പേജുകള്‍‌

13 December, 2011

ഇരുളിനെ പിളര്‍ത്തി ഒരു വജ്രരേഖ


ചതുര്‍ഭുജ്സ്ഥാനിലെ ലാല്‍ടെന്‍ പട്ടന്‍ ഭാഗത്തു നിന്നാണ് നസീമയുടെ വരവ്. പ്രേമം വഴിഞ്ഞൊഴുകുന്ന റൊമാന്‍റിക് ഗ്രാമമാണ് ലാല്‍ടെന്‍ പട്ടന്‍. നിശയുടെ തിരശ്ശീല താഴ്ന്നുതുടങ്ങിയാല്‍ സ്നേഹം അവിടെ വിലക്കുലഭിക്കുകയായി. തെരുവില്‍ പരസ്യമായി വിലപേശി ‘ചരക്ക്’ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന തുറന്ന കമ്പോളം.

പ്രഭാതങ്ങളില്‍ കുട്ടികള്‍ പുറത്തിറങ്ങുന്നത് അവിടെ വിലക്കപ്പെട്ടിരുന്നു. സ്ത്രീകളുടെയും ദല്ലാളുമാരുടെയും ബഹളവും തിരക്കും, കാമം കത്തിനിന്ന ഒരു രാവിന്‍റെ ഭ്രാന്തസ്മൃതിയില്‍ സ്വപ്നാടനക്കാരനെപ്പോലെ നടന്നുനീങ്ങുന്ന ഉപഭോക്താവിന്‍റെ അര്‍ഥമില്ലാത്ത ആത്മഗതങ്ങളും ജല്‍പനങ്ങളും കുട്ടികള്‍ കാണുന്നതും കേള്‍ക്കുന്നതും അവര്‍ക്കുള്ളിലെ അമ്മമാരും വെറുത്തിരുന്നു. കാമംതേടി പ്രേമ ബാസാറിലെത്തുന്നവരെ ആകര്‍ഷിക്കാന്‍ തങ്ങളുപയോഗിക്കുന്ന തന്ത്രങ്ങള്‍ കൊച്ചനിയന്മാരും അനിയത്തിമാരും കാണുന്നത് ചേച്ചിമാരും ഇഷ്ടപ്പെട്ടിരുന്നില്ല.

യുവ സാമൂഹ്യ പ്രവര്‍ത്തകനായ വലിയുല്ലാ ലാസ്കര്‍ ആണ് കഴിഞ്ഞ ജുലായിലോ മറ്റോ ഗൌതം സിംഗിന്‍റെ Daughters of the Brothel എന്ന ഡോക്യുമെന്‍റ്റി യെക്കുറിച്ചുള്ള അല്‍ജസീറ വീഡിയോയുടെ ലിങ്ക് അയച്ചു തരുന്നത്. അതിനെക്കുറിച്ചൊരു ലേഖനമെഴുതണമെന്ന് അന്ന് കരുതിയതുമാണ്. കൃത്യാന്തരബാഹുല്യങ്ങളില്‍ അന്നത്നടന്നില്ല പിന്നീട്  എല്ലാം സ്വന്തമാക്കുന്ന  മറവിയുടെ മാറാപ്പത് പൂഴ്ത്തുകയും ചെയ്തു. 

വില്യം ഡാല്‍റിംപ്ളിന്‍റെ Nine Lives  ലെ യെല്ലമ്മയുടെ പെണ്‍മക്കള്‍ (The Daughters of Yellamma) എന്ന അദ്ധ്യായം വായിച്ചപ്പോള്‍ അല്‍ജസീറയില്‍ റാഗെ ഒമര്‍ ചെയ്തിരുന്ന, വിറ്റ്നസ്സ് എന്ന ജനപ്രിയ പ്രോഗ്രാമിന്‍റെ വീഡിയോ വീണ്ടും തേടിപ്പിടിച്ചു. തേടിപ്പിടിച്ചു എന്നാല്‍ യൂട്യുബില്‍ അടിച്ച് വരുത്തി എന്നതിനപ്പുറം ഒരര്‍ഥം കല്‍പ്പിക്കേണ്ടതില്ല. ലാസ്കറിന് നന്ദി, അല്‍ജസീറക്ക് നന്ദി, ഗൌതം സിംഗിന് നന്ദി, നസീമക്കും നിക്ഹത്തിനും... നന്ദി

യെല്ലമ്മയുടെ പെണ്‍മക്കള്‍ക്ക്, ഈ ലോകത്ത് ഇങ്ങനെയൊക്കെയേ നടക്കൂ, കാലത്തെ മാറ്റാനൊന്നും നിങ്ങള്‍ക്കാവില്ല, പതിവു പാതയില്‍ നിന്ന് വഴിമാറി നടക്കുന്നത് മൌഢ്യമാണ് എന്ന് തോല്‍വി സമ്മതിച്ച്, തന്നിലൂടെ പിറവി നേടിയ പെണ്‍മക്കളെ താന്‍ വെറുത്ത പാതയിലൂടെ തന്നെ നടക്കാന്‍ പഠിപ്പിക്കുന്ന അമ്മയാണുള്ളതെങ്കില്‍,  ഇവിടെ, വേശ്യാത്തെരുവില്‍ കരിങ്കാലം ജീവിച്ചു തീര്‍ത്ത ഒരു വൃദ്ധയുടെ കനിവില്‍ വഴിമാറി നടന്ന് നൂറ്റാണ്ടുകളുടെ ജഢാവസ്ഥയില്‍ കല്ലിച്ചുപോയ കൂരിരുളിന് കനത്ത പ്രഹരമേല്‍പ്പിച്ച്, പുകപാളിയ അനേകം സമപ്രായക്കാരുടെ ജീവിതത്തിലേക്ക് വജ്രശോഭയും തൈത്തെന്നലും കടത്തിവിട്ട ഒരു പെണ്‍കുട്ടിയുടെ കഥയാണുള്ളത്; ചതുര്‍ഭുജ്സ്ഥാന്‍കാരി നസീമയുടെ.

നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ബിഹാറിലെ ഒരു ഗ്രാമമാണ് ചതുര്‍ഭുജ്സ്ഥാന്‍. അതേപേരിലുള്ള ഒരു ക്ഷേത്രത്തിന്‍റെ സാന്നിധ്യവുമുണ്ടവിടെ. 10000 സ്ത്രീകളും കുട്ടികളുമടങ്ങുന്ന ലൈംഗികത്തൊഴിലാളികളുടെ ഗ്രാമമാണത്. പടര്‍ന്നു വിരിഞ്ഞങ്ങനെ കിടക്കുന്ന വലിയൊരു ‘ചുവന്നഗ്രാമം.’ പരമ്പരാഗതമായി, തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പടര്‍ന്ന വേശ്യാവൃത്തിയുടെ അളിഞ്ഞ ഓടയില്‍ ജീവിക്കുകയാണവിടത്തെ പെണ്ണുങ്ങള്‍. നൂറ്റാണ്ടുകളായി തങ്ങളുടെ കുലത്തൊഴിലാണെന്ന് കരുതി, വില്‍ക്കുന്നത് മാനമാണെന്നു പോലും അറിയാതെ, ജീവിതം തേടുന്ന പെണ്‍ജന്മങ്ങള്‍ വാഴുന്ന ഈ ഗ്രാമത്തിന് വീണു കിട്ടിയ മാണിക്യമാണ് നസീമ. 

നസീമയ്ക്ക് എട്ടു വയസ്സുള്ളപ്പോള്‍ താഴെയുള്ള രണ്ട് സഹോദരങ്ങളെയും പിതാവിനെയും വിട്ടേച്ച് ഉമ്മ മറ്റൊരാളോടൊപ്പം പോയി. അധികം താമസിയാതെ മക്കളെ വിധിയെ കാവലേല്‍പ്പിച്ച് പിതാവും തടിതപ്പി. പിന്നീടവരെ വളര്‍ത്തിയത് അവള്‍ മുത്തശ്ശി എന്നു വിളിക്കുന്ന ലാല്‍ടെന്‍ പട്ടനിലെ ഒരു ലൈംഗികത്തൊഴിലാളിയാണ്. അവര്‍ അവളുടെ ആരുമായിരുന്നില്ല. വേശ്യാവൃത്തിയില്‍ നിന്ന് ലഭിച്ചിരുന്ന പണമുപയോഗിച്ച് നസീമയെ വളര്‍ത്തി, അവളെ സ്കൂളിലയച്ചു. നസീമതന്നെ പറയട്ടെ, “ഞങ്ങള്‍ക്ക് ജന്മംനല്‍കി തിരിഞ്ഞു നോക്കാതെ കടന്നു കളഞ്ഞ മാതാപിതാക്കളെക്കാള്‍ ഞാന്‍ എനിക്കാരുമല്ലാത്ത എന്‍റെ ഈ മുത്തശ്ശിയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു.” അങ്ങനെ മുന്നൂറോ അതിലധികമോ കൊല്ലത്തെ ലൈംഗികത്തൊഴിലിന്‍റെ അഭിശപ്ത ചരിത്രം ഭേസുന്ന ഗ്രാമത്തില്‍നിന്ന് വിദ്യാഭ്യാസം ലഭിക്കുന്ന ആദ്യത്തെ പെണ്‍കൊടിയായി അവള്‍.

സ്കൂളില്‍ നിന്ന് അവള്‍ക്ക് കിട്ടിയിരുന്ന നിര്‍ദേശം സ്വന്തം വീടെവിടെയാണെന്ന് ഒരിക്കലുമാരോടും  പറയരുത് എന്നായിരുന്നു. അത് നന്നായി. നിര്‍ദേശം അക്ഷരം പ്രതി പാലിച്ചതുകൊണ്ട് സ്കൂള്‍ വര്‍ഷങ്ങളില്‍ ഒരിക്കല്‍പോലും കളിയാക്കലും മാറ്റിനിര്‍ത്തപ്പെടലുമൊന്നുമുണ്ടായില്ല. ഒരിക്കല്‍ പോലും അവള്‍ കൂട്ടുകാരികളെ തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചതുമില്ല. ചെറിയ പെരുന്നാളും ബലി പെരുന്നാളും മുറക്ക് കടന്ന് പോയപ്പോഴും കൂട്ടുകാരികളെ വീട്ടിലേക്ക് ക്ഷണിച്ചില്ല. എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറും. അതേസമയം, ഹോളിക്കും ബൈസാഖിനുമെല്ലാം അവരുടെയൊക്കെ വീട്ടിലേക്ക് അവള്‍ പോവുകയും ചെയ്തു.

സ്കൂള്‍വിട്ട് വീട്ടിലെത്തിയാല്‍പിന്നെ നിശയോടോപ്പം വന്നെത്തുന്ന ഭയപ്പാടിന്‍റെ നിഴല്‍ കീറിലേക്ക് മാറിയിരിക്കുകയായി. എപ്പോഴും പൊലീസുകാര്‍ക്ക് കയറിയിറങ്ങാമായിരുന്ന സാഹചര്യമായിരുന്നുവല്ലോ. പ്രാര്‍ഥനാവേളയില്‍ ധരിക്കുന്ന ദുപ്പട്ടയും വസ്ത്രവും അടുത്തു തന്നെയുണ്ടാകും; ഔചിത്യമില്ലാതെ കടന്നുവരുന്ന ആവശ്യം വരുമ്പോള്‍ എടുത്തണിയാന്‍ പാകത്തില്‍. പൊലിസ് വന്നാല്‍പിന്നെ ഈ വേഷമണിയുകയും ഏതെങ്കിലും ഉര്‍ദു പുസ്തകമെടുത്ത് വായിക്കുകയും ചെയ്യും; താന്‍ ചീത്ത കുട്ടിയല്ല, ഏതോ മതഗ്രന്ഥമാണ് പാരായണം ചെയ്യുന്നത് എന്ന് പൊലീസുകാരെ ധരിപ്പിക്കാനായിരുന്നു ഇത്.  

