മടിപിടിച്ചിരുന്ന ഒരപരാഹ്നത്തില്‍ പഴയ പുസ്തങ്ങള്‍ സൂക്ഷിച്ച അലമാര വെറുതെ തുറന്നു നോക്കി. പുറംചട്ട പോയതും താളുകള്‍ പൊടിയെടുത്തതുമായ കുറേ പഴയ പുസ്തകങ്ങള്‍ ഗൃഹാതുരതയുണര്‍ത്തി മൂകം വിശ്രമിക്കുന്നു. അന്നേരമാണ് അത്ഹര്‍ പര്‍വേസിന്‍റെ ‘ഹമാരേ പസന്ദീദാ അഫ്സാനെ’ വീണ്ടും ശ്രദ്ധയില്‍ വരുന്നത്. മികച്ച ഉര്‍ദു കഥകളുടെ സമാഹാരമാണത്. പകുതിയും ചിതലിന്‍റെ മുതലായിക്കഴിഞ്ഞിരുന്ന പുസ്തകം പതുക്കെ മറിച്ചു. പ്രേം ചന്ദിന്‍റെ ‘അമാവാസ് കീ റാത്’, സുദര്‍ശന്‍റെ ‘ആസ്മായിഷ്’, സാദത്ത് ഹസന്‍ മന്‍ടോയുടെ, ഞാന്‍ തന്നെ മുമ്പൊരിക്കല്‍ പരിഭാഷ നിര്‍വഹിച്ച ‘ടോബാ ടേക്സിങ്’, ഖുര്‍റത്തുല്‍ ഐന്‍ ഹൈദറിന്‍റെ ‘യേ ഗാസി യേ തേരെ പുര്‍ അസ്റാര്‍ ബന്ദേ… '
ഇസ്മത്ത് ചുഗ്തായിയുടെ 'ഘൂംഘട്ടി'ലെത്തിയെപ്പോള്‍ അവിടെ തങ്ങി. ഞാനൊരിക്കല്‍ ഭാഷാന്തരം ചെയ്തതും മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2001 ലെ ഏതോ ലക്കത്തില്‍ പ്രസിദ്ധീകരിച്ചതുമാണ് ഘൂംഘട്ട്. ആ പഴയ ആഴ്ചപ്പതിപ്പിനു വേണ്ടി ചെറിയൊരു തിരച്ചില്‍ നടത്തി. പഴയത് സൂക്ഷിക്കുന്ന കാര്യത്തില്‍ ഞാന്‍ വളരെ പിന്നിലാണ് അതുകൊണ്ടാണ് തിരച്ചില്‍ ചെറുതാക്കിയതും. കണ്ടുകിട്ടിയതുമില്ല.
ആ കഥ വീണ്ടും മൊഴിമാറ്റം നടത്തി ബ്ലോഗില്‍ പോസ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഉടനെ പണി തുടങ്ങി. ഉര്‍ദുവില്‍ എന്തെങ്കിലും വായിച്ചിട്ട് പത്തു വര്‍ഷത്തിലധികമായിക്കഴിഞ്ഞിരുന്നതിനാല്‍ ചില ഭാഷാ പ്രയോഗങ്ങള്‍ക്ക് എന്നെ തിരിച്ചറിയാന്‍ കുറച്ച് വേണ്ടി വന്നു.
ആധുനിക ഉര്‍ദു സാഹിത്യത്തിലെ ശക്തമായ സ്ത്രീ സാന്നിദ്ധ്യമാണ് ഇസ്മത്ത് ചുഗ്തായിയുടേത്. മനോഹരമായ കഥകളോടൊപ്പം വിവാങ്ങളും സൃഷ്ടിച്ചു. അവരെഴുതിയ ‘ലിഹാഫ്’ എന്ന കഥ വിവാദത്തിന്റെ കൊടുങ്കാറ്റിളക്കിവിട്ടു.
ഒരു വൃദ്ധകന്യകയുടെ കഥയാണ് ഘൂംഘട്ട്. മുഖപടം എന്നു മലയാളമാകാം.
ഇതാ കഥ. സമയമുണ്ടെങ്കില്‍ ഒന്നു വായിച്ചു നോക്ക്. എനിക്കറിയേണ്ടത്, ഒരു പരിഭാഷകനെന്ന നിലയില്‍ എനിക്ക് വല്ല ഭാവിയുമുണ്ടോ എന്നാണ്.
