പേജുകള്‍‌

21 January, 2013

കറുത്ത അതിരുകള്‍

സാദത്ത്‌ ഹസന്‍ മന്‍ടോയുടെ സിയാഹ് ഹാഷിയെ (കറുത്ത വക്കുകള്‍ )എന്ന കഥാസമാഹാരത്തിലെ ഏതാനും കഥകള്‍ ഇവിടെ തര്‍ജ്ജമ ചെയ്തു പോസ്റ്റ്‌ ചെയ്യുന്നു. വേറെ വേറെ കഥകളാണിവയെങ്കിലും ഒരുമിച്ചു വായിക്കുമ്പോള്‍ എല്ലാം കൂടി ഒരു കഥയായി മാറുന്നു. നിറയെ കറുത്ത ഫലിതം കുത്തി നിറച്ച ഈ കഥകള്‍ പിറവി കൊണ്ട പശ്ചാത്തലം മനസ്സിലാക്കണമെന്നുള്ളവര്‍ ഇവിടെ ഞെക്കുക 

ചെരിപ്പു മാല
ജൂത്ത

സംഘം അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി; സര്‍ ഗംഗാ റാമിന്‍റെ പ്രതിമക്കരികിലേക്ക്. അവര്‍ പ്രതിമയില്‍ വടി കൊണ്ടടിച്ചു, കല്ലെറിഞ്ഞു, കരിയോയിലൊഴിച്ചു. അതിനിടെ മറ്റൊരാള്‍ പഴയ ചെരിപ്പുകള്‍ കൊണ്ട് തീര്‍ത്ത മാല ചാര്‍ത്താനായി പ്രതിമക്കരികിലേക്ക് നീങ്ങി.
പൊലീസെത്തി. വെടിവെച്ചു.
ചെരിപ്പുമാല പിടിച്ചു നില്‍ക്കുന്നയാള്‍ക്ക് വെടിയേറ്റു.
സമയം കളയാതെ അയാളെ ചികിത്സക്കായി സര്‍ ഗംഗാ റാം സ്മാരക ആശുപത്രിയിലെത്തിച്ചു.  
***

അറിവില്ലായ്മയുടെ മെച്ചം
ബേഖബരി കാ ഫായെദാ

കാഞ്ചി വലിഞ്ഞു; കൈത്തോക്കില്‍ നിന്ന് വെടിയുണ്ട പാഞ്ഞു. ജനല്‍ വഴി രംഗം വീക്ഷിക്കുകയായിരുന്ന മദ്ധ്യവയസ്കന്‍ തല്‍ക്ഷണം മൃതിയടഞ്ഞു. രണ്ടാമതും കാഞ്ചി വലിഞ്ഞു. വെള്ളം വിതരണക്കാരന്‍റെ തോല്‍ത്തൊട്ടി പൊട്ടി. നിലംപതിച്ച അയാളുടെ രക്തത്തോടൊപ്പം വെള്ളം റോഡിലൂടെ ഒഴുകി. മൂന്നാമത്തെ വെടി ഉന്നം തെറ്റി. അതൊരു കുതിര്‍ന്ന മതിലില്‍ പോയി തറച്ചു. 
നാലാത്തെ ഉണ്ട മുതുകില്‍ തറച്ച വൃദ്ധ നിലവിളി പോലുമില്ലാതെ മരിച്ചു വീണു. 
ആരും മരിച്ചില്ല, ആര്‍ക്കും പരിക്കേറ്റില്ല ഇതായിരുന്നു അഞ്ചും ആറും ഉണ്ടകളുടെ സ്ഥിതി. 
വെടിക്കാരന്‍ അസ്വസ്ഥനായി. ഒരു കൊച്ചു കുട്ടി റോഡ് മുറിച്ചു കൊണ്ടോടുന്നത് അയാളുടെ ശ്രദ്ധയില്‍ പെട്ടു. അയാള്‍ തോക്ക് അവനു നേരെ ചൂണ്ടി.
‘നീയെന്താ ചെയ്യുന്നത്?’ അയാളുടെ കൂട്ടുകാരന്‍ ചോദിച്ചു. ‘നിന്‍റെ തോക്കില്‍ ഉണ്ട ബാക്കിയില്ല.’
‘മിണ്ടാതിരി! അതാ കുട്ടിക്കെങ്ങനെ അറിയാം?’
***

ഉചിതമായ നടപടി
മുനാസിബ് കാര്‍വായി

കലാപമുണ്ടായപ്പോള്‍ പ്രദേശ വാസികളായ ന്യൂനപക്ഷ സമുദായത്തില്‍ പെട്ട ചിലര്‍ കൊല്ലപ്പെടുകയുണ്ടായി. ബാക്കിയായവര്‍ ജീവനും കൊണ്ടോടി. ഒരാള്‍ മാത്രം പക്ഷേ അയാളുടെ ഭാര്യയെയും കൂട്ടി പത്തായപ്പുരയിലൊളിച്ചു.
മൂന്നു രാത്രികളും മൂന്നു പകലുകളും അവര്‍ അക്രമികള്‍ക്കു വേണ്ടി വൃഥാ കാത്തിരുന്നു. വീണ്ടും രണ്ടു ദിവസങ്ങള്‍ കൂടി അവിടെ. മരണത്തെക്കുറിച്ചുള്ള ഭയം കുറഞ്ഞു വന്നു. വെള്ളത്തിനും ഭക്ഷണത്തിനുമുള്ള ആഗ്രഹം ശക്തമായി.
നാലു ദിനങ്ങള്‍ കൂടി കഴിഞ്ഞു. ജീവിതവും മരണവുമൊന്നും ഇപ്പോള്‍ ദമ്പതികളെ അലട്ടുന്ന പ്രശ്നമേ അല്ല. ഇരുവരും ഒളിവില്‍ നിന്ന് പുറത്തു വന്നു. 
ഭര്‍ത്താവ് അതുവഴി പോകുന്ന ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു. ക്ഷീണിച്ച സ്വരത്തില്‍ അയാള്‍ വിളിച്ചു പറഞ്ഞു, ‘ദയവു ചെയ്ത് ഞങ്ങളെയൊന്ന് കൊല്ലൂ. ഞങ്ങള്‍ കീഴടങ്ങുന്നു.’  
വിളി കേട്ടയാള്‍ കൈമലര്‍ത്തി, ‘ഞങ്ങളുടെ മതത്തില്‍ ജീവനെടുക്കുന്നത് പാപമാണ്’ 

അവര്‍ ജൈന മതക്കാരായിരുന്നു. എന്നാല്‍ അല്‍പ നേരത്തെ കൂടിയാലോചനക്കു ശേഷം അവര്‍ ഭാര്യയെയും ഭര്‍ത്താവിനെയും ഉചിതമായ നടപടികള്‍ക്കായി തൊട്ടടുത്ത പ്രദേശത്തുള്ളവര്‍ക്കെത്തിച്ചു കൊടുത്തു.
***

പഠാനിസ്താന്‍

'ഖോ എക്ദം ജല്‍ദി ബോലോ, തും കോനേ?'
'മേ...മേ...' 
'ഖോ ശേത്താന്‍ കാ ബച്ചാ ജല്‍ദി ബോലോ..... ഇന്ദൂ ഏ യാ മുസ്ലിമീന്‍?'
'മുസ്ലിമീന്‍'
'ഖോ തുമാരാ റസൂല്‍ കോനേ?'
'മുഹമ്മദ് ഖാന്‍'
'ടീകേ … ജാഊ'
***
അങ്ങനെയല്ല; ഇതാ.. ഇങ്ങനെ
ഹലാല്‍ ഓര്‍ ഝട്കാ

‘ഞാനവന്‍റെ കഴുത്തിലെ രക്തക്കുഴലില്‍ തന്നെ കത്തി വച്ചു. പതുക്കെ, വളരെ പതുക്കെ ഞാനവനെ അറുത്തു.’
ഛെ! നീയെന്താ ചെയ്തത്? 
‘എന്തേ?’
‘നീ എന്തിന് അയാളെ അങ്ങനെ കൊന്നു?’
‘അങ്ങനെ കൊല്ലുന്നതാണ് ഒരു രസം.’
‘വിഡ്ഢീ, നീ അവനെ ഒറ്റവെട്ടിന് (ഝട്ക) കൊല്ലേണ്ടിയിരുന്നു. ഇതാ ഇങ്ങനെ’ 
പതുക്കെ ഹലാല്‍ കൊല നടത്തിയവന്‍റെ തല ഝട്കയായി- തലയും ഉടലും വേറെവേറെയായി.

(മുസ്ലിംകള്‍ മൃഗങ്ങളെ അറുക്കുക പതുക്കെ മൂര്‍ന്നാണ് ;ഹലാല്‍ ചെയ്യുക എന്നു പറയും എന്നാല്‍ സിഖുകാര്‍ അവയെ ഒറ്റവെട്ടിന് അറുക്കുകയാണ് ചെയ്യുക ഇതാണ് ഝട്ക) 
***
നഷ്ടക്കച്ചവടം
ഘാട്ടെ കാ സോദാ

പത്തിരുപത് പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്ന് നാല്‍പത്തി രണ്ട് രൂപ കൊടുത്താണ് രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരെണ്ണത്തിനെ വാങ്ങിയത്.
‘നിന്‍റെ പേരെന്താ?’ ഒരാള്‍ ചോദിച്ചു.
പേരു കേട്ടതും അയാള്‍ കോപം കൊണ്ട് വിറച്ചു.
‘നീ മറ്റേ സമുദായത്തില്‍ പെട്ടവളാണെന്നാണല്ലോ ആ ചങ്ങാതി ഞങ്ങളോടു പറഞ്ഞിരുന്നത്!’
‘അയാള്‍ നുണ പറഞ്ഞതാണ്’ പെണ്‍കുട്ടി പറഞ്ഞു.
അയാള്‍ ഓടി കൂട്ടുകാരന്‍റെ വീട്ടിലെത്തി, ‘ആ തന്തയില്ലാത്തവന്‍ നമ്മളെ പറ്റിക്കുകയായിരുന്നു. നമ്മുടെ സമുദായത്തില്‍ പെട്ട ഒരു പെണ്ണിനെ തന്നെ നമ്മുടെ തലയില്‍ വെച്ചു കെട്ടി. വാ, തിരിച്ചു കൊടുത്തിട്ട് വരാം.’
***
താക്കീത്
ഖബര്‍ദാര്‍)

ഏറിയ പിടിവലികള്‍ക്കു ശേഷമാണ് കെട്ടിട ഉടമയെ പുറത്തുകൊണ്ടു വന്ന് കൊല്ലുന്നവര്‍ക്ക് മുമ്പിലിട്ടു കൊടുക്കാന്‍ അവര്‍ക്ക് സാധിച്ചത്. അയാള്‍ എഴുന്നേറ്റ് നിന്ന് വസ്ത്രങ്ങള്‍ പറിച്ചെറിഞ്ഞു. ‘നിങ്ങളെന്നെ കൊന്നോളൂ, പക്ഷേ എന്‍റെ ഒരു രൂപയോ പൈസയോ തൊട്ടു പോകരുത്.. പറഞ്ഞില്ലെന്ന് വേണ്ട...’
 ***

വീതം വെപ്പ്
തഖ്സീം

അവരിലൊരാള്‍ തെരഞ്ഞെടുത്തത് വലിയൊരു മരപ്പെട്ടിയായിരുന്നു. പൊക്കാന്‍ ശ്രമിച്ചെങ്കിലും അതൊരിഞ്ച് നീക്കാന്‍ പോലും അയാള്‍ക്കായില്ല.
ഒന്നും കിട്ടാതെ നിരാശനായി ഇതെല്ലാം കണ്ടു നില്‍ക്കുകയായിരുന്ന മറ്റൊരാള്‍ സഹായ ഹസ്തം നീട്ടി. ‘ഞാന്‍ സഹായിക്കണോ?’ 
‘ശരി’ 
അതുവരെ ഒന്നും തരമാകാതെ നില്‍ക്കുകയായിരുന്നയാള്‍ പെട്ടി ബലിഷ്ഠമായ കൈകള്‍ കൊണ്ടുയര്‍ത്തി ഒരു ഞരക്കത്തോടെ പുറത്ത് വഹിച്ചു. ഇരുവരും പുറത്തിറങ്ങി.
പെട്ടിക്ക് നല്ല ഭാരമുണ്ടായിരുന്നു. ഏറ്റിയ ആള്‍ അതിന്‍റെ ഭാരത്തിന് കീഴെ ഞെരിഞ്ഞു. കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു. എന്നാല്‍ കിട്ടാനുള്ള പ്രതിഫലമോര്‍ത്ത്, പ്രയാസം വകവെക്കാതെ അയാള്‍ നടന്നു.
പെട്ടി കണ്ടെത്തിയ ആള്‍ ഏറ്റുന്ന ആളെ അപേക്ഷിച്ച് വളരെ ദുര്‍ബ്ബലനായിരുന്നു. വഴിയിലുടനീളം അയാള്‍ ഒരു കൈ പെട്ടിയില്‍ വച്ചു കൊണ്ട് തന്‍റെ അവകാശം പ്രഖ്യാപിച്ചു കൊണ്ടിരുന്നു. സുരക്ഷിതമായ ഒരിടത്തെത്തിയപ്പോള്‍ പെട്ടി അവിടെ ഇറക്കി വച്ചു. എല്ലാ വിഷമങ്ങളും സഹിച്ചവന്‍ ചോദിച്ചു, ‘പറയൂ, ഈ പെട്ടിയില്‍ നിന്ന് എന്‍റെ പങ്കെന്താണ്?’ 
‘നാലിലൊന്ന്’ പെട്ടി ആദ്യം കണ്ടെത്തിയവന്‍ പറഞ്ഞു.
‘അത് വളരെ കുറഞ്ഞു പോയി’ 
‘എനിക്കങ്ങനെ തോന്നുന്നില്ല, തന്നെയുമല്ല വളരെ കൂടുതലുമാണ്. ഞാനാണത് കണ്ടെത്തിയത് എന്ന് നീ ഓര്‍ക്കണം’
‘അത് ശരിയാണ്. പക്ഷേ, ഇതുവരെ മുതുക് തകര്‍ത്ത് ഏറ്റിക്കൊണ്ടുവന്നതാരാണ്?
‘എന്നാല്‍ പകുതിയും പകുതിയും..സമ്മതമാണോ?’
‘ശരി, പെട്ടി തുറക്ക്’
പെട്ടി തുറന്നതും അതിനുള്ളില്‍ നിന്ന് വാളും പിടിച്ച് ഒരാള്‍ എഴുന്നേറ്റ് നിന്ന് രണ്ട് അവകാശികളെയും നാലായി ഭാഗിച്ചു.
                                                     ***
ജെല്ലി

രാവിലെ ആറു മണിക്ക് ഉന്തുവണ്ടിയില്‍ ഐസ് വിറ്റിരുന്നയാള്‍ പെട്രോള്‍ പമ്പിന്നരികില്‍ കുത്തേറ്റ് മരിച്ചു. ഏഴു മണി വരെ ജഡം റോഡില്‍ കിടന്നു. ഐസുരുകി റോഡിലൂടെ വെള്ളമായി ഒഴുകി.
ഏഴെ കാലിന് പൊലിസെത്തി ജഡം മാറ്റി. ഐസിന്‍റെയും രക്തത്തിന്‍റെയും മിശ്രിതം റോഡില്‍ കട്ടപിടിച്ചു കിടന്നു.
അന്നേരം ആ വഴി ഒരു കുതിരവണ്ടി കടന്നു പോയി. ഐസും രക്തവും കട്ടപിടിച്ചു കിടക്കുന്നത് കണ്ട കൊച്ചു കുട്ടി അമ്മയുടെ കുപ്പായം പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു ‘നോക്കൂ അമ്മേ, ജെല്ലി’
                                                     ***


പരാതി
ഉല്‍ഹനാ

നോക്കൂ ചങ്ങാതീ, നീ ബ്ലാക്ക് മാര്‍ക്കറ്റ് വിലയും ഈടാക്കി വകക്ക് കൊള്ളാത്ത പെട്രോളും തന്നു. നോക്ക്, ഒരൊറ്റ കട പോലും കത്തിയില്ല.
                                                  ***