സ്കൂളില്‍ പോയതിന് ഫലവുമുണ്ടായി. ഒരു വലിയ മനസ്സും അത്രതന്നെ ആവേശവും നേടി. അദമ്യമായ ഊര്‍ജ്ജമാണ് വിദ്യാഭ്യാസം അവളിലേക്ക് കടത്തി വിട്ടത്. നൂറ്റാണ്ടുകളില്‍നിന്ന് നൂറ്റാണ്ടുകളിലേക്ക് നീണ്ട പാതയില്‍ ഒരു കൊടും വളവ് സൃഷ്ടിച്ച് അവള്‍ ചതുര്‍ഭുജ്സ്ഥാന്‍റെ ജാന്ദാര്‍ക്ക് (Jeanne d’Arc)  ആയി മാറിയത് കുറഞ്ഞ കാലം കൊണ്ട്.  3000 ലൈംഗികത്തൊഴിലാളികളുള്ള ആ ഗ്രാമത്തില്‍ ഇന്ന് പുതുതായി ഒരുകുട്ടി പോലും വേശ്യാ വൃത്തിയിലേക്ക് കടക്കുന്നില്ല.

വിദ്യാഭ്യാസംനേടി അവള്‍ ചതുര്‍ഭുജ്സ്ഥാനില്‍ തിരിച്ചെത്തിയത് ചാരിത്യ്രം വില്‍പ്പനയ്ക്ക് വെക്കാനായിരുന്നില്ല; ചരിത്രം മാറ്റിയെഴുതാന്‍. ലോക്കല്‍ ബാങ്കുകളുടെ സഹായത്തോടെ മെഴുകു തിരി, തീപ്പെട്ടിക്കൊള്ളി, ചന്ദനത്തിരി, ചാന്ദ് തുടങ്ങിയ ചില്ലറ വസ്തുക്കള്‍ നിര്‍മിക്കാന്‍ പഠിപ്പിച്ചു കൊണ്ട് വേശ്യാവൃത്തിക്ക് പകരമായി ഒരുതൊഴില്‍ സാധ്യത സന്നദ്ധരായവരുടെ മുമ്പിലേക്കിട്ടു കൊടുത്തു. കുട്ടികളെ സ്കൂളിലേക്കയക്കാന്‍ അവള്‍ ഗ്രാമവാസികള്‍ക്കിടയില്‍ ക്യാംപെയ്ന്‍ നടത്തി. ഇന്ന് ചതുര്‍ഭുജ്സ്ഥാനിലെ എല്ലാ കുട്ടികളും സ്കൂളില്‍ പോകുന്നു. 

2002 ജൂണ്‍ മാസത്തിലായിരുന്നു വഴിത്തിരിവിനാധാരമായ സംഭവമരങ്ങേറിയത്. ഒരു പൊലീസ് റെയ്ഡ്. സ്ത്രീകള്‍ വീടുകളില്‍ നിന്നിറങ്ങിയോടി പുരുഷ പൊലീസുകാര്‍ അവരെ പിന്നില്‍ നിന്ന് അണഞ്ഞുകൂട്ടിപ്പിടിച്ച് അറസ്റ്റ് ചെയ്തുകൊണ്ടുപോയി പുരുഷന്മാര്‍ എങ്ങോട്ടെന്നല്ലാതെ പരക്കംപാഞ്ഞു. അവള്‍ അതെല്ലാം വേദനയോടെ കണ്ടുനിന്നു. ദാദി (മുത്തശ്ശി), അവരുടെ വാര്‍ധക്യത്തിന്‍റെ അവശതകളോടൊപ്പം ബാത്ത്റൂമിലൊളിച്ചു. കുട്ടികള്‍ വാവിട്ട് കരഞ്ഞു.

“പിറ്റേന്ന് ഞാന്‍ ഓരോ വീടും കയറിയിറങ്ങി കാര്യങ്ങള്‍ മനസ്സിലാക്കി. എത്രകാലമിങ്ങനെ പതിത്വം ഏറ്റുവാങ്ങിയും അപമാനിതരായും കഴിയും? അല്ലെങ്കിലും ആരും പതിതരായി ജനിക്കുന്നില്ലല്ലോ” നസീമ ധീരയായി. ഇന്ത്യന്‍ ഭരണഘടന ഒരു പൌരനനുവദിച്ച എല്ലാ അവകാശങ്ങളും തങ്ങള്‍ക്കുമുണ്ട്. വല്ലതും ചെയ്യുക അല്ലെങ്കില്‍ പോയി ചാവുക (do or die)  രണ്ട് തെരഞ്ഞെടുപ്പുകളേ അവരുടെ മുമ്പിലുണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് പതാക എന്നര്‍ഥം വരുന്ന 'പര്‍ച്ചം' എന്ന പേരില്‍ ഏതാനും കൂട്ടുകാരുമൊത്ത് ഒരുസംഘടനക്ക് രൂപം നല്‍കുന്നത്. “പുറമെ നിന്ന് വരുന്ന എന്‍.ജി.ഒ കള്‍ക്ക് എമ്പാടും ഫണ്ട് ലഭിക്കും. അവര്‍ക്ക് ഞങ്ങള്‍ പഠന വസ്തു മാത്രമാണ്. സര്‍വേ നടത്തും, വലിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരും, നടത്തിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ലഭിക്കും. ഞങ്ങള്‍ക്കാകട്ടെ, പ്രത്യേകിച്ച് അതു കൊണ്ടൊരു കാര്യവുമില്ല. അതു കൊണ്ട് ആരെയും കാത്തിരുന്നു കൂടാ.”

അങ്ങനെ അവര്‍ പ്രവര്‍ത്തനം തുടങ്ങി. ഒന്നാമത്തെ ദൌത്യം, പുതുതായി ഒരു പെണ്‍കുട്ടിയും ശരീരവില്‍പനക്കായി ചതുര്‍ഭുജ്സ്ഥാനിലെത്തിക്കൂടാ എന്നതായിരുന്നു. രണ്ടായിരത്തി ഒമ്പതില്‍മാത്രം ഇരുപതോളം കുട്ടികളെ ഇങ്ങനെ കടത്തിക്കൊണ്ടു വരുന്നത് അവര്‍ തടയുകയും അവരരുടെ വീടുകളില്‍ തിരിച്ചെത്തിക്കുകയും ചെയ്തു. 

റോമ എന്ന 19 വയസ്സുള്ള ബംഗ്ളാദേശി പെണ്‍കുട്ടിയുടെ കഥ നീറിനില്‍ക്കുന്ന മുറിവില്‍ മുളക് പുരട്ടുന്നതായി. സഹോദരീ ഭര്‍ത്താവാണ് അവളെ മുംബയിലെത്തിച്ചത്. സഹോദരിക്കൊപ്പം അവിടെ താമസിക്കാം, വല്ലതൊഴിലും ചെയ്യാം എന്നൊക്കെ കണക്കു കൂട്ടിയാണ് അവള്‍ വന്നത്. സഹോദരിയോടൊപ്പമല്ല അവള്‍ക്ക് താമസിക്കേണ്ടി വന്നത്. അവരുടെ ഭര്‍ത്താവിന്‍റെ സ്നേഹിതരോടൊപ്പം, അയാള്‍ പറയുന്നവരോടൊപ്പം... അങ്ങനെയങ്ങനെ... അവളവിടുന്ന്ചാടി. വണ്ടികയറി ബിഹാറിലെ മുസഫ്ഫര്‍പൂരിലെത്തി. എത്തിപ്പെട്ടത് ലാല്‍ടെന്‍ പട്ടനില്‍; കുഴിയില്‍ നിന്ന് കുളത്തിലേക്ക്. 

അപ്പോഴേക്കും നസീമയും പര്‍ച്ചമും തങ്ങളുടെ പ്രവര്‍ത്തന ഫലം പറിച്ചെടുക്കാന്‍ തുടങ്ങിയത് റോമയുടെ ഭാഗ്യമായി. അവളവരോടൊപ്പം ചേര്‍ന്ന് കൈത്തൊഴിലുകളിലേര്‍പ്പെട്ടു. റോമയെ ബംഗ്ളാദേശിലുള്ള അവളുടെ സഹോദരനുമായി സംസാരിപ്പിക്കുന്ന രംഗം ഡോക്യുമെന്‍റ്റിയിലുണ്ട്. കണ്ണുകള്‍ അറിയാതെ കരകവിയും. കുടുംബത്തിനുണ്ടാകുന്ന  ചീത്തപ്പേര് ഭയന്നായിരിക്കണം അവര്‍ അവളെ തിരിയെ കൊണ്ട് പോകാന്‍ ഒട്ടും താല്‍പര്യം കാണിക്കുന്നില്ല. 

നസീമയിലേക്ക് തിരിച്ചു വരാം. ജുഗ്നു (മിന്നാമിനുങ്ങ്) എന്ന പേരില്‍ 32 പുറങ്ങളോടെ ഹിന്ദിയിലുള്ള മാഗസിന്‍ പുറത്തിറക്കുന്നുണ്ട് പര്‍ച്ചം. പുറംചട്ടമുതല്‍ കൈപ്പടയില്‍ തയ്യാറാക്കപ്പെടുന്ന ഇന്ത്യയിലെ ഒരേയൊരു പ്രസിദ്ധീകരണമാണത്. എഡിറ്റര്‍ നിക്ഹത്തും കുറേ പെണ്‍കുട്ടികളും കുത്തിയിരുന്ന് എഴുതുകയാണ് ചെയ്യുക. പിന്നീട് ആവശ്യമുള്ളത്ര കോപ്പിയെടുത്ത് വരിക്കാര്‍ക്കയക്കുന്നു. ഇന്ത്യയുലുടനീളം മാസികയ്ക്ക് വായനക്കാരുണ്ട്, സ്റ്റാമ്പൊട്ടിച്ച് അവര്‍ക്കൊക്കെ അയച്ചു കൊടുക്കുന്നതും ഈ സ്ത്രീകള്‍ തന്നെ.  അമ്പതിലധികം മുന്‍കാല ലൈംഗികത്തൊഴിലാളികള്‍ നസീമയോടൊപ്പം പ്രവര്‍ത്തിക്കുന്നു. അവരെ എഴുതാനും വായിക്കാനും പഠിപ്പിച്ചതും അവള്‍തന്നെ. റിപ്പോര്‍ട്ടുകളൊക്കെ അവര്‍തന്നെ തയ്യാറാക്കുന്നു. നിക്ഹത്ത് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

ഞങ്ങളുടെ പ്രശ്നങ്ങള്‍, നേട്ടങ്ങള്‍, ആഗ്രഹങ്ങള്‍, അഭിലാഷങ്ങള്‍, വഴികള്‍... എല്ലാം പുറം ലോകത്തെ അറീക്കുന്നതിനായി ഞങ്ങള്‍ക്കൊരു പ്ളാറ്റ്ഫോം വേണം. നസീമതന്നെ പറയട്ടെ, “തഥാകഥിത മുഖ്യധാരാ മാധ്യമങ്ങള്‍ ഞങ്ങളുടെ വാര്‍ത്തകള്‍ കൊടുക്കും പക്ഷേ അവരുടെ പക്ഷത്തുനിന്ന്, അവര്‍ക്ക് തോന്നിയതു പോലെ. ഞങ്ങള്‍ കരുതുന്നത് പോലെ പറയാന്‍ ഞങ്ങള്‍ക്കൊരു പ്ളാറ്റ്ഫോം വേണം.” എല്ലാ കാലത്തും ഇത് കയ്യെഴുത്ത് മാഗസിന്‍ തന്നെയായി നിലനിന്നു കൊള്ളണമെന്നില്ല. വാക്കിലും പ്രവര്‍ത്തനത്തിലുമെല്ലാം പ്രായത്തില്‍ കവിഞ്ഞ പക്വതയും ധീരതയും  പ്രകടിപ്പിക്കുന്ന അവള്‍ ശുഭാപ്തിയിലാണ്. 

ഈ മാഗസിന്‍ തേടിയാണ് ഗൌതം സിംഗിന്‍റെ ശ്രദ്ധ ചതുര്‍ഭുജ്സ്ഥാനിലേക്ക് തിരിയുന്നത്. ബ്ളോഗെഴുതാന്‍ ഒരുവിഷയം തിരയുന്നതിനിടയിലായിരുന്നു ജുഗ്നു കണ്ണില്‍ പെടുന്നതും അദ്ദേഹം മാഗസിനുമായി ബന്ധപ്പെടുന്നതും. കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ ഇതൊരു ബ്ളോഗിലൊതുങ്ങേണ്ട വിഷയമല്ലെന്ന് ബോധ്യപ്പെട്ടു. അങ്ങനെ ഈ ഡോക്യുമെന്‍റ്റി പിറന്നു. 