മുഖപടം
കൊക്കിന്റെ ചിറകുകളേക്കാള്‍ വെണ്‍മായാര്‍ന്ന തലമുടിയുമായി വെളുത്ത തുണി കൊണ്ട് ശരീരം മൂടിപ്പുതച്ച് കട്ടിലിലിരിക്കുന്ന ആ മുത്തശ്ശിയെ കണ്ടാല്‍ നിറം മങ്ങിയ മാര്‍ബ്ള്‍ കൂനയാണെന്നേ തോന്നൂ. ഒരു തുള്ളി പോലും രക്തം അവരുടെ ശരീരത്തിലുണ്ടെന്ന് ആരും പറയില്ല, അത്രവെളുപ്പ്. ഈ വെളുപ്പ് കൃഷ്ണമണികളുടെ അതിരുകള്‍ വരെ ചെന്നെത്തിയിരിക്കുന്നു. നരച്ച് തിളക്കം നഷ്ടപ്പെട്ടിരിക്കുന്ന അവരുടെ കണ്ണുകള്‍, കട്ടിയുള്ള കര്‍ട്ടനപ്പുറം ഭയാശങ്കകളോടെ മറഞ്ഞിരിക്കുന്ന കൊച്ചു ജാലകങ്ങളെ ഓര്‍മിപ്പിക്കും. പാതിവ്രത്യത്തിന്റെയും പരിശുദ്ധിയുടെയും പ്രതീകമായ ഈ എണ്‍പതു കാരിയെ ഇന്നോളം ഒരു പുരുഷനും സ്പര്‍ശിച്ചിട്ടില്ല.
പതിമൂന്നു വയസ്സുള്ളപ്പോള്‍ ഒരു പൂച്ചെണ്ടു പോലെയായിരുന്നുവത്രേ അവര്‍. നിതംബം മറച്ച് പിന്നിലേക്ക് താഴ്ന്നു കിടക്കുന്ന കാര്‍കൂന്തല്‍, താരുണ്യത്തിന്റെ മാര്‍ദവം, ചന്ദനത്തിന്റെ നിറം. ഇപ്പോഴും പഴയ സൌന്ദര്യത്തിന്റെ പാടുകള്‍ അവരുടെ മുഖത്ത് അവശേഷിക്കുന്നു. കാലം അവരുടെ നിറഞ്ഞ യൌവനത്തെ നിഷ്കരുണം ചവിട്ടിത്തേച്ചിരിക്കുന്നു. മകളെ ജിന്നുകള്‍ തട്ടിയെടുക്കുമോ എന്ന് ഭയന്ന് അക്കാലത്ത് മാതാപിതാക്കള്‍ അവര്‍ക്ക് വേണ്ടി ഉറക്കമിളച്ച് കാവല്‍ പാര്‍ത്തിരുന്നുവത്രെ. അത്രക്ക് സുന്ദരിയായിരുന്നു അവര്‍. ഒരു ഹൂറി.
അവര്‍ക്ക് പതിന്നാല് വയസ്സുള്ളപ്പോഴായിരുന്നു എന്റെ ഉമ്മയുടെ അമ്മാവനുമായി അവരുടെ വിവാഹമുറപ്പിച്ചത്. വധുവിന്റെ നേര്‍ വിപരീതമായിരുന്നു വരന്‍.എന്നുവെച്ചാല്‍ വധു എത്രമാത്രം വെളുത്തിട്ടായിരുന്നോ അത്ര തന്നെ കറുപ്പായിരുന്നു വരന്. കുട്ടികള്‍ അയാളെ കറുത്ത മാമാ എന്നു വിളിച്ചു. എന്നാല്‍ അസാധരണമാം വിധം ഒത്ത ശരീരഘടനയും പൌരുഷ ഭാവവുമുള്ളയാളായിരുന്നു കറുത്ത മാമാ. വാള്‍ തലപ്പു പോലെ നിശിതമായ അഗ്രത്തോടു കൂടിയ മൂക്ക്, ജാഗ്രതയൊഴിയാത്ത കണ്ണുകള്‍, മുത്തുമാല പോലെയുള്ള ദന്ത നിര… ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ തൊലിയുടെ കരിമഷി നിറത്തില്‍ ഉല്‍ക്കണ്ഠപ്പെട്ട് അങ്ങേയറ്റം വികാരധീനനായിരുന്നു അയാള്‍.
വിവാഹ നിശ്ചയത്തിന്‍റെയന്ന് എല്ലാവരും അയാളെ കളിയാക്കി, ‘ചങ്ങാതീ, മണവാളന്‍ ഒന്നു സ്പര്‍ശിക്കുമ്പോഴേക്ക് മണവാട്ടി പുകപാളിയ പോലെയാകുമല്ലോ.’
‘ചന്ദ്ര ഗ്രഹണം പോലെയിരിക്കും ആദ്യരാത്രി’
പതിനേഴ് വയസ്സായിരുന്നു അന്ന് കറുത്ത മാമാക്ക് പ്രായം.ഒട്ടും പക്വതയുണ്ടായിരുന്നില്ലെന്ന് മാത്രമല്ല മുരടനും ദുര്‍വാശിക്കാരനുമായിരുന്നു അയാള്‍. പ്രതിശ്രുത വധുവിന്‍റെ സൌന്ദര്യത്തെക്കുറിച്ചുള്ള വര്‍ണനകളില്‍ ചകിതനായി ജോധ്പൂരിലുള്ള ഉമ്മയുടെ ബന്ധുക്കളുടെ വീട്ടിലേക്കോടിപ്പോയി തനിക്ക് കല്യാണമൊന്നും വേണ്ടെന്ന്, മടിച്ചാണെങ്കിലും, അവിടെയുള്ള തന്റെ കൂട്ടുകാരോടയാള്‍ പറഞ്ഞുവത്രെ.