പണിതുടങ്ങാന്‍ സമയമായി
ദാവത്തെ അമല്‍

തീ ആളിപ്പടര്‍ന്നു. ആ പ്രദേശം മുഴുവന്‍ കത്തിച്ചാമ്പലായി. ഒരു കടയും അതിന് പുറത്തു തൂക്കിയ ‘ഇവിടെ നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കപ്പെടും’എന്നെഴുതിയ ബോഡും മാത്രം ബാക്കിയായി. 
                                                   ***
തിരുത്ത്
ഇസ് ലാഹ്

'നീ ആരാ?'
'ആരാ നീ?'
'ഹര ഹര മഹാദേവ! ഹരഹര മഹാദേവ!
ഹരഹര മഹാദേവ!'
'തെളിവെന്താ?'
'തെളിവ്.... എന്‍റെ പേര് ധര്‍മ്മചന്ദ്രന്‍ എന്നാണ്.'
'അതൊരു തെളിവല്ല.'
'നാലു വേദങ്ങളില്‍ നിന്നെന്തെങ്കിലും എന്നോട് ചോദിച്ചോളൂ... ഉത്തരം തരാം'
'ഞങ്ങള്‍ക്ക് വേദങ്ങള്‍ അറിയില്ല. തെളിവ് താ'
'എന്ത് തെളിവ്?'
'പൈജാമ താഴ്ത്തൂ'
പൈജാമ താഴ്ന്നതും ഒരട്ടഹാസം. ‘കൊല്ലവനെ, കൊല്ലവനെ’
‘നില്‍ക്ക് നില്‍ക്ക്. ഞാന്‍ നിങ്ങളുടെ സഹോദരനാണ്. ഭഗവാനാണെ സത്യം. ഞാന്‍ നിങ്ങളുടെ സഹോദരനാണ്.’
‘പിന്നെ ഇത്?’
‘ഞാന്‍ ഇപ്പോള്‍ വരുന്നത് നമ്മുടെ ശത്രുക്കളുടെ പ്രദേശത്തു നിന്നാണ്. അതിനാല്‍ ഞാന്‍ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതനായി. സ്വന്തം ജീവന്‍ രക്ഷപ്പെടുത്താന്‍ വേണ്ടി മാത്രം..... അത് മാത്രമാണെന്‍റെ തെറ്റ്. ബാക്കിയെല്ലാം ഞാന്‍ ഓക്കെയാണ്.’
‘ആ തെറ്റ് ശരിയാക്കൂ' അയാള്‍ കൂടെ നില്‍ക്കുന്നവരോടലറി.
ആ തെറ്റ് ശരിയാക്കി. കൂടെ ധര്‍മ്മചന്ദ്രനെയും.
                                                   ***
സോഷ്യലിസം
ഇഷ്തിറാകിയത്ത്

അയാള്‍ തന്‍റെ വീട്ടിലെ മുഴുവന്‍ സാധന സാമഗ്രികളും ഒരു ട്രക്കില്‍ കയറ്റി അടുത്ത നഗരത്തിലേക്ക് പോവുകയായിരുന്നു. വഴിയില്‍ ആക്കൂട്ടം വണ്ടി തടഞ്ഞു.
‘നോക്കൂ ചങ്ങാതീ, എന്തൊരു രസത്തിലാ പഹയന്‍ ഇത്രയധികം സാധങ്ങള്‍ ഒറ്റക്കടിച്ചെടുത്ത് കൊണ്ടുപോകുന്നത്’
‘ഇതെന്‍റെ സ്വന്തം വീട്ടിലെ വസ്തുവഹകളാണ്.’ ഉടമ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
രണ്ട് മൂന്ന് പേര്‍ ചിരിക്കുകയും ചെയ്തു, ‘എല്ലാം ഞങ്ങള്‍ക്കറിയാം’
ഒരാള്‍ അലറി, 'അവയെല്ലാം എടുത്തോളൂ. ഇവന്‍ പണക്കാരനാണ്. ട്രക്ക് ഉപയോഗിച്ച് കളവ് നടത്തുന്ന പെരുങ്കള്ളന്‍ .'
                                                 ***
സോറി

കത്തി വയറ്റില്‍ ആഴ്ന്നിറങ്ങി. നാഭി തുളച്ചു. താഴോട്ട് താഴോട്ട് വന്ന് പൈജാമയുടെ ചരടറുത്തു. കത്തി കയറ്റിയവന്‍റെ വായില്‍ നിന്ന് ഖേദത്തിന്‍റെ ശബ്ദം ഉതിര്‍ന്ന് വീണു.
‘ഛെ ഛെ ഛെ ഛെ ഛെ മിസ്റ്റെയ്ക്ക്.’
                                                  ***
യോഗഭാഗ്യം
ഖിസ്മത്

ഒന്നുമില്ല ചങ്ങാതി... ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ആകെയൊരു പെട്ടിയാണ് കൈയില്‍ തടഞ്ഞത്. കള്ള പന്നിയുടെ ഇറച്ചിയേ അതിലുണ്ടായിരുന്നുള്ളൂ.
                                                  ***

മുന്‍കരുതല്‍ നടപടികള്‍
പേശ് ബന്ദി

ഒന്നാമത്തെ സംഭവം തെരുവിന്‍റെ ആ മൂലിയില്‍ ഹോട്ടലിന് മുമ്പിലാണുണ്ടായത്. വൈകാതെ ഒരു പൊലിസുകാരനെ അവിടെ പോസ്റ്റ്‌ ചെയ്തു. 
രണ്ടാമത്തെ സംഭവം പിറ്റേ ദിവസം വൈകുന്നേരമാണുണ്ടായത്; ജനറല്‍ സ്റ്റോറിന് തൊട്ടടുത്ത്. പൊലിസുകാരനെ അങ്ങോട്ട് മാറ്റി.
മൂന്നാമത്തെ സംഭവം രാത്രി 12 മണിക്ക് ലോന്‍ഡ്രിക്കരികില്‍ വെച്ചാണുണ്ടായത്. 
അങ്ങോട്ടു നീങ്ങാനുള്ള നിര്‍ദ്ദേശം നല്‍കിയ ഇന്‍സ്പെക്ടറോട് പൊലീസുകാരന്‍ പറഞ്ഞു, അടുത്ത കൊലപാതകം നടക്കുന്ന സ്ഥലത്തേക്ക് എന്നെ മാറ്റാത്തതെന്ത്?’
                                                  ***

എല്ലാം അവന്‍റെ ഔദാര്യം 
സദഖേ ഉസ്കേ

മുജ്ര (നൃത്ത സദസ്സ്) സമാപിച്ചു. കാണികളെല്ലാം പിരിഞ്ഞു പോയി. അന്നേരം ഉസ്താദ്ജി പറഞ്ഞു, എല്ലാം കൊള്ള ചെയ്യപ്പെട്ട് വെറും കൈയ്യോടെയാണ് നാം ഇവിടെ വന്നത്. സര്‍വ്വശക്തന് സ്തുതി. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഈ രൂപത്തില്‍ അവന്‍ നമുക്ക് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞുവല്ലോ. 
                                                    ***

നന്ദിയില്ലാത്ത വര്‍ഗ്ഗം
ആംഘോ പര്‍ ചര്‍ബി

നമ്മുടെ സമുദായക്കാരുടെയൊരു കാര്യം. എത്ര കഷ്ടപ്പെട്ടാണ് അമ്പത് പന്നികളെ പിടിച്ചു കൊണ്ടു വന്ന് ഈ പള്ളിയില്‍ വെച്ചറുത്തത്. അവിടെ അമ്പലങ്ങളിലറുത്ത ഗോ മാംസം ഥടഥടാ വിറ്റു പോകുന്നു. ഇവിടെയോ? പന്നിയിറച്ചി വാങ്ങാനായി ഒരു നായിന്‍റെ മോന്‍ പോലും വരുന്നില്ല.
                                                    ***

എനിക്കൊന്ന് വിശ്രമിക്കണം
ആറാം കി സറൂറത് ഹെ

‘ഇത് വരെ മരിച്ചില്ല.... നോക്ക് ഇപ്പോഴും ജീവന്‍ ബാക്കിയുണ്ട്.’
‘അവടെ നിക്കട്ടെ ചങ്ങാതീ…. ഞാന്‍ ആകെ ക്ഷീണിതനാണ്.’


മന്‍ടോയുടെ മറ്റു കഥകള്‍ക്കായി താഴെ  ലിങ്കില്‍ ഞെക്കുക 

ടോബാ ടേക് സിങ്: ഒരു സ്വാതന്ത്യ്രദിന സമ്മാനം


14 July, 2012

അങ്ങനെ ഒരു നോമ്പു കാലത്ത്‌.........


റമദാനിലെ നോമ്പുമായി ബന്ധപ്പെട്ട് ഒരു മൂന്നാം ക്ലാസുകാരന്‍റെ ഓര്‍മ്മയുണ്ടെനിക്ക്. പിന്നീട് വളയംകുന്നത്ത് ഉണ്ണികൃഷ്ണന്‍ നായരായി രൂപപരിണാമം സിദ്ധിച്ച കളിക്കൂട്ടുകാരനും തൊട്ടയല്‍ക്കാരനും ഇപ്പോള്‍ റിയാദിലെ ഓഫീസില്‍ നിത്യവിശ്രമം കൊള്ളുന്നവനുമായ ഉണ്ണിയുടെ കൊടുംചതിയുടെ കഥ കൂടിയാണത്. 

സ്കൂളിലും മദ്രസയിലും ചെന്ന് കൂട്ടുകാരോട്  എനിക്കിത്ര നോമ്പായി എന്ന് വീമ്പിളക്കുക എന്നതില്‍ കവിഞ്ഞ ലക്ഷ്യം നോമ്പെടുക്കുന്നതു കൊണ്ട് കുട്ടികളായ ഞങ്ങള്‍ക്കുണ്ടായിരുന്നോ എന്നത് സംശയമാണ്. ശീലമാക്കാന്‍ വേണ്ടി മാത്രം ചില നോമ്പുകള്‍ കുട്ടികളെക്കൊണ്ടെടുപ്പിക്കുക എന്ന ലക്ഷ്യമേ രക്ഷിതാക്കള്‍ക്കുമുണ്ടായിരുന്നുള്ളൂ. 

മുഖവുരയുടെ രണ്ടാം ഭാഗത്തേക്ക് വരട്ടെ. പറഞ്ഞതു പോലെ ഉണ്ണി എന്‍റെ കളിക്കൂട്ടുകാരനാണ്. ഉമ്മ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥക്കു കീഴിലാണ് ഞാനും അനിയനും വളര്‍ന്നു വന്നത്. ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഏതാണ്ട് അതേ കാലത്തു തന്നെയായായിരിക്കണം ഉമ്മ ഞങ്ങളുടെ വീട്ടിലും അത് പ്രഖ്യാപിക്കുന്നത്. ഇന്ന സമയത്ത് ഉണര്‍ന്നു കൊള്ളണം, അവിടേക്ക് പോകരുന്നത്, അവരുമായി കൂട്ടുകൂടരുത്, അവന്‍റെ കൂടെ പോയാല്‍ മതി, അങ്ങോട്ടു നോക്കരുത്നൂറുകൂട്ടം കല്‍പ്പനകള്‍.., എവിടെയായിരുന്നു? അവനേതാ? അതെവിടെ? മറ്റൊരു നൂറു കൂട്ടം, ചോദ്യങ്ങളായും വന്നെത്തും.  

പത്തൊമ്പത് മാസത്തിനു ശേഷം ശ്രീമതി ഗാന്ധി അവരുടെ അടിയന്തിരാവസ്ഥ പിന്‍വലിച്ചെങ്കിലും ഞങ്ങളുടെ സ്വന്തം അടിയന്തിരാവസ്ഥ പിന്നെയും വര്‍ഷങ്ങള്‍ നീണ്ടു നിന്നു. എപ്പോഴെങ്കിലും വീട്ടിലെത്തുന്ന ബാപ്പയുടെ അസാന്നിദ്ധ്യത്തില്‍ മക്കള്‍ ചീത്ത കൂട്ടൂകെട്ടുകളില്‍ ചെന്ന് ചാടാനുള്ള ചാന്‍സ് കൌമാര പ്രായത്തില്‍ കൂടുതലാണല്ലോ അതിനുള്ള മുന്‍കരുതലുകളാണവ. എന്നാല്‍, ഉണ്ണിയോടൊപ്പം എനിക്കെവിടെയും പോകാമായിരുന്നു. ഉമ്മയുടെ കണ്ണില്‍ അവന്‍ സല്‍ഗുണ സമ്പന്നനും സുശീല കുലീനനുമായിരുന്നു. കുരുത്തക്കേടുകളുടെ മൊത്തവ്യാപാരിയായിരുന്നു മാന്യദേഹം എന്ന് എല്ലാവര്‍ക്കും അറിയാവുന്ന പരസ്യവുമായിരുന്നു. കുത്തനെ നില്‍ക്കുന്ന മരത്തില്‍ പാഞ്ഞു കേറി അവന്‍ ഞങ്ങള്‍ കൂട്ടുകാരെ വിസ്മയിപ്പിച്ചു. ഉള്ളങ്കയ്യില്‍ പമ്പരം കറക്കി അവന്‍ ഞങ്ങളെ സ്തബ്ധരാക്കി. ഉയര്‍ന്നു നില്‍ക്കുന്ന പാടവരമ്പത്തു കൂടെ വട്ടുരുട്ടിയും സൈക്കിള്‍ ചവിട്ടിയും ഞങ്ങള്‍ക്ക് ശ്വാസം തടസ്സം സൃഷ്ടിച്ചു. പാഴ്വസ്ക്കളുപയോഗിച്ച് അവന്‍ നിര്‍മിച്ചിരുന്ന കളിപ്പാട്ടങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നതിനേക്കാള്‍ കൗതുകമുണര്‍ത്തിയ കൊച്ചു യന്ത്രങ്ങളായിരുന്നു. എഞ്ചിനീയറിംഗ് കോളേജില്‍ പോകാത്തതു കൊണ്ട് മാത്രമാണ് താന്‍ എഞ്ചിനീയറാകാതെ പോയതെന്ന വലിയ അറിവ് കൂട്ടുകാരുമായി ഇടക്കിടെ പങ്കുവക്കാറുണ്ട്. അവനൊരു പട്ടാളക്കാരന്‍, ചുരുങ്ങിയത് ഒരു ഗള്‍ഫ് കാരനെങ്കിലും, ആകും എന്ന് പ്രവചിച്ചവര്‍ ഞങ്ങളുടെ കൂട്ടത്തിലെ ന്യൂനപക്ഷമായിരുന്നില്ല; ആ ജാതി ബഡായിയായിരുന്നു! ഉണ്ണി എന്നെ കയറ്റാത്ത കുന്നോ കൊണ്ടുപോയി ചാടിക്കാത്ത കുഴിയോ നാട്ടിലില്ല എന്ന് മാത്രം പറഞ്ഞു നിര്‍ത്താനാണെനിക്കിഷ്ടം.

എം.എസ്.പിക്കാരനായ അച്ഛന്‍റെ നേരിട്ടുള്ള ഭരണത്തിലായിരുന്നതു കൊണ്ട് ആരെയും തെറി പറയാനുള്ള ചാന്‍സ് അവന് ലഭിച്ചിരുന്നില്ല. ആരുമായും അടികൂടുകയോ വക്കാണത്തിന് പോവുകയോ ചെയ്യാറില്ല. ചീത്ത ഭാഷ ഉപയോഗിക്കാനറിയില്ല.  ആരെയും ശല്യം ചെയ്യാറില്ല. പറഞ്ഞല്ലോ, അവന്‍റെ കൂടെ എനിക്കെങ്ങോട്ടും പോകാമായിരുന്നു. കഥാപ്രസംഗക്കാരന്‍റെ ഭാഷ കടമെടുത്തു പറഞ്ഞാല്‍, വേനലും മഞ്ഞും മഴയുമായി കാലം പതുക്കെ കടന്നു പോകവെയാണ് അക്കൊല്ലത്തെ നോമ്പും അപ്പോലെ തന്നെ മുന്‍ചൊന്ന കൊടിയ വഞ്ചനയും അരങ്ങേറുന്നത്. 

ഇരുപത്തഞ്ചാമത്തെയോ ഇരുപത്താറാമത്തെയോ നോമ്പായിരിക്കുമത്. എനിക്കന്ന് പന്ത്രണ്ടാമത്തെ നോമ്പായിരുന്നു. 