നസീമയുടെയും കൂട്ടുകാരികളുടെയും പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് ശത്രുക്കളെയും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. അവരിലേറ്റവും ഭീകര രൂപി റാണീ ബേഗം എന്ന ആ പ്രേമച്ചന്തയുടെ സര്‍വ്വ പ്രതാപിയായ തലയാളാണ്. പര്‍ച്ചമിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതില്‍പിന്നെ ആ സ്ത്രീയുടെ വരുമാനം ഗണ്യമായി കുറഞ്ഞു. റാണിയുടെ ഗുണ്ടകള്‍ നസീമയെയും കൂട്ടുകാരികളെയും പരസ്യമായി മര്‍ദ്ദിച്ചു, നിരന്തരമായി ഉപദ്രവിച്ചു. ദല്ലാളുകളുടെയും ചില പൊലീസ് ഉദ്യോഗസ്ഥരുടെയും മുല്ലമാരുടെയും പുജാരിമാരുടെയും വരെ എതിര്‍പ്പിനും ശത്രുതക്കും പ്രതിക്രിയകള്‍ക്കും അവര്‍ വിധേയരായി. 

കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്ന നായക കഥാപാത്രങ്ങളുണ്ട്, ലക്ഷണമൊത്ത വില്ലന്‍ കഥാപാത്രങ്ങളുണ്ട്, ഒന്നിനൊന്ന് മുന്തി നില്‍ക്കുന്ന സംഘട്ടനങ്ങള്‍ പുറമെയും... അടിപൊളി ഒരു നോവല്‍. അല്ലെങ്കില്‍ വേണ്ട, എല്ലാം കൊണ്ടും ഒരു ബോളിവുഡ് ബോക്സോഫീസ് ബസ്റ്ററിന് സ്കോപ്പുള്ള കഥയായിത്. ഗൌതം സിംഗ് കണക്കു കൂട്ടി. 

അങ്ങനെയാണദ്ദേഹവും സഹപ്രവര്‍ത്തകരും ഒരു ഡോക്യുമെന്‍റ്റിക്ക് തുനിയുന്നത്. ഒരു അഭിസാരികാ കേന്ദത്തിനകത്ത് ഷൂട്ട് ചെയ്യുന്നത് അത്ര എളുപ്പമല്ലല്ലോ. വെറും മൂന്നു പേര്‍ മാത്രമടങ്ങുന്ന ക്രൂവിനെ അദ്ദേഹം തെരഞ്ഞെടുത്തു. 65 കാരി മുന്‍നര്‍ത്തകി റാണി ബേഗത്തോടനുമതി ചോദിച്ചു, ഒരു മുറിക്കകത്ത് ചിത്രീകരിക്കുന്നേടത്തോളം പ്രശ്നമൊന്നുമില്ലെന്ന് മറുപടിയും ലഭിച്ചു. താന്‍ ഒരു സാമൂഹ്യ സേവന കേന്ദ്രം നടത്തുകയാണെന്ന നാട്യത്തോടെയായിരുന്നു ആ സ്ത്രീയുടെ സംസാരമെല്ലാം. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ജീവിക്കാനുള്ള മാര്‍ഗം കാണിച്ചു കൊടുക്കുന്ന ഒരു പൈതൃക കേന്ദ്രം എന്നാണ് തന്‍റെ ശരീര വില്‍പന കേന്ദത്തെ അവര്‍ വിശേഷിപ്പിച്ചത്. 

തൊട്ടടുത്തുള്ള സീതാമഢി ജില്ലയലെ ബോഹാടോലാ ഗ്രാമത്തില്‍ പൊലീസ് സഹായത്തോടെ അരങ്ങേറിയ പൈശാചികമായ ഗുണ്ടാ ആക്രമണം നസീമയും കൂട്ടുകാരും മൊബായ്ലില്‍ റെക്കോഡ് ചെയ്തത് ഗൌതമിന് അവര്‍ നല്‍കി. നാലുപാടു നിന്നും കത്തിപ്പടര്‍ന്ന തീനാളങ്ങള്‍ ഒരു ഗ്രാമത്തിന്‍റെ അവസാനത്തെ അവശേഷവും നക്കിത്തുടച്ചു. മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം ജനിച്ച പൈതലിനെ അമ്മയുടെ മാറത്തു നിന്ന് പറിച്ചെടുത്ത് ആളിക്കത്തുന്ന തീയിലേക്കിട്ട് ചിതയൊരുക്കി. ഈ സംഭവം ഗൌതം റീക്രിയേയ്റ്റ് ചെയ്യുന്നുണ്ട്. ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഉപവാസം സംഘടിപ്പിക്കുന്നതും മുഖ്യമന്ത്രി നിതീഷ് കുമാറിനെ കണ്ട് പരാതി ബോധിപ്പിക്കുന്നതുമെല്ലാം അഭിസാരികയുടെ മകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന 32 കാരി നസീമ തന്നെ.

കുട്ടികളെ സ്കൂളിലേക്കയക്കാന്‍ നസീമയും കൂട്ടുകാരും നടത്തിയ ക്യാംപെയ്നെക്കുറിച്ച് പറഞ്ഞു വല്ലോ. ഇന്നവര്‍ ഇന്ദിരാ ഗാന്ധി നേഷ്നല്‍ ഓവ്പന്‍ യുനിവേഴ്സിറ്റി (ഇഗ്നോ) യുമായി ചര്‍ച്ച നടത്തി വരികയാണ്. ലാല്‍ടെന്‍ പട്ടനില്‍ ഒരു സെന്‍റര്‍ തുറക്കാന്‍ ഇഗ്നോ അധികാരികള്‍ സന്നദ്ധരായിരിക്കുകയാണ്. ചതുര്‍ഭുജ്സ്ഥാനില്‍ നിന്നുള്ളവരാണെന്നതു കൊണ്ട് കോളേജുകളിലും യുനിവേഴ്സിറ്റിയിലും ചെന്ന് ഈ കുട്ടികളുടെ തല കുനിയരുതല്ലോ. അതു കൊണ്ടാണ് ഇവിടെത്തന്നെ ഒരു സെന്‍റര്‍ എന്ന ആശയം തലയിലുദിച്ചത്. 

ഇനി ഈ വീഡിയോ കാണുക




ബാക്കിയെന്ത്? തീര്‍ച്ചയായും, ഉള്ളില്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജതാണ്ഡവമരങ്ങേറുന്ന നസീമയുടെ കഥക്ക് തുടര്‍ച്ചയുണ്ട്. നിങ്ങളെപ്പോലെ ഞാനും കാത്തിരിക്കുന്നു. 

അനുബന്ധ പോസ്റ്റുകള്‍:

76 comments:

  1. എന്റെ തേങ്ങ കിട്ടീട്ട് വേണ്ടല്ലോ ആര്ഫൂനു കറിവെക്കാന്‍ !
    (വരും. വായിച്ചു നാല് പറയാതെ കണ്ണൂരാന്‍ വിടില്ല മോനേ)

    ReplyDelete
  2. ഒരു ഞെട്ടലോടെയാണ് ഞാന്‍ ഈ ലേഖനം വായിച്ചു തീര്‍ത്തത്.
    ഇതത്രയും നമുക്കിടയില്‍, നാം നമ്മുടേതെന്ന് പറയുന്ന നമ്മുടെ രാജ്യത്തെ ജനതയുടെ ദൈന്യതയാണ്‌ എന്നറിയുമ്പോള്‍ ഞെട്ടലിന് ശക്തിയേറുന്നു.
    "ഇരകളുടെ ദൈന്യതയുടെ ചിലവിലാണ് ഇത്തരം വേട്ടക്കാര്‍ കരുത്തരാകുന്നത്" ഈ ഒരു ട്വളിയ സത്യം നസീമ പറയുന്ന തെരുവ് സാക്ഷ്യപ്പെടുത്തുന്നു.
    അതിനെതിരില്‍ ശരിയായ ബോധം നേടുകയും കൃത്യമായ ബോധവത്കരണം നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നതിനനുസരിച്ച് അവിടെ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയെന്നും ലേഖനത്തില്‍ വായിക്കാനാകുന്നു. അതുമൊരു വലിയ പാഠമാണ്.

    ലേഖനത്തില്‍ സൂചിപ്പിച്ച ' കയ്യെഴുത്ത്‌ മാസിക' ആ ജനതയുടെ ഹൃദയ പതാകയാണ്. ആ ഹൃദയ പതകായിലഭയം തേടിയ ജനതക്ക് ആ അഭയം എക്കലാവും അനുഭവിക്കാനാവട്ടെ എന്നാശംസ..! അപ്പോഴും ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു.. ഇവിടങ്ങളില്‍ മാറ് കുലുക്കി അട്ടഹസിക്കുന്ന മഹിളാ സംഘങ്ങളൊക്കെ എവിടെയാ... അവരുടെയൊക്കെ സ്വാതന്ത്ര്യം എന്നത് ക്ലബ്ബില്‍ ജീവിതമാടി തീര്‍ക്കാനുള്ളത്രയും മതിയല്ലോ അല്ലേ..?

    ആരിഫ്ക്ക.. ഇവിടെ വരുമ്പോഴോക്കെയും പുതുമയുള്ള പലതും കാണാനുമറിയാനുമാകുന്നു. സന്തോഷം. വീണ്ടും കാണാം. സ്നേഹ സലാം.

    ReplyDelete
  3. വായിച്ചു, ഇനി വീഡിയോ കാണട്ടെ.

    ReplyDelete
  4. ഒറ്റ ഇരുപ്പിനു വായിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിഷയമായിരുന്നു ഇത്. അഴുക്കുപുരണ്ട സാംസ്കാരികതയിൽ ജനിച്ചു വീണ നസീമയിൽ നിന്നുമുയരുന്ന മാനുഷിക അവകാശതിന്റെ ശബ്ദം ഇരുട്ടുവീണ ഇടനാഴികളിൽ ജ്വലിക്കുന്ന അഗ്നിജ്വാലകളായി മാറുന്നു.

    ആരിഫ്ക്ക ടച്ചുമായി മറ്റൊരു പോസ്റ്റ്.

    ReplyDelete
  5. ലേഖനം,അതിന്റെ ഭാഷ ഗ്രാഫ് തിരിക്കൽ ഒക്കെ അസ്സലായിരിക്കുന്നു .തിരഞ്ഞെടുത്ത വിഷയം അതിലും മനോഹരം. ഇങ്ങനെ ഒരു സ്ഥലവും അവിടെ നിലനിന്ന ഭീകരജീവിത അവസ്ഥയും നല്ല വായനവസ്ഥ പകർന്നു . അഭിനന്ദനങ്ങൾ

    ReplyDelete
  6. "ഭാരതമെന്നു കേട്ടാല്‍ അഭിമാ‍ന
    പൂരിതമാകണം അന്തരംഗം" എന്തിന്‍റെ പേരിലാണ് നാം അഭിമാനിക്കേണ്ടത്!!! ആ വീഡിയോ കണ്ടിട്ട് സഹിക്കുന്നില്ല.. ജീവിക്കാന്‍ വേണ്ടി പെടാപാട് പെടുന്ന ഈ സാധുക്കളെ സംരക്ഷിക്കാനുള്ള ചുമതല അവരെ ഭരിക്കുന്നവര്‍ക്കില്ലേ! ഇപ്പൊ ഭാരതം എന്ന് കേട്ടാലും കേരളം എന്ന് കേട്ടാലും ചോര നല്ലവണ്ണം തിളയ്ക്കുന്നുണ്ട്... പക്ഷെ അത് അഭിമാനം കൊണ്ടല്ലെന്നുമാത്രം!!

    ആ കൈയ്യെഴുത്തു മാസിക ഇന്ത്യയിലുടനീളം എത്തിക്കുന്ന അവരുടെ പ്രയത്നത്തെ അഭിനന്ദിച്ചേ മതിയാവൂ.. നിക്ഹത്തും, നസീമയും പറയുമ്പോലെ അവര്‍ക്ക് പറയാനുള്ളത് ലോകത്തെ അറിയിക്കാന്‍ ഇതിലും നല്ല ഒരു വഴിയില്ലല്ലോ..

