, ലെബനാനിലേക്കോ, സ്വീഡനിലേക്കോ ഓടിപ്പോകാമായിരുന്നു. ഇന്നതിന് കഴിയില്ല. കാരണം നാലുപാടും മതിലുകളാണ്. മെഡിറ്ററേനിയനില്‍നിന്ന് യുദ്ധക്കപ്പലുകള്‍, ആകാശത്തുനിന്ന് യുദ്ധവിമാനങ്ങള്‍, കിഴക്കു നിന്നും വടക്കു നിന്നും യുദ്ധടാങ്കുകള്‍. ഏതു സമയവുംപതിക്കാവുന്ന ഒരു യുദ്ധം തലക്കുമേല്‍ തൂങ്ങിയാടിനില്‍ക്കുന്ന തഥാകഥിത അന്തര്‍ദേശീയ സമൂഹത്തിന്‍റെ കണ്ണില്‍ പുഴുക്കള്‍ മാത്രമായ കുറേ ജന്മങ്ങള്‍.


സ്മിലാന്‍സ്കിയുടെ പുസ്തകം നിരോധിക്കാന്‍ തുടക്കത്തില്‍ അധികൃതര്‍ ശ്രമിച്ചുവെങ്കിലും എതിര്‍പ്പുകളില്‍ അത് വിഫലമാവുകയായിരുന്നു. മനസ്സാക്ഷിയുടെ ശബ്ദം എന്ന് ഈ കൃതി വാഴ്ത്തപ്പെടാനുണ്ടായ കാരണം കുടിയിറക്കപ്പെട്ടവരോടുള്ള അതിന്‍റെ അനുഭാവവും ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായിരുന്നു. മുന്‍ ഇസ്രയേലി പ്രധാനമന്ത്രി മെനാഹം ബെഗിനെ ചോരയുടെ ആള്‍ എന്ന് വിളിച്ച് ലിക്കുദ് പാര്‍ട്ടിയുടെ നിതാന്ത ശത്രുത ഏറ്റുവാങ്ങിയ സ്മിലാന്സ്കി, 2003 ല്‍ ഫലസ്തീന്‍ പ്രദേശങ്ങള്‍ക്കുമേല്‍ യുദ്ധവിമാനങ്ങള്‍ പറത്താന്‍ വിസമ്മതിച്ച ഇസ്രയേലി പൈലറ്റുമാര്‍ക്ക് പിന്തുണയുമായി രംഗത്തുവന്ന ആദ്യത്തെ പ്രമുഖനായിരുന്നു. 2006 ല്‍ 89ാം വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു. 


29 comments:

  1. ഇറാഖിൽ ശ്മശാനങ്ങൾ
    കുന്നു കൂടുന്നു
    ജനാധിപത്യത്തിന്റെ പേരിൽ!!!
    പാശ്ചാത്യ ജനാധിപത്യത്തിന്‌
    നിലനില്ക്കാൻ കഴിയുക
    ശവസരീരങ്ങളുടെ അടിത്തറ
    കുമ്മായം നിറച്ച് ഉറപ്പിച്ചാൽ മാത്രം
    ഇതാണ്‌ സത്യം

    (വിൻസന്റ് മസ്സികായിസ് മഹോള)

    ഇന്നലെ ഒരു ലേഖനത്തിൽ വായിച്ചതാണിത്. നുണയെ സത്യമാക്കിക്കൊണ്ടിരിക്കുന്ന നിണം മണക്കുന്ന വഴികളിൽ “മനസ്സാക്ഷിയുടെ ശബ്ദ” ത്തെ പരിചയപ്പെടുത്തിയതു നന്നായിരിക്കുന്നു. ഇക്കാ..

    ReplyDelete
  2. മധ്യപൗരസ്ത്യ ഏഷ്യ പശ്ചാത്തലമുള്ള കൃതികൾ അധികമൊന്നും വായിച്ചിട്ടില്ല. പലതും മൂലകൃതികൾ അറബിയിൽ. വിവർത്തനങ്ങളുടെ പരിണാമവീഥിയിൽ ജീവനറ്റു പോയ ചിലവ വായിച്ചിട്ട് വയർ നിറഞ്ഞതുമില്ല. സ്മിലാൻസ്കിയുടെ ഖിർബത്ത് ഖിസ്സെ ഓൺലൈനിൽ വാങ്ങാൻ നോക്കിയപ്പോൾ ഷിപ്പിംഗ് ചാർജ്ജടക്കം 30 ഡോളറോളം വരും. ആശയക്കുഴപ്പത്തിലാണ്. എവിടുന്നെങ്കിലും പുസ്തകം വെറുതേ കിട്ടുമെന്ന് മനസ്സ് പറയുന്നു!
    യുദ്ധങ്ങളും ഭീതിയും വെറുപ്പും നിറച്ചുവെച്ച് അതിർത്തികൾ വലുതാക്കുന്ന ഇസ്രായീലിന്റെ കുടിലതന്ത്രങ്ങൾ വിവരിക്കുന്ന ഈ പുസ്തകം കുറച്ച് കാലം അവിടുത്തെ സ്കൂളുകളിൽ പഠിപ്പിച്ചിരുന്നുവെന്ന് വിക്കിപീഡിയ! വിശ്വസിക്കുന്നില്ല. ഇസ്മത് ചുഗ്തായിയെ ചെയ്തപോലെ ഒരു കൈ നോക്കി മലയാളീകരിക്കുന്നോ?