വാ നമുക്ക് പോകാംഅവന്‍ 

എങ്ങോട്ട്?’ ഞാന്‍

നല്ലാണിയിലേക്ക്, നല്ല നെല്ലിക്കയുണ്ടവിടെ

ഉമ്മയോട് ചോദിക്കട്ടെ.

നോമ്പ് തുറന്നതിന് ശേഷം തിന്നാനായി പലവസ്തുക്കളും കരുതിവയ്ക്കുക കുട്ടികളുടെ രീതിയാണ്. കരുതിവച്ചതിന്‍റെ  പത്തിലൊരംശം പോലും കഴിക്കാനാവില്ലെങ്കില്‍പോലും ശേഖരിച്ചു വക്കുക എന്നതായിരുന്നു പ്രധാനം. 

ഉമ്മയുടെ സമ്മതം കിട്ടി. 

അഞ്ചാറ് നെല്ലിക്കയൊക്കെ പെറുക്കി വിശ്രമിക്കാനായി ഞങ്ങള്‍ മരച്ചോട്ടിലിരുന്നു. ആകാശത്ത് പറന്നു നടക്കുന്നതിനായുള്ള തന്‍റെ പരീക്ഷണങ്ങളുടെ പുരോഗതി വിശദീകരിച്ചു കൊണ്ട് അവന്‍ ഒരു നെല്ലിക്കയെടുത്ത് കടിച്ചു.

കൊടും ചതി! ഒരു നോമ്പുകാരന്‍റെ മുഖത്തു നോക്കി നെല്ലിക്ക കടിക്കുക പോരാത്തതിന് ഒരു ചോദ്യവും.

"നിനക്ക് വേണോ?"

"നോമ്പുണ്ട്."

അതിനിടെ ഇരുന്നിടത്തു നിന്നെഴുന്നേറ്റ് ട്രൌസറിന്‍റെ പോക്കറ്റില്‍ നിന്ന് ഒരു ചെറിയ പൊതിയെടുത്ത് ശ്രദ്ധാപൂര്‍വ്വം തുറന്നു. ഞാന്‍ നോക്കി, ഏതാനും കല്ല് ഉപ്പ്. കടിച്ച നെല്ലിക്കയുടെ വായ്ഭാഗം ഉപ്പില്‍ ശ്രദ്ധാപുര്‍വം കുത്തി വീണ്ടും അവന്‍ കടിച്ചു. 

"വേണോ?"

"ഥ്ഫൂ, നോമ്പുകാരനെയാണോ നെല്ലിക്കാ-ഉപ്പ് കോമ്പിനേഷന്‍ കാട്ടി പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുന്നുത്" എന്നാട്ടുകയാണ് വേണ്ടത്. ഹല്ല പിന്നെ. എന്നാല്‍ വായിലൂറിയ വെള്ളം കാരണം നാവിന്‍റെ സ്വതന്ത്രമായ ചലനത്തിന് തടസ്സം നേരിട്ടു.

അടുത്ത പ്രലോഭനം, "ഉമ്മയോട് ഞാന്‍ പറയില്ല."

അനിച്ഛാ പ്രേരണയില്‍ എന്‍റെ കൈ നീണ്ടു. അങ്ങനെ നോമ്പ് മുറിഞ്ഞു. പക്ഷേ ഞങ്ങള്‍ തമ്മിലുള്ള ധാരണ പ്രകാരം എനിക്ക് പന്ത്രണ്ടാം നോമ്പു തന്നെ. അവന്‍റെയും എന്‍റെയും, തീര്‍ച്ചയായും, പടച്ചവന്‍റെയും കണക്കില്‍ മാത്രം പതിനൊന്ന്. 

ഉണ്ണിയെ വിശ്വസിക്കാന്‍ തോന്നിയ നിമിഷത്തെ കുറ്റപ്പെടുത്താന്‍ എനിക്കധികം കാത്തു നില്‍ക്കേണ്ടി വന്നില്ല. കിട്ടിയ ആദ്യത്തെ അവസരത്തില്‍, അന്ന് വൈകുന്നേരം, ഉമ്മ നീട്ടിയ ഏതാനും പത്തിരിത്തുണ്ടുകള്‍ക്ക് പകരമായി കശ്മലന്‍ ആ രഹസ്യം കൈമാറി.  അങ്ങനെ വീട്ടുകാരുടെയും കണക്കില്‍ എനിക്ക് നോമ്പ് പതിനൊന്ന്. 

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ മുതല പിടിക്കും എന്നാണല്ലോ പ്രമാണം. പിന്നീട്, മെക്കാളെ പ്രഭു ആവിഷ്കരിച്ച പഴഞ്ചന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അശാസ്ത്രീയത കാരണം കോളേജ് പഠനം വഴിയില്‍ വെച്ച് മുടങ്ങി ജോലിയും കൂലിയുമൊന്നുമില്ലാതെ ആകാശത്തേക്ക് നോക്കി തേരാ ബാരാ (13-12) എന്ന് അവരോഹണ ക്രമത്തില്‍ ഉല്‍ക്കകള്‍ എണ്ണി നടക്കുന്ന കാലം. അവനെ മുതല പിടിച്ചു. 

ഞങ്ങളുടെ നാട്ടില്‍ ഹോട്ടല്‍ കച്ചവടക്കാരെല്ലാം മുസ്‌ലിംകളായിരുന്നു. നോമ്പുകാലത്ത് അവര്‍ കട തുറക്കാറില്ല. പക്ഷേ നോമ്പു പിടിക്കാത്തവര്‍ക്ക് ഭക്ഷണം വേണമല്ലോ. ഉണ്ണിയും കുട്ടുകാരായ ശിവനും മധുവും ചേര്‍ന്ന് ചായക്കച്ചവടം തുടങ്ങി. മൂന്ന് പേര്‍ക്കും കൂടി ആകെ കിട്ടിയത് ഒരൊറ്റ കസ്റ്റമറെയാണ്. നോമ്പായതു കാരണംവീട്ടില്‍ നിന്ന് ഒന്നും ലഭിക്കാന്‍ സാധ്യതയില്ലാത്ത ഒരു ഇക്കാക്കയെ. എന്നിട്ട്അല്ലെങ്കില്‍ വേണ്ട അവന്‍ തന്നെ പറയട്ടെ, “പത്തു ദിവസം കഴിഞ്ഞ് കച്ചോടം പൂട്ടുമ്പോഴത്തെ ലാഭം, പൊട്ടാതെ രക്ഷപ്പെട്ട നാലു ഗ്ലാസും രണ്ടു കഷണം ഒണക്കപ്പുട്ടും.” 

അവന് കച്ചവടത്തില്‍ ആ സ്ഥിതി വന്നത് അന്ന് എന്നെ പറ്റിച്ചതു കൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സത്യമായിട്ടും.

തല താഴ്ത്തി കുറ്റബോധത്തോടെ ഞാന്‍ ഉമ്മയുടെ മുമ്പില്‍ വന്നു നിന്നു. കള്ളത്തരം പിടിച്ചേ എന്ന് പറഞ്ഞ് അവരുടെ മുഖത്ത് ചിരിവരിഞ്ഞപ്പോള്‍ സമാധാനമായെങ്കിലും റമദാനില്‍ അങ്ങനെയൊരു വേണ്ടാത്തരം കാണിച്ചതിലും ആറ്റുനോറ്റ പന്ത്രണ്ടാമത്തെ നോമ്പ് അസാധുവായതിലും തുടര്‍ന്നുവന്ന രണ്ടു ദിവസങ്ങളില്‍ ഞാന്‍ വിഷമമാചരിച്ചു.. 

റമദാന്‍ അങ്ങനെയാണ്. മുസ്‌ലിം വീടുകളില്‍ നോമ്പ് കാലത്ത് കുട്ടികളെ അടക്കി നിര്‍ത്തുക രക്ഷിതാക്കള്‍ക്ക് ഒരു പ്രയാസമുള്ള കാര്യമല്ല. മേശമേല്‍ കയറ്വേ, നോമ്പു കാലമല്ലേ ഇത്? കളവു പറയ്വേ, നോമ്പു കാലമല്ലേ ഇത്? ഉമ്മ പറഞ്ഞത് കേള്‍ക്കാതിരിക്ക്വേ, നോമ്പല്ലേ ഇത്. കോഴികളെ കല്ലെടുത്തെറ്യേ, നോമ്പുകാലമല്ലേ ഇത്? കുട്ടികളും മുതിര്‍ന്നവരുമൊക്കെ അന്ന് പൊടുന്നനെ നല്ലവരാകും. ദാനധര്‍മ്മകങ്ങള്‍ അധികരിപ്പിക്കും. പുണ്യങ്ങള്‍ ചെയ്തു കൂട്ടും, വഴക്കും വക്കാണവും പരമാവധി ഒഴിവാക്കും. റമദാനില്‍ പുണ്യങ്ങള്‍ക്കുള്ള പ്രതിഫലം ആയിരമിരട്ടിയാണെന്ന വാഗ്ദാനമുണ്ടല്ലോ.

ചീത്ത വാക്കുകളും പ്രവൃത്തികളും ഒഴിവാക്കാതെ നിങ്ങളുപേക്ഷിക്കുന്ന അന്നപാനീയങ്ങള്‍ കൊണ്ട് അല്ലാഹുവിന് ഒരു കാര്യവുമില്ലഎന്ന നബി വചനം പൊതുവെ നോമ്പുകാരനെ ശാന്തനാക്കുന്നു.

മാറ്റത്തിനുള്ള അവസരമായിട്ടാണ് മിക്കവാറും ആളുകള്‍ റമദാനിനെ കാണുക. നമസ്കരിക്കാത്ത ഒരാള്‍ പെട്ടെന്ന് നമസ്കാരം തുടങ്ങിയാല്‍ എല്ലാവരും അയാളെ ശ്രദ്ധിക്കും അതാലോചിച്ച് അയാളാ പരിപാടിക്കു തന്നെ നില്‍ക്കില്ല. എന്നാല്‍ റമദാനിലാണ് ആ തുടക്കമെങ്കില്‍ സ്ഥിതി മറിച്ചാണ്. ആരും അയാളെ അര്‍ഥം വച്ച് നോക്കില്ല, പരസ്പരം നോക്കി ചിരിക്കില്ല. കാരണം അത് മാറ്റത്തിന്‍റെ സ്വാഭാവിക കാലമാണ്. മാറാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടല്ലോ. പുകവലി നിര്‍ത്താനുള്ള അവസരമായി പലരും റമദാനിനെ കാണാറുണ്ട്. അങ്ങനെ ഇരുപതും മുപ്പതും തവണ 'അവസാനത്തെ കുറ്റി' വലിച്ചെറിഞ്ഞവരെ ചുറ്റുപാടും കാണാനാകും. ഈ മാറ്റം ജീവിതത്തിലുടനീളം കൊണ്ടുനടക്കുന്നവരെയും റമദാന്‍ കഴിഞ്ഞാല്‍ പൂര്‍വാധികം ശക്തിയോടെ വാല്‍ വളഞ്ഞ് ചുരുണ്ടിരിക്കുന്നവരെയും കാണാം. 


പട്ടിണിക്കാരന്‍റെ വിശപ്പ് മനസ്സിലാക്കാനുള്ള അവസരം എന്ന ലളിത സമവാക്യങ്ങളില്‍ റമദാനിനെ കെട്ടുന്നവരുണ്ട്. ഞാനും അങ്ങനെ പറയാറുണ്ടായിരുന്നു. എന്‍റെ ധാരണയെ കീഴ്മേല്‍ മറിച്ച ഒരു സംഭവമുണ്ടായി. റമദാന്‍ ആയിക്കഴിഞ്ഞാല്‍ എല്ലാ ദിവസവും മലയാള പത്രങ്ങള്‍ മുസ്‌ലിം നേതാക്കളെക്കൊണ്ടും പണ്ഡിതരെക്കൊണ്ടും എഴുത്തുകാരെക്കൊണ്ടും ലേഖനങ്ങള്‍ എഴുതിപ്പിക്കുക പതിവാണ്. എന്‍റെ പിതാവിന് അന്ന് പണിയാകും. അല്ലെങ്കില്‍ തന്നെ തരാതരം തിരക്കുകളില്‍ നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസരത്തില്‍ കൂനിന്മേല്‍ പെരുങ്കുരു സൃഷ്ടിച്ചു കൊണ്ട് ലേഖനങ്ങള്‍ക്ക് വേണ്ടി പത്രങ്ങള്‍ അദ്ദേഹത്തെ സമീപിക്കും. ബാപ്പ എന്നെയോ  അനിയനെയോ എഴുതാനേല്‍പ്പിക്കും. എഴുതിക്കഴിഞ്ഞ് വായിച്ച് കേട്ട് വേണ്ട തിരുത്ത് നിര്‍ദ്ദേശിക്കും. തിരുത്തിക്കഴിയുമ്പോള്‍ പലപ്പോഴും ഞങ്ങളെഴുതിയതിന്‍റെ ചൊറിപിടിച്ച തൊലിയേ ബാക്കി കാണൂ അമ്മാതിരി സൂക്ഷ്മ വായനയാണ്. അങ്ങനേയിരിക്കെ, ഒരു പത്രത്തിന് വേണ്ടിയെഴുതിയ ലേഖനത്തില്‍ ഞാന്‍ കാച്ചി, “പട്ടിണിക്കാന്‍റെ പട്ടിണിയും വിശക്കുന്നവന്‍റെ വിശപ്പും അറിയാനുള്ള അവസരമായാണ് നോമ്പിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്.ബാപ്പ വായിച്ചു അടിവരയിട്ടു കൊണ്ടിരുന്നു -(എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, അദ്ദേഹത്തെ കാണിക്കാനുള്ള കുറിപ്പുകള്‍ വരയുള്ള കടലാസിലാണ് എഴുതേണ്ടതെന്ന് അങ്ങിനെയാണെങ്കില്‍ അടിവരയിടുന്ന അദ്ദേഹത്തിന്‍റെ ജോലിഭാരം കുറച്ചു കൊടുക്കാമല്ലോ) ഈ വാചകത്തിലെത്തിയപ്പോള്‍ അടിയില്‍ ഇരട്ടവര വീണു. 

ഇതെവിടന്നാ? നിന്നോടാരാ പറഞ്ഞത്?”

അങ്ങനെയില്ലേ? എല്ലാവരും പറയാറുണ്ടല്ലോ?”

ഖുര്‍ആനിലോ ഹദീസിലോ അങ്ങനെയില്ല.

ശരിയാണല്ലോ, ഖുര്‍ആനിലോ ഞാന്‍ ഇതുവരെ കേട്ട ഹദീസുകളിലോ അങ്ങനെയൊന്നുമില്ലല്ലോ.

പിന്നെ തുടര്‍ന്നു, “നിനക്കറിയാമോ പട്ടിണിയെന്താണെന്ന്? മുമ്പിലുള്ള സമൃദ്ധമായ ഭക്ഷണം തല്‍ക്കാലം വേണ്ടെന്ന് വച്ച് കൃത്യമായ ഒരു സമയത്ത് പിന്നീടത്‌ കഴിക്കുന്നതിന് പട്ടിണി എന്ന് പറയില്ല; അയാള്‍ക്കറിയാം തനിക്കിനിയെപ്പോള്‍ ഭക്ഷണം കിട്ടുമെന്ന്. വെറും വിശപ്പുമല്ല പട്ടിണി. പട്ടിണി ഒരു മനോഭാവമാണ്, സ്വഭാവമാണ്, ഒരനുഭവമാണ്. മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും പട്ടിണിക്കാരന് ആധിയാണ്, ഇനിയെപ്പോഴാണിങ്ങനെയൊരു ഭക്ഷണം കഴിക്കാനാവുക എന്ന്.ആ അനിശ്ചിതത്വം  കാരണം എപ്പോഴും അയാള്‍ വിശന്നാണിരിക്കുക. ഔചിത്യത്തെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ലഭക്ഷണ വിഭവങ്ങളൊരുക്കി മഗ്രിബ് ബാങ്ക് വിളിക്കുന്നതും കാത്ത് വാച്ചില്‍ നോക്കിയിരിക്കുന്നവര്‍ക്ക് ഇപ്പറഞ്ഞ പട്ടിണിക്കാരന്‍റെ  പട്ടിണിയെങ്ങനെയാണ് മനസ്സിലാവുക..? ” പിന്നെ ഞാനത്തരം ബഡായികള്‍ എഴുതിയിട്ടില്ല. 


രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് അല്‍ജസീറ ചാനല്‍ അംഗോളയില്‍ നിന്നുള്ള ഒരു ദൃശ്യം കാണിച്ചു. ഹറു മുസ്തയുടെ റിപ്പോര്‍ട്ടായിരുന്നു അത്. കൊയ്തെടുത്ത ഗോതമ്പ് കയറ്റിപ്പോകുന്ന ട്രക്കുകളില്‍ നിന്ന് റോഡില്‍ കൊഴിഞ്ഞു വീഴുന്ന ധാന്യമണികള്‍ അടിച്ചുകൂട്ടുന്ന ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും പരസ്പരം ഉന്തും തള്ളുമുണ്ടാക്കുന്നു. ക്യാമറക്കണ്ണുകള്‍ അവരെ പിന്തുടരുന്നതില്‍ അവര്‍ക്ക് മാനക്കേടൊന്നുമില്ല. അല്ലെങ്കിലും, തങ്ങളൊരിക്കലും കാണാനിടയില്ലാത്ത ഒരു ടി.വി ഫൂട്ടേജിനെപ്പേടിച്ച് അവരെന്തിന് നിലനില്‍പ്പിനു വേണ്ടിയുള്ള തങ്ങളുടെ സമരം ഉപേക്ഷിക്കണം

എനിക്ക് നല്ല ഓര്‍മ്മയുണ്ട് അതും ഒരു റമദാനിലായിരുന്നു. അതിന് തൊട്ടടുത്തയാഴ്ചയാണ് ഒരു മലയാളം ചാനലില്‍ യു.എ.ഇയില്‍ നിന്നുള്ള ഒരു ദൃശ്യം കാണുന്നത്. വലിയ ഒരു ചെമ്പ്, വലിയൊരടുപ്പില്‍ വച്ചിരിക്കുന്നു. (ഇപ്പോള്‍ നിങ്ങള്‍ മനസ്സില്‍ സങ്കല്‍പ്പിച്ചെടുത്ത ഒരു വലിയ ചെമ്പിന്‍റെ ചിത്രമുണ്ടല്ലോ, അതിനെക്കാള്‍ വലിയ ചെമ്പായിരുന്നു അത്) അതില്‍ വച്ച ലോകത്തിലെ ഏറ്റവും വലിയ ബിരിയാണി ആളെ കാത്തിരിക്കുന്നു. കോട്ടും സൂട്ടും സൂസുമണിഞ്ഞ് അവിടെ കണ്ട പുരുഷാരത്തിനാകട്ടെ വിശപ്പ് മാറ്റാന്‍ ആ ബിരിയാണി കഴിക്കേണ്ട യാതൊരവശ്യവുമുണ്ടായിരുന്നില്ല എന്നുറപ്പിച്ച് പറയാനാകും. "പാവപ്പെട്ടവന്‍ ക്ഷണിക്കപ്പെടാത്ത സദ്യയാണ് ദുനിയാവിലെ ഏറ്റവും മോശം സദ്യയെന്ന്" നബി (സ) പറഞ്ഞിട്ടുണ്ട്. നോമ്പിനാണ് മുസ്‌ലിം പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കിക്കളയുന്നത്. ഒത്തുവരികയാണെങ്കില്‍ ഈ വരുന്ന ദിവസങ്ങളില്‍ ഞാന്‍ അത്തരം ചില ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാം, എനിക്കുറപ്പുണ്ട് എനിക്കതിനാകും. ഇന്‍ഷാ അല്ലാഹ്. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക; ധൂര്‍ത്ത് അരുത്, അല്ലാഹു ധൂര്‍ത്തന്മാരെ ഇഷ്ടപ്പെടുന്നില്ലഎന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.


എണ്ണിയാലൊടുങ്ങാത്ത തീന്‍പണ്ടങ്ങള്‍ ഉണ്ടാക്കി, ആവുതന്നത് കഴിച്ച് ബാക്കി വലിച്ചെറിഞ്ഞ് റമദാനിന്‍റെ അനുഗൃഹീതമായ പകലിരവുകള്‍ കുളമാക്കുന്ന കാക്കാമാരും കാക്കാത്തികളും ശ്രദ്ധിക്കുക. നിങ്ങള്‍ വലിച്ചെറിഞ്ഞ ഒരു മണി ധാന്യം കിട്ടിയെങ്കില്‍, അസഹിനീയമായ വിശപ്പില്‍, ഒരു തുള്ളി കണ്ണുനീരുല്‍പാദിക്കാന്‍ പോലും ത്രാണിയില്ലാത്ത കുഞ്ഞുങ്ങളുടെ തുറന്ന വായില്‍ വച്ചു കൊടുക്കാമായിരുന്നുവെന്ന് കരുതുന്ന ആയിരക്കണക്കില്‍ അമ്മമാരെ ഓര്‍ക്കുക. മ്യന്‍മാറിനെയും ബംഗ്ളാദേശിനെയും വേര്‍ത്തിരിക്കുന്ന അതിരില്‍ മീന്‍കാരന്‍റെ കൂടയില്‍ അടുക്കി വച്ച മത്തി പോലെ അടിഞ്ഞു കിടക്കുന്ന മനുഷ്യരൂപങ്ങളെയെങ്കിലും ഓര്‍ക്കുക. 

27 May, 2012

തുരുമ്പെടുത്തൊരു ജീവിത രീതിയുടെ അവസാനത്തെ സാക്ഷി


ഈ ചിത്രം അയച്ചുതന്ന് പത്രപ്രവര്‍ത്തകനായ സുഹൃത്ത് പറഞ്ഞു, “ഉടനെ എനിക്കിതിന്‍റെ പേര് കിട്ടണം” അര മണിക്കൂര്‍ പോലും ചങ്ങാതി സമയം അനുവദിച്ചതുമില്ല. മേലുദ്യോഗസ്ഥനും വിദ്യാസമ്പന്നനുമായ ഇമാറാത്തിയുടെ അരികിലേക്കോടി. പെരുമാറ്റംകൊണ്ട് എല്ലാവരുടെയും ആദരം പിടിച്ചുപറ്റിയ മുപ്പതുകളിലെത്തിയ ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. കിതച്ചുകൊണ്ട് ഞാന്‍ ചോദിച്ചു, “ഇതിന്‍റെ പേരെന്താ?” പതിവുപോലെ  ചിരിച്ചു കൊണ്ട് മറുപടി പറയാന്‍ തുടങ്ങി. “ഇത് പഴയ കാലത്ത് അറബി വീടുകളിലുണ്ടായിരുന്ന ശീതോഷ്ണ നിയന്ത്രണ സംവിധാനമാണ്. തണുപ്പുകാലത്ത് ചൂടും, ചൂടുകാലത്ത് തണുപ്പും പ്രദാനം ചെയ്തിരുന്നു. എന്‍റെ പിതാവിന്‍റെ തറവാട്ടുവീട്ടില്‍ ഈ സംവിധാനമുണ്ടായിരുന്നു. ഇപ്പോള്‍ പഴയ കാലത്തിന്‍റെ പ്രതീകമായല്ലാതെ യഥാര്‍ഥ ആവശ്യത്തിന് വേണ്ടി ആരും ഇതുപയോഗിക്കാറില്ല.” 

എല്ലാം റെഡി. പേര് മാത്രമില്ല. 

“അതെല്ലാമറിയാം സീദീ, ഇതിന്‍റെ പേരാണ് കിട്ടേണ്ടത്” അല്‍പനേരത്തെ ആലോചനാഭിനയത്തിന് ശേഷം പറഞ്ഞു, “മാ ആറഫ്  അഖൂയ്, വല്ലാഹ്.” അതറിഞ്ഞുകൂടാ എന്ന്. അല്‍പം നിരാശയോടെ സീറ്റിലേക്ക് മടങ്ങി. നിരന്തരം ബദുക്കള്‍ കയറിയിറങ്ങിയിരുന്ന ഒരോഫിസിലായിരുന്നു അന്ന് ഞാന്‍ ജോലി ചെയ്തിരുന്നത്. നല്ല നേരത്ത്തന്നെ ഒരു ബദു വന്ന് കാലില്‍ ചുറ്റി. ചിത്രം കാണിച്ച മാത്രയില്‍ അയാള്‍ പറഞ്ഞു, “ഇത് ബറാജീല്‍” 

ബദുക്കളിലെ പുതുതലമുറ മാറുകയാണ്. അഥവാ അവര്‍ ഹദരി(നാഗരികര്‍)കളായി മാറിക്കഴിഞ്ഞു. കഴിഞ്ഞ പത്തുമുപ്പത് വര്‍ഷംകൊണ്ട് അറബിക്കുണ്ടായ മാറ്റം അതിന് മുമ്പ് പതിനായിരമോ അതിലധികമോ വര്‍ഷങ്ങളില്‍ പോലും ഉണ്ടായിക്കാണില്ല. അവിടെ കാലം നിശ്ചലമായിരുന്നുവല്ലോ. 

മരുഭൂമിക്ക് സ്വന്തമായി ഒരു ജീവിതമുണ്ട്, ലയമുണ്ട്, താളമേളങ്ങളുണ്ട്. സംസ്കാരമുണ്ട്. ബദവിയായ അറബിയുടെ ജീവിതവും ഹദരിയായ അറബിയുടെ ജീവിതവും തമ്മില്‍ ഘടനാപരമായ ചില വ്യതിരേകങ്ങളുണ്ടായിരുന്നു. പോകപ്പോകെ ആ രേഖ ഇല്ലാതായിക്കഴിഞ്ഞു; ചുരുങ്ങിയ പക്ഷം ഒരു വലിയ വിഭാഗത്തിനെങ്കിലും. ഈ മാറ്റം നന്മയോ തിന്മയോ എന്ന് തീര്‍പ്പ് കല്‍പ്പിക്കാനൊന്നും കഴിയില്ല. പക്ഷേ, അദ്വിതീയമായ ഒരു ജീവിത രീതി അന്യംനിന്ന് പോവുകയാണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു.

ജീവിതം അതിന്റെ മഹിമയില്‍ നിങ്ങള്‍ അനുഭവിക്കുക മരുഭൂമിയിലാണെന്ന് മുഹമ്മദ് അസദ് പറയുന്നുണ്ട്. ഒരു മനുഷ്യന് ജീവിക്കാന്‍ വേണ്ട ഏറ്റവും കുറച്ച് വിഭവങ്ങളുമായി ഒരായുസ്സ് മുഴുവന്‍ കഴിച്ചു കൂട്ടാന്‍ ബദവിക്ക് കഴിയുന്നു. കുടിക്കാന്‍ വെള്ളവും ഒട്ടകപ്പാലും കടുപ്പമേറിയ ഗഹ്-വയും, തിന്നാന്‍ ഉണങ്ങിയ ഇറച്ചിയും പരുക്കന്‍ റൊട്ടി(ഖുബ്സ്)യും, താമസിക്കാന്‍ കൂടാരമായി രൂപം പ്രാപിക്കാന്‍ കഴിയുന്ന ഒരു തുണിയും, കുറച്ച് പാത്രങ്ങളും ഒന്നോ രണ്ടോ ഒട്ടകങ്ങളും ഏതാനും ആടുകളും. കഴിഞ്ഞു ബദുവിന്റെ അറ്റുറ്റാദികള്‍. അരക്കു ചുറ്റും ഒരു തുണി മാത്രമാണവരുടെ വേഷം; വലിയ ആര്‍ഭാടക്കാര്‍ ഒരു നീളന്‍ കുപ്പായവും ധരിക്കും. ഒരു കുടുംബത്തിന്റെ മുഴുവന്‍ വസ്തു വഹകളും ഒരു ചെറിയ ഭാണ്ഡത്തില്‍ കൊണ്ടുനടക്കാനാകും. ഈഗലിറ്റേറിയന്‍ ജീവിതാവസ്ഥയുടെ ലക്ഷണമൊത്ത മാതൃകയാണ് ബദവീ ജീവിതം; അനാര്‍ഭാഢതയുടെ ആഘോഷമാണത്.

ഈ ജീവിതം അടുത്തറിഞ്ഞ മരുഭൂയാത്രികനാണ് ബ്രിട്ടീഷ്കാരനായ വില്‍ഫ്രെഡ് തേസിഗര്‍. രണ്ട് തവണ, സഹാറക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ റുബുഅ് അല്‍ഖാലി (Empty qurater) മുറിച്ചുകടന്നിട്ടുണ്ടദ്ദേഹം. മരുഭൂജീവിതത്തെക്കുറിച്ച് ഏറ്റവും ആധികാരമായ രേഖകളില്‍ പലതും ആ യാത്രകളില്‍ നിന്ന് പിറന്ന് വീഴുകയും ചെയ്തു. 

തന്റെ ജീവിതത്തിന്റെ വലിയ അഭിലാഷമായിരുന്ന റുബുഅ് അല്‍ഖാലി മുറിച്ചു കടക്കുക എന്ന മോഹവുമായി നടക്കുന്നതിനിടെ പലരുമായും അതിനെക്കുറിച്ച് സംസാരിച്ചു. ബദുക്കള്‍ അങ്ങനെയൊരു പേര് കേട്ടിട്ടുണ്ടായിരുന്നില്ല. ദൈവത്തിന് മാത്രമേ അറിയൂ എന്നായിരുന്നു അവരുടെ പ്രതികരണം. ഒരു പക്ഷേ രിമാലിനെക്കുറിച്ചാകും ഇദ്ദേഹം സംസാരിക്കുന്നത് എന്ന് ഒരിക്കല്‍ സദസ്സിലുള്ള ഒരു ബദുവിന്റെ വിശദീകരണത്തോടെയാണ് അനിശ്ചിതാവസ്ഥ ഒഴിവായത്. റുബുഅ് അല്‍ഖാലി ഹദരികളുടെ ഭാഷയാണ് ബദവിക്ക് അത് രിമാല്‍ അഥവാ മണല്‍ ആണ്. അതു കൊണ്ടു തന്നെയാണ് അറേബ്യന്‍ സാന്‍ഡ്സ് എന്ന് തേസിഗര്‍ തന്റെ പുസ്തകത്തിന് പേരിട്ടതും. 

ലാളിത്യത്ത്യത്തിന്റെയും നിഷ്കളങ്കതയുടെയും ഉദാഹരണമായിരുന്നു ബദവി ജീവിതം.പുറത്തെന്ത് നടന്നാലും അവര്‍ അറിഞ്ഞിരുന്നില്ല. അറിഞ്ഞാല്‍ തന്നെ വിഷയവുമല്ല. പുറം ലോകത്ത് കുതൂഹലത്തോടെ ചര്‍ച്ച ചെയ്യുന്ന സമയത്തിന്റെ വിലയൊന്നും ബദവിക്കറിഞ്ഞു കൂടാ. രണ്ടാം ലോക യുദ്ധം നടക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ തമ്മില്‍ എന്തോ യുദ്ധം നടക്കുന്നുവെന്നതിനപ്പുറം അവര്‍ക്കൊന്നുമറിയുമായിരുന്നില്ല. ഇബ്നു സുഊദ് രാജാവിനെക്കുറിച്ചല്ലാതെ മറ്റൊരു ഭരണാധികാരിയെക്കുറിച്ചും അവര്‍ കേട്ടിരുന്നില്ല.  