    ഇത് വായനക്കാരിലേക്ക് എത്തിച്ചതിനു നന്ദി ആരിഫ്ക്ക..

    ReplyDelete
  7. ശ്വാസമടക്കി വായിച്ചു.!
    കാണാ ലോകത്തിന്റെ കൺ തുറന്ന കാഴ്ച്ച

    നസീമയുടെ പ്രവർത്തനങ്ങൾക്കെന്റെ മാനസിക പിന്തുണ
    മുന്നോട്ട് അധിദൂരം ചലിക്കാനാവട്ടെ നസീമക്കും കൂട്ടാളികൾക്കും

    (ലേഖനം നന്നായി, കൂട്ടുകാരുമായി പങ്കു വെക്കുന്നു)

    ReplyDelete
  8. ഒറ്റ ഇരുപ്പിനു ശ്വാസമടക്കി വായിച്ചു.!ലേഖനം നന്നായി.....
    അഭിനന്ദനങ്ങൾ

    ReplyDelete
  9. കഷ്ടം ,ഇതും ഇതിലപ്പുറവും നമ്മുടെ നാട്ടില്‍ നടക്കും. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി പതിനൊന്നും പതിമൂന്നും വയസ്സായ തന്റെ പെണ്‍കുട്ടികളെ വില്‍ക്കാന്‍ തയ്യാറാകുന്നവര്‍ ബീഹാര്‍ പോലുള്ള ദരിദ്രരാജ്യങ്ങളില്‍ ഉണ്ട് പോല്‍. തന്റെ മകളുടെ ദുപ്പട്ട വലിച്ചു താഴ്ത്തി “ ദേഖോ സാബ്,മേരീ ബച്ചീ ടീഖ് ഹേന...” എന്ന് ചോദിക്കുന്ന അമ്മമാര്‍, ബീഹാറില്‍ ഔദ്യോദിക ആവശ്യത്തിനു പോയ സുഹൃത്ത് ഇത് പറഞ്ഞപ്പോ ഉള്ളിലെവിടെയോ ഒരാന്തലുണ്ടായിരുന്നു.

    ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ട് ജാതിയേ ഉള്ളൂ ഇന്ത്യയില്‍ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്, ഗല്ലികളുടെ വക്കത്ത് പുഴുക്കളെ പോലെ നുരക്കുന്ന മനുഷ്യരെ കാണുമ്പോള്‍, തന്നേക്കാള്‍ ഭാരം കൂടിയ മനുഷ്യരെ കയറ്റിയ റിക്ഷ വലിച്ച് വലിച്ച് ശ്വാസം കിട്ടാതെ ചുമച്ച് ചുവന്ന ചോര തുപ്പി കുന്തിച്ചിരിക്കുന്ന പേക്കോലങ്ങളെ കാണുമ്പോള്‍..
    ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം....!!!

    നസീമയുടെയും കൂട്ടുകാരുടേയും പ്രവര്‍ത്തനങ്ങള്‍ വിജയം കാണട്ടേയെന്ന് പ്രാര്‍ത്ഥിക്കാം നമുക്ക്.

    ReplyDelete
  10. ഇങ്ങനെ ഗ്രാമം മുഴുവൻ വില്പനയ്ക്ക് വെച്ച ഒരുപാട് സ്ഥലങ്ങളുണ്ട് നമ്മുടെ സംസ്ക്കാര സമ്പന്നമായ ഭാരതദേശത്ത്.......ആ സ്ത്രീകളെ പരിചയപ്പെടേണ്ടി വരുന്ന, ശാരീരികമായും മാനസികമായും അവർ സഹിയ്ക്കുന്ന ചോരയിൽ കുതിർന്ന മുറിവുകൾ കാണുമ്പോൾ മനുഷ്യ ജന്മത്തെക്കുറിച്ചുള്ള വാഴ്ത്തു പാട്ടുകൾ എല്ലാം വെറുതെയാണെന്ന് നമുക്ക് തോന്നും. കണ്ണീരു കണ്ണിൽ തന്നെ ആവിയാകുന്നത് അറിയാൻ പറ്റും.....

    ആ കൈയെഴുത്ത് മാസിക ലഭിയ്ക്കുവാൻ എന്തു ചെയ്യണം? നസീമയെപ്പോലെയുള്ളവരുള്ളതുകൊണ്ടാവണം ഈ ദേശം ഇപ്പോഴും ഇങ്ങനെയൊക്കെ പുലർന്നു പോരുന്നത്......

    മനസ്സ് കല്ലാക്കിയാൽ പോലും ഈ പോസ്റ്റ് ഒറ്റയടിയ്ക്ക് വായിയ്ക്കാൻ പറ്റുമായിരുന്നില്ല. വീഡിയോ ഞാൻ പിന്നെ കണ്ടുകൊള്ളാം. ഇപ്പോൾ എനിയ്ക്കതിനുള്ള ബലമില്ല.

    ReplyDelete
  11. ലോകത്തിലെ ചില നേര്‍ക്കാഴ്ചകള്‍ .
    ക്രൂരം..ബീഭല്‍സം..

    ReplyDelete
  12. നല്ല കുറിപ്പ്, വിവരങ്ങള്‍, ഒരായിരം നന്ദി. അഭിനന്ദനങ്ങള്‍

    ReplyDelete
  13. ഇങ്ങിനെ ഒരു ഗ്രാമത്തെ പറ്റി ഈയിടെ ഏഷ്യ നെറ്റിലോ മറ്റോ കണ്ടതായി ഓര്‍ക്കുന്നു. വേശ്യകളുടെയും അവരുടെ കൂട്ടിക്കൊടുപ്പുകാരുടെയും മാത്രം ഗ്രാമം. ഈ പറഞ്ഞ ചതുര്‍ഭുജ്സ്ഥാനിലെ ലാല്‍ടെന്‍ പട്ടന് തന്നെയാവാം അതു. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ഈ ലേഖനത്തില്‍ നിന്നു കിട്ടി. ചുമ്മാ പറഞ്ഞു പോകുന്നതിനപ്പുറം വിഷയത്തെ അതിന്‍റെ പൂര്‍ണതയോടെ അവതരിപ്പിക്കാന്‍ താങ്കള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത അഭിനന്ദനീയമാണ്. ബ്ലോഗിന് പുറത്തും വായിക്കപ്പെടുന്ന വായനാ മൂല്യമുള്ള ലേഖനം. ഒരു Documentary കാണുന്ന പോലെ കാഴ്ചകളെ കണ്മുബിലെത്തിച്ചു. വായനക്കാരുടെ ആസ്വാദനത്തിന്റെ മര്‍മ്മം അറിഞ്ഞു എഴുതാനുള്ള കഴിവു കൊണ്ടാണ് വളരെ നീണ്ട പോസ്റ്റായിട്ടും ഇവിടെ നസീമ വായിക്കപ്പെട്ടത്‌. തുടരുക. ആശംസകളോടെ.

    ReplyDelete
  14. സമൂഹമാനസാക്ഷിയുടെ കണ്ണുകള്‍ തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
    ഇന്ത്യയിലെ മിക്കവാറും ചാളകളിലും ചേരികളിലും പുഴുക്കളെപ്പോലെ ജീവിച്ചു മരിക്കുന്ന ലക്ഷങ്ങള്‍ ഉണ്ട്
    ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത . ഒരു നേരത്തെ അന്നത്തിനുവേണ്ടി പകല്മാന്യ മാര്‍ജാര വര്‍ഗ്ഗത്തിന് മുന്നില്‍
    മാനം വിറ്റ് കുട്ടികളെ ഊട്ടുന്നവര്‍,

    ReplyDelete
  15. നമ്മളൊക്കെ കാണാതെപോകുന്ന, അറിയാതെ പോകുന്ന നമ്മുടെ നാടിന്‍റെ മുഖം ............
    നല്ല പോസ്റ്റ്‌ ആരിഫ്‌ ബായി

    ReplyDelete
  16. ആദ്യമായാണിവിടം... ഇത്തരം അവസ്ഥകള്‍ വരുത്തിവയ്ക്കുന്നതല്ലേ..? ഈ ആധുനിക യുഗത്തിലും ഇത്തരം ചന്തകള്‍ , അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പിമ്പുകള്‍..!!! നസീമമാര്‍ ഉണരട്ടെ.. കൂടെ ഭരണകൂടവും... മനുഷ്യരെ മൃഗതുല്യരാക്കുവാനാണോ ഈ നാട്ടിലെ വ്യവസ്ഥിതികള്‍?? എച്ച്മുക്കുട്ടി പറഞ്ഞത് പോലെ വീഡിയോ കാണാനുള്ള മാനസികാവസ്ഥ എനിക്കുമില്ല..ഇ ലേഖനം അഭിനന്ദാര്‍ഹം...

    ReplyDelete
  17. ആരിഫ്..
    വിങ്ങുന്ന മനസോടെ,എന്തു പറയണമെന്നറിയാതെ ഞാനീ കമന്റെഴുതുന്നു.
    നസീമയുടെ കണ്ണുകളിലെ നിശ്ചയ ദാർഢ്യത്തിന്,'Daughter's of the brothel' എന്നു സ്വയം വിളിക്കുന്ന അവരുടെ ആർജവത്തിന്...നമ്മുടെ എത്രയോ ഗ്രാമങ്ങൾ നസീമമാരെ കാത്തിരിക്കുന്നുണ്ടാവും...
    നന്ദി,ആരിഫ്. ഈ ബ്ലോഗിന്..
    നന്ദി, ഗൗതമിനും.
    എല്ലാത്തിനുമുപരി, ആ മുത്തശ്ശിക്ക്, കയ്യിൽ കിട്ടിയ ആരുടെയോ മകളെ വളർത്തി ഈ നിയോഗത്തിലേക്കെത്തിച്ചതിന്..
    ഒരുപാടു പറയണമെന്നുണ്ട്. കഴിയുന്നില്ല.