ധിക്കാരങ്ങളെയും ശാഠ്യങ്ങളെയും കൈകാര്യം ചെയ്യാനായി ചില്ലറ ദണ്ഡനമുറകളും ഒന്നോ രണ്ടോ തൊഴിയും പ്രയോഗിക്കുന്നത് അക്കാലത്ത് ഒട്ടും അസാധരണമായിരുന്നില്ല . ഒരു സാഹചര്യത്തിലും നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്ന് വെക്കാനാകുമായിരുന്നില്ല. അത്തരം നടപടികള്‍ കുടുംബങ്ങളുടെ സല്‍പേരിന് തീര്‍ത്താല്‍ തീരാത്ത കളങ്കം വരുത്തിവെക്കുമായിരുന്നു.
പ്രതിശ്രുത വധു എന്തു പിഴച്ചു? അവള്‍ അതീവ സുന്ദരിയായിരുന്നുവെന്നതോ? ലോകം മുഴുക്കെ സൌന്ദര്യത്തെ വിഗ്രഹമാക്കി ഉപാസിക്കുമ്പോള്‍ ഇവിടെയിതാ ഒരാള്‍ അതിനെ ഭയക്കുകയും പുച്ഛിക്കുകയും അതിനു നേരെ കടുത്ത നീരസം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
‘അവള്‍ അഹങ്കാരിയാണ്’ സങ്കോചത്തോടെ അയാള്‍ പറഞ്ഞു
‘അത് നിനക്കെങ്ങനെ അറിയാം?’
തെളിവൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ സൌന്ദര്യം സ്ത്രീകളില്‍ അഹന്ത ജനിപ്പിക്കുമെന്നത് സര്‍വാംഗീകൃതമായ ഒരു പൊതു വിജ്ഞാനമായിരുന്നു. അഹന്തക്ക് കീഴൊതുങ്ങുക കറുത്ത മാമാ എന്ന പുരുഷനെ സംബന്ധിച്ചേടത്തോളം അചിന്ത്യവും അസാധ്യവുമായിരുന്നു. മറ്റുള്ളവരുടെ ഇംഗിതത്തിന് വഴങ്ങാന്‍ വേറെ ആളെ നോക്കണം എന്ന നിലപാടായിരുന്നു അയാള്‍ക്ക്.
കറുത്ത മാമയുടെ മനസ്സു മാറ്റാന്‍ സംഘടിത ശ്രമം തന്നെയുണ്ടായി. കല്യാണം കഴിയുന്നതോടെ വെളുത്ത പെണ്ണ് അയാളുടെ സ്വന്തമായിത്തീരുമെന്നും അയാളുടെ എല്ലാ ആവശ്യങ്ങള്‍ക്കും അവള്‍ വഴങ്ങുമെന്നും അവര്‍ ആയാളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. പലരും പലതും പറഞ്ഞു നോക്കി. ഇപ്പോള്‍ പകലാണെന്ന് പറയണമെന്ന് അയാള്‍ ആവശ്യപ്പെടുമ്പോഴേക്ക് അവള്‍ അങ്ങനെ പറഞ്ഞു കഴിഞ്ഞിരിക്കുമെന്നും, അതല്ല രാത്രിയാണ് എന്നാണവള്‍ പറയേണ്ടതെങ്കില്‍ അങ്ങനെയേ അവള്‍ പറയൂ. അയാള്‍ ഇരിക്കാന്‍ പറഞ്ഞേടത്ത് അവള്‍ ഇരിക്കും. ഇനി, എഴുന്നേല്‍ക്കാനാണയാള്‍ ആവശ്യപ്പെടുന്നതെങ്കില്‍ അവള്‍ ചാടിയെന്നേല്‍ക്കുമെന്നും മറ്റും.
കറുത്ത മാമയെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരാനായി ഭീഷണി പ്രയോഗങ്ങളും ചില ശീരീരിക സമ്മര്‍ദങ്ങളുമെല്ലാം വേണ്ടി വന്നു. അവസാനം വിവാഹം നടന്നു.
പെണ്ണുങ്ങള്‍ പാടിയ കല്യാണപ്പാട്ടുകളില്‍ വെളുത്ത മണവാട്ടിയും കറുത്ത മണവാളനും കടന്നുവന്നു. കറുത്ത മാമയെ അരിശം കൊള്ളിക്കാന്‍ ഇതൊന്നും പോരാ എന്ന മട്ടില്‍ ഒരുത്തി കവിത ചൊല്ലി. കവിതയില്‍ അയാളുടെ കരിവര്‍ണത്തെ കളിയാക്കുന്ന കടുത്ത വ്യംഗ്യം ഒളിപ്പിച്ചിരുന്നു. ഇതോടെ അയാളുടെ ക്ഷമയുടെ അവസാനത്തെ തുരുമ്പും നഷ്ടപ്പെട്ടു. അയാളുടെ വേവലാതിയോ പരിഭവമോ ആരും കണക്കിലെടുത്തതേ ഇല്ല. ഈ ഹരങ്ങളിലെല്ലാം അയാളും സര്‍വാത്മനാ പങ്കെടുക്കുന്നുണ്ട് എന്ന ധാരണയില്‍ ‘കറുത്ത’ പരിഹാസം തുടന്നു കൊണ്ടേയിരുന്നു.
