പേജുകള്‍‌

23 October, 2011

ഈ മരണമായിരുന്നില്ല കേണല്‍ അര്‍ഹിച്ചിരുന്നത്



1969 സെപ്റ്റംബര്‍ 1 ന് ഇദ്രീസ് രാജാവിനെ തന്‍റെ സഖാക്കളോടൊത്ത് അധികാര ഭ്രഷ്ടനാക്കുമ്പോള്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിക്ക് പ്രായം മുപ്പതില്‍ താഴെ. അതു വരെ നടത്തിയ  വിദേശ യാത്രകളുടെ എണ്ണം ഒന്ന്. പഠിച്ചു കൊണ്ടിരുന്ന സ്കൂളുകളില്‍ നിന്ന് അപ്പോഴേക്കും രണ്ടു തവണ പുറത്താക്കപ്പെട്ടിരുന്നു. 42 വര്‍ഷം കേണല്‍ ഭരണത്തില്‍ തുടര്‍ന്നു, നിരവധി അട്ടിമറി – വധ ശ്രമങ്ങളെ അതിജീവിച്ചു. ഇത്രയധികം കാലം അധികാരത്തില്‍ തുടരുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം ഒരഭിമുഖത്തില്‍ പറയുകയുണ്ടായി. പിന്നെ അതെങ്ങിനെ സാധ്യമായി?

അപകടങ്ങള്‍ മണത്തറിയുക അവയെ നിഷ്കരുണം ഇല്ലായ്മ ചെയ്യുക എന്ന  ബദുവിന്‍റെ  സഹജ വാസനയെ സമര്‍ഥമായി അദ്ദേഹം ഉപയോഗിച്ചുവെന്നതു തന്നെയാണതിന് കാരണം. വ്യക്തിപരമായ കൂറാണ് ഒരാളെ കൂടെ നിര്‍ത്തുന്നതിനും പദവികള്‍ നല്‍കുന്നതിനും  ഖദ്ദാഫി മാനദണ്ഡമായി കണക്കാക്കിയത്. മിലിട്ടറിയിലെയും ഭരണ രംഗത്തെയും പ്രധാന സ്ഥാനങ്ങള്‍ മുഴുവന്‍ സ്വന്തം കൂട്ടുകാര്‍ക്കോ താന്‍ ശൂന്യതയില്‍ നിന്ന് തോണ്ടിയെടുത്തവര്‍ക്കോ നല്‍കി. റേഡിയോ/ടി.വി തുടങ്ങിയ വാര്‍ത്താ വിനിമയ സംവിധാനങ്ങളുടെ തലപ്പത്ത് വിശ്വസ്തരെ മാത്രം ഇരുത്തി. തന്‍റെയും സഖാക്കളുടെയും വിപ്ളവം വിജയിക്കുന്നതില്‍ അവയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട് എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു.

1969 ല്‍ വിപ്ളവകാരികള്‍ ശ്രദ്ധിച്ച ഏറ്റവും വലിയ കാര്യം ഗോത്രങ്ങള്‍ തമ്മിലുള്ള സൌഹൃദവും അവക്കിടയിലെ താളമേളങ്ങളും സന്തുലിതത്വവും വേണ്ട അളവിലും അനുപാതത്തിലും നില നിര്‍ത്തുക എന്നുള്ളതായിരുന്നു. അവരുമായി ഏതു തരം കൊള്ളക്കൊടുക്കകളാണ് വേണ്ടിവരികയെന്ന് കേണലിനും കൂട്ടുകാര്‍ക്കും നല്ലവണ്ണം അറിയാമായിരുന്നു. തന്‍റെ രക്തരഹിത വിപ്ളവത്തിനുള്ള സഹഗൂഢാലോചകരെ അദ്ദേഹം തെരഞ്ഞെടുത്തത് ഗോത്ര പശ്ചാത്തലമുള്ളവരില്‍ നിന്നായിരുന്നു. അതില്‍ തന്നെയും സ്വന്തം ഗോത്രത്തോട് കൂറുള്ളവരെ. പ്രധാന സ്ഥാനങ്ങള്‍ മുഴുവന്‍ ഗോത്രവഴിയില്‍ നീങ്ങി, സ്വന്തം ഗോത്രമായ ‘ഖദ്ദാഫ’ യെ മറക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

അധികാരത്തിലേറിയ ശേഷം പുതിയ ഭരണകൂടം നേരിട്ട വലിയ പ്രതിസന്ധി ഒന്നാമത്തെ കല്ല്‌ മുതല്‍ ഒരു രാഷ്ട്രത്തെ നിര്‍മിക്കുക എന്നതായിരുന്നു. 1970 കളില്‍ ലിബിയയിലെ മൊത്തം യൂനിവേഴ്സിറ്റി ബിരുദ ധാരികളുടെ എണ്ണം അമ്പതില്‍ താഴെ മാത്രമായിരുന്നു. ഒരു ഡസനോളം ഹൈസ്കൂളുകളും മൂന്ന് ആശുപത്രികളും. എണ്ണവരുമാനത്തില്‍ നിന്ന് ശക്തിശേഖരിച്ച് ഖദ്ദാഫി നടത്തിയ നീക്കങ്ങള്‍ രാജ്യത്തുടനീളമുള്ള സേവന മേഖലയെ ശക്തപ്പെടുത്തുകയും ലിബിയയെ ആഫ്രിക്കന്‍ രാജ്യങ്ങളുടെ മുന്‍നിരയിലെത്തിക്കുകയും ചെയ്തു.