    ഈ പുസ്തക പരിചയം ഏതെങ്കിലും അച്ചടി പ്രസിദ്ധീകരണങ്ങൾക്ക് അയച്ചു കൊടുക്കാനപേക്ഷ.

    ReplyDelete
  3. അധിനിവേശത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്നൊരു മോചനം നേടി, റാഞ്ചി കഴുകന്മാരുടെ നഖങ്ങള്‍ക്കിടയില്‍ നിന്ന് അസ്തിത്വ മോചനത്തിന് വേണ്ടി പിടയുന്ന, നിറ തോക്കുകള്‍ക്കും ടാന്കുകല്കും മുന്നില്‍ വിരിമാര് കാട്ടി രക്ത സാക്ഷിത്വം വഹിക്കുന്ന ഫലസ്തീനിലെയും, ഇറാഖിലെയും, അഫ്ഗാനിലെയും നമ്മുടെ സഹോദരന്മാര്‍ക്ക് വേണ്ടി പ്രാര്തിക്കം... സൊമാലിയയെ പോലും ഇത്തരത്തില്‍ ഒരു പട്ടിണിയിലൂടെ നിഷ്കാസനം ചെയ്യാന്‍ തരം കിട്ടിയാല്‍ അതിനു പോലും മടിക്കാത്ത അധിനിവേശത്തിന്റെ കഴുക കണ്ണുകള്‍ കാത്തു കിടക്കുന്നു എന്ന് തോന്നിപ്പോകുന്നു....

    "അവര്‍ക്ക് നല്‍കാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല ജഗനിയന്താവിനോടുള്ള പ്രര്തനകലല്ലാതെ"
    ഈ എഴുത്ത് എന്റെ ചിന്ടകള്‍ക്കും കാര്യപ്രപ്തിക്കുമാപ്പുരതാണ്. പ്രാര്‍ത്ഥനകളോടെ നിങ്ങളുടെ സഹോദരന്‍

    ReplyDelete
  4. വളരെ വിജ്ഞാന പ്രദം ആയ ലേഖനം,ഗംഭീരം ആയി പുസ്തകത്തെ പരിചയപ്പെടുത്തിയിരിക്കുന്നു ...

    ReplyDelete
  5. മലയാളത്തില്‍ എന്നെ പരിഭാഷ ഇറങ്ങേണ്ട ഒരു പുസ്തകം . ഷഫീക്ക്‌ പറഞ്ഞപോലെ ഒരു കൈ നോക്കൂ ഉസ്താദ് ...

    ReplyDelete
  6. വളരെ നന്ദി ഈ പരിചയപ്പെടുത്തലിനു..

    ReplyDelete
  7. "ഇസ്രയേലിന്റെ സ്ഥാപനത്തിനു വേണ്ടി നിലം ശരിപ്പെടുത്താനായി പ്രചരിപ്പിക്കപ്പെട്ട വലിയ നുണ......"

    ചരിത്രം 1948ല്‍ അല്ല ആരംഭിച്ചത്. പടയോട്ടങ്ങളുടെയും ക്രൂരകൃത്യങ്ങളുടെയും നീണ്ട നിര തന്നെ അതിനും
    മുമ്പും പിമ്പും അരങ്ങേറിയിട്ടുണ്ട്. ഒരു കാലത്ത് അറേബ്യന്‍ വന്‍കരയില്‍ നിന്നും പടയോട്ടവുമായി എത്തിയ അറബികളുടെ പിന്തുടര്‍ച്ചക്കാരാണ് ഇന്നത്തെ പലസ്തീനിയന്‍ ജനത എന്നത് തന്നെ
    ഇതിനേറ്റവും നല്ല സാക്ഷ്യപത്രം.