അയാള്‍ പതുക്കെ പുതുപെണ്ണിരിക്കുന്ന മുറിയില്‍ പ്രവേശിച്ചു. ചിരിക്കുന്ന പൂക്കള്‍ക്ക് നടുവില്‍ അവള്‍ ഇരിക്കുന്നത് അയാള്‍ കണ്ടു. ശരീരം വിയര്‍ത്തു. വെളുത്ത് മിനുത്ത അവളുടെ കൈത്തണ്ട അയാളുടെ രക്തം തിളപ്പിച്ചു. തന്‍റെ കറുപ്പില്‍ അവളുടെ വെറുപ്പ് ചതരച്ചരച്ച് തങ്ങള്‍ക്കിടയിലുള്ള വ്യത്യാസം മായ്ച്ചുകളയാനുള്ള അഭിനിവേശം പതച്ചു പൊങ്ങി. അയാള്‍ അവളുടെ ശിരസ്സില്‍ നിന്ന് മുഖം മറച്ചു ഞാന്നു കിടക്കുന്ന മുഖപടത്തിനു നേരെ കൈ നീട്ടി. അവള്‍ തലകുനിച്ചു.
‘ശരി, ആ മുഖപടം നീ തന്നെയങ്ങ് ഉയര്‍ത്ത്’ അയാള്‍ അവളോടാവശ്യപ്പെട്ടു.
മണവാട്ടിയുടെ തല ഒന്നുകൂടി താഴ്ന്നു. താടിയെല്ല് നെഞ്ചില്‍ തട്ടി നിന്നു.
‘കേട്ടില്ലേ, നിന്‍റെ മൂടുപടം നീക്കാനാണ് പറഞ്ഞത്’ അയാളുടെ ശബ്ദം കനത്തു.
ഇതൊടെ പെണ്ണ് ചുരുണ്ട് തേരട്ടയുടെ പരുവത്തിലായി.
‘ഓ…ഹ്! എന്തൊരഹങ്കാരം! ങ്ഹും’
മണവാളന്‍ ഷൂ അഴിച്ചെടുത്ത് കക്ഷത്തില്‍ തിരുകി. ജനല്‍ വഴി ഗാര്‍ഡനിലേക്ക് ചാടി. അവിടെ നിന്ന് നേരെ റെയ്ല്‍വേ സ്റേഷനിലേക്ക്.. അവിടെ നിന്ന് ജോധ്പൂരിലേക്ക്!
പുതുപെണ്ണിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് കുടുംബത്തിലെ സ്ത്രീകളറിഞ്ഞു; താമസിയാതെ പുരുഷന്മാരും. അവര്‍ കറുത്ത മാമയെ ചോദ്യം ചെയ്തു.
‘അവള്‍ അഹങ്കാരിയാണ്, അനുസരണ ഒട്ടുമില്ലാത്തവള്‍’
‘അത് നിനക്കെങ്ങനെ അറിയാം?’
‘ഞാനവളോട് മുഖപടം ഉയര്‍ത്താനാവശ്യപ്പെട്ടു. അതവള്‍ അനുസരിച്ചില്ല’
‘എടോ വിവരം കെട്ടവനേ, ഒരു പുതുപെണ്ണും അവളുടെ മുഖാവരണം സ്വന്തം കൈകൊണ്ട് നീക്കുകയില്ലെന്ന് നിനക്കറിഞ്ഞു കൂടേ, അത് ചെയ്യേണ്ടത് നീയാണ്’
‘പറ്റില്ല, ഞാന്‍ സത്യം ചെയ്തു കഴിഞ്ഞു. സ്വന്തം കൈകൊണ്ട് മുഖപടം മാറ്റുന്നില്ലെങ്കില്‍ അവള്‍ക്ക് എങ്ങോട്ടാണെന്ന് വെച്ചാല്‍ പോകാം’
‘അവളുടെ കൈകൊണ്ട് മുഖാവരണം നീക്കാന്‍ ആവശ്യപ്പെട്ടത് നിന്‍റെ വങ്കത്തം. ഇനി മറ്റെല്ലാ കാര്യങ്ങളിലും അവള്‍ തന്നെ മുന്‍കൈ എടുക്കേണ്ടി വരുമോ? വല്ലാത്ത വിവരക്കേട്!’
വിവാഹമോചനം എന്ന ചിന്ത തന്നെ അക്കാലത്ത് ആരുടെയും മനസ്സിലുദിക്കുമായിരുന്നില്ല. ഒരിക്കല്‍ വിവാഹിതനായാല്‍ കാലാകാലം അയാള്‍ വിവാഹിതനാണ്.