ഭരണത്തിലേറി ആദ്യത്തെ രണ്ടു ദശകം ജനകീയതയുടെ തേരിലേറി വികസനത്തിന്‍റെ മാതൃക തന്നെ സൃഷ്ടിച്ചു യുവ വിപ്ളവ നായകന്‍. ഫലപ്രദമായ ആശയവിനിമയം കൃത്യമായ തോതില്‍ അദ്ദേഹം നിര്‍വഹിക്കുന്നുവെന്ന് ലിബിയക്കാരിലധികവും അക്കാലത്ത് പ്രശംസിച്ചു. അസാമാന്യമായ വാഗ്വിലാസം അന്തര്‍ദേശീയ വേദികളില്‍ കേണല്‍ ഖദ്ദാഫിക്ക് മേല്‍വിലാസമുണ്ടാക്കിക്കൊടുത്തു. അക്കാലത്തെ അദ്ദേഹത്തിന്‍റെ പ്രകടനങ്ങളെല്ലാം തന്നെ, മഹത്തരം എന്നു വിശേഷിപ്പിച്ചു കൂടെങ്കിലും മികച്ചവയായിരുന്നു. രാജ്യത്തിന് നെടുകെയും കുറുകെയുമായി അന്ന് അദ്ദേഹം നടത്തിയ സന്ദര്‍ശനങ്ങളില്‍ ഒരു ജനകീയ നായകന്‍ എന്ന പരിവേഷം ഖദ്ദാഫിക്കു ചുറ്റും പ്രഭപരത്തി നിന്നു. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ചുവെന്നതായിരുന്നു ഈ സന്ദര്‍ശനങ്ങളുടെ പ്രത്യക്ഷ ഫലം.

എന്നാല്‍ സ്വന്തം ഭരണ സംവിധാനത്തിനകത്ത് ഖദ്ദാഫി പതുക്കെ ഒറ്റപ്പെട്ടു വന്നു. വിപ്ളവത്തിന്‍റെ ആദ്യ ദശകത്തില്‍ തന്നെ തന്‍റെ സഖാക്കളായിരുന്ന പലരെയും, ഭരണം നടത്തിയരുന്ന ഫ്രീ ഓഫിസേഴ്സ് കമാന്‍റ് കൌണ്‍സിലില്‍ നിന്ന് പിഴുത് പുറത്തിട്ടു.

ഭരണകൂടത്തിലെ കള്ളികളെ നിറക്കാനായി ഉദ്യോഗസ്ഥരെ കേണല്‍ തന്നെ പെറുക്കിയെടുത്തു കൊണ്ടിരുന്നു. അക്കാലത്താണ് പ്രസിദ്ധമായ തന്‍റെ മൂന്നാം പ്രപഞ്ച സിദ്ധാന്ത (third universal theory) ത്തിന് ഖദ്ദാഫി പുറംവര കോറിയിടുന്നത്. നേരിട്ടുള്ള ജനാധിപത്യം എന്ന തന്‍റെ ആശയം, ഖദ്ദാഫി ഭരണകാലത്തുടനീളം ഭരണഘടനയില്ലാത്ത ആ രാജ്യത്തിന് ഭരണഘടനയായി വര്‍ത്തിച്ച ഗ്രീന്‍ ബുക്കിലൂടെ അവതരിപ്പിച്ചു.

അങ്ങനെ, പുതിയ രാഷ്ട്രീയ സംവിധാനത്തില്‍ പഴയ സഹപ്രവര്‍ത്തകര്‍ക്ക് യാതൊരിടവുമില്ലാതായി. വിപ്ളവത്തില്‍ പങ്കെടുത്ത പന്ത്രണ്ടു സഖാക്കളില്‍ 1980 ഓടെ എട്ടു പേര്‍ മാത്രം അദ്ദേഹത്തോടൊപ്പം അവശേഷിച്ചു. സംവിധാനത്തില്‍ രണ്ടാമനായിരുന്ന അബ്ദസ്സലാം ജല്ലൂദ് അവസാനം രാജിവെച്ചുവെങ്കിലും ഖദ്ദാഫിയുമായുള്ള സൌഹൃദ ബന്ധങ്ങള്‍ നിലനിര്‍ത്തി. കഴിഞ്ഞ ഓഗസ്തില്‍ വിമതരോടൊപ്പം ചേര്‍ന്ന്‍ അദ്ദേഹം രാജ്യം വിടുകയും ചെയ്തു.

തുടര്‍ന്നു വന്ന വര്‍ഷങ്ങളില്‍ ഈ ഏകാന്തത കൂടതല്‍ കടുത്തു. അദ്ദേഹത്തിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും മുന്നൊരുക്കങ്ങളും പാരനോയിയയോളം വളര്‍ന്നു. ലിബിയക്കകത്തുതന്നെയുള്ള യാത്രകള്‍, മുന്‍കൂട്ടി വെളിപ്പെടുത്താത്ത ഒരു രാഷ്ട്ര രഹസ്യമായി. വിദേശത്തു പോവുന്നതിന്‍റെ മുന്നോടിയായി രണ്ട് വിമാനം നിറയെ സെക്യൂരിറ്റിക്കാരെ കടത്തി  യാത്രയെക്കുറിച്ചുള്ള വ്യാജ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കേണല്‍ തന്നെ പെറുക്കിയെടുത്ത സിവിലിയന്‍ സെക്യരിറ്റി സ്റാഫിന് രാജി വക്കാന്‍ അവകാശമുണ്ടായിരുന്നില്ല; വേണ്ട എന്നു തോന്നുമ്പോള്‍ അദ്ദേഹം തന്നെ അവരെ പിരിച്ചുവിടും‏- അത്രതന്നെ. കഴിവ്, വിദ്യാഭ്യാസം, അറിവ്.. എല്ലാം നേതാവിനോടുള്ള  കൂറ് എന്ന യോഗ്യതക്ക് താഴെ നിന്നു.