    ഹിറ്റ്ലറുടെ തികഞ്ഞ ആരാധകനായിരുന്നു 1948 പലസ്തീനികളുടെ നേതാവായിരുന്ന ഹജ് അമീന്‍ അല്‍‌-ഹുസൈനി. ഹിറ്റ്ലറുടെ ക്ഷണപ്രകാരം ജര്‍മ്മനി സന്ദര്‍ശിച്ച ഹുസൈനി ജൂതരുടെ കൂട്ടക്കൊലയ്ക്ക് വേദിയായിരുന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും അവയുടെ കാര്യക്ഷമതയിലാകൃഷ്ടനായി അതു പോലുള്ളവ ബ്രിട്ടീഷ് മാന്‍ഡേറ്റ് പ്രദേശത്ത് (ഇന്നത്തെ ഇസ്രയേലും പലസ്തീനിയന്‍ പ്രദേശങ്ങളും ജോര്‍ദാനും ലെബനന്റെ ഭാഗങ്ങളും ചേരുന്ന പ്രദേശം) സ്ഥാപിക്കുന്നതിന്റെ സാധ്യതകളാരായുകയും ചെയ്തു എന്നത് ചരിത്രസത്യം. ബ്രിട്ടന്റെ അപ്രീതിക്ക് പാത്രമായിത്തീര്‍ന്ന ഹുസൈനി ചരിത്രത്താളുകളില്‍ മറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ അനന്തരവനെ നാം അറിയും - ഒരേ സമയം ഭീകരാക്രമണങ്ങളാസൂത്രണം ചെയ്യുകയും അതോടൊപ്പം സമാധാനത്തിന് മുറവിളി കൂട്ടുകയും ചെയ്തിരുന്ന, ആധുനിക ഒളിംപിക്സിന്റെ ചരിത്രത്തിലാദ്യമായി അത്‌ലെറ്റുകള്‍ക്ക് നേരെയുള്ള ആക്രമണം ആസൂത്രണം ചെയ്ത, വിമാനറാഞ്ചലും ബന്ദികളുടെ ജീവന്‍ വച്ചുള്ള വില പേശലും ഒരു കലാരൂപമായി വികസിപ്പിച്ച സാക്ഷാല്‍ യാസര്‍ അറാഫാത്ത്. ആ അറാഫാത്തിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കാമെങ്കില്‍ , അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പലസ്തീനിയന്‍ പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ 11ലെ മനംവെറുപ്പിക്കുന്ന ഭീകരാക്രമണങ്ങളെത്തുടര്‍ന്നുണ്ടായ ആഘോഷങ്ങളെ കണ്ടില്ല എന്നു നടിക്കാമെങ്കില്‍ , ഇസ്രായേലിന്റെ സ്ഥാപനത്തിനു പിന്നിലുണ്ടായി എന്നു താങ്കളവകാശപ്പെടുന്ന നുണ എന്തു കൊണ്ടും വിശ്വസിക്കാവുന്നതാണ്.

    പലസ്തീനിയലന്‍‌ ജനതയോട് എന്നും സഹാനുഭൂതി പ്രകടിപ്പിച്ചിട്ടുള്ള അറബ് സഹോദരര്‍ പക്ഷെ പലായനത്തിന് ശേഷം അവരെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തലമുറകളായി തളച്ചിട്ടിരിക്കുന്നു എന്നത് അവരുടെ സഹോദരസ്നേഹത്തിനുള്ള സ്മാരകമായി ഇന്നും നിലനില്‍ക്കുന്നു.

    ഇറാഖിലെ "15 ലക്ഷം കുഴിമാടങ്ങള്‍ "

    അമേരിക്കയുടെ ഇറാഖിലെ അധിനിവേശം ന്യായീകരിക്കാന്‍ ഇപ്പോള്‍ അമേരിക്ക പോലും മെനക്കെടാറില്ല എന്നിരിക്കെ ഒന്നു ചോദിച്ചോട്ടേ, വിവിധ പ്രാദേശിക കക്ഷികളും സുന്നി-ഷിയാ വിഭാഗങ്ങളും അല്‍‌-ഖായിദ ജിഹാദികളും കൊന്നു കൂട്ടിയവരും ഉള്‍പ്പെടു്ന്ന ഇത്രയും മരണങ്ങള്‍ക്ക് അമേരിക്കയ്ക്ക് ധാര്‍മ്മികമായ ഉത്തരവാദിത്യത്തിലുമപ്പുറം പങ്കുണ്ടോ? ഇറാഖില്‍ ഭീകരത കൊടുംപിരി കൊണ്ടിരുന്ന 2005 കാലഘട്ടത്തില്‍ ഒരോ ദിവസവും അല്‍‌-ഖായിദയുടെ മനുഷ്യബോബുകള്‍ കൊന്നൊടുക്കിയിരുന്നത് ആയിരങ്ങളെയാണ്.അതിനുള്ള പണം അവര്‍ക്ക് നല്‍കിയിരുന്നത് സൌദിയിലെയും ഏമിറേറ്റുകളിലെയും സത്യവിശ്വാസികളും.

