പേജുകള്‍‌

05 October, 2011

ഒരു ലക്ഷം കയ്യില്‍ വരുന്ന ദിവസം പ്രവാസം നിര്‍ത്തും

പ്രഭാതത്തില്‍ ഓടാനെന്ന വ്യാജേന പാര്‍ക്കിലെത്തി നടക്കാറുണ്ടായിരുന്നു അന്നൊക്കെ ഞാന്‍. മിക്കാവാറും എല്ലാ ദിവസവും ഞാനയാളെ കാണാറുണ്ടായിരുന്നു. പാര്‍ക്കിനു ചുറ്റും ഘടികാരക്രമത്തില്‍ നടന്നു വരാറുണ്ടായിരുന്ന അയാളുടെ കണ്ണുകള്‍ എതിര്‍ ദിശയില്‍ നിന്ന് വരുന്ന എന്‍റെതുമായി  ഉടക്കും. ആദ്യമാദ്യം ചെറുചിരിയോടെ കടന്നു പോകുമായിരുന്നു; ഒരു തരം സഹകരണാത്മകമായ സഹവര്‍ത്തിത്വം. പോകപ്പോകെ ഞങ്ങള്‍ വെയ് വിങ് ഫ്രണ്ട്സായി മാറി; തമ്മില്‍ കാണുമ്പോള്‍ കൈയുയര്‍ത്തി പരസ്പരം വിഷ് ചെയ്യും.

ഒരു ദിവസം സന്തത സഹചാരിയും മുഖ്യ ഉപദേഷ്ടാവുമായ മടി, ഇന്നിത്രമതി എന്ന്  ബോധ്യപ്പെടുത്തിയതനുസരിച്ച് തൊട്ടടുത്ത് കണ്ട ബെഞ്ചില്‍ ഞാനിരുന്നു രാത്രി കണ്ട സ്വപ്നത്തിന്‍റെ നൂലിഴകള്‍ക്ക് വേണ്ടി തിരയുകയോ മറ്റോ ആയിരിക്കണം.


“ഥക് ഗയേ ജനാബ്?” എന്ന ചോദ്യം എന്നെ സംഭവലോകത്തേക്ക് കൊണ്ടു വന്നു.


“നഹി തോ!”  എന്‍റെ കൈവീശിച്ചങ്ങാതിക്കിരിക്കാനായി ഒരറ്റത്തേക്ക് മാറി ഇരുന്നു കൊടുത്തു. 

വന്നിരുന്നതും  ചെവി മുതല്‍ ചെവി വരെ നീണ്ട ചിരിയോടെ “നാം നിസാര്‍ ആസ്മി” എന്നു പരിചയപ്പെടുത്തി. ജന്മം കൊണ്ട്  ഉത്തര്‍ പ്രദേശിലെ ആസംഗഢ് കാരന്‍,  മുംബൈയിലേക്ക് കുടുംബ സമേതം കുടിയേറി. ദുബൈയില്‍ സ്ഥിരതാമസം . നാലു മക്കള്‍; രണ്ട് ആണും രണ്ട് പെണ്ണും. എന്‍റെ പേരും നാടും വിശേഷങ്ങളും ചോദിച്ചു. ഞാന്‍ എന്നിടത്തൊക്കെ നാം എന്ന പൂജക ബഹുവചനമാണ് അദ്ദേഹം ഉപയോഗിക്കുന്നത്.

“എത്ര വര്‍ഷമായി ഇവിടെ?” ഒന്നും ചോദിക്കാനില്ലാത്തതു കൊണ്ട് പതിവ് ആയുധം ഞാന്‍ പ്രയോഗിച്ചു. 

"മുപ്പത്തി മൂന്ന് വര്‍ഷം, ഇനി നിങ്ങളുടെ ചോദ്യം നമുക്കറിയാം എന്താ പോകാത്തെ മതിയായില്ലെ, അല്ലേ?"

ഞാന്‍ ചിരിച്ചു. 