ഈ ആശങ്കകളുടെയും ഭയപ്പാടുകളുടെയും പ്രത്യക്ഷ ഫലം യഥാര്‍ഥത്തില്‍ കൂറുള്ളവര്‍ കുറഞ്ഞു വന്നു എന്നതായിരുന്നു. ആദ്യമാദ്യം പ്രമുഖ ഗോത്രങ്ങളെല്ലാം ഖദ്ദാഫി ഭരണകൂടത്തില്‍ മുഖ്യ സ്ഥാനങ്ങള്‍ നേടിയെങ്കിലും പിന്നീട് സ്വന്തം ഗോത്രമായ ഖദ്ദാഫയില്‍ മാത്രം ഒതുങ്ങി നിന്നു ഇവയെല്ലാം. സ്വാഭാവികമായും അത് മറ്റു ഗോത്രങ്ങളെ പിണക്കി. മക്കളെല്ലാം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ മാത്രം പ്രായമായതോടെ പ്രധാന ഉത്തരവാദിത്തങ്ങള്‍ മുഴുവന്‍ അവരെ ഏല്‍പ്പിച്ചു; മിലിറ്ററി, സെക്യൂരിട്ടി, വാര്‍ത്താവിനിമയം.. എല്ലാത്തിന്‍റെയും ഉത്തരവാദിത്തം മക്കള്‍ക്കായി.

ഭരണകൂടം എണ്ണ വരുമാനത്തിനെ മാത്രം ആശ്രയിക്കാന്‍ തുടങ്ങി. ഭരണത്തെ ശക്തിപ്പെടുത്താനും ഭീഷണികളെ നേരിടാനും. തുടക്കത്തില്‍ എതിരാളികളുടെ മൌനം വിലക്കു വാങ്ങാനായിരുന്നു ആ വരുമാനം കൂടുതല്‍ ഉപയോഗപ്പെടുത്തിയിരുന്നതെങ്കില്‍, എണ്‍പതുകളോടെ വിമത ശബ്ദം പുറപ്പെടുവിച്ചവരെ വദേശത്തു വെച്ചു പോലും കൊലപ്പെടുത്താന്‍ അതുപയോഗിച്ചു.

ലിബിയക്കു പുറത്ത് ഖദ്ദാഫി ഈ ദൃശ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മാത്രം അറിയപ്പെട്ടു. അന്തര്‍ദേശീയ വേദികളിലെ അദ്ദേഹത്തിന്‍റെ മിന്നുന്ന പ്രകടനങ്ങള്‍ അവഗണിക്കപ്പെട്ടു. പിന്നീട് പലപ്പോഴും ലിബിയയുടെ വിദേശ നയം ഓര്‍ക്കാപ്പുറത്ത് യൂ ടേണടിച്ചു. സോവിയറ്റ് യൂനിയന്‍റെ പതനത്തിന് ശേഷം കേണല്‍ ഖദ്ദാഫി തന്‍റെ നിലപാടുകളില്‍ അയവു വരുത്തി. രാജ്യത്തിന് മേലുള്ള  പിടിത്തം അയച്ചു. നിരവധി രാഷ്ട്രീയത്തടവുകാരെ വിട്ടയച്ചു. പിടിച്ചു വച്ച പാസ്പോര്‍ട്ടുകള്‍ തിരിച്ചു നല്‍കി. യാത്രാ നിയന്ത്രണങ്ങള്‍ നീക്കി.

പിന്നീട് ഖദ്ദാഫിയെ ക്ഷീണിപ്പിച്ചത് അടിക്കടി വന്ന പ്രശ്നങ്ങളായിരുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട ഒരു കൂട്ടം കേസുകള്‍‏; ലോക്കര്‍ബി ബോമിങ് അവയില്‍ അഗ്രിമ സ്ഥാനത്തു നിന്നു. അവയെല്ലാം രാജ്യത്തിനകത്തെ അദ്ദേഹത്തിന്‍റെ ജനകീയതയെ കുള്ളനാക്കിക്കൊണ്ടു വന്നു.

രാജ്യത്തിന് പുറത്തെ അംഗീകാരവും അംഗീകാരമില്ലായ്മയുമൊന്നും ഖദ്ദാഫിയുടെ പതനത്തില്‍ കാര്യമായ പങ്കു വഹിച്ചു എന്നു തോന്നുന്നില്ല. കാരണം, അമേരിക്കയുമായി അദ്ദേഹം ചങ്ങാത്തത്തിലായിക്കഴിഞ്ഞിരുന്നു. മകന്‍ സെയ്ഫുല്‍ ഇസ്ലാമിന്‍റെ പിആര്‍ മികവു കൊണ്ട് ടോണി ബ്ളയറും ബുര്‍ലസ്കോണിയുമെല്ലാം അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു. സ്വന്തം ജനതയുടെ തിരിഞ്ഞാക്രമണവും അദ്ദേഹം തന്നെ വരുത്തി വെച്ച ചോരക്കടങ്ങളുമായിരുന്നു ഈ പതനത്തെ വിളിച്ചു വരുത്തിയത്.