    ഗസ്സയിലെ കാര്യം

    അന്താരാഷ്ട്ര കൂട്ടായ്മയുടെയും സമാധാന ചര്‍ച്ചകളുടെയും ഫലമായി ഇസ്രായേല്‍ ഗാസയില്‍ നിന്നും 2005ല്‍ പിന്മാറി. ഒരു പറ്റം മനുഷ്യസ്നേഹികള്‍ മുന്‍കൈയ്യെടുത്തു കുടിയൊഴിഞ്ഞു പോകുന്ന ഇസ്രായേലികളുടെ കൈയ്യില്‍ നിന്നും ഗാസയിലെ കഷ്ടതയനുഭവിക്കുന്നവര്‍ക്കായി ഗ്രീന്‍ ഹൌസുകള്‍ വാങ്ങി നല്‍കി. ഇസ്ലാമിക അധിനിവേശത്തിന്റെ കറകളഞ്ഞ വക്താക്കളായ ഹമാസാകട്ടെ അവയെല്ലാം തച്ചുടച്ചു. ഇസ്രായേലിന്റെ ഓര്‍മ്മയുടെ യാതൊരവശേഷിപ്പും ബാക്കി വയ്ക്കരുത് എന്നായിരുന്നു അവര്‍ നിരത്തിയ ന്യായം. അതേത്തുടര്‍ന്ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന നിരന്തരമായ റോക്കറ്റ് ആക്രമണവും അതിന് തിരിച്ചടിയായി ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണവും എല്ലാം തന്നെ സത്യമെന്നിരിക്കെ പലസ്തീനിയന്‍ ജനതയെ മാത്രം അധിനിവേശത്തിന്റെ ഇരകളായി ചിത്രീകരിച്ച് വെള്ളപൂശുന്നതെന്തിന്?

    പണ്ട് കവി പറഞ്ഞതു പോലെ "നമുക്കു നാമേ പണിവത് നാകം നരകവുമതുപോലെ....................."

    ReplyDelete
  8. ഭൂമിയില്ലാത്ത ജനതക്ക് ജനതയില്ലാത്ത ഭൂമി എന്നത് ഫലസ്തീന്‍ അധീനപ്പെടുത്താനുള്ള ഒരു വലിയ നുണയായിരുന്നു. അല്ലെ? അവിടെ ജനങ്ങളില്ലായിരുന്നോ? ആ നുണയാണ് ഗ്രൌണ്ട് ശരിപ്പെടുത്താനായി പാശ്ചാത്യ ശക്തികളുപയോഗിച്ചത്. പടയോട്ടവുമായി അവിടെ എത്തിയ അറബികളുടെ പിന്തുടര്‍ച്ചക്കാരല്ല 1948 ല്‍ അവിടെയുണ്ടായിരുന്നവര്‍. അഴിമതിയും വിവേചനവും കൊടി കുത്തിവാണിരുന്ന, ഭരണാധികാരികളുടെയും ചര്‍ച്ചിന്റെയും അതിക്രമങ്ങളില്‍ മനസ്സുമടുത്തിരുന്ന ജനങ്ങള്‍, പുതിയ മതത്തിലേക്ക് കൂട്ടത്തോടെ ചേരുകയായിരുന്നു. അറേബ്യയിലെ അറബികളുടെയും ഫലസ്തീനി അറബികളുടെയും ഫിസിക്കല്‍ അപ്പിയറന്‍സ്‌ തന്നെ അതിനു സാക്ഷ്യം.