    ReplyDelete
  18. ഇത് പോലൊരു ജനുവരിയില്‍ ബാന്ഗ്ലുരില്‍ നിന്ന് നാട്ടിലേക്ക്‌ മടങ്ങുമ്പോള്‍ ബസില്‍ വെച്ചാണ് ഞാന്‍ ആദ്യമായി കല്കട്ട ന്യൂസ്‌ എന്ന സിനിമയുടെ ട്രെയിലര്‍ കാണുന്നത്. പിന്നീടെപ്പോഴോ ആ സിനിമ കണ്ടു കണ്ണ് ചിമ്മിയപ്പോള്‍ അറിയാതെ പറഞ്ഞു പോയി..ഇങ്ങിനെ ഒരവസ്ഥ ആര്ക്കും ഉണ്ടാവാതിരിക്കട്ടെ. ഉമ്മയും പെങ്ങളും ആരെന്നറിയാത്ത കാമവേരിയന്മാരും കൂട്ട്കച്ചവടക്കാര്ക്കും നടുവില്‍ വഴിയും ഗതിയും മുട്ടിയ കുറെ സഹോദരിമാര്‍ 
    ഒരു ബോംബെ യാത്രയില്‍ കേട്ട് കേള്വി മാത്രമായിരുന്ന ചുവന്ന്‍ തെരുവിന്റെ ഓരത്ത് കൂടി നടന്നപ്പോള്‍ ആരെയൊക്കെയോ കാത്തു നില്കുനന്ന കുറെ മുഖങ്ങളെ കണ്ടു. 
    ഒടുവില്‍ പ്രവാസത്തിന്റെ തിരക്കുകള്ക്കി ടയില്‍ അബ്രയിലും സബകയിലും ഇതേ കാഴ്ചകള്‍ കണ്ടു. 
    സ്വന്തം മാംസത്തിനു വിലപറയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് വികാര പൂര്ത്തീനകാരണമോ അതോ ഒരു ചാണ്‍ വയര് നിറയാനുള്ള പെടാ പാടോ..??
    പലരും സ്വയം സന്നധമാവുകയോ അറിയാതെ പെട്ട് പോകുകയോ ചെയ്യുന്നു.. 
    നസീമക്ക് ലഭിച്ചപ്പോലെ തിരിച്ചറിവും വിദ്യാഭ്യാസവും പകര്ന്നു നല്കാകന്‍ കഴിയാത്തിടത്തോളം ഇതൊരു ചങ്ങലയായി നിലനില്ക്കും .. 
    രണ്ടായിരതി നാലില്‍ അന്നത്തെ ഇന്ത്യന്‍ പ്രസിടന്റ്റ്‌ ഡോ. എ. പി. ജെ അബ്ദുല്‍ കലാം ഗുജറാത്തിലെ ആനന്ദിലെ സ്കൂള്‍ കുട്ടികളുമായി സംവദിച്ചു കൊണ്ടിരിക്കെ നമ്മുട മുഖ്യ ശത്രു ആരാണെന്ന് ചോദിച്ചപ്പോള്‍ ഒരു കൊച്ചു കുട്ടി പറഞ്ഞത് ‘ദാരിദ്ര്യം’ എന്നായിരുന്നു.
    എനിക്ക് തോന്നുന്നു. അടിസ്ഥാന വിദ്യാഭ്യാസവും ദാരിദ്ര്യ നിര്മാ ര്ജചനവും എത്ര കണ്ടു നടപ്പിലാക്കാന്‍ കഴിയുന്നുവോ അത്രയും ആശ്വാസം ഈ വിഷയങ്ങളില്‍ നമുക്കുണ്ടാകും.
    വായിച്ചു കഴിഞ്ഞപ്പോള്‍ എന്നിലെവിടെയോ നിസ്സഹായതയുടെ നെടുവീര്പ്പ് ബാക്കിയാവുന്നു. സാമൂഹിക വൈക്ര്തങ്ങളിലെക്ക് വിരല്‍ ചൂണ്ടി ഒരു നല്ല വായന പകര്ന്നുഞ നല്കിയതിനുള്ള കൃതഞ്ജത അറിയുക്കുന്നു..ഒപ്പം ഇതാര്ക്കെ ന്കിലും തിരിഞ്ഞു നടക്കാന്‍ പ്രജോടനമായെന്കില്‍ എന്നാശിക്കുകയും ചെയ്യുന്നു..

    ReplyDelete
  19. ആരിഫ്കാ... ഡാല്‍റിംപ്ളിന്‍റെ 'യെല്ലമ്മയുടെ പെണ്‍മക്കള്‍' അന്ന് നിങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ട ലിങ്ക് വഴി വായിച്ചിരുന്നു. താങ്കള്‍ പറഞ്ഞപോലെ ഒരേ പശ്ചാത്തലത്തിലുള്ളവയാണെങ്കിലും ഇവിടെ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത് പ്രകടമായി കാണുന്നു. നസീമയെപ്പോലുള്ളവര്‍ സമൂഹത്തിലെ പീഢിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രവൃത്തിക്കുന്നതിനെപറ്റി അറിയുംബോള്‍ സന്തോഷം. അവളെപ്പോലുള്ളവര്‍ രാജ്യത്തിന്റെ നന്മക്കായി ഇനിയും പിറക്കട്ടെ.

    പുതിയ അറിവുകള്‍ പങ്കുവച്ച ഈ ലേഖനത്തിന് നന്ദി. ഈ ലേഖനത്തോടും, നസീമയുടെ പ്രവൃത്തനങ്ങളോടും താങ്കള്‍ തീര്‍ച്ചയായും നീതി പുലര്‍ത്തിയിരിക്കുന്നു.

    ReplyDelete
  20. ഭാരതത്തിന്റെ ഇരുണ്ട മുഖങ്ങളെക്കുറിച്ച് വരച്ചിട്ട കാഴചകളോരോന്നും ഞെട്ടെലുളവാക്കുന്നതാണ്.

    ReplyDelete
  21. ഹോ എത്ര സങ്കടകരം. ചിന്തിക്കാൻ പോലും പറ്റാത്ത വിധമുള്ള ജീവിതം നയിക്കുന്ന ആ പാവങ്ങളുടെ രക്ഷകയായി പിറന്ന നസീമയുടെ കരങ്ങൾക്ക് ഇനിയും ശക്തി നൽകട്ടേ ഈശ്വരൻ.

    ReplyDelete
  22. കാണാപുറങ്ങളില്‍ ഇന്നും ഇത്തരം ജീവിതം നയിക്കുന്ന ഒരു പാട് ആളുകളുണ്ട്,
    താങ്കളുടെ ഈ പോസ്റ്റിന് ഒരു സല്യൂട്ട്

    ReplyDelete
  23. നസീമക്ക് ആയിരം സല്യൂട്ട്, ഈ വാര്‍ത്ത ഞങ്ങള്‍ക്ക്‌വേണ്ടി ആത്മാര്‍ഥമായി അവതരിപ്പിച്ച ആരിഫ്ക്കാക്ക് അഭിനന്ദനങ്ങള്‍, പര്ച്ചമിനും ജുഗ്നുവിനും നസീമ ആഗ്രഹിക്കുന്നതുപോലെ കൂടുതല്‍ നസീമമാരെ ലഭിക്കട്ടെ എന്നാശംസിക്കുന്നു, ഇന്ത്യയിലെ മറ്റു തെരുവകളിലെ ചുവന്നവെളിച്ചം മാറി അന്തസ്സും അഭിമാനവും ഉള്ള ഒരു ജീവിതം അവര്‍ക്കെല്ലാം ദൈവം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
    Hifsul Rahman

    ReplyDelete
  24. solidarity to Naseema....

    and special Thanks to you Mr. Arif for such great article

    ReplyDelete
  25. പുതിയ അറിവുകള്‍.. നമ്മള്‍ കാണാതെ അറിയാതെ പോകുന്ന...അല്ലെങ്കില്‍ അറിഞ്ഞാലും ശ്രദ്ടിക്കാതെ പോകുന്ന ഒത്തിരി മനുഷ്യ ജന്മങ്ങള്‍... അവരുടെ ജീവിതം.. ജീവിക്കാന്‍ വേണ്ടി അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ , അതിനെതിരെയുള്ള ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ..

    പതുവുപോലെ ഇക്കയുടെ കയ്യോപ്പോട് കൂടിയ , ഒരുപാട് പുതിയ അറിവുകള്‍ സമ്മാനിച്ച നല്ലൊരു ലേഖനം..

    നന്ദി....

    ഇനി വീഡിയോ കാണട്ടെ....

    ReplyDelete
  26. .അത്തരം ഇരുണ്ട ഇടനാഴികളില്‍ വെളിച്ചമെത്തിക്കാന്‍ നസീമമാരെ കൊണ്ടേ കഴിയു ,ആ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ

    ReplyDelete
  27. ഇന്ത്യയില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ഇതും ഒരു വലിയ വ്യവസായം തന്നെയെന്ന് അറിയാമെങ്കിലും ഈ പോസ്റ്റിലെ കഥാപാത്രങ്ങള്‍ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. നസീമക്ക് ഏറെ അഭിനന്ദനങ്ങള്‍ .

    ReplyDelete
  28. വീഡിയോ കണ്ടു .. പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തം... എങ്കിലും ആ കുട്ടിയുടെ കരച്ചില്‍ ചെവിയില്‍ നിന്ന് മായുന്നില്ലല്ലോ...

    ReplyDelete
  29. ഒരായിരം നസീമമാര്‍ ജനിക്കട്ടെ ....ഈ കാടത്തത്തെ ഇല്ലാതാക്കട്ടെ.....
    നല്ല ഒരു പോസ്റ്റ്‌ .... അഭിനന്ദനങ്ങള്‍

    ReplyDelete
  30. മനസ്സൊന്നു പിടഞ്ഞു ....
    ലേഖനം നന്നായിരിക്കുന്നു

    ReplyDelete
  31. ഞാന്‍ വായിക്കുകയായിരുന്നു....
    ഗൗതം സിങ്ങിന്റെ ഡോക്യുമെന്ററിയും കണ്ടു... ശ്രദ്ധേയമായ ഇത്തരം പ്രശ്നങ്ങളും, നസീമയുടേതുപോലെയുള്ള പ്രവര്‍ത്തനങ്ങളും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിക്കാറുണ്ട്... ഗൗതം സിങ്ങിന്റേതു പോലുള്ള ഡോക്യുമെന്ററികളെക്കുറിച്ച് പലപ്പോഴും അറിയാതെയും പോവുന്നു... ഇവിടെയാണ് താങ്കളുടെ ലേഖനം പ്രസക്തമാവുന്നത്... ഇത്തരം ഗ്രാമങ്ങളെക്കുറിച്ച് എപ്പോഴൊക്കെയോ വായിച്ചു തള്ളിയ ഓര്‍മകള്‍ അല്ലാതെ കാര്യങ്ങള്‍ ഇത്ര തീഷ്ണമാണെന്ന് ഇപ്പോഴാണ് അറിയുന്നത്... ഭാരതീയന്‍ എന്ന നിലയില്‍ ലജ്ജിക്കേണ്ട അവസ്ഥാവിശേഷങ്ങള്‍... അവക്കിടയില്‍ പ്രകാശനാളമായി നസീമ എന്ന ആ പെണ്‍കുട്ടി.... പൊള്ളുന്ന ജീവിത സാഹചര്യങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന് ഒട്ടും അനുകൂലമല്ലാത്ത് സാമൂഹ്യവസ്ഥയിലൂടെ പൊരുതിക്കയറിയ ആ പെണ്‍കുട്ടി എന്നെ അത്ഭുതപ്പെടുത്തുന്നു... സാമൂഹിക-ജീവിത സാഹചര്യങ്ങള്‍ ഏറെ അനുകൂലമായിട്ടും ചെറിയതോതിലുള്ള പ്രതിസന്ധികളില്‍ പോലും പതറിപ്പോവുന്ന നാം മലയാളികള്‍ ഈ പെണ്‍കുട്ടിയെ പാഠപുസ്തകമാക്കേണ്ടതാണ്... തനിക്കു ശേഷവും താന്‍ ഉയര്‍ത്തിയെടുത്ത പ്രസ്ഥാനം സജീവമായി നില നില്‍ക്കേണ്ടതിന്റെ ആവശ്യകത ഡോക്യുമെന്ററിയുടെ അവസാന ഭാഗത്ത് നസീമ തന്നെ പറയുന്നത് അവരുടെ കൃത്യമായ ലക്ഷ്യബോധത്തിന്റെയും ആസൂത്രണമികവിന്റെയും നിദര്‍ശനമായി എടുത്തു കാട്ടാവുന്നതാണ്...

    ജുഗ്നു എന്ന കൈയ്യെഴുത്ത് മാസിക ഒരു പ്രസ്ഥാനമായി മാറുന്ന - സാമൂഹികതിന്മകള്‍ക്കെതിരായുള്ള തീഷ്ണസ്വരങ്ങളുടെ ജിഹ്വയായി മാറുന്ന ഒരു നാളിനു വേണ്ടി പ്രാര്‍ത്ഥിച്ചു പോവുന്നു..

    പ്രിയപ്പെട്ട ആരിഫ് സാര്‍., നാം ജീവിക്കുന്ന നാടിന്റെ വ്യത്യസ്ഥമായൊരു മുഖം കാട്ടിത്തന്നതിന് താങ്കളോട് നന്ദി പറയുവാന്‍ വാക്കുകളില്ല - അലിഗഢ് പോലൊരു പ്രശസ്ഥമായ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന താങ്കളുടെ പഠന-അനുഭവ മണ്ഡലം ആഴവും പരപ്പുമുള്ളതാവാതെ തരമില്ല... ഐസ്ബര്‍ഗിന്റെ ഒരു മചെറിയ മുകള്‍ക്കൂന മാത്രമാണ് ഈ ലേഖനം എന്ന് അറിയാം... ഇനിയും പങ്കുവെക്കുക - താങ്കളുടെ അറിവുകള്‍, ചിന്തകള്‍, പഠനങ്ങള്‍, നിരീക്ഷണങ്ങള്‍, അനുഭവങ്ങള്‍ എല്ലാം പങ്കുവെക്കുക... ബുദ്ധിജീവി ജാടകളില്ലാത്ത താങ്കളുടെ എഴുത്തുകള്‍ വായിക്കുന്നത് ഹൃദ്യമായ അനുഭവമാണ്...