മൃതദേഹത്തോടു പോലും വിമതര്‍ ആദരവ് കാണിച്ചില്ല. നോക്കൂ, ഇങ്ങനെയൊരു മരണമായിരുന്നില്ല അദ്ദേഹം അര്‍ഹിച്ചിരുന്നത് എന്നു തന്നെയാണഭിപ്രായം. ദാരിദ്യ്രം നന്നേ കുറവ്, ചികില്‍സയും വിദ്യാഭ്യാസവും പൂര്‍ണമായും സൌജന്യം,പലിശയില്ലാത്ത വായ്പ, ജീവിതച്ചെലവിലെ കുറവ്, തുച്ഛമായ എണ്ണ വില, വീടുവെക്കാനുള്ള സഹായം, സന്നദ്ധതയുള്ള എല്ലാവര്‍ക്കും തൊഴില്‍… അങ്ങനെ അദ്ദേഹത്തോട് ലിബിയന്‍ ജനത ഒരു പാട് കടപ്പെട്ടിരിക്കുന്നു.

ഇതിന് മുമ്പ് ഖദ്ദാഫി നേരിട്ട ഏറ്റവും വലിയ അട്ടിമറി ശ്രമം 1990 കളില്‍ അദ്ദേഹത്തിന്‍റെ ഏറ്റവും വിശ്വസ്തരായ വര്‍ഫലാ ഗോത്രത്തിന്‍റെ ഭാഗത്തു നിന്നുള്ളതായിരുന്നു. സ്വന്തം ഗോത്രമായ ഖദ്ദാഫയും അക്കുട്ടത്തിലുണ്ടായിരുന്നു പോലും. വളരെ ക്രൂരമായിരുന്നുവത്രെ അതിനുള്ള പ്രതിക്രിയ.

ക്യാരറ്റും വടിയും, രണ്ടും അദ്ദേഹം വേണ്ടുവോളം ഉപയോഗപ്പെടുത്തി. ക്രൂരമായ പ്രതികാര ക്രിയകളും എണ്ണവരുമാനമുപയോഗിച്ച് അഴിമതിക്കാരായ വിമതരുടെ മൌനം വിലക്കു വാങ്ങലും കൈകോര്‍ത്തു നടന്നു.

ഇനിയെന്ത് എന്നതാണ് പ്രശ്നം. ഖദ്ദാഫിയോടെ പ്രശ്നം അവസാനിച്ചിരിക്കുകയല്ല; കൂടുതല്‍ ഗഹരമായിരിക്കുകയാണെന്ന് തോന്നുന്നു. പുതിയ വിപ്ളവത്തിന്റെ നേതാവാരാണ്? അയാളെ അംഗീകരിക്കാന്‍ എത്ര പേരെ കിട്ടും? പ്രബലമായ ഗോത്രങ്ങള്‍ക്ക് പുതിയ ഭരണ സംവിധാനത്തില്‍ എന്ത് റോളായിരിക്കുമുണ്ടാകുക? ഖദ്ദാഫിയുടെ ഗോത്രം വെറുതെയിരിക്കുമോ? ശത്രു മരിച്ചുമലര്‍ക്കുന്നതുവരെ സംതൃപ്തമാകാത്ത ബദവീ പ്രതികാര ദാഹം ഖദ്ദാഫിക്കു വേണ്ടി പകരം ചോദിക്കില്ലേ? വിമത പ്രവര്‍ത്തനങ്ങളുടെ എപിസെന്‍റര്‍ ആയിരുന്ന ബെന്‍ഗാസിയെ ഇതുവരെ രാജധാനി പദവിയില്‍ വിരാജിച്ച ട്രിപളി അംഗീകരിക്കുമോ? അശാന്തിയുടെ കനലുകള്‍ക്ക് മേല്‍ ചാരം മൂടിയേക്കാം പക്ഷേ അവ കരിക്കട്ടകളാകാന്‍ സമയമെടുക്കും. ഇപ്പോള്‍ തങ്ങള്‍ ഒരു യുദ്ധത്തിലാണ് എന്ന ആനുകൂല്യം ട്രാന്‍സിഷന്‍ കൊണ്‍സിലിന് ഒന്നു രണ്ട് മാസത്തേക്ക് കൂടി  ജനം കല്‍പിച്ചു നല്‍കിയേക്കാം. അവിടുന്നങ്ങോട്ട്? ആരുടെയെങ്കിലും കയ്യില്‍ തൃപ്തികരമായ ഉത്തരമുണ്ടെന്നു തോന്നുന്നില്ല.

അതെ, ആഭ്യന്തര ശാന്തി വേണ്ടുമോളമനുഭവിച്ച ലിബിയ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചു; ഭരണമാറ്റത്തിന്‍റെയും അനുബന്ധമായ സംഘര്‍ഷങ്ങളുടെയും.


ലിബയയുമായിമായി ബന്ധപ്പെട്ട കൂടുതല്‍ പോസ്റ്റുകള്‍ക്ക്‌:
ഇതൊക്കെയായിരുന്നു ജമാഹീരിയയിലെ വിശേഷങ്ങള്‍ 
അവിടെ കാരാഗ്രഹങ്ങളേതെങ്കിലും തകര്‍ന്നു കാണുമോ?
ആ യുഗം ഇവിടെ അവസാനിക്കുന്നു

28 comments:

  1. സാമൂഹിക വളര്‍ച്ച ലിബിയയില്‍ ഖദ്ദാഫി ഭരണ കാലത്ത്‌ അതിവെഗമായിരുന്നു എന്ന് പറയുന്നത് ഒരു തെട്ടല്ലായിരിക്കാം. അല്ലെങ്കിലും ജനങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ ആയ വൈദ്യുതി, കുടിവെള്ളം, ആശയ വിനിമയ സംവിധാനം, വിദ്യാഭാസ സ്ഥാപനാനങ്ങള്‍, ആശുപത്രികള് തുടങ്ങിയവ പാടെ തകര്‍ത്തെറിഞ്ഞു ഒരു ജനതയെ ഒറ്റപ്പെടുത്തി പിന്നെ കാടത്തം കാണിക്കുന്ന തന്തയില്ലയ്മതരം ലിബിയയിലും ആവര്‍ത്തിച്ചു എന്ന് പറയുന്നതാണ് ശരി.