നമുക്കറിയാം താങ്കളുടെ നാവിന്‍ തുമ്പില്‍ വരുന്ന ചോദ്യം അതു തന്നെയാണ്. ഒരു ലക്ഷം രൂപ നമ്മുടേതായി എന്ന്  കയ്യില്‍ വരുന്നോ അന്ന് നാം തിരിച്ചു പോകും. പണ്ടൊക്കെ ആളുകള്‍ പിന്നാമ്പുറത്ത് വന്നായിരുന്നു ചോദിച്ചിരുന്നത്, ഇപ്പോള്‍ നേര്‍ക്കുനേര്‍ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു, ഇനിയെത്ര കാലം ഈ ദുബൈയില്‍? എത്ര സമ്പാദിച്ചു ചങ്ങാതീ? ഇനിയും മതിയായില്ലേ? 

പറഞ്ഞത് ശരിയല്ലേ എന്ന് ഞാന്‍ വീണ്ടും ചിരിച്ചു.

“കേള്‍ക്കൂ കൂട്ടുകാരാ, മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് നാം ഇവിടെയെത്തുമ്പോള്‍  മുമ്പിലുണ്ടായിരുന്ന ലക്ഷ്യം അര ലക്ഷം രൂപ സമ്പാദിച്ച് തിരികെ പോവുക എന്നതായിരുന്നു. ഇന്നും ലക്ഷ്യത്തില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല; ഒരു ലക്ഷം കയ്യില്‍ വന്നാല്‍, ഇന്‍ഷാ അല്ലാഹ്, നാം തിരിച്ചു പോകും. അതേ ചങ്ങാതീ, നാം സംസാരിക്കുന്നത് ഒരു ലക്ഷം ഡോളറിനെക്കുറിച്ചല്ല, ഒരു ലക്ഷം പൌണ്ടിനെക്കുറിച്ചല്ല, ഒരു ലക്ഷം ദിര്‍ഹമിനെക്കുറിച്ച് പോലുമല്ല; ഒരു ലക്ഷം ഇന്‍ഡ്യന്‍ രൂപയെക്കുറിച്ച് തന്നെ. എന്നാല്‍  പറയുന്നത് ആരും വിശ്വസിക്കുന്നില്ല. തമാശ പറയുകയാണെന്നാണവരുടെ വിചാരം. അവര്‍ക്കൊക്കെ നമ്മുടെ അവസ്ഥയറിയുമോ? അഞ്ച് ലക്ഷം കയ്യില്‍ വന്നാലും പത്തു ലക്ഷം കിട്ടിയില്ലല്ലോ എന്ന വിചാരം തൊഴിലില്ലായ്മയെക്കാള്‍ വലിയ ആധിയായി കൊണ്ടു നടക്കുന്നവരിലല്ല നാം. എന്‍റെ യുവ സുഹൃത്തേ നിങ്ങള്‍ക്കിത്  മനസ്സിലാകുമോ ആവോ.”

“പറഞ്ഞോളൂ.”

“പറയാം, രാജ്യത്തിന് വേണ്ടി സേവനം ചെയ്യണമെന്നത് നമ്മുടെ തീവ്രമായ ജീവിതാഭിലാഷമായിരുന്നു. ഒരു സ്കൂള്‍ അല്ലെങ്കില്‍ കോളേജ് അതുമല്ലെങ്കില്‍ ഒരാശുപത്രി അതൊന്നുമല്ലെങ്കില്‍ ഇതെല്ലാം കൂടി കെട്ടിപ്പടുത്ത് വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗത്ത്  നാടിന് ഒരു കുതിപ്പുണ്ടാക്കിക്കൊടുക്കുക എന്ന തീവ്രാഭിലാഷമായിരുന്നു അക്കാലത്തെ സ്വപ്നങ്ങളെ നിറച്ചത്. ഒരു റാം മോഹന്‍ റോയ് അല്ലെങ്കിലൊരു സര്‍സയ്യദ്. ഇനി ഇതൊന്നുമല്ലെങ്കില്‍ ഒരു ഇംഗ്ളീഷ് ദിനപത്രമോ മാസികയോ തുടങ്ങുക എന്നിട്ട് ഒരു പത്രാധിപരായി  അങ്ങനെ നടക്കുക; അതിനായി ചുരുങ്ങിയത് അക്കാലത്ത് അര ലക്ഷമെങ്കിലും ആവശ്യമായിരുന്നു. നാട്ടില്‍ നിന്നുകൊണ്ട് മുപ്പത് മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് അത്രയും സംഖ്യ സ്വരൂപിക്കുക അചിന്ത്യമായിരുന്നു; അങ്ങനെയാണ് നാം ദുബൈയിലെത്തുന്നത്. മോഹം പരിഷ്കര്‍ത്താവുക എന്നു മാത്രമായിരുന്നു. !