    ReplyDelete
  32. ഏതൊരു ഭാരതീയനും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ...
    ഇവിടെ പങ്കുവെച്ചതിനു നന്ദി.

    ReplyDelete
  33. വേദന തോന്നി വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ

    ReplyDelete
  34. ആരിഫിന് നന്ദി, ഹാഷിമിനും നന്ദി, ഇവിടെയെത്തിച്ചതിന്. ഈ നസീമയെപ്പോലുള്ളവരല്ലേ വളര്‍ന്ന് വളര്‍ന്ന് രാജ്യം ഭരിക്കേണ്ടത്...? അതിനുപകരം ഇവിടെ രാജാവിന്റെ മകനും കൊച്ചുമകനുമ്മൊക്കെ രാജ്യം ഭരിക്കുന്നു. കഷ്ടം തന്നെ

    ReplyDelete
  35. ആ പുസ്തകത്തെ പറ്റി (യെല്ലമ്മയുടെ..) മാതൃഭൂമി ബുക്സില്‍ വായിച്ചിരുന്നു മുന്‍പൊരിക്കല്‍. സമാനമായ ഒന്ന് രണ്ട് ലേഖനങ്ങളും എവിടെയോ കണ്ടിരുന്നതായി ഓര്‍ക്കുന്നു. സത്യത്തില്‍ നമ്മുടെ നാട്ടില്‍ ഇതൊക്കെ ഇന്നും നടമാടുന്നു. വീഡിയോ കണ്ടില്ല. അത് കൂടെ കാണട്ടെ.

    ReplyDelete
  36. ഹൃദയം നോവുന്ന ലേഖനം ......അതെനെക്കാള്‍ കരള്‍ നീറുന്ന വീഡിയോ ...വരികള്‍ കൊണ്ട് നോവിപ്പിച്ചു പ്രാര്‍ത്ഥിക്കാം ഈ കുഞ്ഞു മയില്‍പീലി ക്ക് ..അതിനല്ലേ കഴിയൂ ..എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  37. Shocking.....unbelievable...!
    Hearty Congrats to Naseema!
    Sasneham,
    Anu

    ReplyDelete
  38. ജീവിതത്തിന്റെ, സമര്‍പ്പണത്തിന്റെ, ത്യാഗത്തിന്റെ, സേവനത്തിന്റെ അറിയാതെ പോകുന്ന കഥകളിലേക്ക് തുറന്നു വെച്ചതായി ഈ ലേഖനം.
    ഒറ്റപ്പെട്ട പോരാട്ടങ്ങളുടെ കഥകള്‍ ഇനിയും കാണും. വിജയിച്ചവര്‍, വിജയത്തോട് അടുത്തവര്‍, വിജയിക്കുന്നത് വരെ പോരാടാന്‍ ജീവിതം സമര്‍പ്പിക്കപ്പെട്ടവര്‍, പിന്നെ വഴിയില്‍ ലക്ഷ്യത്തിലെത്താതെ ചിറകൊടിഞ്ഞു വീണവര്‍. വീഴ്ത്തപ്പെട്ടവരും കാണും.
    നസീമ അവര്‍ക്കെല്ലാം ഒരാവേശമാകും. ഒരു സമര്‍പ്പണം പോലെ പോരാടുന്ന ഇത്തരം വിളക്കുകള്‍ എന്നും ജ്വലിച്ചു തന്നെ നില്‍ക്കട്ടെ.
    ഇത് പറഞ്ഞ സെയ്നോക്കുലറിന്റെ സൈബര്‍ താളുകള്‍ ഇനിയും ഇതുപോലെ മികച്ച അനുഭവങ്ങളിലൂടെ നിറയട്ടെ.
    വൈകി ഇവിടെ എത്തിയ ആളാണ്‌ ഞാന്‍ എങ്കിലും , ഇനി ഇവിടേക്കുള്ള വഴി മറക്കരുതെന്ന് അവതരണ മികവ് ഓര്‍മ്മിപ്പിക്കുന്നു.

    ReplyDelete
  39. ആര്ഫൂ,
    ഇന്ന് വിശദമായി വായിച്ചു തീര്‍ത്തു.
    മനോഹരമായ ഭാഷയിലൊരുക്കിയ ഈ മഹാചരിതം ആശ്ചര്യവും അമ്പരപ്പും ഉണ്ടാക്കുന്നു ഭായീ.
    നല്ലൊരു ലേഖനം മാത്രമല്ല ഇത്;
    ജീവിതം തന്നെയാണ് വരച്ചിട്ടിരിക്കുന്നത്.
    (ഗുരുവേ-സ്വസ്തി)

    ReplyDelete
  40. ആരിഫ്‌ ഭായ്‌, നല്ലൊരു എഡിറ്റോറിയല്‍ എന്ന് വിശേഷിപ്പിക്കാം ഈ ലേഖനത്തെ.. നസീമയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്‌. വിവരവും വിദ്യാഭ്യാസവും വെളിച്ചമാണ്‌. ഇരുട്ടില്‍ നിന്ന് രക്ഷ നേടി കൊടുക്കാന്‍ വെളിച്ചത്തിനേ കഴിയൂ... അവിടെ തീര്‍ച്ചയായും ഒരു ഇഗ്നോ സെന്‌റര്‍ തുടങ്ങേണ്‌ടതുണ്‌ട്‌. തുടങ്ങട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

    ReplyDelete
  41. ഇവിടേയ്ക്ക്‌ എന്റെ ആദ്യ പ്രവേശം.
    ഉയര്‍ത്തി വെച്ച പാദങ്ങള്‍ കുളിര്‍ത്തു.
    രോമഹര്‍ഷണം ലഭ്യം!
    - Arif Zain ന്ന്‌ കൂപ്പുകൈ!

    നസീമയുടെ വളര്‍ത്തമ്മയാണെന്റെ അമൃതാനന്ദമയി-
    നസീമയെ ഭാരതത്തിന്റെ പുണ്യമാക്കിയെടുത്ത തേജോമയി.

    ഭാരതം എന്റെ ജന്മനാട്‌.
    ലജ്ജയാല്‍ താഴ്ത്തപ്പെട്ട എന്റെ ശിരസ്സ്‌ ആ പാദങ്ങളെ തൊട്ട്‌ ധന്യത നേടട്ടെ...

    ReplyDelete
  42. Dear Arif Zain നന്നായി എഴുതി, ഇങ്ങനെയും ചില എഴുത്തുകള്‍ ഉണ്ടാകുമ്പോഴാണ് ബ്ലോഗുകളുടെ സാധ്യതകള്‍ തിരിച്ചറിയപ്പെടുന്നത്.

    ReplyDelete
  43. ആരിഫ്ക്

    ഞാന്‍ ഇതിനെ കുറിച്ച് പല ലേഖനങ്ങളും മുന്‍പും വായിച്ചിട്ടുണ്ടായിരുന്നു... അന്നൊക്കെ ഇത്തരം ലേഖങ്ങള്‍ പല ഇംഗ്ലീഷ് മാഗസിനുകളിലും വായിച്ചപ്പോള്‍ അവര്‍ക്ക് ഒരു വില്‍പന ചരക്കു കിട്ടിയ സന്തോഷം തന്നെ ആണ് അവരുടെ എഴുത്തുകളിലും ഞാന്‍ കണ്ടത്.

    സ്വന്തം മകളെ വേശ്യാ വൃത്തിക്ക് പോകാന്‍ പറഞ്ഞു പല പല പ്രലോഭങ്ങള്‍ വെക്കുന്ന ഒരു പിതാവും, മാതാവ് അതിനെ എതിരത്തപ്പോള്‍ അവരെ അടിച്ചു വീഴ്ത്തി അവളെയും മക്കളേയും വിട്ടു പോയ ഒരു അനുഭവവും, പിന്നീട് മാതാവിന്‍റെ മരണ ശേഷം പിതാവ് അവളെ വീണ്ടും കെണിയില്‍ പെടുത്തി കൊണ്ട് പോവുകയും അതില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുമ്പോള്‍ അവളുടെ പ്രായം 14 വയസായിരുന്നു" എന്നാണു എന്റെ ഓര്‍മ...

    നിര്‍വികാരത അനുഭവിച്ചു പോകുന്നു.. ശരിക്കും!!!
    \അവിടെ അവര്‍ 10 വയസിനു മുന്‍പേ 'തൊഴിലിനു' പോകാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്നു എന്ന് കേട്ടിട്ടുണ്ട്.... അവര്‍ ആ തൊഴിലിനെ ഒരു മാന്യമായ ജോലി ആയി തന്നെ ആണ് കാണുന്നതും. വിദ്യാഭ്യാസമില്ലാത്ത ഒരു ജനതയെ ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചു വെച്ചൊരു സമൂഹം തന്നെ വാര്ത് വെക്കുന്ന അധികാരികളുടെ വിഷം നിറഞ്ഞ മനസിനെ വേണം കല്ലെറിഞ്ഞു കൊല്ലാന്‍...!!!

    ഇത്തരം കാര്യങ്ങള്‍ ഒരു ചിന്തനം ആണ് ആരിഫ്ക്ക.... ആളുകള്‍ അറിയണം. നമ്മുടെ പ്രാദേശിക മാധ്യമങ്ങളില്‍ ഒന്നും തന്നെ ഇത്തരം വാര്‍ത്തകള്‍ പ്രസിധമാകണമെങ്കില്‍ ഒരുപാട് ഈറോം ശര്‍മിളമാര്‍ വീണ്ടും വീണ്ടും ഉയര്തെഴുനെല്‍ക്കണം... അതിനു ഇത് പോലെയുള്ള എഴുതുകല്‍ക്കെ കഴിയൂ...

    എല്ലാ ആശംസകളും ആരിഫ്ക്കാ.... എന്റെ വാക്കുകള്‍ പോലും നിസ്സംഗമാകുന്നു.... :(

    ReplyDelete
  44. ഈ ലേഖനം വായിച്ചപ്പോള്‍ ഒരിക്കല്‍ സി . എന്‍ . എന്‍ (അതോ ബി. ബി. സി - കൃത്യമായി ഓര്‍ക്കുന്നില്ല ) ല്‍ വന്ന ഒരു പ്രോഗ്രാം ആണ് ഓര്മ വരുന്നത് .. (യു ടുബില്‍ സെര്‍ച്ച്‌ ചെയ്തു ... സി . എന്‍ . എന്‍ തന്നെ . പ്രോഗ്രാം നെയിം (CNN Heroes 2011 - Everyday People Changing the വേള്‍ഡ്).
    അതില്‍ പറയുന്നുണ്ട് "റിയല്‍ മെന്‍ ഡോണ്ട് ബയ് വുമെന്‍ " . അനുരധാജി അവര്‍ക്കായി ഒരു വീട് നടത്തുന്നു , സ്കൂളില്‍ അയക്കുന്നു , ജോലിക്കായി വഴി കണ്ടെത്തുന്നു /... ബാകി ഇവിടെ കാണൂ . http://www.youtube.com/watch?v=gKzDtYJR2b4&feature=related

    ReplyDelete
  45. നന്നായിട്റ്റ് എഴുതി ആരിഫ്ക്ക

    ReplyDelete
  46. നസീമക്ക് അഭിവാദ്യങ്ങള്‍.
    ഇവരെ പറ്റി നാം കേള്‍ക്കാന്‍ വളരെ താമസിച്ചു പോയല്ലോ..

    ഈ ലേഖനത്തിന് ഒരു ആയിരം നന്ദി.