    തിരിച്ചറിവ് നഷ്ടപെടാതിരുനാല്‍ ഭാവി തലമുറ എങ്കിലും രക്ഷപ്പെടും ..

    കുറച്ചെങ്കിലും ലിബിയന്‍ ജനതയുടെ ജീവിത രീതിയെ മാറ്റി മറിച്ച ആ മനുഷ്യന്റെ ഓര്മകള്ക്ക് മുമ്പില്‍ എന്റെ പ്രാര്ഥനകള്‍, അയാള്ക്കും എന്റെ കരുനാവാനിധിയായ റബ്ബ് പൊരുതു കൊടുക്കട്ടെ !!!!

    ReplyDelete
  2. ഇത് വിപ്ലവങ്ങള്‍ക്കൊക്കെ സംഭവിക്കുന്ന ഒരു ദുരന്ത പര്യവസാനം ആണ് .ഓരോ വിപ്ലവത്തിനും പിറകില്‍ കണ്ണീരിനെക്കാളും ചോരയെക്കാളും എടുത്താല്‍ പൊങ്ങാത്ത പ്രതീക്ഷകളുടെ (എന്തിനു വേണ്ടിയാണോ വിപ്ലവം നടത്തുന്നത് ,അതിനു നേരെ എതിരായ ചില പ്രതീക്ഷകള്‍ )ഉത്തോലകങ്ങള്‍ ഉണ്ട് .ആ പ്രതീക്ഷകളെ നിവര്‍ത്തിച്ചു കൊടുക്കുക എന്നത് പരമകാരുണികനു മാത്രം സാധ്യം ആയ കാര്യമാണ് .കുറെയൊക്കെ പിടിച്ചു നിന്നതിലൂടെ ഗദ്ദാഫി ഒരു ഇതിഹാസം തന്നെയാണ് എന്നാണ് തെളിയിച്ചത് .കമ്മ്യൂണിസം പോലെ ഒരു പ്രസ്ഥാനത്തിന് പോലും എന്പതു വര്‍ഷത്തിനു മേലെ നില നില്‍ക്കാനായില്ല .അപ്പോള്‍ നാല്‍പ്പതു വര്ഷം അന്താരാഷ്‌ട്ര സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച ഗദ്ദാഫി ചില്ലറക്കാരന്‍ ആണോ ?അമേരിക്ക ഒന്നും അറിഞ്ഞില്ല എന്നാ രീതിയിലുള്ള പോസ്റ്റിലെ പരാമര്‍ശങ്ങളോടും എനിക്ക് യോജിപ്പില്ല.ഗദ്ദാഫിയുടെ മൃതദേഹത്തോട് കാണിക്കപ്പെട്ട അനാദരവും ക്രൂരതയും അമേരിക്കയുടെ അദൃശ്യ സാന്നിധ്യം വിളിച്ചോതുന്നു ....

    ReplyDelete
  3. നല്ല കുറിപ്പ്.
    ലിബിയ ഒരു പരീക്ഷണ വസ്തുവായി ഇന്ന് ലോകത്തിന്റെ മുന്നിൽ അവശേഷിക്കുന്നു. അതിൽ നിന്നുള്ള പാഠമായിരിക്കും ഭാവി വിപ്ലവങ്ങലുടെ ഗതി നിർണ്ണയിക്കുക എന്ന് തോന്നുന്നു.

    ReplyDelete
  4. അപ്പോഴും അയാള്‍ ക്രൂരനായിരുന്നു... സ്വേച്ചാധിപതിയും.....

    ചരിത്രം ഫരോവമാര്‍ക്ക് ഒരുക്കി വെച്ചത് ദയനീയമായ മരണം തന്നെ...

    അതിനാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല...

    ചരിത്രത്തെ പോലും...

    ReplyDelete
  5. നല്ല പോസ്റ്റ്‌. നിങ്ങളുടെ അഭിപ്രായം തന്നെ എനിക്കും. ഒരാളോടും ഇങ്ങനെ ചെയ്യാന്‍ പാടില്ല.
    ബ്ലോഗ്‌ രംഗത്ത് ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി എല്ലാവരും പറയുന്നതിനൊപ്പം നില്‍ക്കുക എന്ന ശൈലി താങ്കള്‍ പിന്തുടര്‍ന്നില്ലല്ലോ.