അത്ഭുതങ്ങളുടെ കലവറയാണ് മരുഭൂമി. മരുഭൂ വാസികളുടെ സഹജമെന്നോ നൈസര്‍ഗികമെന്നോ പറയാവുന്ന കുറേ ബോധങ്ങളും കഴിവുകളും അതിശയിപ്പിക്കുന്നവ തന്നെയാണ്. തന്നെ അത്ഭുത പരതന്ത്രനാക്കിയ ഒരു സംഭവം വിവരിക്കുന്നുണ്ട് തേസിഗര്‍. ഒരിക്കല്‍, ഒട്ടകങ്ങള്‍ കടന്നു പോയതിന്റെ അവശേഷങ്ങള്‍ കാണാനിടയായ അദ്ദേഹത്തിന്റെ ബദവി സഹയാത്രികര്‍ (തേസിഗറിന് അത് ഒട്ടകങ്ങളുടേതാണെന്ന് പോലും അറിയുമായിരുന്നില്ല. അത്രക്ക് അവ്യക്തമായ, കാറ്റു കാര്‍ന്ന് കഴിഞ്ഞിരുന്ന കുറേ അടയാളങ്ങള്‍) ആരുടെ ഒട്ടകങ്ങളായിരുന്നു അത് വഴി കടന്നു പോയിരുന്നതെന്നറിയാന്‍ കൂട്ടുകാര്‍ക്കുത്സാഹമായി. തങ്ങളുമായി ശാത്രവത്തിലുള്ള ഗോത്രക്കാരുടേതാണെങ്കില്‍ പിന്നെ അതിനുള്ള മുന്‍കരുതലുകള്‍ വേണമല്ലോ. കൂട്ടത്തിലെ നരച്ച താടിക്കാരന്‍ അല്‍പം മുമ്പോട്ട് പോയി. പൊടുന്നനെ അയാള്‍ ഒട്ടകപ്പുറത്തു നിന്ന് ചാടിയിറങ്ങി. മണല്‍ത്തരികള്‍ക്കു പകരം അല്‍പം ഉറച്ച മണ്ണുണ്ടായിരുന്ന അവിടെ ചിതറിക്കിടന്ന ഉണങ്ങിയ ഒട്ടകച്ചാണകം കയ്യിലെടുത്ത് പൊടിച്ച് പരിശോധിച്ചു. അയാള്‍ തിരിച്ചു വന്നു. “ആമിറുകളായിരുന്നു അവര്‍. അവര്‍ ആറ് പേരായിരുന്നു. ജനൂബയില്‍ മിന്നലാക്രമണം നടത്തുകയും അവരുടെ മൂന്നൊട്ടകങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സഹ്മയില്‍ നിന്നാണ് വരവ്, മഗ്സിനില്‍ വെച്ച് വെളളം ശേഖരിച്ചു. പത്തു ദിവസം മുമ്പാണവര്‍ ഇത് വഴി കടന്നു പോയത്.” 

പതിനേഴ് ദിവസത്തിനിടെ ഒരൊറ്റ ബദുവിനെയും അവര്‍ കണ്ടിരുന്നില്ല. മടക്കയാത്രയില്‍ ഏതാനും ബൈത് കസീര്‍കാരെ കണ്ടുമുട്ടി. വഴിയിലുടനീളമുള്ള വാര്‍ത്തകള്‍ കൈമാറി അവര്‍ പറഞ്ഞു, “ജനൂബയില്‍ അവാമിറുകള്‍ മിന്നലാക്രമണം നടത്തിയിരിക്കുന്നു. മൂന്ന് ജനൂബക്കാര്‍ കൊല്ലപ്പെട്ടു. അവരുടെ മൂന്നൊട്ടകങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു.” ഈ വാര്‍ത്തകളില്‍ നിന്ന് അവര്‍ക്ക് പുതുതായി ലഭിച്ച വിവരം മൂന്ന് പേര്‍ കൊല്ലപ്പെട്ടു എന്ന് മാത്രമായിരുന്നു. 

പ്രായം ചെന്ന ബദുക്കള്‍ക്കിടയില്‍ ഇതു പോലെയുള്ള അത്ഭുത വിവരങ്ങള്‍ നല്‍കാന്‍ കഴിവുള്ള ആളുകള്‍ ഇപ്പോഴുമുണ്ട്. ജോലിയുടെ ഭാഗമായി ബദുക്കളുമായി അടുത്തിടപഴകിയ സ്നേഹിതന്‍ മുഷ്താഖ് ആണ് എനിക്ക് സഈദെന്ന എണ്‍പതിലും ഊര്‍ജസ്വലനായ വയോധികന്റെ ഇത്തരത്തിലൊരു ആറാമിന്ദ്രിയ സമാനമായ ബോധത്തിന്റെ കഥ പറഞ്ഞു തന്നത്. സഈദിനെ എനിക്ക് നേരിട്ടറിയാമായിരുന്നു. അയാളുടെ കോടീശ്വരനായ കൂട്ടുകാരന്റെ വിക്കി എന്ന നായയെ ഒരു സുപ്രഭാതത്തില്‍ കാണാതായി. വിക്കി ഒരു നായയല്ല, മനുഷ്യനാണ് എന്ന നിലയില്‍ തെരച്ചില്‍ നടത്തണമെന്ന് മുതലാളിയുടെ കല്‍പന. അദ്ദേഹത്തിന്റെ ബന്ധങ്ങളും സ്വാധീനവും വെച്ച് കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഹെലികോപ്ടറുകള്‍ ഇരമ്പിപ്പറന്നു. മരുഭൂമിയുടെ എല്ലാത്തിനെയും ദഹിപ്പിക്കുന്ന ആര്‍ത്തമായ ജഠരാന്തര്‍ഭാഗത്തേക്ക് പുതുതലമുറ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു. മൂന്ന് ദിവസത്തെ വ്യാപകമായ തിരച്ചിലിനു ശേഷവും ഫലമൊന്നുമുണ്ടായില്ല.

എഴുത്തും വായനയുമൊന്നുമറഞ്ഞുകൂടെങ്കിലും മരുഭൂമിയടെ കുഴികളും മടക്കുകളുമെല്ലാമറിയുന്നയാളായിരുന്നു സഈദ്. ഉംറക്കായി മക്കയിലായിരുന്ന സഈദ് തിരിച്ചെത്തിയ വിവരം ലഭിക്കേണ്ട താമസം അയാളെ വിളിച്ചുവരുത്തി. സഈദ്‌ ഏകനായി തന്റെ തെരച്ചില്‍ ആരംഭിച്ചു. അഞ്ചു മണിക്കൂര്‍ എടുത്ത തെരച്ചിലിനൊടുവില്‍, അവശനായി മരുഭൂമിയില്‍ കിടക്കുകയായിരുന്ന വിക്കിയുമായി സഈദ് തിരിച്ചെത്തി.

പിന്നീട് സഈദിനെ കണ്ടപ്പോള്‍, കേട്ട കാര്യം ശരിയാണോ എന്ന് തിരക്കി. അതെ, അയാള്‍ പറഞ്ഞു. മരുഭൂമിയില്‍ ജീവിക്കാനുള്ള വിദ്യാഭ്യാസം താന്‍ ചെറുപ്പത്തിലെ ബദവി ജീവിതത്തില്‍ നിന്ന് നേടിയിരുന്നുവെന്നും പറഞ്ഞു. 

ഗോത്രപരമായ കൂറും സൌഹൃദവും വെറുപ്പുമെല്ലാം ബദുക്കളുടെ ജീവിതത്തിന്റെ ഊടും പാവും നെയ്തു. തീര്‍ത്തും നിസ്സാരവും ബാലിശവുമെന്ന് തോന്നുന്ന കാരണങ്ങള്‍ക്കായി അവര്‍ ഒടുങ്ങാത്ത യുദ്ധങ്ങളിലേര്‍പ്പെട്ടു. അവരുടെ നീതിവ്യവസ്ഥ പലപ്പോഴും ക്രൂരവും മരുഭൂമിക്ക് മാത്രം ചേരുന്നതുമായിരുന്നു. തോക്കിന്‍ കുഴലുകള്‍ പുകയുന്നതെന്തിനാണെന്ന് അവര്‍ക്ക് തന്നെ അറിയുമായിരുന്നോ എന്ന് സംശയമാണ്. പോയവാരം ഒരു പ്രത്യേക ഗോത്രക്കാരനായ ഒരാള്‍ കൊല്ലപ്പെട്ടു എന്നിരിക്കട്ടെ. കൊല്ലപ്പെട്ടയാളുടെ ഗോത്രത്തിലെ പ്രമാണിമാര്‍ തങ്ങളുമായി നിതാന്ത ശത്രുതയിലുള്ള മറ്റൊരു ഗോത്രത്തെ കുറ്റവാളികളായി പ്രഖ്യാപിക്കുകയും ഏറ്റവുമാദ്യം കാണുന്ന ശത്രുഗോത്രക്കരന്റെ വാരിയെല്ലുകള്‍ക്കിടയിലൂടെ കഠാര പായിക്കുകയും ചെയ്യുന്നു; അതൊരു കൌമാരക്കാരനാണെങ്കില്‍ പോലും. ഒരു പക്ഷേ, തങ്ങളുമായി സഖ്യത്തിലേര്‍പ്പെട്ട ഒരു ഗോത്രത്തിന് വേണ്ടിയായിരിക്കാം ഈ കൊല്ലലും പിടിച്ചെടുക്കലുമെല്ലാം. പിടിച്ചെടുക്കുന്നത് മിക്കപ്പോഴും ഒട്ടകങ്ങളെയാവും. നിതാന്തശാത്രവത്തിന്റെ നെരിപ്പോട് സദാ എരിഞ്ഞു കൊണ്ടിരിക്കുന്ന ഗോത്ര ഘടനയില്‍ ഒരു ഭീരുവിന് അഥവാ ലോല ഹൃദയന് സ്ഥാനമില്ല. സ്വന്തം അതിജീവനത്തിനെതിരെ വരാനിടയുള്ള അപകടങ്ങള്‍ മണത്തറിയുക, നിഷ്കരുണം അവയെ ഇല്ലായ്മ ചെയ്യുക എന്ന ബദുവിന്റെ സഹജവാസനയെ ഒരുനിലക്കും അങ്ങനെയൊരാള്‍ തൃപ്തിപ്പെടുത്തുന്നില്ല. ശത്രു മരിച്ചു മലര്‍ക്കുന്നതു വരെ പക പുകഞ്ഞു കൊണ്ടിരിക്കും; കണ്ണിലും മനസ്സിലും.

സഹാറാ മരുഭൂമിയുടെ പരിരംഭണത്തിലുള്ള എത്യോപ്യയില്‍ വെച്ചുണ്ടായ ഒരനുഭവം തേസിഗര്‍ പങ്കുവെക്കുന്നുണ്ട്. ഗോത്രങ്ങള്‍ തമ്മിലുള്ള കിടമത്സരത്തില്‍ ജയിച്ച കൂട്ടര്‍ തങ്ങളുടെ വലിപ്പത്തരം കാണിക്കുന്നതിന് വേണ്ടി പ്രദര്‍ശിപ്പിച്ചിരുന്ന തെളിവ് ശത്രു ഗോത്രക്കാരുടെ വൃഷ്ണങ്ങളായിരുന്നുവത്രെ. അവര്‍ കൊന്നത് പുരുഷാരെത്തന്നെയാണെന്ന് കാണിക്കുകയാണ് ലക്ഷ്യം. മൃഗയാ വിനോദങ്ങളിലേര്‍പ്പെട്ടിരുന്നവര്‍ പണ്ട് പുലിത്തോലും മാന്‍ കൊമ്പുമെല്ലാം ജനമധ്യത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നതു പോലെ. ഗോത്രനീതി എല്ലായിടത്തും ഒരു പോലെ തന്നെ.

ഒട്ടകങ്ങള്‍ ബദവീ ജീവിതത്തിന്റെ തുടിപ്പും ചൈതന്യവുമാണ്. അവയെ അവര്‍ ചുംബിക്കുകയും തലോടുകയും ചെയ്യും. അഞ്ഞൂറു മൈല്‍ ചുറ്റളവിലുള്ള ഒട്ടകങ്ങളെ തിരിച്ചറിയാനുള്ള അടയാളങ്ങളും അവയുടെ ജീവചരിത്രവും അവര്‍ക്ക് മന:പാഠമാണ്. ഒട്ടകത്തിന്റെ ഉണങ്ങിയ കാഷ്ഠം ഡീകോഡ് ചെയ്ത് ആമിറുകളുടെ എണ്ണം വരെ കൃത്യമായിപ്പറഞ്ഞ ബദുവിന്റെ പരിചയത്തിലും പരിജ്ഞാനത്തിലും തേസിഗര്‍ അത്ഭുത പരതന്ത്രനായി നിന്നത് നാം കണ്ടു. ഒട്ടകങ്ങള്‍ എത്രയുണ്ടായിരുന്നു, അവയിലെത്ര കുട്ടികളുണ്ടായിരുന്നു, അവസാനമായി അവ മേഞ്ഞത് ഏത് മരുപ്പച്ചയിലായിരുന്നു, എത്ര ദിവസങ്ങള്‍ക്ക് മുമ്പാണ് അവ വെള്ളം കുടിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ അവര്‍ പറഞ്ഞു തീര്‍ക്കും. 

ഒട്ടകങ്ങള്‍ക്ക് ഒരു ബദു എത്രമാത്രം പ്രാധാന്യമാണ് നല്‍കുന്നതെന്നറിയാന്‍ അവരുടെ ജീവിതത്തിന്റെ നടുവില്‍ നില്‍ക്കുക തന്നെ വേണം. തേസിഗര്‍ പരമ്പരാഗത ബദവി ജീവിതവുമായി താദാത്മ്യം പ്രാപിച്ചിരുന്നവല്ലോ. അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് പതിനായിരം മൈലാണ് ഒട്ടകപ്പുറത്ത് അദ്ദേഹം യാത്ര ചെയ്തത്. അത്വാഅല്ലാഹ് (ദൈവത്തിന്റെ ദാനം) എന്നാണ് ബദു ഒട്ടകത്തെ വിളിക്കുക. അവയെ ഉപദ്രവിക്കുകയോ അടിക്കുക പോലുമോ ചെയ്യുന്ന ഒരു ബദുവിനെയും കാണാനാകില്ല. എപ്പോഴും ഒട്ടകത്തിന്റെ ആവശ്യങ്ങള്‍ മറ്റുള്ളവയെക്കാള്‍ മുന്നില്‍ നിന്നു. അവയെ തലോടുകയും ചുംബിക്കുകയും ചെയ്യുന്നതോടൊപ്പം ബദു ശീലിച്ചട്ടില്ലാത്ത പതിഞ്ഞ സ്വരത്തില്‍ അവയോട് കിന്നാരം പറയുകയും ചെയ്യുന്നു. വല്ല തലതിരിഞ്ഞവനും ഒട്ടകങ്ങളോട് മോശമായി പെരുമാറുന്നത് കാണാനിടയായാല്‍ ബദുക്കള്‍ അയാളെ എന്തു ചെയ്യുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല. അങ്ങനെ നിരവധി അനുഭവങ്ങള്‍ തേസിഗര്‍ അയവിറക്കുന്നുണ്ട്. തിരിച്ച് ഒട്ടകങ്ങള്‍ നായ്ക്കളെപ്പോലെ യജമാനനോട് കൂറു കാണിക്കുന്നു. യജമാനന്റെ തുണിയുടെ ഒരു കഷണമെങ്കിലുമില്ലാതെ അവ തങ്ങളുടെ മേല്‍ സവാരി ചെയ്യാന്‍ ആരെയും അനുവദിക്കില്ല. അവയുടെ സഞ്ചാരത്തിന്റെ താളത്തിനനുസരിച്ച് ബദുക്കള്‍ തങ്ങളുടെ കവിതകള്‍ക്ക് താളങ്ങളും വൃത്തങ്ങളും നല്‍കി. ബദുവിന്റെ ഈ ഒട്ടകപ്രേമമാണ് അറബി ഭാഷയില്‍ എണ്ണമറ്റ പദങ്ങള്‍ ഒട്ടകത്തിന് നേടിക്കൊടുത്തത്. ഏകവചനം, ബഹുവചനം, ലിംഗം, നിറം, പ്രായം, കുലം… എല്ലാമനുസരിച്ച് അവയ്ക്ക് പുതിയ പുതിയ പേരുകള്‍ ലഭിച്ചു കൊണ്ടിരുന്നു. 