    നേപ്പാള്‍ അതിര്‍ത്തിയിലെ ബീഹാറി സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവധിക്കു പോയിരിക്കുന്ന അവര്‍ വന്നതിനു ശേഷം വേണം ചതുര്‍ഭുജ്സ്ഥാനെയും നസീമയെയും പറ്റി കൂടുതല്‍ ചോദിച്ചു മനസ്സിലാക്കുവാന്‍

    ReplyDelete
  47. നസീമക്ക് അഭിവാദ്യങ്ങള്‍..ഇനിയും നമ്മുടെ പല ഗ്രാമങ്ങളിലും ഇത് പോലെ ഒരുപാടുപേര്‍ വരേണ്ടിയിരിക്കുന്നു..നല്ല ലേഖനം ഭായീ ആശംസകള്‍ ഒപ്പം പരിചയപ്പെടുത്തിയതിനു നന്ദിയും

    ReplyDelete
  48. നസീമക്ക് അഭിവാദ്യങ്ങള്‍.
    ഇവരെ പറ്റി നാം കേള്‍ക്കാന്‍ വളരെ താമസിച്ചു പോയല്ലോ..

    ഈ ലേഖനത്തിന് ഒരു ആയിരം നന്ദി.

    നേപ്പാള്‍ അതിര്‍ത്തിയിലെ ബീഹാറി സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവധിക്കു പോയിരിക്കുന്ന അവര്‍ വന്നതിനു ശേഷം വേണം ചതുര്‍ഭുജ്സ്ഥാനെയും നസീമയെയും പറ്റി കൂടുതല്‍ ചോദിച്ചു മനസ്സിലാക്കുവാന്‍

    റോസാപ്പൂക്കള്‍

    ReplyDelete
  49. ആരിഫ് സര്‍
    ഈ ഒരു ലേഖനം ഈ ഒരു ബ്ലോഗില്‍ മാത്രം ഒതുക്കാനുള്ളതല്ല, മറ്റ് മീഡിയകളിലൂടെയും ഇത് വായനക്കാരില്‍ എത്തിക്കണം...
    നിങ്ങള്‍ അവതരിപ്പിച്ച വിഷയം വളരെ വലുതാണ്, ഒരു സമൂഹത്തിന്റെ, കണ്ണു തുറപ്പിച്ച നസീമ.... ആനസീമയുടെ പ്രവര്‍ത്തന രീതി അവതരിപ്പിക്കാന്‍ ശ്രമിച്ച ആരിഫ് സറിന്റെ പേനയില്‍ നിന്നും ഉതിര്‍ന്നു വീണത് മുത്ത് മണികളായിരുന്നു ആ മുത്ത് മണികള്‍ മനോഹരമായി കോര്‍ത്തിരിക്കുന്നു.അല്പം പോലും അഭംഗി എവിടെയും കാണാന്‍ കഴിഞ്ഞിട്ടില്ല, പലരും പറഞ്ഞത് പോലെ ശ്വാസമടക്കി അവസാന വരി വരെ വായിച്ചു.ഇത് ഒരു കഥയല്ലല്ലോ, യാഥാര്‍ത്യമാണല്ലോ എന്നോര്‍കുമ്പോള്‍ മനസ്സ് വല്ലാതെ വേദനിക്കുന്നു, ഒപ്പം നസീമയുടെ പ്രവര്‍ത്തങ്ങളില്‍ ഒരു പുതിയ പ്രഭാദത്തിന്റെ പ്രതീക്ഷയും....

    വായനാക്കിടയില്‍ ആ ഗ്രാമത്തിലെ ജനങ്ങളെ നേരില്‍ കാണുകയായിരുന്നു, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ശരീരം വില്‍കാന്‍ നിര്‍ബന്ധിതരായ സ്ത്രീകള്‍, അതോടൊപ്പം ഗുണ്ടകളെ പേടിച്ചു അതിനടിമപ്പെടേണ്ടി വരുന്ന സ്ത്രീകള്‍.....നോകൂ കുത്തിയായി നില്ക്കുന്ന നിയമ പാലകര്‍ ....
    ----------------
    ഇവരെ രക്ഷപ്പെടുത്താന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നും ചെയ്യാത്ത കാഴ്ച, ഈ ഒരവസരത്തില്‍ ഗുണ്ടകളുടെ അടികൊണ്ടും, പുതിയ തൊഴിലുകള്‍ പഠിപ്പിച്ചും (ലോക്കല്‍ ബാങ്കുകളുടെ സഹായത്തോടെ മെഴുകു തിരി, തീപ്പെട്ടിക്കൊള്ളി, ചന്ദനത്തിരി, ചാന്ദ് തുടങ്ങിയ ചില്ലറ വസ്തുക്കള്‍ നിര്‍മിക്കാന്‍ പഠിപ്പിച്ചു കൊണ്ട് വേശ്യാവൃത്തിക്ക് പകരമായി ഒരു തൊഴില്‍ സാധ്യത സന്നദ്ധരായവരുടെ മുമ്പിലേക്കിട്ടു കൊടുത്തു) കുട്ടികളെ സ്കൂളിലേക്കയക്കാന്‍ അവള്‍ ഗ്രാമവാസികള്‍ക്കിടയില്‍ ക്യാംപെയ്ന്‍ നടത്തിയും ചതുര്‍ഭുജ്സ്ഥാനിലെ സ്ത്രീകളെ പുതിയൊരു ജീവിതത്തിലേക്ക് കൊണ്ട് വന്ന നസീമയെ അനുമോദിക്കുന്നതിനോടപ്പം, വളരെ ഭംഗിയായി ഇവിടെ അവതരിപ്പിച്ചു ആരിഫ് സാറിന് ഒരിക്കല്‍ കൂടി നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു

    ReplyDelete
  50. ഒരു അപമാന ഭാരത്താല്‍ ഞാന്‍ വായിച്ചു തീര്‍ത്ത ഒന്നാണ് ഇത് എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണെന്നു പ്രതിക്ഞ്ഞ എടുത്ത നമ്മള്‍ ജീവിക്കുന്ന നാട്ടില്‍ മാംസം വിറ്റു പട്ടിണി മാറ്റുന്ന മനുഷ്യര്‍ ഇതല്ലാം നാം കാണുന്നു പക്ഷെ ഇതൊന്നും എന്നെ ഭാധിക്കുന്ന ഒന്നല്ല എന്ന തരത്തില്‍ പുറം തിരിഞ്ഞു നില്‍ക്കുമ്പോഴും ഒരുത്തി എങ്കിലും അതിനെതെരെ പണി എടുക്കാന്‍ എന്നത് ആവേശകരം തന്നെ ഒരു നല്ല ലേഖനം ചര്‍ച്ച ചെയ്യപെടെണ്ട ഒന്ന്

    ReplyDelete
  51. ആദര്‍ശ പിന്‍തുടര്‍ച്ചയില്‍ തിരിച്ചെത്താന്‍ പടച്ച തമ്പുരാനേ ഇയാളേ നീ സഹായിക്കേണമേ... പിതാവിന്റെ ആദര്‍ശ പാതയില്‍ (കറകളഞ ഇസ്ലാമിനെ) ഇദ്ദേഹത്തെ നീ വഴിനടത്തേണമേ... ആമീന്‍.

    ReplyDelete
  52. ഇത് ഒരൊറ്റപ്പെട്ട സംഭവം അല്ല. സ്ത്രീ ശരീരത്തെ വില്‍പ്പനച്ചരക്കായി മാത്രം കാണുന്ന ചതുര്‍ഭുജ്സ്ഥാനുകള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ട്. സ്ത്രീ പുരുഷന്റെ വികാര ശമനത്തിനുള്ള ഒരു ഉപകരണം മാത്രമായി മാറുന്നു. പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ഡോ. സുനിതാ കൃഷ്ണനെയാണ് നസീമയെ വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്. നസീമയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും, അഭിനന്ദനാര്‍ഹവും ആണ്. ഈ വിഷയം ഗൌരവം ഒട്ടും ചോര്‍ന്നുപോകാതെ വായനക്കാരില്‍ എത്തിച്ച ലേഖകന്‍ ആരിഫ്‌ക്കാക്ക് നന്ദി...

    ReplyDelete
  53. ആര്‍ഫൂ.....
    വല്ലാത്തൊരു വിഷയമാണ് ഈ ലേഖനത്തിലൂടെ വായനക്കാരില്‍ എത്തിച്ചിരിക്കുന്നത് ...

    എണ്‍പത്തി രണ്ടില്‍ ഒരു പ്രവാസിയായി മുംബയില്‍ (അന്ന് ബോംബെ ) കുടിയേറിയപ്പോള്‍ എനിക്ക് ഇരുപതു വയസ്സ് . ഈ മഹാ നഗരത്തിലെ ചുവന്ന തെരുവുകള്‍ കോളേജ് നാളുകളില്‍ കൂട്ടുകാര്‍ക്കിടയില്‍ ചര്‍ച്ച ചെയ്തു കേട്ട വിഷയം ആയതിനാല്‍ ആദ്യത്തെ ആവശ്യവും ഈ സ്ഥലം കാണുക എന്നത് തന്നെയായിരുന്നു. ഒരു സഹപ്രവര്‍ത്തകന്റെ കൂടെ ഗ്രാന്റ് റോഡ്‌ സ്റ്റേഷന് സമീപം ഉള്ള ഈ തെരുവുകളില്‍ എത്തിയപ്പോള്‍ മനസ്സിലെ ആകാംക്ഷ അപ്പാടെ ചോര്‍ന്നു പോയി . വിരളമായി വെളിച്ചം കടക്കുന്ന കെട്ടിടങ്ങളിലെ മര കോണികള്‍ കയറി ഞാന്‍ ഓരോ കെട്ടിടത്തിലും കണ്ട ചിത്രങ്ങള്‍ . അതിന്നും മനസ്സില്‍ ഉണ്ട് . അതില്‍ വേദനിപ്പിച്ചത് പതിനാറു വയസ്സ് പ്രായമായ ഒരു പെണ്‍കുട്ടി കണ്ണ് നിറച്ചു തൊഴുതു പറയുന്നു .. മുജ്ഹെ മത് ഭുലാനാ .. ഭായ് സാബ് . ബ്രോതെല്‍ സൂക്ഷിപ്പുകാരിയുടെ ആവശ്യത്തിനു വഴങ്ങാത്ത ദേഷ്യം ആ ബാലികയുടെ തുടയിലെ മാംസം തീ വെച്ച് പൊള്ളിച്ചു തീര്‍ത്ത ക്രൂരത കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു ... ഉണ്ണി ഇനി എനിക്ക് ഇവിടം കാണണ്ട. നമുക്ക് പോകാം . തിരിച്ചു താമസ സ്ഥലത്തേക്കുള്ള ബസ്‌ യാത്രയില്‍ മുഴുവന്‍ ഞാന്‍ മനസ്സില്‍ ചോദിച്ചത് .. ഈ ചിത്രങ്ങള്‍ കണ്ട ആളുകള്‍ക്ക് എങ്ങിനെ അവിടെ രതി വികാരം ഉടലെടുക്കും എന്നാണ്‌?

    പല സന്നദ്ധ സംഘടനകളും പലരെയും മോചിപ്പിച്ചു നാട്ടില്‍ അയച്ചാലും നാട്ടിലും ഇവര്‍ വേട്ടയാടപെടുന്നതിനാല്‍ വീണ്ടും ഈ മാര്‍ഗത്തില്‍ തന്നെ തിരിച്ചെത്തുന്നു. ഇവിടെയാണ്‌ നസീമയുടെയും പങ്കാളികളുടെയും പ്രസക്തി. അത് ഇത്രയും നന്നായി വരച്ചിട്ട ആരിഫ് സൈന്‍ എന്ന ക്രാഫ്റ്റ് മാന്‍ തീര്‍ക്കുന്ന സൈനോകുലര്‍ . ഏതൊരു വായനക്കും മുന്‍ വിധിയോടെ ഇവിടെയെത്തുന്ന എന്നെ ഈ ബ്ലോഗ്ഗ് ഒരിക്കലും നിരാശനാക്കിയിട്ടില്ല. ഹാട്സ് ഓഫ്‌ ആര്‍ഫൂ ....

    ReplyDelete
  54. പല രീതിയിൽ അകപ്പെട്ടു പോകുന്നവർ.. പിന്നെ അതു തന്നെ ജീവിതമാക്കുന്നവർ.. ഇൻഡ്യയെന്ന മഹാരാജ്യം നാം കണ്ടതിലും കേട്ടതിലും ഒക്കെ ഒരുപാട് വ്യത്യാസമാണ്.. നസീമക്ക് അഭിവാദ്യങ്ങൾ..