    ReplyDelete
  6. നല്ലൊരു പോസ്റ്റ്‌. ഖദ്ദാഫിയുടെ നല്ല ഭരണാധികാരിയില്‍ നിന്നും അധ:പതനത്തിന്റെ പാതയിലേക്കുള്ള ജീവിതം സൈനോക്കുലരിലൂടെ മുന്‍പും വായിച്ചറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഖദ്ദാഫിയുടെ വായില്‍ നിന്നും ലോകം കേള്‍ക്കാന്‍ പാടില്ലാത്ത ഒരു പാടു കാര്യങ്ങള്‍ ഉണ്ട് എന്നതിന് തെളിവായിരുന്നു തെരുവില്‍ വെച്ച് അയാളെ കൊന്നതും, ജന മനസ്സുകളില്‍ എന്നും മോശമായ ഒരു ചിത്രം ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടി മൃതദേഹതിനോട് ഈ രീത്യില്‍ കാട്ടിക്കൂട്ടുന്നതും. ( ശത്രുവിന്റെ ശത്രു മിത്രം എന്നാ നിലയിലും കൂടിയാണ് ചിലപ്പോള്‍ ഖദ്ദാഫിയെയും, ലാദന്മാരെയും ഞാനും നോക്കിക്കാണുന്നത്. )

    അറബ് രാജ്യങ്ങളിലെ ജനങ്ങള്‍ ജനാധിപത്യം എന്നാ സംപ്രദായത്തിനെ എത്രമാത്രം ആഗ്രഹിക്കുന്നു, അത് അവരില്‍ അടിച്ച്ചെല്‍പ്പിച്ച്ചതാണോ എന്നതായിരിക്കും കുറച്ചു നാളുകള്‍ കഴിഞ്ഞാല്‍ നമുക്ക് വായിക്കാനിരിക്കുന്നത് ..

    അഭിനദനങ്ങള്‍ ഇക്ക..

    ReplyDelete
  7. ഒരു സ്വേച്ഛാധിപതിയുടെ അന്ത്യത്തിനുകൂടി ലോകം സാക്ഷിയായിരിക്കുന്നു. ലിബിയയെ കുറിച്ചും ഗധാഫിയെകുറിച്ചും കൂടുതല്‍ അറിയാന്‍ ഈ പോസ്റ്റുസഹായിച്ചു, ആരിഫ്ക്കാക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  8. എന്താ ഉസ്താദ്‌ ചെയ്യാ...വാളെടുത്തവന്‍ വാളാല്‍....

    ReplyDelete
  9. സ്വേച്ഛാധിപതിയുടെ മൃതദേഹം രണ്ടാം ദിവസം ആയിട്ടും അടക്കാന്‍ സാധിക്കാതെ ചന്തയിലെ കോള്‍ഡ്‌ സ്റ്റോറ്ജില്‍ തന്നെ ഇരിക്കുന്നതല്ലേ ഉള്ളൂ .......ഗദ്ദാഫിയെ കുറിച്ച് അറിയാന്‍ കഴിയാത്ത കുറെ കൂടി നല്ല വിവരങ്ങള്‍ ഇക്കാടെ പോസ്റ്റില്‍ കൂടി വായിക്കാന്‍ സാധിച്ചു .

    ReplyDelete
  10. നാലഞ്ചു വര്ഷംമുന്‍പ് ദുബായില്‍ വെച്ച് ലിബിയയില്‍നിന്നുള്ള ഒരു ഇസ്ലാമിക പണ്ഡിതനെ കാണാനിടയായി. അദ്ദേഹവുമായുള്ള സംഭാഷണത്തില്‍ ഒരു കാര്യം മനസിലായത് ഈ പോസ്റ്റിലും കണ്ടു. എന്ത് കൊണ്ട് ലിബിയക്കാര്‍ മറ്റു അറബുരാജ്യക്കാരെപ്പോലെ ഗള്‍ഫില്‍ ജോലിതേടി വരുന്നില്ല എന്ന ചോദ്യത്തിനുള്ള ഉത്തരം!
    ആരിഫ്‌ഭായ്‌. ആ വരികള്‍ ഇവിടെ പേസ്റ്റ്‌ ചെയ്യുന്നു.

    >>ദാരിദ്യ്രം നന്നേ കുറവ്, ചികില്‍സയും വിദ്യാഭ്യാസവും പൂര്‍ണമായും സൌജന്യം,പലിശയില്ലാത്ത വായ്പ, ജീവിതച്ചെലവിലെ കുറവ്, തുച്ഛമായ എണ്ണ വില, വീടുവെക്കാനുള്ള സഹായം, സന്നദ്ധതയുള്ള എല്ലാവര്‍ക്കും തൊഴില്‍… >>

    ReplyDelete
  11. ..ہم جان سے جاینگے تبھی بات بنیگی
    ..تم سے تو کوئی راہ نکالی نہیں جاتی

    ReplyDelete
  12. കുറെയധികം കാര്യങ്ങള്‍ അറിയാന്‍ ഈ പോസ്റ്റ് ഉപകരിച്ചു, സന്തോഷം.

    ReplyDelete
  13. ഇന്ന് ഞങ്ങളുടെ ലിബിയ കന്പന ഓഡിറ്ററ് അബൂദാബി ഓഫീസില് വന്നിരുന്നു. കുറെ നേരം അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹം അവിടെ മിലിറ്ററി ഓഡിറ്ററായി ജോലി നോക്കിയിരുന്നു. മിലിറ്ററിയില് ജോലിയിലുള്ള എല്ലാവരും എന്നും ഭയത്തോടെ യായിരുന്നത്രെ തുടര്ന്നിരുന്നത് കാരണം എപ്പോഴാണ് ഭരണാധികാരിയുടെ ഇഷ്ടാനിഷ്ടങ്ങള് മാറിമറിയുക എന്നറിയില്ല. ഇഷ്ട കഥാപാത്രങ്ങള് പലരും ഇത് കാരണം കുടുംബ സമേതം ജയിലിലായത് ഉദാഹരിച്ചു.