    ReplyDelete
  9. ഇനി, ഹിറ്റ്ലറുടെ ആരാധനകനായിരുന്നു ഹുസൈനി എന്നത്. യൂറപ്പ് ജൂതരോട് ചെയ്ത നീതീകരിക്കാനാവാത്ത കൊടും ക്രൂരയ്ക്ക് ഒരു നിലക്കും ഭാഗഭാക്കുകളാകാത്ത തങ്ങള്‍ ഇരയാകേണ്ടി വന്നതിലെ വിഷമത്തില്‍ നിന്നുടലെടുത്ത അപക്വതമായ മാനസികാവസ്ഥയില്‍ നിന്നാകാം അത്. അതിനെ ന്യായീകരിക്കേണ്ട ബാധ്യത എനിക്കില്ല.
    എന്നാല്‍, തങ്ങളെല്ലാം ആര്യരാണ്, അതു കൊണ്ടു തന്നെ സമന്മാരാണ് എന്ന് തെറ്റിധരിച്ച് ഗോള്‍വാള്‍ക്കര്‍ ഹിറ്റ്ലറെക്കുറിച്ച് തന്‍റെ പുസ്കത്തില്‍ നടത്തിയ സതുതി ഗീതത്തെക്കുറിച്ചും മുസ്സോളിനിയെ സന്ദര്‍ശിച്ച ആര്‍.എസ്.എസ് നേതാവ് ബി.എസ്. മൂഞ്ജെ യെക്കുറിച്ചും എന്തു പറയുന്നു? ഹിറ്റ്ലറുടെ ക്രൂര താണ്‍ഡവം അരങ്ങേറിയപ്പോള്‍ അതിനെ പ്രസ്താവന കൊണ്ടെങ്കിലും വിമര്‍ശിക്കാതിരുന്ന ചര്‍ച്ചിനെക്കുറിച്ചെന്തു പറയുന്നു? പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ചര്‍ച്ച് ആ നിസംഗതയ്ക്ക് മാപ്പു പറഞ്ഞത്.
    കുറ്റമറ്റ ആസൂത്രണത്തികവോടെ സ്വന്തം നാട്ടില്‍ നിന്ന് അന്യായമായി തങ്ങളെ പുറത്താക്കുന്ന നരാധമരുടെ ശത്രുവായ ഹിറ്റലര്‍ക്ക് മുസ്ലിം ലോകത്ത് ഒരൊറ്റ ഹുസൈനിയല്ലേ പിന്തുണ നല്‍കിയുള്ളൂ. ശത്രുവിന്‍റെ ശത്രുവെന്ന ന്യായം വെച്ച് ഒരായിരം ഹിറ്റ്ലര്‍ ആരാധകര്‍ വേണ്ടിയിരുന്നില്ലേ അവക്കിടയില്‍?. ഉണ്ടായില്ല എന്നതു തന്നെ മതി അറബികളുടെ നന്മക്ക് തെളിവായി. 1967 ലെ അറബ് ഇസ്റയേല്‍ യുദ്ധത്തോടെ മാത്രമാണ് അറബി രാജ്യങ്ങളിലുണ്ടായിരുന്ന ജൂതന്മാര്‍ ഇസ്രയേലിലേക്ക് കുടിയേറുന്നതെന്നോര്‍ക്കണം. അറബ് രാജ്യങ്ങളിലുടനീളം അവര്‍ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ അലങ്കരിച്ചിരുന്നു. ജഡ്ജ് പദവിയടക്കം.
    യൂറപ്പില്‍ നിന്ന് ഇസ്രയേലിലെത്തിയ അഷ്കെനാസി ജൂതരെപ്പോലെ അറബ് നാടുകളില്‍ നിന്നെത്തിയ സഫാര്‍ദി ജൂതന്മാര്‍, വിശിഷ്യ അവരുടെ ഒന്നാം തലമുറ അറബികളോട് വിദ്വേഷം വെച്ചു പുലര്‍ത്തുന്നില്ല എന്നത് വസ്തുതയാണ്.
    ഇനി ഭീകരാക്രമണം. ആര്‍ക്കാണ് ഭീകതയുടെ കുത്തകയുള്ളത്? നാല്‍പതുകളുടെ തുടക്കത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫലസ്തീനിലെത്തിയ ജൂത ഭീകര സംഘങ്ങള്‍ (ഹഗാന, ഇര്‍ഗുന്‍ എന്നീ സംഘങ്ങള്‍ പ്രത്യേകം സ്മരണീയമാണ്) അവിടെ നടത്തിയ സ്ഫോടനങ്ങളില്‍ പൊറുതി മുട്ടിയത് ഫലസ്തീനികളെക്കാള്‍, ജൂത കുടിയേറ്റത്തിന്‍റെ പ്രായോജകര്‍ ആയിരുന്ന ബിട്ടീഷ് മാന്‍ഡേറ്റ് അധികാരികളായിരുന്നു. ജൂത