    ആരിഫ് ഭായ് ഈ വിഷയം അവതരിപ്പിച്ചതിന് ആശംസകൾ..!!

    ReplyDelete
  55. ജീവിക്കാന്‍ വേണ്ടി അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍,തനിച്ചു പോരാടാന്‍ ഇറങ്ങിയ നസീമ മനസ്സില്‍ നിന്നും മായുന്നില്ല ആരിഫ്‌ ഇക്കാ ...ഏതൊരു ഭാരതീയനും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ...കേട്ടിട്ടുണ്ട് പല സിനിമകളിലും കണ്ടിട്ടും ഉണ്ട് ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ശരീരം വില്‍കാന്‍ നിര്‍ബന്ധിതരായ സ്ത്രീകള്‍, അതോടൊപ്പം ഗുണ്ടകളെ പേടിച്ചു അതിനടിമപ്പെടേണ്ടി വരുന്ന സ്ത്രീകള്‍.....എന്തിനും അവര്‍ക്ക് കൂട്ട് നില്‍ക്കുന്ന നിയമ പാലകര്‍ ...
    ഇവിടെ വരുമ്പോഴോക്കെയും വ്യത്യസ്തവും അറിഞ്ഞിരിക്കേണ്ടതുമായ കഥകള്‍ പറഞ്ഞു തരാന്‍
    കഴിയുന്നുണ്ട് ഇക്കാക്ക്‌ ..., നസീമക്ക് അഭിവാദ്യങ്ങള്‍..നസീമയെ ഭംഗിയായി ഇവിടെ അവതരിപ്പിച്ച ആരിഫ്ഇക്കാക്ക് അഭിനന്ദനങ്ങള്‍......

    ReplyDelete
  56. ആത്മ വിശ്വാസത്തോടെ മുന്നേറിയാല്‍ പലതും നമുക്കും ചെയ്യാന്‍ പറ്റും. പക്ഷെ ആരുണ്ട്

    ReplyDelete
  57. ലോകത്തിലെ പല ജീവിതങ്ങളും നമ്മള്‍ അറിയാറില്ല..നരക തുല്യമായ ജീവിതം നയിച്ചിരുന്ന ഒരു സമൂഹത്തിലേക്കു അത്ന്യതയുടെ ഇരുട്ടകറ്റാനും അവരെ രക്ഷിക്കാനും വിളക്കുമായി വന്ന മാലാഖ ആണ് നസീമ.ആള്‍ ദൈവങ്ങളെ പൂജിക്കുന്നവരെ ...ഇങ്ങനെ സമൂഹത്തിനെ പ്രതിഭലെച്ച്ഹ കൂടാതെ സേവിക്കുന്നവരെ പൂജിക്കു.

    ReplyDelete
  58. പതിവ് പോലെ സമയവും വായിക്കാന്‍ മനസ്സും ഉണ്ടെന്ന്‍ ഉറപ്പ് ഉണ്ടായപ്പോള്‍ മാത്രം വായന തുടങ്ങി
    .സക്കീന ഉണ്ടാക്കി വിട്ട നൊമ്പരം തീരും മുന്‍പേ നസീമ എന്ന joan of arc ന്റെ പെണ്‍കരുത്തിനു മുന്നില്‍ ഹൃദയപൂര്‍വ്വമുള്ള അഭിവാദ്യങ്ങള്‍! സംശയമേതുമില്ല ഇവള്‍ വജ്ര രേഖ തന്നെ! ചെറിയ ചെറിയ പ്രശ്ങ്ങള്‍ക്ക് മുന്നില്‍ പതറുന്ന സ്ത്രീജന്മങ്ങള്‍ക്ക്‌ മുന്നില്‍ വലിയൊരു സന്ദേശം ആണ് നസീമ തരുന്നത്

    ReplyDelete
  59. മുമ്പ് ബിബിസിയുടെ ഒരു ഡോക്യുമെന്ററി കണ്ടിരുന്നു. കഷ്ടം തന്നെ! ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വാക്കിലുള്ള ക്രെഡിറ്റ് മാത്രമേ നമുക്കുള്ളൂ…

    ReplyDelete
  60. വായിച്ചു കഴിഞ്ഞ്, പല തവണ ആലോചിച്ചിട്ടാണ് വീഡിയോ കണ്‍ടത്. കാണേണ്ടായിരുന്നു എന്ന് തോന്നി. മനസ്സിലൊരു വേദനയായി, ദാ രണ്‍ടാഴ്ചക്കിപ്പുറവും അതങ്ങനെ തേങ്ങിക്കൊണ്ടിരിക്കുന്നു. സ്വയം ഒന്നുമല്ലാ, ഒന്നിനും കഴിവില്ലാ എന്നൊരു തോന്നല്‍...ധാര്‍മ്മികരോഷം...നിസ്സഹായത അതിന്റെ എല്ലാ അളവിലും നമ്മിലൊക്കെയുണ്ടെന്ന തിരിച്ചറിവ്.

    നിങ്ങളുടെ അനുഗ്രഹീതമായ തൂലിക നിരന്തരം ചലിക്കാന്‍ തുടങ്ങിയതില്‍ വല്ലാത്ത സന്തോഷമുണ്ടെങ്കിലും, ഈ പോസ്റ്റ് വായിച്ച വേദന മാറുന്നില്ല. എന്തൊക്കെയോ പറയണമെന്നുണ്ട്...നേരിട്ട് പറയാലോ!

    ReplyDelete
  61. ധീരയായ ഈ സ്ത്രീയെപ്പോലുള്ളവര്‍ വേണം പീഡിതര്‍ക്ക് ആശ്വാസം പകരാന്‍. ഈ എഴുത്തിനു നന്ദി. വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  62. നല്ല ഒരു ലേഖനം ആരിഫ്കാ..

    ReplyDelete
  63. വെറുതെ ഒന്നു ക്ളിക് ചെയ്തു..., മറ്റുള്ളതിന്റെ ഇടയില്‍ കുറെശ്ശെ വായന ആരംഭിച്ചു... പിന്നെ... ആകാംശയോടെ, ഭയത്തോടെ വായന കടന്നുപോയതറിഞ്ഞില്ല. വാനയ തീര്‍ന്നെങ്കിലും എന്തോ,,, എവിടെയോ തളംകെട്ടി നില്‍ക്കുന്നു. അല്ല! മനസ്സില്‍.... ഹൃദയത്തില്‍..... തങ്ങിനില്‍ക്കുന്ന ഈ നിഴല്‍......ഞെട്ടെല്‍... അറിയില്ല എത്ര സമയം തങ്ങി നില്‍ക്കുമെന്ന്......
    ......... അതികാരികള്‍ ഒന്നു കണ്ണു തുറന്നെങ്കില്‍.

    ReplyDelete
  64. നമ്മുക്ക് വെറുതെ ജീവിച്ച് മരിച്ചാല്‍ പോര എന്തെങ്കിലും ചെയ്യണം എന്നും, അതിനു വേണ്ട ഊര്‍ജ്ജം തരും വിധത്തില്‍ ചിലര്‍ ജീവിച്ചിരിക്കുന്നു എന്നതും വലിയ സന്തോഷമാണ്‍”, നസീമയെ പരിചയപെടുത്തിയ താങ്കളോട് നന്ദി പറഞ്ഞ് അവസാനിപ്പിക്കുന്നില്ല, വീണ്ടും വരാം

    ReplyDelete
  65. :)
    വായിച്ചു
    നന്നായി എഴുതി, ഇത്തരം പരിചയപ്പെടുത്തലുകള്‍ക്ക് അഭിനന്ദനം.
    .

    ReplyDelete
  66. ഞാൻ എന്നെത്തന്നെയോർത്ത് ലജ്ജിക്കുന്നു ആരിഫിക്കാ. കാരണം എനിക്കിത് ഒറ്റയിരുപ്പിന് വായിച്ച് തീർക്കാൻ കഴിഞ്ഞില്ല.കാരണം ഞാൻ മുൻപ് വായിച്ച് മുക്കാൽ ആയപ്പോൾ ഫിസിയോയ്ക്ക് പോയി. ഇപ്പൊ വന്നാണ് മുഴുവനും തീർത്തത്. ഒരു അപാര ലേഖനം ഇക്കാ, അപാരം. നമ്മളും ഈ നാട്ടിൽത്തന്നെയാണല്ലോ ജീവിക്കുന്നതെന്നാലോചിക്കുമ്പോൾ എനിക്ക് നമ്മുടെ പ്രതിജ്ഞാവാചകത്തെ ഓർത്ത് നാണം തോന്നുന്നു. നല്ല ഒരു ലേഖനം ആരിഫിക്കാ. ഞാൻ ഇനിയും വരും ഇക്കയുടെ മുൻ സംഭവങ്ങൾ വായിക്കാൻ. ആശംസകൾ ഇക്കാ.

    ReplyDelete
  67. അമ്മമാർ, സഹോദരിമാർ..
    ഇവരാണ് ഉള്ളിലെ തീ..

    ReplyDelete
  68. സത്യമാണെന്ന് അംഗീകരിക്കാന്‍ മനസ്സ് വിസമ്മതിക്കുന്ന ലേഖനം ഇക്കാ.ഒരല്പം നടുക്കത്തോടെ അല്ലാതെ എങ്ങിനെയിത് വായിച്ചു തീര്‍ക്കും .നസീമയ്ക്ക് അവളുടെ ലക്ഷ്യത്തില്‍ എത്താന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.ആ വീഡിയോ കാണേണ്ടായിരുന്നു എന്ന് തോന്നി .അത്രേം മനസ്സ് വിങ്ങുന്നു .

    ReplyDelete
  69. വളരെ നല്ല ലേഖനം. ഇത് നമ്മുടെ നാട്ടില്‍ മാത്രമുള്ള പ്രശനമല്ല. പരിഷ്ക്രിതം എന്ന് നമ്മള്‍ വിശ്വസിക്കുന്ന സമൂഹങ്ങളുടെ പിന്നാമ്പുറങ്ങളില്‍ ഇതുപോലെ എത്രയോ നസീമമാര്‍ രക്ഷയും കാത്തിരിപ്പുണ്ട്. ദുബൈയില്‍, നെതര്‍ലന്‍ഡസില്‍, ഫ്രാന്‍സില്‍, അമ്മേരിക്കയില്‍ അങ്ങിനെ.
    നസീമയ്ക്ക് അവളുടെ സമൂഹത്തെ രക്ഷിക്കാന്‍ കഴിയട്ടെ. ഉപരിപ്ലവമായ കാര്യങ്ങളില്‍ മാത്രം ഇടപെടുന്ന സ്ത്രീ സാംശീകരണ ശക്തികള്‍ക്ക് ഇതൊന്നും ഒരു വിഷയമല്ലലോ.

    ReplyDelete
  70. ആദ്യം ഞാന്‍ വീഡിയോ ആണ് കണ്ടത്. പിന്നീട് താങ്കളെ വായിച്ചു. ആരിഫിക്കാ.. വീഡിയോയില്‍ കണ്ട ആ ദൃശ്യങ്ങളും കേട്ട ശബ്ദങ്ങളും ..അതിനേക്കാള്‍ ഹൃദയത്തെ സ്പര്‍ശിക്കുകയും ഒരല്പനേരം കണ്ണ് നനയിക്കുകയും ചെയ്തു താങ്കളുടെ ശക്തമായ ഭാഷ. കൈക്കുഞ്ഞുങ്ങളോടൊപ്പം ,സാരിയാല്‍ മുഖം മറച്ചു പോലീസ് വണ്ടിക്കുള്ളിലിരിക്കുന്ന സ്ത്രീകള്‍ വല്ലാതെ അമ്പരപ്പിക്കുന്നു...ഇതും നമ്മുടെ രാജ്യമായ ഭാരതം ....?

    ReplyDelete
  71. റോസിലിയുടെ കഥയാണ് ആദ്യം വായിച്ചത്.ഇപ്പോള്‍ അവര്‍ ഷെയര്‍ ചെയ്താണ് ഈ ബ്ലോഗില്‍ വരാന്‍ കഴിഞ്ഞത്. സത്യം പലപ്പോഴും കെട്ടു കഥകളെക്കാള്‍ അവിശ്വസനീയമാണ്

    ReplyDelete