    പക്ഷെ കഴുക കണ്ണോടുകൂടി ലിബിയന് ജനതയെ രക്ഷിക്കാനെത്തിയ നാറ്റോ എന്ന കാപാലികരെ നാം ന്യായീകരിക്കരുത്.
    ലിബിയ ശരിയാകും എന്നാഗ്രിക്കാം വാര്ഫല്ലയും, ഗദ്ദാഫയും, ബര്ബര ഗോത്രവും പുതിയ ലിബിയക്കായ് കൈകോര്ക്കും എന്നാഗ്രഹിക്കാം. എല്ലാ യുവാക്കളും തോക്കുധാരികളാണ് എന്നത് വലിയ സുരക്ഷാ പ്രശ്നമാണ്. എന്റെ കൂട്ടുകാരന് ഫോണില് പറഞ്ഞു 3 എകെ 47 കയ്യിലുണ്ടെന്ന്. ഞാന് തിരിച്ചെത്തിയാല് സുരക്ഷക്കായി ഒന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്....

    ReplyDelete
  14. നല്ല ലേഖനം. വറചട്ടിയില്‍ നിന്ന് എരിതീയിലേയ്ക്ക് എന്നതുപോലെയാകുമോ കാര്യങ്ങള്‍...(ഈ സ്വേച്ഛാധിപതികള്‍ക്കൊന്നിനും സ്വരം നല്ലപ്പോ പാട്ട് നിര്‍ത്താനറിയില്ലെന്നുണ്ടോ )

    ReplyDelete
  15. നല്ല പോസ്റ്റ്‌.
    ഇനി ആ രാജ്യത്തിന്റെ ഭാവി ആർക്കെങ്കിലും പ്രവചിക്കാൻ കഴിയും എന്നു തോന്നുന്നില്ല..

    ReplyDelete
  16. വളരെ നല്ല ഒരു പോസ്റ്റ്‌..ഗധാഫ്ഫിയുടെ മേല്‍ കാട്ടുനീതി നടപ്പാക്കി ..ലിബിയ സ്വതന്ത്രയായി..അതും നേര് തന്നെ..പക്ഷെ, ഇത് നവീന കാല കൊളോണിയല്‍ അധിനിവേശം അല്ലെന്നാര് കണ്ടു..???അഫ്ഗാനിലൂടെ,ഇറാക്കിലൂടെ..ഇപ്പോള്‍ ലിബിയയിലും..ഇനി ഒരു പക്ഷെ ഇറാനില്‍ ആയിരിക്കും..സിറിയ .. യെമന്‍ എല്ലാം ഇതിന്റെ വക്കതാണ്...അങ്ങനെ ആധുനിക കോളനി വല്‍ക്കരണം പോടിപോടിക്കട്ടെ..

    ReplyDelete
  17. വാസ്തവം.. ഇങ്ങനെ ഒരു മരണമായിരുന്നില്ല കേണല്‍ അര്‍ഹിച്ചിരുന്നത്.. നല്ല പോസ്റ്റിന് ആശംസകള്‍!

    ReplyDelete
  18. ഗദ്ദാഫിയിലെ നന്മയെ അധികാര മോഹം കവര്‍ന്നു അതോടെ അദ്ദേഹത്തിന്‍ പതനവും വന്നു
    സേച്ച്വാതിപതികളുടെ പതനം നല്ലത് തന്നെ പക്ഷേ ഈ പതനങ്ങളിലൂടെ മറ്റൊരു നിശബ്ത സ്വെച്ചതിപതി കടന്നു വരുന്നത് ആരും കാണാതെ പോകുന്നു ഇനി ലോകം നേരിടേണ്ടി വരുന്ന സ്വെചാതിപതി

    ReplyDelete
  19. ഉയര്‍ച്ചയും അതോടൊപ്പം താഴ്ചയും നേരിട്ട ഒരു ഭരണാധികാരി. തന്റെ പതനം ഗദ്ദാഫി ക്ഷണിച്ചുവരുത്തുകതന്നെയായിരുന്നു എന്നതില്‍ സംശയമില്ല. ഇനി പിറവി കൊള്ളാന്‍ പോകുന്നത് മറ്റൊരു ഗദ്ദാഫിയല്ലെന്ന് ആരുകണ്ടു!

    നല്ല ലേഖനം... ആശംസകള്‍

    ReplyDelete
  20. Assalam Aliakum,

    Many thanks for sharing this write up. While I was watching TV, had the same feeling.

    What The Libiyans did to him is not justified whatever is the reasons they put forward against him.

    May Allah give him Magfirath....Ameen.

    Wassalam,
    Jasmine

    ReplyDelete
  21. പോസ്റ്റ് ഇഷ്ടപ്പെട്ടു...നന്നായി എഴുതിയിരിക്കുന്നു...
    ലിബിയയില്‍ എത്രയും പെട്ടന്ന് ശാന്തിയും സമാധാനവും കൈവരട്ടെ എന്ന് പ്രത്യാശിക്കാം...

    ReplyDelete
  22. ഭരണ മാറ്റം .... ജനാതിപത്യം എന്നൊക്കെ വിളിച്ചോതി സാമ്രാജ്യത്തിന്റെ അധിനിവേശ കൊതി അഫ്ഘാനിലും ഇറാക്കിലും ചെയ്തു വെച്ചത് മാപ്പര്‍ഹിക്കാത്ത ചില തെറ്റുകളാണ് . ഒരു ഏകാധിപതിയില്‍ നിന്നും രക്ഷ കാംഷിക്കുന്ന ജനം ചില സ്ഥാപിത താല്പര്യങ്ങള്‍ അടിച്ചേല്പിക്കുന്ന അധിനിവേശ കൊതിയന്മാരുടെ കയ്യിലെ പാവ ഭരണത്തിന് കീഴില്‍ കൂടുതല്‍ ദുരന്തങ്ങള്‍ ഏറ്റു വാങ്ങലാവും ഫലം . .... ആശംസകള്‍ മിസ്റ്റര്‍ ആരിഫ്‌