വിരുദ്ധവികാരം ഇംഗ്ളണ്ടില്‍ കത്തി നിന്ന ദിവസങ്ങളായിരുന്നു അവ. മധ്യ കാലത്തിലെ മതവിചാരണക്കും കുരിശു യുദ്ധ കാലത്ത് നടത്തിയ ക്രൂരതക്കും ഹോളോകോസ്റിനും പകരമായി സയനിസ്റുകള്‍ യൂറപ്പിലുടനീളം നടത്തിയ ചാവേറാക്രമണങ്ങള്‍ക്കും തുടര്‍ച്ചയെന്നോണം പാശ്ചാത്യര്‍ നടത്തിയ എണ്ണമറ്റ ഭീകരതയുടെ ഉദാഹരണമായിരുന്നു അത്. ആദ്യത്തെ ഭീകരതയായിരുന്നു അത്. മുസ്ലിംകള്‍ക്കിടയില്‍ ആദ്യത്തെ ഭീകര ചിന്ത കടന്നുവരുന്നത് തന്നെ 1960 കളുടെ അവസാനത്തില്‍ മാത്രമാണ്.
    കൂടുതല്‍ വിവരങ്ങള്‍ക്ക് കരേന്‍ ആംസ്ട്രോങിന്റെ The Battle for God: Fundamentalism in Judaism, Christianity and Islam എന്ന പുസ്തകം നോക്കുക. അതോടൊപ്പം ഈ ലിങ്ക് കൂടി നോക്കുക. http://zainocular.blogspot.com/2011/07/blog-post_6460.html വിഷയവുമായി ബന്ധപ്പെട്ട് എന്റെ ബ്ളോഗില്‍ ചെയ്ത ഒരു പോസ്റാണിത്.
    അറബ് സഹോദരങ്ങള്‍ ഫലസ്തീനികളെ സഹായിച്ചില്ല എന്നത് സത്യത്തെ ശീര്‍ഷാസനത്തില്‍ നിര്‍ത്തുന്ന മറ്റൊരു വേലയാണ്. എണ്ണ സമ്പന്നമായ അറേബ്യയിലെ മുഴുവന്‍ രാജ്യങ്ങളും അവരെ വേണ്ടുവോളം സഹായിച്ചിട്ടുണ്ട്. സഹായിക്കുന്നുണ്ട്. ഏതെങ്കിലും അറബ് നാട്ടില്‍ വന്നാല്‍ മനസ്സിലാകും ഫലസ്തീനികള്‍ക്കവിടെ ലഭിക്കുന്ന മുന്തിയ പരിഗണന.
    ഒരു യുദ്ധം എങ്ങോട്ടു തിരിയുമെന്നതിനെക്കുറിച്ച് യാതൊരു ഐഡിയയും ഇറാഖിനെ യുദ്ധച്ചൂളയിലേക്ക് വലിച്ചിറക്കിയ ബുഷിനുണ്ടായിരുന്നില്ല. ആ യുദ്ധത്തിന് അദ്ദേഹം പറഞ്ഞ ന്യായങ്ങള്‍ താങ്കള്‍ക്ക് പോലും ബോധ്യപ്പെടാത്ത നിലക്ക് നീണ്ട ചര്‍ച്ചക്ക് പ്രസക്തിയില്ല.
    ഇനി ഗസ്സയുടെ കാര്യം: നിങ്ങളുടെ സ്വന്തം ഗ്രാമത്തില്‍ പുറത്തേക്കുള്ള നീക്കങ്ങള്‍ക്കെല്ലാം തടയിട്ട് ജീവിതോപാധികള്‍ നിഷേധിച്ച് വെള്ളം തടഞ്ഞ് … തോക്കും ടാങ്കും കാട്ടി പേടിപ്പിച്ച് നിര്‍ത്തുകയാണെങ്കില്‍ നിങ്ങളെന്തു ചെയ്യുമായിരുന്നു? സ്വാഭാവികമായും, നിങ്ങളിലെ പ്രതികരണ ശേഷി നശിച്ചു പോയിട്ടില്ലെങ്കില്‍ പ്രതികരിക്കും; കിട്ടിയ കല്ല് കയ്യിലെടുത്ത്. നിരന്തരം റോക്കറ്റ് ആക്രമണം നടത്തി എന്നൊക്കെ നിങ്ങള്‍ക്കെവിടെ നിന്ന് കിട്ടി എന്നെനിക്കറിഞ്ഞു കൂടാ. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന റാല്‍ഫ് നദാര്‍ ബുഷിനെഴുതിയ ഒരു കത്തുണ്ട്. വായിച്ചു നോക്കുക.
    http://nader.org/index.php?/archives/2092-Letter-to-Bush-on-Gaza-Crisis....