ഏഴു വര്‍ഷക്കാലത്തേക്ക് കറുത്ത മാമയെക്കുറിച്ച് ആര്‍ക്കും ഒരുവിവരവുമുണ്ടായിരുന്നില്ല. എന്നാല്‍ ഇക്കാലത്തെല്ലാം അയാള്‍ ഉമ്മയുടെ പേരില്‍ പണമയച്ചു കൊണ്ടിരുന്നു. മണവാട്ടിയായ വെളുത്ത പെണ്ണ് സ്വന്തം വീട്ടിലും ഭര്‍തൃവീട്ടിലുമായി മാറിമാറി കഴിഞ്ഞു കൂടി. തങ്ങളുടെ ഏക മകള്‍ക്ക് വന്നു പെട്ട ദുരിതമോര്‍ത്ത് അവളുടെ മാതാപിതാക്കള്‍ വല്ലാതെ സങ്കടപ്പെട്ടു.
പിന്നീടാരോ പറഞ്ഞാണറിയുന്നത്, തന്റെ പൌരുഷം തെളിയിക്കാനായി കറുത്ത മാമ, പ്രാപ്യമായ എല്ലാ ദുര്‍വൃത്തികളിലും വ്യാപരിച്ചുവത്രെ. വേശ്യാലയങ്ങളിലും സ്വവര്‍ഗ രതിയിലും ആനന്ദം കണ്ടെത്തി. പ്രാവുകളെ വളര്‍ത്തി അവയ്ക്ക് വിവിധ തരം പരിശീലനങ്ങള്‍ നല്‍കി നേരം പോക്കി. സുന്ദരിയായ വെളുത്ത പെണ്ണിന്റെ ജീവിതം അവളുടെ മുഖപടത്തിനുള്ളില്‍ എരിഞ്ഞു കൊണ്ടിരുന്നു.
ഉമ്മ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞാണ് പിന്നീട് കറുത്ത മാമ വീട്ടിലെത്തുന്നത്. അതൊരവസരമായിക്കണ്ട് കുടുംബത്തിലെ മുതിര്‍ന്നവര്‍ ഇരുവരെയും ഒന്നിപ്പിക്കുന്നതിനായി വീണ്ടും ഒരു ശ്രമം നടത്തി. വെളുത്ത പെണ്ണ് ഒരിക്കല്‍ കൂടി പുതുക്ക വസ്ത്രങ്ങളണിഞ്ഞു. അന്നേരം എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കറുത്ത മാമ പ്രഖ്യാപിച്ചു, ‘എന്‍റെ ഉമ്മയുടെ ജീവനാണേ സത്യം, എന്‍റെ കൈകൊണ്ട് അവളുടെ മുഖപടം ഉയര്‍ത്തുകയില്ല.’
ഇതോടെ എല്ലാവരും ചേര്‍ന്ന് വെളുത്ത പെണ്ണിനെ പറഞ്ഞു മനസ്സിലാക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ‘മോളേ, ഇത് നിന്‍റെ ജീവിത്തെ ബാധിക്കുന്ന കാര്യമല്ലേ, നാണമെല്ലാം മാറ്റി വെക്ക്. കുറച്ച് ധൈര്യം സംഭരിച്ച് മുഖപടം നീ തന്നെയങ്ങ് നീക്കിയാല്‍ മതി. അതില്‍ ഒരു മാന്യതക്കുറവുമില്ല. അവന്‍ നിന്‍റെ ഭര്‍ത്താവാണ്; ഭൂമിയിലെ നിന്‍റെ ദൈവം. അവനെ അനുസരിക്കേണ്ടത് നിന്‍റെ ബാധ്യതയാണ്. അവന്‍ പറയുന്നതു പോലെ ചെയ്യുന്നതാണ് നിന്‍റെ സ്വാതന്ത്യ്രം.’
വീണ്ടുമൊരിക്കല്‍ കൂടി പുതുപെണ്ണ് ചമയിക്കപ്പെട്ടു. അറയൊരുങ്ങി, പുലാവും മധുരച്ചോറും തയ്യാറായി. മണവാളനെ മണിയറയിലേക്ക് തള്ളി. സ്ത്രൈണതയുടെ ഊഷ്മളതയില്‍ തുടുത്തു നില്‍ക്കുന്ന ഇരുപത്തി ഒന്നു വയസ്സ് പ്രായമുള്ള സുന്ദര കുസുമമാണിപ്പോള്‍ വെളുത്ത പെണ്ണ്. അവളുടെ കണ്‍പോളകളില്‍ കനം തൂങ്ങി. ശ്വസനം ദ്രുതഗതിയിലായി. കഴിഞ്ഞ ഏഴു വര്‍ഷം അവളുടെ സ്വപ്നങ്ങളില്‍ ഈ രാവ് നിറഞ്ഞു നിന്നിരുന്നു. കൂട്ടുകാരികള്‍ കാതില്‍ മന്ത്രിച്ച കാര്യങ്ങള്‍ ഓര്‍മ്മയില്‍ നിറഞ്ഞപ്പോള്‍ ഹൃദയം ശക്തിയായി മിടിച്ചു.