“വാവ്! ഇന്റ്രസ്റിങ്.”

“വീസ വന്ന ദിവസം നാം ഉറപ്പിച്ചിരുന്നു,ഒരു ലക്ഷം രൂപ എന്ന്  കയ്യില്‍ വന്നു ചേരുന്നുവോ, അന്ന്  നാട് പിടിച്ച് സ്വന്തത്തെ നാടിനു വേണ്ടി ഉഴിഞ്ഞിടും.കല്ലേ പിളര്‍ക്കുന്ന തീരുമാനമായിരുന്നു. കഴിയുമെങ്കില്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കണം; എന്നിട്ട് രാജ്യത്തിന്‍റെ പിന്നോക്കാവസ്ഥയെ ചരിത്രത്തിനെറിഞ്ഞു കൊടുക്കണം. ഇത്തരം വിപ്ളവാത്മകമായ ആശയങ്ങള്‍ ഇപ്പോഴും നമ്മുടെ മനസ്സില്‍ കുലച്ചു വിരിഞ്ഞു കൊണ്ടിരിക്കുന്നു. നാട്ടിലുള്ള രാഷ്ട്രീയ മത സാമൂഹിക സാസ്കാരിക സംഘങ്ങള്‍ക്കിടയില്‍ പത്തു വീതം വെച്ച് വിതരണം ചെയ്താല്‍ അവരൊക്കെ അതിന്മേല്‍ മരിച്ച് പണിയെടുക്കേണ്ടിവരും. എന്നാലോ നമ്മുടെ ഐഡിയാസിന് വല്ല കുറവുമുണ്ടോ? ഉറവ പൊട്ടി അതങ്ങനെ പെരുകിപ്പെരുകി വരും.” 

“എന്നിട്ട്, നിങ്ങള്‍ക്കിതുവരെ ഒരു ലക്ഷം സ്വരൂപിക്കാനായില്ലേ?”

“ഇല്ലെന്ന് നാം പറഞ്ഞോ? വാക്കുകള്‍ വായില്‍ നിന്ന് മാന്തിയെടുക്കരുത്. നിരവധി തവണ  കയ്യില്‍ ഒരു ലക്ഷം രൂപ വന്നണഞ്ഞു.  അതെല്ലാം മണലില്‍ മൂത്രമൊഴിച്ചതു പോലെ നൊടിയിടയില്‍ അപ്രത്യക്ഷമായി. ഒന്നാമത്തെ രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ ഒരു ലക്ഷം  കയ്യില്‍ വന്നു. നാട്ടില്‍ പോകാന്‍ മനസ്സ് കെട്ടി ഭദ്രമാക്കി. അപ്പോഴാണ് ജ്യേഷ്ടന്‍ നമ്മുടെ മാനത്തെ തട്ടിയുണര്‍ത്തിയത്; ശൂന്യ ഹസ്തനായി എങ്ങനെ ഉറ്റവരുടെയും ഉടയവരുടെയും അടുത്തു ചെല്ലും? അതും രണ്ടു മൂന്ന് വര്‍ഷത്തിനു ശേഷം?


നോക്കൂ നിസാര്‍, നിന്നെ വരവേല്‍ക്കാനായി ബൊക്കെയുമായി എയര്‍പോര്‍ട്ടില്‍ വരുന്നവരൊക്കെ എന്തെങ്കിലും പ്രതീക്ഷിച്ചു കൊണ്ടായിരിക്കും വരിക. അവരെയൊക്കെ കാരക്കച്ചീളും പിഷ്തയും ബാദാമും കൊടുത്ത് പിരിച്ചയക്കാനാണോ പരിപാടി? പിന്നെ വീട്ടില്‍ ഉമ്മയും ഉപ്പയും കുഞ്ഞനുജന്മാരും അനുജത്തിമാരും നിന്‍റെ വരവ് പൂവാടി വസന്തത്തെ എന്ന പോല്‍ കാത്തിരിക്കുകയാണ് അവരെ നീയെങ്ങനെയാണ് സന്തോഷിപ്പിക്കാന്‍ പോകുന്നത്?”