    ReplyDelete
  10. ലോക മനസാക്ഷിക്ക് മുമ്പില്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്ന ഫലസ്തീന്‍ സമാധാനം !!
    മുകളില്‍ പറഞ്ഞപോലെ ഒരു നല്ല പരിചയപെടുത്തലായി താങ്കളുടെ ഈ പോസ്റ്റ്‌ !!
    വീണ്ടും വരാം ,,,വരാതിരിക്കാന്‍ കഴിയില്ല

    ReplyDelete
  11. പാലസ്തീന്‍, വലിയൊരു ജയില്‍...എല്ലാരും തടവുകാര്‍. ഈ നല്ല പുസ്തകപരിചയത്തിന് നന്ദി.

    ReplyDelete
  12. വളരെ പ്രസക്തമായ ലേഖനം. ഈ പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി. പലസ്തീന്‍ പ്രശ്നം പുകയാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയല്ലോ. മനുഷ്യാവകാശവും പറഞ്ഞു നടക്കുന്ന കൂട്ടര്‍ ഈ വിഷയം മാത്രം മറച്ചു പിടിക്കുന്നു. അത് പോലെ തന്നെ അറബികള്‍ തങ്ങളുടെ കടമ വല്ല പിരിവും നടത്തി അവിടെ കുറച്ച കാശ് എത്തിക്കുന്നതില്‍ മാത്രം ഒതുക്കുന്നു.
    എന്താണാവോ ഈ മനുഷ്യ ജീവികളുടെ പ്രശ്നത്തിന് ഒരു പരിഹാരം.
    കൂടാതെ, (പറയാതെ വയ്യ) ഒരു ജനത എന്ന നിലക്ക് ഇക്കൂട്ടരുടെ കൂടെ ജോലി ചെയ്യാന്‍ വയ്യ കേട്ടോ... ധിക്കാരികള്‍!

    ReplyDelete
  13. ആദ്യ മായിട്ട കൊമ്പന്‍ ഈ ഇടം കാണുന്നത് പരിജയപെടുത്തല്‍ കണ്ടപ്പോള്‍ ഒരു ഹരം തോന്നി വായിച്ചപ്പോള്‍ അതിലേറെ
    വീണ്ടും വരാം

    ReplyDelete
  14. >മെഡിറ്ററേനിയനില്‍ നിന്ന് യുദ്ധക്കപ്പലുകള്‍, ആകാശത്തു നിന്ന് യുദ്ധ വിമാനങ്ങള്‍, കിഴക്കു നിന്നും വടക്കു നിന്നും യുദ്ധ ടാങ്കുകള്‍. ഏതു സമയവുംപതിക്കാവുന്ന ഒരു യുദ്ധം തലക്കുമേല്‍ തൂങ്ങിയാടി നില്‍ക്കുന്ന തഥാകഥിത അന്തര്‍ദേശീയ സമൂഹത്തിന്റെ കണ്ണില്‍ പുഴുക്കള്‍ മാത്രമായ കുറേ ജന്മങ്ങള്‍<

    ഫലസ്തീന്‍ ജനതക്കും തൊട്ടടുത്തുള്ള അനേകം അറബ് രാജ്യങ്ങള്‍ക്കുമെതിരില്‍ ‍കടന്നു കയറ്റത്തിന്റെ കറുത്ത അദ്ധ്യായങ്ങള്‍ തീര്‍ക്കുന്ന സയണിസ്റ്റ് ഇസ്രായേലി ഭീകരതയുടെ നേര്‍ചിത്രം ഒരിക്കല്‍ കൂടി ഇവിടെ തൊട്ടറിയുന്നു. 1948 ല്‍ തുടങ്ങി 1956 ല്‍ ഗാസയും ഈജിപ്തും 1967 ല്‍ ഈജിപ്ത്, ജോര്‍ഡാന്‍, ഗാസ, സിറിയ 1978 ലും 1982 ലും ലബനോന്‍ ....ഇപ്പോഴും തുടരുന്ന കടന്നു കയറ്റത്തിന്റെ നേര്‍ക്കാഴ്ചകള്‍. വിളിച്ചു പറയാന്‍ നേര്‍ത്ത ശബ്ദങ്ങള്‍ മാത്രം!

    ReplyDelete
  15. പുസ്തകപരിചയത്തിനു നന്ദി..

    പീഡിപ്പിക്കപ്പെടുന്നവന്ന് ലോകമെങ്ങും ഒരു ഭാഷയെ ഉള്ളൂ

    ReplyDelete
  16. നമുക്ക് വല്ല്യ വിവരം ഒന്നും ഇല്ലാത്തതു കൊണ്ട്
    ആധികാരികമായി വായിച്ചു അഭിപ്രായം പറയാന്‍ ഒന്നും അറിയില്ല
    പക്ഷെ പരിചയപ്പെടുത്തല്‍ ഇഷ്ടായി
    പുതിയ അറിവുകള്‍ തരുന്ന എന്തും നല്ലതാണ്

    ReplyDelete
  17. ഞാനും ഈ വകുപ്പിലുള്ള ഒരന്വേഷനത്തിലാണ്, ഇരാക്കും, അഫ്ഗാനും, ഇസ്രയേലും അമേരിക്കന്‍ അധിനിവേശവും! ഒക്കെ സിനിമയിലൂടെയാണ് എന്ന് മാത്രം, ഹാര്‍ട്ട് ലോക്കര്‍, ഡെവിള്‍സ് ഡബിള്‍, മ്യൂണിച്ച്, ഇതൊക്കെ കണ്ടു, ഏതായാലും ഈ പുസ്തക പരിചയം നന്നായി,
    നന്ദി ആരിഫ്ജി!