മണവാട്ടിയുടെ മൈലാഞ്ചിയണിഞ്ഞ കൈത്തലം കണ്ട മാത്രയില്‍ തന്നെ താന്‍ വികാരത്തിന്റെ നിയന്ത്രണത്തിലേക്ക് വഴുതുകയാണെന്ന് കറുത്ത മാമയ്ക്കു തോന്നി. വധു അയാളുടെ മുമ്പിലിരിക്കുകയാണ്. പഴയ പതിനാലുകാരി വിടരാത്ത മൊട്ടല്ല ഇന്നവള്‍; നിറഞ്ഞ പൂച്ചെണ്ടാണ്. അയാളില്‍ തൃഷ്ണയുണര്‍ന്നു. പരിചയസമ്പന്നമായ അയാളുടെ ശരീരം ഇര കാത്തിരിക്കുന്ന പുലിയെപ്പോലെ അവള്‍ക്കു വേണ്ടി കൊതിച്ചു. അസ്വസ്ഥത പതുക്കെ മനസ്സിനെ ഗ്രസിച്ചു. ഒരിക്കല്‍ പോലും അവളുടെ മുഖം കണ്ടിരുന്നില്ലെങ്കിലും ആ വിചിത്ര വധുവിന്‍റെ രൂപം ഭാവനയില്‍ തെളിഞ്ഞു വരുമ്പോഴെല്ലാം അയാളുടെ മനസ്സ് അസ്വസ്ഥമാകുമായിരുന്നു. അയാള്‍ മറ്റു സ്ത്രീകളോടൊപ്പമായിരിക്കുമ്പോള്‍ പോലും ഇതായിരുന്നു സ്ഥിതി.
‘മുഖപടം ഉയര്‍ത്ത്’ പതര്‍ച്ചയോടെ അയാള്‍ പറഞ്ഞു.
ഒരു ചെറിയ അനക്കം പോലുമുണ്ടായില്ല.
‘മുഖപടം നീക്ക്’ ഇത്തവണ സ്വരം അപേക്ഷയുടേതായിരുന്നു. ഗദ്ഗദം അയാളുടെ വാക്കിനെ വിറപ്പിച്ചാണ് പുറത്തു വിട്ടത്.
മൂകത തകര്‍ക്കപ്പെടാതെ കിടന്നു.
‘ഞാന്‍ പറയുന്നതു പോലെ ചെയ്തില്ലെങ്കില്‍ ഇനിയൊരിക്കലും എന്‍റെ മുഖം നിന്നെ കാണിക്കുകയില്ല.’
ഒരനക്കവുമില്ല.
കറുത്ത മാമ ജനലിനടുത്തേക്ക് നീങ്ങി. മുഷ്ടി ചുരുട്ടിയിടിച്ച് ജനല്‍പാളി തുറന്ന് ഗാര്‍ഡനിലേക്ക് ചാടി. രാത്രി തന്നെ അപ്രത്യക്ഷനായി. പിന്നീട് അവളെത്തേടി അയാള്‍ വന്നതേ ഇല്ല.
വെളുത്ത പെണ്ണ് എന്ന പുരുഷ സ്പര്‍ശമേല്‍ക്കാത്ത മണവാട്ടി മുപ്പതു വര്‍ഷം അയാള്‍ക്കു വേണ്ടി കാത്തിരുന്നു. കുടുംബത്തിലെ പ്രായമായവരെല്ലാം ഒരോരുത്തരായി മരമടഞ്ഞു കൊണ്ടിരുന്നു. പ്രായം ചെന്ന സ്വന്തം അമ്മായിയുടെ കൂടെ ഫതേഹ്പൂര്‍ സീക്രിയില്‍ താമസിച്ചു കൊണ്ടിരിക്കെയാണ് അവര്‍ തന്‍റെ മണവാളന്‍റെ മടങ്ങിവരവിനെക്കുറിച്ചറിയുന്നത്.
നീണ്ടകാലത്തെ വിവേചനരഹിതമായ തോന്ന്യാസ ജീവിത്തിനു ശേഷം കുറേ രോഗങ്ങളുടെ അകമ്പടിയോടെ കറുത്ത മാമ വീട്ടില്‍ തിരിച്ചെത്തി. സമാധത്തോടെ കണ്ണടയണമെങ്കില്‍ തന്‍റെ ശയ്യക്കരികില്‍ വെളുത്ത പെണ്ണ് ഉണ്ടായിരിക്കണമെന്നും ഉടനെ അവളെ കൂട്ടിക്കൊണ്ടു വരണമെന്നും അയാള്‍ ആവശ്യപ്പെട്ടു.
ഭര്‍ത്താവിന്റെ സന്ദേശം കിട്ടിയപ്പോള്‍ ഒരു തൂണില്‍ തല ചായ്ച് വെളുത്ത പെണ്ണ് മൂകയായി കുറേ നേരം നിന്നു. ഭര്‍തൃഗൃഹത്തിലെത്തി പഴയ തകരപ്പെട്ടി തുറന്ന് പിന്നിയ വിവാഹ വസ്ത്രങ്ങള്‍ പുറത്തെടുത്തു. എണ്ണയിട്ട് മുടിമിനുക്കി.
മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന രോഗിയുടെ ശയ്യക്കരികില്‍ അവര്‍ ഇരുന്നു. നീണ്ട മുഖപടം ഇരു കൈകള്‍ക്കുമിടയിലൂടെ ഞാന്നു കിടന്നു.
‘മുഖപടം ഉയര്‍ത്തൂ’ ക്ഷീണിച്ച സ്വരത്തില്‍ അയാള്‍ മന്ത്രിച്ചു.
വിറയാര്‍ന്ന കൈകളോടെ അവര്‍ മുഖപടം പതുക്കെ ഉയര്‍ത്തി, അടുത്ത ക്ഷണത്തില്‍ അതു താഴ്ത്തുകയും ചെയ്തു.
കറുത്ത മാമ അവസാനത്തെ ശ്വാസം വലിച്ചു.
ആ നിമിഷം തന്നെ വെളുത്ത പെണ്ണ് അയാളുടെ കട്ടിലിരികെ തറയിലിരുന്ന് കട്ടിലിന്‍റെ കാലുകളില്‍ കൈയിടിച്ച് കുപ്പി വളകള്‍ പൊട്ടിച്ചു. നവോഢയുടെ മൂഖാവരണത്തിനു പകരം വിധവയുടെ മൂടുപടം ശിരസ്സിലൂടെ വലിച്ചിട്ടു.
നല്ല രസമുള്ള കഥ. യാചകിയായ സ്ത്രീയെ മോഡലാക്കി ഒരു ചിത്രകാരന്‍ ചത്രം വരയ്ക്കുന്ന ഒരു കഥ ചുഗ്തായിയുടെത് ഞാന്‍ വായിച്ചിട്ടുണ്ട്. ഇംഗ്ലീഷില്‍
ReplyDeleteസാമാന്യത്തിലധികം നീളമുണ്ടായിട്ടും ഒറ്റയിരുപ്പിന് വായിച്ചു. ഓരോ പോസ്റ്റിലെയും ഭാഷയും ശൈലിയും വ്യത്യസ്തമാണല്ലോ. അതൊരു സിദ്ധി തന്നെ
ReplyDeleteഎത്ര മനോഹരമായ ആവിഷ്കാരം. ഒരു പാട് നന്ദി ഈ തര്‍ജ്ജമക്ക്. aarif സൈന്‍.. hats off ..
ReplyDeleteഅരിഫ്ക്ക.., നന്നായിരിക്കുന്നു... നാട്ടിലെ വിശേഷങ്ങളും 'സായ്നോകുലര്‍' വഴി നോക്കി കാണട്ടെ.. കാത്തിരിക്കുന്നു....
ReplyDeletevalare nalla aavishkkaram
ReplyDeletesiraj aluva-6 Dammam
Superb......
ReplyDeleteഭാവി ഉണ്ടോ എന്ന് ചോദിച്ചാ... കുറച്ചൊക്കെ ഉണ്ടെന്നു പറയാം..ശ്രമിച്ചു നോക്കുക..നന്നാവാന്‍ സാധ്യത ഉണ്ട്.
ReplyDeleteഅറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ ഈ ഫാവി എന്നാല്‍ എന്തുവാ?
ReplyDeleteAn excellent story....many thanks for sharing this...liked the humour verymuch.
ReplyDeletethanks.
Jasmine Akbar
വായനയുടെ ലോകത്തെ എന്റെ ഗുരുനാഥരെ, അങ്ങ് വാഴ്ത്തപ്പടട്ടെ!
ReplyDeleteവായനയുടെ ഏതോ ഒരു ഉത്തുംഗതയിൽ പേനയെറിഞ്ഞ് ഞങ്ങളെയൊക്കെ നിരാശരാക്കി കറുത്തമാമയെപ്പോലെ ഓടിപ്പോയതല്ലായിരുന്നോ? നല്ല കഥ. നല്ല പറച്ചിൽ
ReplyDeleteതർജ്ജമയെ കുറിച്ച് ഒന്നും അറിയില്ല. പക്ഷെ എഴുതിയിരിക്കുന്നത് അതിമനോഹരമായിരിക്കുന്നു. ഇനിയും കഥകൾ തർജ്ജമ ചെയ്തു കാണാൻ താത്പര്യപ്പെടുന്നു.
ReplyDeleteതര്‍ജ്ജമ മോശമില്ല എന്നു മാത്രമല്ല. നന്നായിട്ടുമുണ്ട്.. ഇനിയും എഴുതുക, ഭാവുകങ്ങള്‍!
ReplyDelete"നരച്ച് തിളക്കം നഷ്ടപ്പെട്ടിരിക്കുന്ന അവരുടെ കണ്ണുകള്‍"
ReplyDeleteഈ കഥയുടെ ഇംഗ്ലീഷ്, ഹിന്ദി തർജ്ജമകളും വായിച്ചിട്ടുണ്ട്. കഥ മനോഹരം. പിന്നെ തർജ്ജമയിൽ ഭാവിയുണ്ടോ എന്ന് സംശയമൊന്നും വേണ്ട. തുടർന്നും എഴുതു. ഈ ബ്ലോഗിലെ മുഴുവൻ പോസ്റ്റുകളും താമസിയാതെ വായിച്ചു തീർക്കുന്നതായിരിയ്ക്കും.മാർക് ചെയ്തിട്ട് കാലം കുറച്ചായി...