“സങ്കതി ന്യായം”

“കൂടപ്പിറപ്പിന്‍റെ ആശങ്ക മനസ്സിലാകാവുന്നതേയുള്ളൂ”

“അങ്ങനെയാണ് ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങി കഴിയാവുന്നത്ര കയ്യില്‍ പിടിച്ചും ബാക്കി കാര്‍ഗോയില്‍ വിട്ടും നമ്മുടെ ഒന്നാമത്തെ തിരിച്ചുപോക്ക്  ആഘോഷിക്കുന്നത്.

“തിരികെ വന്ന് രണ്ടു മൂന്നു വര്‍ഷമെടുത്തു ഒരു ലക്ഷം രൂപ കയ്യില്‍ വരാന്‍. നാട്ടില്‍ പോക്കിനുള്ള തയ്യാറെടുപ്പില്‍ വ്യാപൃതനായിരിക്കെയാണ് ഉപ്പയുടെ എഴുത്ത് ലഭിക്കുന്നത്. നമുക്ക് ഒരു നല്ലൊരു വീട് വെക്കണം പിന്നീട് നിന്‍റെ ഇഷ്ടം പോലെയാകാം തിരിച്ചുവരവ്. ഈ മണ്‍ചുവരുകളില്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന കൂരക്കുള്ളില്‍ എത്ര കാലാന്ന് വെച്ചിട്ടാ മോനേ കഴിഞ്ഞു കൂട്വാ? മണ്‍സൂണ്‍ കാലത്തുണ്ടാകാറുള്ള ചോര്‍ച്ച കുറേ റിപയര്‍ ചെയ്തിട്ടും മാറ്റമൊന്നുമില്ല; തന്നെയുമല്ല പുതിയ ചോര്‍ച്ചകളുടെ കണ്ടുപിടിത്തിങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. ആ വീട്ടില്‍ താമസിക്കാനുള്ള പ്രയാസം നിനക്ക് നന്നായറിയുന്നതല്ലേ? നേതാവ് താമസിക്കുന്ന വീടിന്‍റെ പത്രാസും ഗരിമയും കണ്ടിട്ടാണ് ജനങ്ങള്‍ വോട്ടു നല്‍കുക.” 

“ന്യായം”

“മനസ്സിലാക്കാവുന്നതേയുള്ളൂ.”

വീട്ടില്‍ നിന്നൊരാള്‍ ഗള്‍ഫിലെത്തിയാല്‍ പതിറ്റാണ്ടുകളായി താമസിച്ചു വരുന്ന വീട് പെട്ടെന്ന് ചെറുതായിപ്പോകുന്നു. എക്സ്പ്രസ് വേഗതയില്‍ സ്ഥലം തേടി കണ്ടു പിടിച്ചു വീടുപണി തുടങ്ങി. പിന്നെ നാലഞ്ച് കൊല്ലം അതിലായിരുന്നു. നിര്‍മാണം കഴിഞ്ഞു. ആരിലും അസൂയ ജനിപ്പിക്കുന്ന ധൂമധാങ്ങളോടെ ഹൌസ് വാമിങും കഴിഞ്ഞു. ഒരു ലക്ഷം ശേഖരിക്കുക എന്ന  പഴയ ഏര്‍പ്പാടിലേക്ക് നാം വീണ്ടും ഊളിയിട്ടു. 