ഒട്ടകങ്ങളെ ഇന്ന് വാഹനങ്ങളായി ഉപയോഗിക്കുന്നത് കുറവാണെങ്കിലും അവയോടുള്ള സ്നേഹം ബദുക്കളില്‍ ഇപ്പോഴും കാണാം. ജി.സി.സി യുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഒട്ടകപ്പന്തയങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനായി ബോര്‍ഡര്‍ പാസുകളും ഡ്രൈവര്‍മാരുടെ വിസയും മറ്റും ശരിപ്പെടുത്തിയിരുന്നത് അക്കാലത്ത് ഞാന്‍ ജോലി ചെയ്തിരുന്ന ഓഫീസായിരുന്നു. അഫ്ഗാനിയായ രണ്ടരപ്പടപ്പ് (ഞാനങ്ങനെയായിരുന്നു അയാളെ പരാമര്‍ശിച്ചിരുന്നത്, അമ്മാതിരി തണ്ടും തടിയുമാണ്) പാഷം ഗുല്‍ യാത്രയിലുടനീളമുള്ള പ്രയാസങ്ങളെ പറ്റി പറഞ്ഞു. വലിയ വാതാനുകൂല വാഗണുകളില്‍ എത്രയും പെട്ടെന്ന് അവയെ ലക്ഷ്യസ്ഥാനത്തെത്തിക്കണം, അതിനിടെ ഒരിടത്തു പോലും വണ്ടി നിര്‍ത്തിയിടാന്‍ പാടില്ല രണ്ടും മൂന്നും ദിവസം മുമ്പ് പാകം ചെയ്ത് കൂടെ കരുതിയ ഉണക്കപ്പണ്ടങ്ങള്‍ കൊണ്ട് വേണം വയറിനകത്തെ ആളല്‍ തീര്‍ക്കാന്‍. വിശ്രമമില്ലാത്ത ഓട്ടം. ഒട്ടകങ്ങള്‍ ഒരു നിലക്കും പ്രയാസപ്പെടരുത്. ഒക്കെക്കഴിഞ്ഞിട്ട് അയാളുടെ വക ഒരു ആത്മഗതമുണ്ട്, “ഇവിടെ ട്രെയ്ലര്‍ ഡ്രൈവറായി ജോലി ചെയ്യുന്നതിലും ഭേദം ഒരൊട്ടകമായി ജീവിക്കുന്നതായിരുന്നു.”

തേസിഗര്‍ ഭംഗിയായി വിവരിക്കുന്ന ബദവിപ്പെരുമ, അവരുടെ അതിഥി സല്‍ക്കാരവും ഉദാരതയുമാണ്. ഹാതിം അത്ത്വാഈ എന്ന പൌരാണിക കാലത്തെ ദാരിദ്ര്യം ഭയക്കാതെ ദാനം ചെയ്ത ധര്‍മ്മിഷ്ഠന്റെ കഥകള്‍ അറബി സാഹിത്യ വിദ്യാര്‍ഥിക്ക് കാണാപാഠമാണ്. അടിത്തട്ടില്ലാത്ത ദാനം കൊണ്ട് ഹാതിം അത്ത്വാഇ ഉദാരതയുടെ മായാത്ത പ്രതീകമായി. ഹാതിം അത്ത്വാഇമാര്‍ ബദുക്കള്‍ക്കിടയില്‍ നിരവധിയാണ്.

ഒരു സംഭവം ഓര്‍ത്തെടുക്കുന്നുണ്ട് തേസിഗര്‍. ബദുക്കളോടൊത്തുള്ള ജീവിതം അദ്ദേഹം അക്കാലത്ത് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഉളുപ്പില്ലാത്ത  യാചകരാണ് ബദുക്കള്‍ എന്ന ധാരണ മനസ്സില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന കാലം. വളരെ ദരിദ്രനെന്ന് തോന്നിച്ച വൃദ്ധന്‍ അദ്ദേഹത്തിന്റെ തമ്പിലേക്ക് കടന്നുവന്നു. പിന്നിയ നീളക്കുപ്പായം, പഴയ കൈത്തോക്ക്, കീറിയ വാളുറയിലൂടെ സ്വാതന്ത്ര്യമന്വേഷിക്കുന്ന വാള്‍.  തേസിഗറുടെ യാത്രാ സംഘത്തിലെ റാഷിദുകള്‍ ഒന്നടങ്കം അയാള്‍ക്ക് വേണ്ടി എഴുന്നേറ്റു നിന്നു. 

“മര്‍ഹബാ ബഖീത്ത്” അവര്‍ ഒരേ സ്വരത്തില്‍ ആഗതനെ അഭിവാദ്യം ചെയ്തു. പതിവ് ഉപചാരവാക്കുകളുടെ പ്രവാഹം. ചുളിഞ്ഞ് ഞളുങ്ങിയ ഈ വൃദ്ധനോട് ഇവരെന്തിന് ഇങ്ങനെ ഭവ്യതയോടെയും ബഹുമാനത്തോടെയും പെരുമാറണം! തേസിഗര്‍ അത്ഭുതപ്പെട്ടു. മുമ്പില്‍ വച്ചുകൊടുത്ത ഈത്തപ്പഴം മുഴുക്കെ വൃദ്ധന്‍ തിന്നുതീര്‍ത്തു. അവര്‍ അയാള്‍ക്കു വേണ്ടി ഗഹ്-വ തിളപ്പിച്ചു. കാഴ്ചയില്‍ പരമ ദരിദ്രനായ ഒരു യാചകന്‍. അയാള്‍  വൈകാതെ എന്തെങ്കിലും തന്നോട് ആവശ്യപ്പെടുമെന്ന് ഉറപ്പിച്ചു തേസിഗര്‍. വിചാരിച്ചതു പോലെ തന്നെ അയാള്‍ ചോദിക്കുകയും ചെയ്തു. അഞ്ച് റിയാല്‍ നല്‍കി വൃദ്ധനെ പിരിച്ചുവിട്ടതിന് ശേഷം സഹായിയായിരുന്ന ബിന്‍ കബീനയോട് വില്‍ഫ്രെഡ് ചോദിച്ചു, “ആരാണയാള്‍? നിങ്ങളെന്തിനാണയാളെ അതിരറ്റാദരിച്ചത്?” ബിന്‍ കബീനയുടെ മറുപടിയോടെ വില്‍ഫ്രെഡ് തന്റെ അഭിപ്രായം തിരുത്തി. “ബെയ്ത്ത് ഇമാനി ഗോത്രക്കാരനാണദ്ദേഹം. വളരെ പ്രശസ്തന്‍.” 

“ഏതു കാര്യത്തിലാണയാള്‍ പ്രശസ്തന്‍?” 

“അയാളുടെ ഉദാരതയില്‍” ബിന്‍ കബീന പറഞ്ഞു. 

“ഉദാരനാകാന്‍ മാത്രം എന്താണയാളുടെ കയ്യിലുള്ളത്?” 

“ഇപ്പോഴൊന്നും കയ്യിലില്ല; ഒരൊട്ടകം പോലും. ഭാര്യയില്ല. മകനെ, നല്ലൊരു കുട്ടിയായിരുന്നു അവന്‍, രണ്ട് കൊല്ലം മുമ്പ് ദഹ്മുകാര്‍ കൊന്നു. ഒരുകാലത്ത് അദ്ദേഹം ഈ ഗോത്രത്തിലെ ഏറ്റവും വലിയ ധനികനായിരുന്നു. എല്ലാം തുലഞ്ഞു പോയി. ഇന്നിപ്പോള്‍ ഏതാനും ആടുകള്‍ മാത്രമാണദ്ദേഹത്തിന്റേതായുള്ളത്.”

“എന്തു പറ്റി അദ്ദേഹത്തിന്റെ ഒട്ടകങ്ങള്‍ക്ക്? ഏതെങ്കിലും മിന്നലാക്രമണത്തില്‍ നഷ്ടപ്പെട്ടതാവുമോ? അതല്ലെങ്കില്‍ നടപ്പുദീനം പിടിപെട്ട്?...” 

“അല്ല, ദാനമാണ് അദ്ദേഹത്തെ തുലച്ചു കളഞ്ഞത്. തന്റെ ടെന്റിലെത്തിയ ഒരാളെയും ഒരൊട്ടകത്തെ അറുത്തല്ലാതെ അദ്ദേഹം സല്‍ക്കരിച്ചിരുന്നില്ല.”

അറബികളുടെ ദാനത്തിന്റെ കുളിര്‍മ അനുഭവിച്ചവര്‍ നിരവധിയാണ്. ഈ അടുത്ത കാലം വരെ, കൃത്യമായിപ്പറഞ്ഞാല്‍ സ്റ്റോക്ക് മാര്‍ക്കറ്റുകളും ഷെയര്‍ മാര്‍ക്കറ്റുകളുമെല്ലാം അവരുടെ കണ്ണും കാതും മനസ്സും ഹൃദയവും എന്തിന്, ശരീരവും കവര്‍ന്നെടുക്കുന്നതിന് തൊട്ടു മുമ്പ് വരെ, ചുറ്റുപാടുമുള്ളവരെ തഴുകിയിരുന്ന ദാനത്തിന്റെ തെന്നലായിരുന്നുവല്ലോ അവര്‍. 

ബദുവിന്റെ ആതിഥ്യ മര്യാദ ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട കാര്യമാണ്. ഒരാഴ്ചയോളമായി തേസിഗറുടെ സംഘാംഗങ്ങള്‍ ഒന്നും കഴിച്ചിരുന്നില്ല. റുബ്അ് അല്‍ഖാലി പേര് സൂചിപ്പിക്കുന്നത് പോലെ ഒഴിഞ്ഞ ചതുരമാണ്. വന്ധ്യവും ഊഷരവുമായ മരുഭൂമിയില്‍ അവര്‍ക്ക് ഒന്നും പ്രതീക്ഷിക്കാനാകുമായിരുന്നില്ല. നീരറ്റ മണ്ണിന്റെ ക്രൌര്യത്തിന് പട്ടിണി കാവലിരുന്ന നീണ്ട് നിവര്‍ന്ന ദിവസങ്ങളിലായിരുന്നു അവര്‍. ആഴ്ചകള്‍ക്ക് മുമ്പ് കഴിക്കാതെ വലിച്ചെറിഞ്ഞ ഒരു ധാന്യമണിക്കു വേണ്ടി മരുഭൂമിയില്‍ അവര്‍ വൃഥാ തെരച്ചില്‍ നടത്തി. ദിവസങ്ങള്‍ കൂടിയിട്ടാണ് ഒരു ചെറിയ മുയലിനെ കിട്ടുന്നത്. ഭക്ഷണത്തിന്റെ യഥാര്‍ഥ രുചി ആസ്വദിക്കുന്ന സുദിനമായിരുന്നു അത്.  സാഘോഷം അവര്‍ മുയലിറച്ചി വേവിച്ചു. വേവാന്‍ അധിക സമയം ബാക്കിയില്ല. അന്നേരമുണ്ട് സംഘാംഗങ്ങളിലൊരാള്‍ അപരിചിതരായ മൂന്ന് പേരുമായി ഉറക്കെ സംസാരിച്ചു കൊണ്ട് കടന്നു വരുന്നു. 

ആതിഥേയര്‍ ആഹ്ളാദം തിരതല്ലുന്ന ശബ്ദഘോഷങ്ങളോടെ അതിഥികളെ സ്വീകരിച്ചു. മാസങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ച ഒരു സല്‍ക്കാരത്തിനായി അവരെ കാത്തിരിക്കുകയായിരുന്നതു പോലെ. വെന്തുവന്ന മുയലിറച്ചി മുഴുവന്‍ അതിഥികള്‍ക്ക് വേണ്ടി നീക്കി വെച്ച് അവര്‍ വയറ് മുറുക്കി. ഇറച്ചി വേവുന്നതും കാത്ത് ടെന്റില്‍ കിടക്കുകയായിരുന്ന തേസിഗര്‍ പതുക്കെ കമഴ്ന്ന് കിടന്ന് കണ്ണുകള്‍ പൂട്ടി. അദ്ദേഹത്തിന്റെ ഞരമ്പെല്ലാം മാംസത്തിലലിഞ്ഞു ചേര്‍ന്നിരുന്നു.

ബദു എപ്പോഴും വിശന്നാണിരിക്കുക. അതു കൊണ്ട് തന്നെ ഒരു ക്ഷണത്തിന് അയാള്‍ കാത്തിരിക്കാറില്ല. ക്രിസ്ത്യാനിയുടെ കയ്യില്‍ (തേസിഗറെ അങ്ങനെയായിരുന്നു സഹയാത്രികര്‍ വിളിച്ചിരുന്നത്) ധാരാളം ധനവും ധാന്യവുമുണ്ടെന്നവര്‍ കണക്കു കൂട്ടി. അവര്‍ ഭക്ഷണ സമയത്ത് ക്രിസ്ത്യാനിക്കു ചുറ്റും അടുത്തു കൂടി. ബദുക്കളായ തേസിഗറുടെ കൂട്ടുകാര്‍ പക്ഷേ ധാന്യം തീര്‍ന്നു പോകുമെന്ന അദ്ദേഹത്തിന്റെ മാല്‍ത്തൂസിയന്‍ ആശങ്കകള്‍ ഗൌനിച്ചുമില്ല. അവര്‍ക്കുറപ്പാണ്, അല്ലാഹ് കരീം - ദൈവം  ഉദാരനാണ്. ഒരു ബദുവും അതിഥിയെ ഭക്ഷിപ്പിക്കാതെ വിടില്ല.  കാരണം മരുഭൂമിക്ക് നടുവില്‍ വെള്ളവും ഭക്ഷണവും എന്താണെന്ന് അവര്‍ക്കറിയാമല്ലോ.

വിശാലമായ മജ്ലിസില്‍  ശെയ്ഖ് അഹ്മദിന്റെ ബദുക്കള്‍ ഭക്ഷണം കഴിക്കുന്ന വേളയിലായിരുന്നു ജോലിത്തിരക്കുകള്‍ക്കിടയില്‍നിന്ന് അല്‍പം സമയം മാന്തിയെടുത്ത് നമസ്കരിക്കാനായി ഞങ്ങളവിടെയെത്തുക. കൂട്ടത്തോടെ അവരെല്ലാം വലിയ ശബ്ദത്തില്‍ (ബദു സംസാരിക്കുന്നുണ്ടെങ്കില്‍ അത് വലിയ ശബ്ദത്തിലായിരിക്കും കാതടപ്പിക്കുന്ന മരുഭൂനിശബ്ദതയെ തോല്‍പ്പിക്കാനായിരിക്കുമൊരു പക്ഷേ ഈ തൊണ്ട കീറല്‍) പേര് വിളിച്ച് അവര്‍ ഞങ്ങളോട് ഭക്ഷണത്തില്‍ പങ്കു ചേരാനാവശ്യപ്പെടും. കൂടെയിരുന്ന് കഴിച്ചാല്‍ വലിയ സന്തോഷമാകും. വലിപ്പചെറുപ്പങ്ങള്‍ ഇക്കാര്യത്തിലില്ല. അതു തന്നെ പിറ്റേന്നും ആവര്‍ത്തിക്കും, അതിന് പിറ്റേന്നും…

പണ്ട് ഉത്തരേന്ത്യയില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് അബദ്ധ വശാല്‍ വല്ലവനും ഭക്ഷണം കഴിക്കുന്ന സമയത്ത് റൂമില്‍ കേറിച്ചെന്നാല്‍ അയാള്‍ നിങ്ങളോട് പറയും, ‘ആയിയേ, ജോയ്ന്‍ മി’ നിങ്ങള്‍ പറയേണ്ടത് ‘നോ, താങ്കസ്. ജസ്റ്റ് ഐ ഹാഡ്’ എന്നാണ്. ക്ഷണം സ്വീകരിച്ച് നിങ്ങളയാളുടെ കൂടെയിരുന്ന് ഭക്ഷണം കഴിച്ചുവെന്ന് കരുതുക, എങ്കില്‍ നിങ്ങളുടെ പേരില്‍ ഒരു മര്യാദ കേട് രേഖപ്പെടുത്തപ്പെടും. ഒന്നും വിചാരിക്കരുത് അതാണ് കലാലയത്തിന്റെ പോരിശയാക്കപ്പെട്ട ഫ്യൂഡല്‍ ട്രഡിഷന്‍. 

ദാഹിച്ചു വലഞ്ഞ ഒരു ഘട്ടത്തിനൊടുവില്‍ മരുപ്പച്ചയിലെ താമസക്കാരായ ബദുക്കള്‍ വച്ചു നീട്ടിയ ഒട്ടകപ്പാല്‍ വലിച്ചു കുടിക്കാന്‍ ആനത്തലയോളം ആര്‍ത്തിയുണ്ടായിരുന്നിട്ടും തേസിഗറുടെ ബദു ജീവിതം പകര്‍ന്നു നല്‍കിയ മര്യാദ അതിന് സമ്മതിച്ചില്ല. കൂടെയുള്ളവര്‍ പറഞ്ഞു, “ക്രിസ്ത്യാനീ, നിങ്ങള്‍ കുടിച്ചോളൂ.” 

“അപ്പോള്‍ നിങ്ങളൊക്കെയോ?” 