    ReplyDelete
  23. ഈ പോസ്റ്റ് കാണാന്‍ വൈകിയല്ലോ! എന്തിന്, വാര്‍ത്താ മാധ്യമങ്ങളോട് പൂര്‍ണ്ണവിരക്തി കാണിച്ച ആ ആഴ്ചയില്‍ തന്നെയായിരുന്നല്ലോ കേണലിന്റെ പതനം. അതറിഞ്ഞതും പിറ്റേന്ന് മാത്രം! ഓരോ നാടിനും അറിയപ്പെടാത്ത ഒരു മുഖമുണ്‍ട്. ആ മുഖം ഒന്നുകില്‍ അലങ്കാരച്ചമയങ്ങള്‍ കൊണ്ട് മോടിപിടിപ്പിക്കപ്പെട്ട വിക്റ്തമായ ഒന്നാവും അല്ലെങ്കില്‍ കരിവാരിത്തേച്ച് വിക്റ്തമാക്കപ്പെട്ട ഒരു കോമളവദനമാവാം. തീരുമാനം മാധ്യമങ്ങളുടെതോ അല്ലെങ്കില്‍ ചില പ്രത്യേക താത്പര്യക്കാരുടേതോ ആണ്.

    അശാന്തിയുടെ കലക്കുവെള്ളത്തില്‍ മധുരം നുകരുന്നവര്‍ക്ക് എന്നും ചില ചോരക്കളങ്ങള്‍ ആവശ്യമാണ്. സ്വന്തം തലകൊയ്തുകൊടുത്ത് അവര്‍ക്കായി വിരുന്നൊരുക്കകയാണ് ഖദ്ദാഫി ചെയ്തതെന്നാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ചെയ്തികളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

    ReplyDelete
  24. അയ്യോ, ഇത് മിസ് ആയേനേ സർ.. സൂപ്പർ പോസ്റ്റ്! ലിബിയയിലെ സ്ഥിതിഗതികൾ വളരെ അടുത്തു നിന്നു കണ്ട ഒരു ഫീൽ! ഇനിയും വരാം..

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. ഒരു ചരിത്രാഖ്യാനമാണ്‌ല്ലോ സാബ്‌, ഇവിടെയും പ്രൊഫഷണല്‍ ടച്ച്‌ നിലനിര്‍ത്തി എന്ന് പ്രത്യേകം പരാമര്‍ശിക്കുന്നു. ഏഷ്യാനെറ്റിന്‌റെ ലോകം പോയവാരം എന്ന പംക്തി കാണുന്ന ആവേശത്തോടേ വായിച്ച്‌ തീര്‍ക്കാന്‍ കഴിഞ്ഞു. ഇങ്ങനെയൊരു മരണമായിരുന്നില്ല എന്ന് തുടങ്ങുന്ന താഴെയൂള്ള വരികളെ സാധൂകരിക്കുന്ന വിവരങ്ങള്‍ തന്നെയാണ്‌ നിഷ്പക്ഷ മാധ്യമങ്ങള്‍ അദ്ദേഹത്തിന്‌റെ മരണാനന്തരം അറിയിച്ച്‌ കൊണ്‌ടിരുന്നത്‌.. അത്‌ സത്യം തന്നെയാണ്‌ എന്ന് നിഷ്പക്ഷമായി ഞാനും കരുതുന്നു.

    *******************************************************
    ഇങ്ങനെയൊരു മരണമായിരുന്നില്ല അദ്ദേഹം അര്‍ഹിച്ചിരുന്നത് എന്നു തന്നെയാണഭിപ്രായം. ദാരിദ്യ്രം നന്നേ കുറവ്, ചികില്‍സയും വിദ്യാഭ്യാസവും പൂര്‍ണമായും സൌജന്യം,പലിശയില്ലാത്ത വായ്പ, ജീവിതച്ചെലവിലെ കുറവ്, തുച്ഛമായ എണ്ണ വില, വീടുവെക്കാനുള്ള സഹായം, സന്നദ്ധതയുള്ള എല്ലാവര്‍ക്കും തൊഴില്‍… അങ്ങനെ അദ്ദേഹത്തോട് ലിബിയന്‍ ജനത ഒരു പാട് കടപ്പെട്ടിരിക്കുന്നു.

    ReplyDelete
  27. മാത്തുക്കുട്ടി ജെ കുന്നപ്പള്ളി എഴുതിയ വാളക്കയം മുതൽ ട്രിപ്പൊളി വരെ എന്ന പുസ്തകത്തിലാണ് ആദ്യമായി ഗദ്ദാഫിയുടെ ഭരണ നൈപുണ്യത്തെക്കുറിച്ച് ഞാൻ വായിയ്ക്കുന്നത്......

    ഈ കുറിപ്പ് വളരെ നന്നായി.

    ReplyDelete
  28. വിജ്ഞാനപ്രദം. നന്ദി ആരിഫ്‌ ജി,
    കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ബന്ധപ്പെട്ട അടുത്ത പോസ്റ്റ്‌ നോക്കട്ടെ.
    എങ്കിലും ഗോത്രങ്ങളുടെ മാത്രം വൈരാഗ്രം മൂലമാണോ അദ്ദേഹം നിഷ്കാസനം ചെയ്യപ്പെട്ടത്? അതില്‍ ബാഹ്യ ശക്തികളുടെ പങ്ക്? അതൊന്നും വിവരിച്ചു കണ്ടില്ല.

    ReplyDelete