മുമ്പ് പരിചയമുണ്ടായിരുന്നതു കൊണ്ട് ഒരു ലക്ഷം ശേഖരിക്കുന്നതില്‍ പഴയ പ്രയാസമുണ്ടായില്ല. തിരിച്ചു പോരാനുള്ള ഒരുക്കങ്ങള്‍ നടക്കവേ ഉമ്മയുടെ എഴുത്ത് വന്നു. സഹോദരിമാര്‍ക്ക് വേണ്ടി കല്യാണാലോചനകള്‍ വന്നു തുടങ്ങിയിരിക്കുന്നു. അവരെഴുതി: മുമ്പ് നമ്മുടെ തറവാടു വീട്ടിലായിരുന്നപ്പോള്‍ മാന്യമായ കുടുംബങ്ങളില്‍ നിന്ന് ആലോചനകള്‍ വന്നിരുന്നു; വലിയ വീടായപ്പോള്‍ മരുമക്കളുടെ വില പലവുരു പെരുകി. ഒരു കോഴി ഇരുപതിരുപത്തഞ്ചിന് ലഭിച്ചിരുന്നത് ഇന്ന് നൂറും നൂറ്റമ്പതും കൊടുത്താലേ ലഭിക്കൂ. അഞ്ചാറു രൂപ കൊടുത്താല്‍ ഓട്ടോക്കാര്‍ പഴയ നമ്മുടെ വീട്ടിന് മുമ്പില്‍ ആളെയിറക്കിയിരുന്നു. ഇന്നവര്‍ വീടിന്‍റെ വലിപ്പം നോക്കി സംഖ്യ നിശ്ചയിക്കുന്നതു കൊണ്ട് ചാര്‍ജ് ശതഗുണീഭവിച്ചിരിക്കുന്നു.അതുകൊണ്ട് ചില്ലറക്കാരൊന്നും ഈ വഴിക്ക്‌ വരുന്നില്ല. ഇക്കാലത്ത് മണവാളന്മാര്‍ക്കൊക്കെ എന്താ വില!  പണ്ട് നിനക്കോര്‍മയുണ്ടോ, ഡോക്ടറേയോ എഞ്ചിനീയറെയോ അര ലക്ഷം രൂപക്ക് കിട്ടുമായിരുന്നു. ഇന്നാകട്ടെ ഒരു മാമൂലി ഗ്രാജ്വേറ്റും എന്തിന് പ്ളസ്ടൂക്കാരന്‍ പോലും ആവശ്യപ്പെടുന്നത് ഒരു ലക്ഷമാണ്. (ഇതേതാ കാലം!) ഈ അവസരത്തില്‍ മോനേ നീ ദുബൈയില്‍ നിന്ന് തിരിച്ചു പോന്നാല്‍ നിന്‍റെ പെങ്ങന്മാരുടെ അവസ്ഥയെന്തായിരിക്കും.?” 

“ന്യായം”

“ഉമ്മയുടെ ആധി മനസ്സിലാക്കാവുന്നതേയുള്ളൂ. വീട്ടില്‍ നിന്നൊരാള്‍ ഗള്‍ഫിലെത്തിയാല്‍ പെണ്‍കുട്ടികള്‍ക്ക് പെട്ടെന്ന് പ്രായമാകുന്നു. കൊള്ളക്കൊടുക്കകളുടെ ദുനിയാവില്‍ മരുമക്കളെയും അളിയന്മാരെയും വാങ്ങാനായുള്ള മാര്‍ക്കറ്റുകളില്‍ ചുറ്റിത്തിരിഞ്ഞ് ജീവിതത്തിന്‍റെ നല്ലൊരു ഭാഗം കരിഞ്ഞു തീരുന്നു. അത് ജീവിതത്തില്‍ നാം ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളില്‍ നിന്ന് നമ്മെ ഗതിമാറ്റി വിടുകയും ചെയ്യുന്നു. രസമതല്ല, ഇച്ചങ്ങായി വേറൊരാളുടെ മരുമകനോ അളിയനോ ആകുമ്പോള്‍ അയാള്‍ താനനുഭവിച്ച പ്രയാസങ്ങള്‍ക്കുള്ള വിലയൊക്കെ അയാളുടെ ശ്വശുരനില്‍ നിന്നും ഭാര്യയുടെ സഹോദരന്മാരില്‍ നിന്നും ഈടാക്കുന്നു.എല്ലാ ഭാവി അളിയന്മാരും ജാമാതാക്കളും കൂടി, മാമൂലിന്‍റെയും നാട്ടുനടപ്പിന്‍റെയും പേരും പറഞ്ഞ് ആര്‍ത്തിപ്പണ്ടാരങ്ങളായി മറ്റൊരാള്‍ക്കും മേല്‍ ഒരു ഭാരമായിരിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയാണെങ്കില്‍, പരിഷ്കര്‍ത്താവാകാന്‍ പരിശ്രമിക്കുന്ന ഒരാളെന്ന നിലയില്‍ എനിക്ക് പറയാനാകും, ആയിരക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ വിലപ്പെട്ട പണവും സമയും രാജ്യത്തിന്റെ നന്മക്കായി ചെലവഴിക്കാനാകും.