    ReplyDelete
  18. ഇപ്പോള്‍ ആണ് വായിച്ചത് വളരെയധികം നല്ലൊരു അറിവ് തന്നെ ആണ് താന്കള്‍ തന്നത്....

    ReplyDelete
  19. 'ഖിര്‍ബെത് ഖിസെ' പരിചയപ്പെടുത്തിയതിലൂടെ സ്മിലാന്‍സ്കിയെ പരിചയപ്പെടാനായി. ആരിഫ്കയിലൂടെ വീണ്ടും പഠനാര്‍ഹമായ മറ്റൊരു പോസ്റ്റ്‌. ഒറ്റയിരിപ്പിനു തന്നെ മുഴുവനും വായിച്ചു..ആശംസകള്‍

    ReplyDelete
  20. ഈ നല്ല കുറിപ്പ്‌ ഇപ്പോഴോ കണ്ടുള്ളൂ.
    ഈ പുസ്തകത്തെക്കുറിച്ച് ഞാന്‍ ഇപ്പോഴാണ് കേട്ടത്... വായിക്കണം.
    പരിചയപ്പെടുത്തലിനു നന്ദി.

    ReplyDelete
  21. ആരിഫ്‌ സാറിനെപ്പോലുള്ളവരെ വായിക്കുമ്പോള്‍ നിങ്ങളൊക്കെ ഉള്ള ബൂലോകത്തിന്റെ ഭാഗമായതില്‍ അഭിമാനം തോന്നു. നിലവിലുള്ള പ്രിന്റു മാധ്യമങ്ങളോട് കിട പിടിക്കാവുന്ന ലേഖനം.... താങ്കളുടെ വിപുലമായ ചിന്തയുടെ സരണിയിലൂടെ താങ്കള്‍ വായനക്കാരെയും കൂട്ടിക്കൊണ്ടു പോവുന്നു....

    ഒപ്പം കൊണ്ട് നടന്നു ചിന്തകളിലേക്ക് വിഭവങ്ങള്‍ തന്നതിന് നന്ദി......

    ReplyDelete
  22. സെയ്നോകുലറില്‍ വായിക്കാതെ പോയത് ..ഇന്നാണ് ഇത് വായിക്കാന്‍ സാധിച്ചത്
    ഈ പരിചയപ്പെടുത്തലിനു വളരെ നന്ദി ..

    ReplyDelete
  23. ജൂത സയണിസ്റ്റുകളെ മനസ്സിലാക്കാൻ ഈ പോസ്റ്റ് ഉപകരിക്കും. തീർച്ച

    ReplyDelete
  24. നല്ല പുസ്തകപരിചയം അരിഫ്ക്കാ. വായിക്കാന്‍ പ്രേരണ നല്‍കുന്ന ഒന്ന് . എന്നത്തേയും പോലെ എനിക്ക് കുറെ പുതിയ അറിവുകള്‍ സമ്മാനിച്ച പോസ്റ്റ്‌ . നന്ദി .

    ReplyDelete
    Replies
    1. ഖിര്‍ബെത് ഖിസെ മലയാളം പരിഭാഷ ഉണ്ടോ? ഉണ്ടെങ്കില്‍ ആരാണ് പ്രസാധകര്‍ എന്നുകൂടി പറയാമോ? ഇംഗ്ലീഷ് പരിഭാഷയുടെ പ്രസാധകര്‍ ആയാലും മതി .

      Delete
    2. ഇല്ല മലയാളം പരിഭാഷ ഇല്ല. ഇംഗ്ലീഷ് തന്നെ അടുത്ത കാലത്താണ് വന്നത്. വായനക്ക് നന്ദി.

      Delete
  25. ആരിഫ് മാഷെ.... ഈ പുസ്തകം എവിടെ കിട്ടും. നാട്ടില്‍ നിന്നോ സൗദി അറബിയില്‍ നിന്നോ...വായിക്കനത്രത്തോളം പ്രേരണ ഈ കുറിപ്പ് നല്‍കുന്നുണ്ട്... വിവരം അറിയിക്കുമല്ലോ..

    ReplyDelete
  26. മൂല പുസ്തകം വായിച്ച അനുഭവം പകർന്നു ഈ എഴുത്ത് , ഇതെന്തേ ഞാൻ ആദ്യം കണ്ടില്ല?

    ReplyDelete