“നമ്മുടെ ഒട്ടകങ്ങളെ വെള്ളം കാട്ടിക്കൊണ്ടിരിക്കുന്ന സഹയാത്രികര്‍ വരാതെ ഞങ്ങള്‍ കുടിക്കില്ല.” അവരുടെ മറുപടി

എണ്ണയുടെ കണ്ടെത്തലും റോഡുകളുടെ വരവും തേസിഗറെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. എണ്ണ കണ്ടെത്തിയതിന് ശേഷം, എഴുപതുകളുടെ തുടക്കത്തില്‍ അബൂദബി സന്ദര്‍ശിച്ചപ്പോഴുണ്ടായ തന്റെ നിരാശ മരണം വരെ അദ്ദേഹം പങ്കു വച്ചിരുന്നു. നുരുമ്പിക്കൊണ്ടിരുന്ന ഒരു ജീവിത രീതിയുടെ അവസാനത്തെ സാക്ഷിയായിരുന്നു അദ്ദേഹം. 

കാപ്പച്ചീനോയും ഇറ്റാലിയന്‍ ചോക്കലേറ്റ് വിഭങ്ങളുമാണ് ഇപ്പോള്‍ അറബി യുവാവിനെ ഭ്രമിപ്പിക്കുന്നത്. കടുപ്പമേറിയ ഗഹ്-വ ഇന്ന് അയാളുടെ ഇഷ്ട പാനീയമല്ല. ഏറ്റവും പുതിയ വാഹനങ്ങളേറി നിരത്തിലൂടെ ഇരമ്പിയൊഴുകുമ്പോള്‍ ഒട്ടകങ്ങള്‍ അയാളില്‍ ഒരു കൌതുകവുമുണര്‍ത്തുന്നില്ല. ലാളിത്യത്തിന്റെ പ്രതീകമായിരുന്ന ബദവീ ജീവിതം ഇന്ന് ധാരാളിത്തത്തിന്റെ അങ്ങേ അതിരില്‍ നില്‍ക്കുന്നു. ഇവിടെയാണ് വില്‍ഫ്രെഡ് കണ്ട് പരിചയിച്ച ബദവീ ജീവിതവും നാം കണ്ടു കൊണ്ടിരിക്കുന്ന അറബ് ജീവിതവും തമ്മിലുള്ള അതിര്‍ രേഖ ഒരു റിലീഫ് മാപ്പിലെ മലകള്‍ പോലെ എഴുന്ന് നില്‍ക്കുന്നത്.

24 March, 2012

ആര്‍ക്കു വേണ്ടിയാണ് മണി മുഴങ്ങുന്നത്?



കെന്നഡി ഹാള്‍ സമുച്ചയത്തിലെ ക്ലാസ്റൂം പോലെ സജീകരിച്ച മിനി ഓഡിറ്റോറിയത്തില്‍ ഒഴിഞ്ഞ ഒരിരിപ്പിടം കണ്ടെത്തിയപ്പോഴേക്കും അയ്യര്‍ പ്രസംഗം ആരംഭിച്ചു കഴിഞ്ഞിരുന്നു. പിന്നെ ഒരു മണിക്കൂര്‍ നേരം വാഗ്പ്രവാഹമായിരുന്നു. സദസ്സിനെ പിടിച്ചു കെട്ടുക എന്നൊക്കെപ്പറയില്ലേ, അതുതന്നെ. ചരിത്രം, നയതന്ത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയം,  പൊട്ടിച്ചിരിപ്പിക്കുന്ന ഫലിതം ... എല്ലാം പ്രസംഗത്തിന് കുത്തും കൊമയും തീര്‍ത്തു.  സദസ്യരുടെ മുഖപേശീചലനങ്ങള്‍ പൈഡ്പൈപറുടെ പിന്നാലെ മണ്ടുന്ന എലികളെ ഓര്‍മ്മിപ്പിച്ചു.

യൂനിവേഴ്സിറ്റിയിലെ മാര്‍ക്സിസ്റ്റ് ബുദ്ധിജീവി ടീമിലെ ഫോര്‍വേഡുകളും ഡിഫെന്‍ഡര്‍മാരും സദസ്സിലുണ്ടിയിരുന്നു. അയ്യരെ  ചോദ്യശരങ്ങള്‍ കൊണ്ട് വശം കെടുത്താന്‍ തീരുമാനിച്ചതു പോലെയായിരുന്നു ആ അപരാഹ്നത്തിലെ അവരുടെ കരണപ്രതികരണങ്ങള്‍, പ്രസംഗത്തിന് മണി വിരാമാമിട്ടതും ചറപറാ ചോദ്യങ്ങള്‍ പാറിവന്നു. കിഴക്കന്‍ യൂറപ്പിലെ കോമിനിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചയും വി.പി സിംഗ് മന്ത്രിസഭയുടെ നയങ്ങളും പ്രസംഗത്തില്‍ കടന്നു വന്നതിന്‍റെ ഫലം മുനവെച്ച ചോദ്യങ്ങളായി മണി അനുഭവിച്ചു. അനുഭവിച്ചു എന്നതിനെക്കാളും അതദ്ദേഹം ആസ്വദിച്ചു എന്ന് പറയുന്നതായിരിക്കും ശരിയെന്ന് ചോദ്യങ്ങള്‍ കൈകാര്യം ചെയ്ത രീതി കണ്ടപ്പോള്‍ തോന്നി. ദാക്ഷിണ്യമില്ലാത്ത പെനാല്‍റ്റി കിക്കുകള്‍ക്ക് മുമ്പില്‍ ഏകാകിയായി ഗോള്‍വല കാക്കുന്ന ഗോളിയുടെ അവസ്ഥ. ഒരു വിധപ്പെട്ടവരൊക്കെ ആയുധം വലിച്ചെറിഞ്ഞ് കളം കാലിയാക്കി പുറത്തുപോകും. എന്നാല്‍, ഹിഗ്വിറ്റയെ പോലെ അക്ഷോഭ്യനായി അദ്ദേഹം കിക്കുകള്‍ തടുത്തു. സര്‍വലോകത്തൊഴിലാളികള്‍ സംഘടിച്ച് കൈച്ചങ്ങലകള്‍ നഷ്ടപ്പെട്ടതിനു ശേഷം മതി ചിരി എന്ന് പ്രതിജ്ഞയെടുത്തിട്ടുള്ള സൈദ്ധാന്തിക വാശിക്കാരെ അദ്ദേഹം കുലുക്കിച്ചിരിപ്പിച്ചു. ആദ്യാവസാനം അയ്യരുടെ  ചുണ്ടിലും കണ്ണിലും  കുസൃതിച്ചിരി കളിയാടി.

“ആയിരം അയ്യര്‍മാര്‍ മരിക്കുമ്പോഴാണ് ഒരു അയ്യങ്കാര്‍ ജനിക്കുകയെന്ന്” വി.കെ.എന്‍ എവിടെയോ പറയുന്നുണ്ട്. ഈ ഷോ ആസ്വദിക്കുകയായിരുന്ന എനിക്കപ്പോള്‍ തോന്നി, അയ്യരിതാണെങ്കില്‍ അയ്യങ്കാറെങ്ങനെയിരിക്കും! ജഡ്ജി തന്നെ ഇത്രണ്ടെങ്കില്‍ ജഡ്ജന്‍ എത്രണ്ടാകും!!


For whom Mani tolls  (ആര്‍ക്കു വേണ്ടിയാണ് മണി മുഴങ്ങുന്നത്?) എന്ന തലക്കെട്ടില്‍  പേട്രിയറ്റ് പത്രത്തില്‍, ഗ്രൂപ്പിലെ ഒരംഗത്തിന്‍റെ ലേഖനം വരുത്തിയാണ് ഈ പരുക്കിന് ആ ബുദ്ധിജീവികള്‍ മറുമരുന്ന് പുരട്ടിയത്.

സണ്‍ഡെ വാരികയിലെ മണി ടോക്ക് എന്ന പംക്തിയിലൂടെയാണ് മണി ശങ്കര്‍ അയ്യര്‍ എന്ന രാഷ്ട്രീയക്കാരനിലെ എഴുത്തുകാരനെ ആദ്യമറിയുന്നത്. നിലവാരമുള്ള ഭാഷയില്‍ വസ്തുതകള്‍ വിലയിരുത്തി തന്‍റെ പരിചയവും അറിവും ബുദ്ധിയും യുക്തിയും നര്‍മ്മബോധവും സമാസമം ചേര്‍ത്ത് അദ്ദേഹമെഴുതിയിരുന്ന ലേഖനങ്ങള്‍ കുറിക്കുകൊള്ളുന്നവയും ചിന്തോദ്ദീപകവുമായിരുന്നു. എല്ലാ ആഴ്ചകളിലും ടണ്‍ കണക്കിന് കേവ് ഭാരമുള്ള ആക്ഷേപഹാസ്യങ്ങള്‍ക്കുള്ള വക അന്ന് ദേശീയ മുന്നണി മന്ത്രിസഭയിലെ അംഗങ്ങളും മുന്നണിയിലെ കൂട്ടുകക്ഷികളും ചേര്‍ന്ന് ഉണ്ടാക്കിക്കൊടുത്തുകൊണ്ടിരുന്നു. 

മണിയുടെ തൂലികയുടെ പ്രഹരശേഷി ഏറ്റവും കൂടുതല്‍ അറിഞ്ഞത് എല്‍.കെ. അഡ്‌വാണിയും  അദ്ദേഹം പ്രതിനിധാനം ചെയ്ത തീവ്രവലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയക്കാരുമായിരുന്നു. ഇന്ത്യയിലെ വിദ്വേഷ രീഷ്ട്രീയത്തിന്‍റെ പിതാവ് (Father of hate politics in India) എന്ന് വിളിച്ചു കൊണ്ട്  അഡ്‌വാണിയുമായി അദ്ദേഹം നേരിട്ടേറ്റുമുട്ടി. ‘ഞങ്ങളോളം സഹിഷ്ണുക്കള്‍ ഈ ഭൂമുഖത്തെങ്ങുമില്ല. അതംഗീകരിക്കുക! ഇല്ലെങ്കില്‍ തലമണ്ട ഞങ്ങളെറിഞ്ഞുടക്കും.(We are the most tolerant people on earth. Accept it! otherwise, we will smash your face)  എന്ന് ഹിന്ദുത്വവാദികളുടെ 'പുകള്‍പ്പെറ്റ' സഹിഷ്ണുതയെ കളിയാക്കിയ മണിയുടെ ആക്ഷേപഹാസ്യത്തില്‍ നിന്ന് ഇടതുകക്ഷികളും രക്ഷപ്പെട്ടില്ല. ഇടതുപക്ഷത്താണ് തന്‍റെ നില്‍പെന്നും സാമ്പത്തിക പരിഷ്കാരങ്ങള്‍ തന്നെ ഒരു സമ്പുര്‍ണ്ണ മാര്‍ക്സിസ്റാക്കിയെന്നും  പറയുന്ന മണി പക്ഷേ ഇന്ത്യയിലെ ഇടതു കക്ഷികളെ കടന്നാക്രമിക്കുന്നതില്‍ പിശുക്കൊന്നും കാണിച്ചിട്ടില്ല. ബംഗാളിലെ ജ്യോതി ബൊഷു ഗവണ്‍മെന്‍റ്ന്‍റെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു അദ്ദേഹം. കേരളത്തിലെ മനോരമ പോലെ  മാര്‍ക്സിസ്റ്റ്  വിരുദ്ധ പശ്ചാത്തലമുള്ള ആനന്ദ് ബസാര്‍ പത്രിക ഗ്രൂപ്പിന്‍റെ ഉടമസ്ഥതായിലായിരുന്നുവല്ലോ സണ്‍ഡെ.  

നിലവാരമുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്‍റെ ഉദാഹരണങ്ങളായ ഈ ലേഖനങ്ങള്‍ പിന്നീട് Knickerwallas, Silly-billies and Other Curious Creatures    എന്ന പേരില്‍ പുസ്തകമായി ഇറങ്ങിയിട്ടുണ്ട്. നഷ്ടപ്പെട്ട സണ്‍ഡെ ലേഖനങ്ങളുടെ വായന അങ്ങനെ നിങ്ങള്‍ക്ക് സാധ്യമാക്കാം. 


കേയിംബ്രിജില്‍ വിദ്യാര്‍ഥിയായിരിക്കെ അവിടെ സക്രിയമായിരുന്ന ഒരു മാര്‍ക്സിസ്റ്റ്‌ ഗ്രൂപ്പില്‍ മെമ്പറായിരുന്നു മണി. അതാകട്ടെ ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ സിവില്‍ സര്‍വീസ്‌ മോഹങ്ങളുടെ മുകുളങ്ങളില്‍ ചുടുവെള്ളമൊഴിച്ചു. പിന്നീട് രാഷ്ട്രപതി എസ്. രാധാകൃഷ്ണന്‍ നേരിട്ടിടപെട്ടാണദ്ദേഹത്തിന്‍റെ തടഞ്ഞു വെക്കപ്പെട്ട ഐ.എഫ്.എസ്.  സെലെക്ഷന്‍ തിരിച്ചു ലഭിച്ചത്.

ലോക മുതലാളിത്തത്തിന്‍റെ ലിബറല്‍ സുനാമിത്തിരകളില്‍ പിടിനില നഷ്ടപ്പെട്ട ദരിദ്രപക്ഷ സോഷ്യലിസ്റ്റ് വീക്ഷണങ്ങളുടെ പ്രചാരകനായ മണിയുടെ എന്നത്തെയും മാതൃക ജവാഹര്‍ലാല്‍ നേഹ്രുവാണ്. നെഹ്രൂവിയന്‍ സോഷ്യലിസ്റ്റ് എന്ന് സ്വയം വിളിക്കുന്ന ഈ അയ്യര്‍ തന്‍റെ മതമായി മതേതരത്വത്തേയും ജീവിതരീതിയായി ഇന്ത്യന്‍ ബഹുസ്വരതയെയുമാണംഗീകരിക്കുന്നത്.ഒരു മതേതര മൌലികവാദിയുടെ കുറ്റസമ്മതങ്ങള്‍ (Confessions of a Secular Fundamentalist) എന്ന കൃതിയിലൂടെ വായനക്കാരനില്‍ സംശയത്തിനിടം നല്‍കാത്ത വിധം സ്വന്തം വിശ്വാസപ്രമാണങ്ങള്‍ മണി അവതരിപ്പിക്കുന്നു. 

കഴിഞ്ഞ ഏഴെട്ടു വര്‍ഷത്തിനിടെ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ നിന്ന് ഒരുപാട് പേര്‍ പുറത്തു പോയിട്ടുണ്ട്. നാണങ്കെട്ട് ഉടുതുണി അഴിഞ്ഞാണ് പലരും പുറത്തു പോയത് (നാണം മറക്കാന്‍ അവരില്‍ പലര്‍ക്കും തുണിമതിയായില്ല, അങ്ങനെയവര്‍ ആ തുണികൊണ്ട് തങ്ങളുടെ കണ്ണുമാത്രം മൂടി. ഒട്ടകപ്പക്ഷിയെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കാന്‍ വരെ ചില ശ്രമങ്ങള്‍ ഉപശാലകളില്‍ നടക്കുന്നതായറിയുന്നു) എന്നാല്‍, വിഷമിപ്പിച്ച രണ്ട് പുറത്തു പോക്കുകളായിരുന്നു കെ.നട്വര്‍ സിംഗിന്‍റെതും മണി ശങ്കര്‍ അയ്യറുടേതും (മണി അന്ന് മന്ത്രാലയം മാറുകയായിരുന്നുവെന്ന് മറക്കുന്നില്ല) ഇരുവര്‍ക്കുമിടയില്‍ കുറേ സാമ്യതകളുണ്ട്. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് പശ്ചാത്തലമുള്ളവരാണ്. ചേരിചേരാ കാലത്തെ ഇന്ത്യയുടെ നിലപാടുകളെ അന്തര്‍ദേശീയ വേദികളില്‍ വാദിച്ചുറപ്പിച്ച നെഹ്രൂയുഗ സ്മരണകളെ താലോലിക്കുന്ന ബുദ്ധിജീവികളും എഴുത്തുകാരുമാണ്. ഇന്ത്യന്‍ ബഹുസ്വരതയെ ഒച്ചവെച്ച് ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യവാദികളാണ്.  