ReplyDeleteഅഭിനന്ദനങ്ങൾ....
വ്വളരെ നന്നായിട്ടുണ്ട്..ശ്രമിച്ചാല്‍ കഥകള്‍ പുസ്തകമാക്കി പബ്ലിഷ് ചെയ്യാം അത്രയും നന്നായിട്ടുണ്ട്
ReplyDeleteപ്രിയപ്പെട്ട ആരിഫ് സാര്‍ - മൂലകൃതിയുടെ ആത്മാവ് ഒട്ടും ചോര്‍ന്നു പോവാതെ മനോഹരമായി നിങ്ങള്‍ തര്‍ജമ ചെയ്യുന്നുണ്ട്. മലയാളത്തിലെ ഒരു സ്വതന്ത്ര രചനപോലെ വായിക്കാന്‍ പറ്റുന്നത് അതുകൊണ്ടാണ്. രണ്ടു ഭാഷകളിലുമുള്ള താങ്കളുടെ പ്രാവീണ്യത്തിന്റെ നിദര്‍ശനമാണ്ത്....
ReplyDeleteനന്ദി- ഈ പരിചയപ്പെടുത്തലുകള്‍ക്ക്.
എത്ര നല്ല കഥയാ ഇത് .. തര്‍ജ്ജമ ചെയ്തു ഞങ്ങളുമായി ഷെയര്‍ ചെയ്തതിനു ഒരായിരം നന്ദി.പിന്നെ തര്‍ജ്ജമയില്‍ ഭാവിയുണ്ടോ എന്നൊരു സംശയം ലവലേശം വേണ്ട ..
ReplyDeleteഭാവി ഉണ്ട്.എല്ലാ ആശംസകളും നേരുന്നു .
ഇക്കാ വീണ്ടും വിസ്മയിപ്പിച്ചു.
ReplyDeleteകഥയുടെ നിര്‍മ്മലത, അതെ സമയം തികഞ്ഞ സാമൂഹിക
പ്രതിബദ്ധത. താങ്കളുടെ പരിഭാഷ വിസ്മയിപ്പിച്ചു. ഉറുദുവിലെ നല്ലകഥകള്‍
വീണ്ടു ഞങ്ങളില്‍ എത്തിക്കുമല്ലോ. കാത്തിരിക്കുന്നു. അക്ഷമയോടെ
കുടുംബത്തിലെ പ്രായമായവരെല്ലാം ഒരോരുത്തരായി " മരമടഞ്ഞു" കൊണ്ടിരുന്നു.
തിരുത്തുമല്ലോ ഈ പിശക്.
ആദ്യമായാണ് ഉറുദു എഴുത്തുക്കാരിയെ കുറിച്ച് കേള്‍ക്കുന്നത്.പുതിയ അറിവുകള്‍ തന്നതിന് ഇക്കക്ക് നന്ദി.പരിഭാഷയെക്കുറിച്ച് പറയണമെന്കില്‍ അതിന്റെ മൂല കൃതി വായിച്ചിടുണ്ടാകണം.എനിക്ക് ഉറുദു യാതൊരു പിടിയും ഇല്ലാത്തതിനാല്‍ ആ കാര്യത്തില്‍ അഭിപ്രായമില്ല .പക്ഷെ ഇതു നല്ലൊരു കഥ ആയിരുന്നു.വായിക്കാന്‍ സുഖമുള്ള മനസ്സില്‍ പതിഞ്ഞൊരു കഥ .ലാളിത്യമുള്ള ഭാഷയും ഇക്കാ ഇതിനു വേണ്ടി ചെയ്ത ഹോം വര്‍ക്കും കഥ മനോഹരമാക്കാന്‍ സാഹായിച്ചു എന്ന് തോന്നുന്നു .പലപ്പോളും ഇക്കാ ഹൃദയം കൊണ്ടാണ് എഴുതുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട് .കാരണം ഭാവനകളെക്കാള്‍ വികാരങ്ങള്‍ ഇവിടെ മുന്നിട്ടു നില്‍കുന്നു.ഇതുപോലുള്ള വിവര്‍ത്തനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു (വിവര്‍ത്തനം അല്ലാതെ സ്വന്തമായി എഴുതാന്‍ നല്ല ഭാവി ഉണ്ടല്ലോ :)
ReplyDeleteകഥ വളരെ നന്നായിരിക്കുന്നു. കൂടുതല്‍ ഉര്‍ദു കഥകള്‍ തര്‍ജിമ ചെയ്യണം എന്ന് അഭ്യര്‍ഥിക്കുന്നു.
ReplyDeleteIt is really what I wanted to see hope in future you will continue for sharing such a excellent post. 먹튀검증
ReplyDeleteThanks for your post. I’ve been thinking about writing a very comparable post over the last couple of weeks. I’ll probably keep it short and sweet and link to this instead if thats cool. Thank 먹튀폴리스
ReplyDelete