ഇരുവര്‍ക്കും താന്താങ്ങളുടെ ഇരിപ്പിടം ഒഴിയേണ്ടി വന്നത്  അമേരിക്കയുടെ നയനിലപാടുകളെ പൂര്‍ണമായി പിന്തുണക്കാനാവാത്തതു കൊണ്ടും പലപ്പോഴും ചേരിചേരാ കാലത്തെ സ്മൃതിമാധുരിയില്‍ ആ രാജ്യത്തെ വിമര്‍ശിച്ചതിന്‍റെ പേരിലുമായിരുന്നു. നടപ്പുകാലത്തിന്‍റെ ആക്കത്തൂക്കങ്ങള്‍ നോക്കി തങ്ങളുടെ വിശ്വാസങ്ങളില്‍ രൂപപരിണാമം വരുത്താന്‍ ഇരുവര്‍ക്കുമായില്ലെന്നു തോന്നുന്നു. അതുകൊണ്ടു തന്നെ പുറത്തേക്കുള്ള വാതില്‍ മലര്‍ക്കെത്തുറന്നു കിട്ടാന്‍ കാത്തിരിപ്പ് വേണ്ടി വന്നതുമില്ല. ഐക്യരാഷ്ട്രസഭ ഇറാഖില്‍ നടപ്പാക്കിയ എണ്ണക്കു പകരം ഭക്ഷണം പരിപാടിയുമായി ബന്ധപ്പെട്ട വോള്‍ക്കര്‍ റിപ്പോര്‍ട്ട് എന്ന ലോകത്തൊരിടത്തും ഒരനക്കം പോലും സൃഷ്ട്ടിക്കാന്‍ കഴിയാതെ പോയ ഒരൊറ്റക്കണ്ണന്‍ രേഖ നമ്മുടെ പാര്‍ലമെന്‍റ്ല്‍  ഒച്ചപ്പാടു തന്നെയുണ്ടാക്കി. ഇങ്ങനെ, ഒന്നുമല്ലാത്ത ഒരു പ്രശ്നത്തിലാണ് സാമമ്മാവന്‍റെ താല്‍പര്യപ്രകാരം നട്വര്‍ സിങിന് പുറത്തു പോകേണ്ടി വന്നതെങ്കില്‍,  തങ്ങള്‍ക്ക് തോന്നുമ്പോഴെല്ലാം വിലയുയര്‍ത്താനുള്ള അനുമതി നല്‍കുന്നതിന് ഗവണ്‍മെന്റ്നു മുമ്പില്‍ പ്രധാന തടസ്സമായി നില്‍ക്കുന്നത്‌  പെട്രോളിയം മന്ത്രിയെന്ന നിലയില്‍, അയ്യരാണെന്ന് കോര്‍പറെയ്റ്റുകള്‍ക്ക്‌ തോന്നിയതാണ് പെട്രോളിയം മന്ത്രാലയത്തില്‍ നിന്ന് അദ്ദേഹത്തെ കുലുക്കിച്ചാടിച്ചത്. 

ഇയ്യിടെയായി അയ്യര്‍ സ്വന്തം പാര്‍ട്ടിക്കുള്ളിലും മുഴക്കുന്നത് അപായ മണികളാണ്. പൊലിപ്പിച്ച വളര്‍ച്ചാ നിരക്ക് ആഘോഷിക്കുന്നതിന് പകരം സാധാരണക്കാന് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ നേതാക്കളോടും മന്ത്രിമാരോടും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. അയ്യരുമായി വിയോജിക്കുന്നവരുണ്ടാകാം പ്രത്യേകിച്ചും രാജ്യം കൈവരിച്ച സാമ്പത്തിക മുന്നേറ്റത്തെ അത്ര കാര്യമായി എടുക്കാത്ത അദ്ദേഹത്തിന്‍റെ സമീപനങ്ങളില്‍ പക്ഷേ അദ്ദേഹത്തിന്‍റെ വാക്കുകള്‍ നിങ്ങള്‍ക്കവഗണിക്കാനാവില്ല.  

സാധാരണക്കാരനു വേണ്ടി സംസാരിക്കുന്ന ജനപക്ഷ രാഷ്ട്രീയക്കാനാണ് അയ്യര്‍. പെട്രോളിയം മന്ത്രാലയത്തില്‍ നിന്ന് പടിയിറക്കി അദ്ദേഹത്തെ കുടിയിരുത്തിയത് പഞ്ചായത്തീരാജ് വകുപ്പിലായിരുന്നു. അവിടെ സാധാരണക്കാരനിലേക്ക് നേരിട്ടെത്തുന്ന പരിഷ്കാരങ്ങള്‍ അദ്ദേഹം നടപ്പിലാക്കുകയും ചെയ്തു. ഇന്ത്യാ ഷൈനിങ് - ഇന്ത്യാ റൈസിങ് മാതിരി പ്രചാരണത്തിന്‍റെ കില്‍ബാണീസഴിച്ച് കയ്യില്‍ കൊടുത്ത മണിയുടെ വികസന സംബന്ധമായ കാഴ്ചപ്പാട് വളരെ വ്യക്തമാണ്. പതുക്കെയാണെങ്കിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതരം വികസനത്തിന് മാത്രമേ ഒരു രാഷ്ട്ര ഗാത്രത്തെ സമാസമം‏-ബലാബലം മുമ്പോട്ടു കൊണ്ടു പോകാന്‍ കഴിയൂ. ശരീരത്തിന്‍റെ ഒരു ഭാഗം മാത്രം വളര്‍ന്നു വന്നാല്‍ അതിനെ വളര്‍ച്ച എന്നല്ല വീക്കം എന്നാണ് വിളിക്കുക. സാധാരണക്കാരനിലായിരിക്കണം ഒരു ഗവണ്‍മെന്‍റ് ശ്രദ്ധയൂന്നേണ്ടത്. എങ്കില്‍ കിനിഞ്ഞിറങ്ങല്‍ പ്രഭാവ (trickle-down effect) ത്തിന്‍റെ കനിവിനായി താഴെത്തട്ടിലുള്ളവര്‍ക്ക്‌ കാത്തിരിക്കേണ്ടി വരില്ല. ഇന്നത്തെ പരിഷ്കാരങ്ങളുടെ ഫലമനുഭവിക്കുന്നത് ധനികരും മധ്യവര്‍ഗവും മാത്രമാണ്. സാമ്പത്തീക പൊതുനയ അജന്‍ഡകള്‍ മധ്യവര്‍ഗം റാഞ്ചിയിരിക്കുകയാണ്. തങ്ങളുടെ അഭിവൃദ്ധി മാത്രമാണ് അവരുടെ ലക്ഷ്യം, താഴെക്കിടയിലുള്ള ഒരു വിഭാഗത്തിന്‍റെ അസ്തിത്വത്തെക്കുറിച്ച് ബോധ്യമില്ല എന്നു മാത്രമല്ല അവരുടെ സാന്നിദ്ധ്യം പുറം ലോകത്ത് രാജ്യത്തിന്‍റെ മുഖം വികൃതമായി അവതരിപ്പിക്കാനേ ഉപകരിക്കൂ എന്നവര്‍ കരുതുകയും ചെയ്യുന്നു. ദരിദ്രരുടെ സാന്നിദ്ധ്യമാണ് രാജ്യത്തെ പിന്നോട്ട് വലിക്കുന്നതെന്നര്‍ത്ഥം. ഉള്ളി കൂടതലായതു കൊണ്ടാണെന്ന് തോന്നുന്നു, കറിക്ക് എരിവ് കൂടുതലാണെന്ന കുറ്റപ്പെടുത്തല്‍ പോലെ നിരര്‍ത്ഥകമായിരിക്കുമത്. അറേബ്യന്‍ മരുഭൂമിയില്‍ പോയി ഗ്യാലന്‍ കണക്കില്‍ വിയര്‍പ്പൊക്കി പ്രവാസികളായ ഇന്ത്യക്കാര്‍ ഉണ്ടാക്കിയെടുക്കുന്ന വിദേശ വിനമയ ശേഖരം തുച്ചം വരുന്ന ഇന്ത്യന്‍ മുതലാളിമാര്‍ വിദേശ യാത്രകളിലൂടെയും ഷോപ്പിങ്ങിലൂടെയും തുലച്ചു കളയുന്നു. മണി ഇയ്യിടെയായി എഴുതുന്നതു പറയുന്നതും ഇങ്ങനെയൊക്കെയാണ്. ചിലതൊക്കെ മനസ്സിലാകും ചിലതൊക്കെ തലക്കു മകളിലൂടെ പോകും. 

പഞ്ചായിത്തീരാജിനെ ഗ്രാമീണ ജനതയെ ഉദ്ധരിക്കാനുള്ള നല്ല ഉപാധിയായാണ് ആ വകുപ്പ് കൈകാര്യം ചെയ്ത ആദ്യത്തെ മന്ത്രി എന്ന നിലയില്‍  മണി കണ്ടത്. തൃണമൂല തലത്തില്‍ പന്ത്രണ്ട് ലക്ഷം തെരഞ്ഞെടുക്കപ്പെട്ട വനിതാ നേതാക്കളുണ്ട് രാജ്യത്ത് മുഴുക്കെ. കോളനി വാഴ്ചക്കാലത്തെ കലക്ടറെക്കാളും, തുടര്‍ന്നു വന്ന ബ്ളോക്ക് ഡിവെലപ്മെന്‍റ് ഓഫീസറെക്കാളും ഫലപ്രദമായി സമഗ്രവികസനം സാധിതമാക്കാന്‍ ഈ നേതാക്കളുള്‍ക്കൊള്ളുന്ന പഞ്ചായത്തീരാജ് സംവിധാനത്തിന് സാധിക്കുമെന്നാണ് മണിയുടെ നിലപാട്.


മണി ഒരു ആശയവാദിയാണല്ലോ എന്നാണു ചോദ്യമെങ്കില്‍ അദ്ദേഹത്തിന്‍റെ ഉത്തരം ഇങ്ങനെയാണ്. "വെറും ഒരു പ്രായോഗിക വാദിയായിക്കൊണ്ട് നിങ്ങള്‍ക്ക്‌ എവിടെയുമെത്താനാകില്ല. വലിയ സങ്കല്‍പങ്ങളുണ്ടെങ്കിലേ എവിടെയെങ്കിലും എത്തിച്ചേരൂ. നക്ഷത്രത്തീലെക്ക് കൈനീട്ടിയാലേ വീടിന്‍റെ ഉത്തരത്തില്‍ തൊടാനാവുകയുള്ളൂ."

ഞാനെന്താണിപ്പോള്‍ മണി ശങ്കര്‍ അയ്യരെ ഓര്‍ത്തത്?  

ഓഹ്.. പറയാതെ വയ്യ എന്ന പരുവത്തിലായത് കൊണ്ടൊന്നുമല്ല. ബ്ളോഗ് പോസ്റ്റുകള്‍ക്ക് വൈവിധ്യം വരുത്താന്‍ ചില നല്ല പ്രൊഫൈലുകള്‍ കൂടി ഉള്‍പ്പെടുത്താം എന്നു വിചാരിച്ചിരിക്കെയാണ് കുറച്ചു ദിവസങ്ങള്‍ക്ക്  മുന്‍പ്‌ അറബ് ന്യൂസില്‍ സിറാജ് വഹാജുമായി മണി ശങ്കര്‍ അയ്യര്‍ നടത്തിയ ഇന്‍റര്‍വ്യൂ വായിച്ചത്.  ഉയര്‍ന്ന ബൌദ്ധിക നിലവാരത്തിലുള്ള ചോദ്യങ്ങള്‍ക്ക് അതിലേറെ നിലവാരമുള്ള ഉത്തരങ്ങള്‍ നല്‍കി  അച്ഛസ്ഫടികസങ്കാശമായ തന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്നുണ്ടദ്ദേഹം...

മധ്യപൂര്‍വദേശത്തുടലെടുത്ത പുതിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാടുകള്‍, അമേരിക്കയുടെ ഇടപെടലുകള്‍, ഇറാനും അറബ് രാജ്യങ്ങളും തമ്മിലുണ്ടായിട്ടുള്ള പ്രശ്നങ്ങള്‍, ഇറാന്‍റെ ആണവ പ്രഖ്യാപനങ്ങള്‍, അദ്ദേഹത്തിന്‍റെ പെറ്റ് വിഷയങ്ങളിലൊന്നായ ഇന്ത്യാ പാക് ബന്ധങ്ങള്‍...

“ഹിന്ദു മുസ്ലിം സഹജീവനത്തിന്‍റെ 1000 വര്‍ഷങ്ങളാണ് 1947 ഓഗ്സ്ത് മാസം തകര്‍ന്ന് പൂഴിയോട് ചേര്‍ന്നത്. രക്തപ്പുഴകളൊഴുകിയ അഭിശപ്ത കാലം. ഇന്നും നമ്മുടെ കൈകളില്‍ നിന്നാ രക്തക്കറ മാഞ്ഞുപോയിട്ടില്ല. അത് നാം കഴുകിക്കളഞ്ഞില്ലായെങ്കില്‍, ഭൂതമുറങ്ങിക്കിടക്കുന്ന മാറാപ്പു കെട്ട് ആങ്ങിയോങ്ങി വലിച്ചെറിഞ്ഞില്ലായെങ്കില്‍ നാം 1947 ലെ ഓഗസ്ത് മാസത്തില്‍ തന്നെ കുരുങ്ങിക്കിടക്കും. രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ അമ്മയും ഞങ്ങള്‍ നാലു മക്കളും ഷിംലയിലായിരുന്നു. അങ്ങനെ 1947 ഓഗസ്ത് 14 ന് ഞങ്ങള്‍ ഇന്ത്യക്കാരും അച്ഛന്‍ പാകിസ്താനിയുമായി. അദ്ദേഹം ലാഹോറില്‍ ചാര്‍ട്ടേഡ് എക്കൌണ്ടന്റായിരുന്നു. എനിക്കന്ന് ആറു വയസ്സാണ് പ്രായം. മൂന്ന് നിലകളുള്ള ഒരു കെട്ടിടത്തിലായിരുന്നു ഞങ്ങളുടെ വീട്. ഗ്രൌണ്ട് ഫ്ലോറില്‍ ഒരു മുസ്ലിം കുടുംബമായിരുന്നു താമസിച്ചിരുന്നത്. ആ കുടുംബത്തിലെ എല്ലാ അംഗങ്ങളും സുരക്ഷിതത്വത്തിനായി അവിടെയെത്തിയിരുന്നു. എനിക്കാ സന്ധ്യക്ക് സംഭവിച്ചത് നല്ല ഓര്‍മ്മയുണ്ട്. ഏഴെട്ട് മണിയായിക്കാണും. വാതിലില്‍ ഒരു മുട്ട് കേട്ടു. അമ്മ ചെന്ന് വാതില്‍ തുറന്നപ്പോള്‍ ചോരനിറമുള്ള കണ്ണുകളോടെ ഒരു സംഘം സിഖുകാര്‍. അവര്‍ ചോദിച്ചു, “ആ മുസ്ലിംകളെവിടെ?” അമ്മ പറഞ്ഞു, “അവരെല്ലാം പാകിസ്താനിലേക്ക് പോയല്ലോ” അന്നേരം എനിക്ക് ഇങ്ങനെ പറഞ്ഞാലോ എന്നു തോന്നി, “ഇല്ല, അവര്‍ താഴെ നിലയിലുണ്ട്.” ഞാനത് പറയാന്‍ പോയതുമാണ്. പക്ഷേ അമ്മയുടെ കണ്ണുകള്‍ എന്‍റെ വായടക്കാന്‍ പറയുന്നതായിത്തോന്നി ഞാന്‍ മിണ്ടാതിരുന്നു. സംഘം സ്ഥലം വിടുകയും ചെയ്തു. 

ലാഹോറില്‍ ജനിച്ച അയ്യര്‍ കറാച്ചിയിലെ ആദ്യത്തെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലാണ്. പാക്കിസ്താന്‍ രേഖകള്‍ (Pakistan Papers)  എന്ന അയ്യരുടെ പുസ്തകം ഇന്ത്യാ പാക് ബന്ധങ്ങളെക്കുറിച്ചെഴുതപ്പെട്ട ഏറ്റവും നല്ല കൃതികളിലൊന്നാണ്. 

അനുബന്ധ പോസ്റ്റുകള്‍