“പക്ഷേ ഇതൊക്കെ നാം നമ്മുടേതാകാന്‍ പോകുന്ന അളിയന്മാരോടും ജാമാതാക്കളോടും പറഞ്ഞു എന്നിരിക്കട്ടെ, ആ സമയത്ത് അവരതെല്ലാം തികഞ്ഞ ഭവ്യതയോടെ തലയും താഴ്ത്തി കേട്ടിരിക്കും. അടുത്ത ദിവസം അയാളുടെ തന്താജിയുടേയോ തള്ളാജിയുടേയോ ഫോണ്‍ വരും രിഷ്താ മന്‍സൂര്‍ നഹി.”

“ച്ചാല്‍?”

“ബന്ധം നടക്കില്ല എന്നു തന്നെ.”

“അതു കൊണ്ടാണ് ഈ ഉപദേശമെല്ലാം മറ്റുള്ളവര്‍ക്ക് ഫ്രീയായി നല്‍കാനായി  നീക്കി വെച്ചിരിക്കുന്നത്.”

“തരക്കേടില്ലല്ലോ!”

“ഇല്ല അല്ലേ? നമ്മുടെ നാലഞ്ചു വര്‍ഷം അങ്ങനെയും പോയി. പിന്നീട്, അല്‍ഹംദു ലില്ലാഹ് ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം ഒരുക്കൂട്ടി ലീവില്‍ നാട്ടിലെത്തി. അവിടെയെത്തിയതും വീട്ടുകാരും കുടുംബക്കാരും നാട്ടുകാരും കൂട്ടുകാരുമെല്ലാം ചേര്‍ന്ന്  ഒരുത്തിയുടെ ഭര്‍ത്താവുദ്യോഗം നല്‍കി നമ്മെ ആദരിച്ചു. രാജ്യ സേവനത്തിനാണ് ഒന്നാം പരിഗണിയെന്നും അതു കഴിഞ്ഞിട്ടേ വിവാഹത്തെ കുറിച്ച് ചിന്തിക്കുകയുള്ളുവെന്നും ആണയിട്ട് പറഞ്ഞതാണ്. നടക്കാതെ വന്നപ്പോള്‍ കേണപേക്ഷിച്ചതാണ്. അന്നാണ് ചരിത്രത്തിലാദ്യമായി പിതാശ്രീ ഫിലോസഫറായതും ചരിത്രത്തെയും വര്‍ത്തമാനത്തെയും കൂട്ടുപിടിച്ചുള്ള തത്ത്വശാസ്ത്രപരമായ തന്‍റെ ആദ്യത്തെ ഉദീരണം ലോകത്തിന് സംഭാവന ചെയ്തതും. ‘രാഷ്ട്ര സേവനത്തിന് വാജ്പേയിജി ആകേണ്ട ആവശ്യമൊന്നുമില്ല; കല്യാണം കഴിച്ചവരും സാമൂഹ്യ സേവനം നടത്തുന്നില്ലേ? ഗാന്ധീജിയെത്തന്നെയെടുക്ക്.”

ഓക്കേ, കെട്ടുപാടുകളില്‍ നിന്നും മരണത്തില്‍ നിന്നും ഓടിപ്പോകാന്‍ ആര്‍ക്കുമാകില്ല എന്ന് നാം തിരിച്ചറിയുന്നു. ഫിലോസഫറുടെ മകന്‍ ഫിലോസഫര്‍. അല്ലാതെന്താ? 

ആദ്യ രാത്രി മണവാട്ടി ചോദിച്ചു, “എന്നെ മക്കയിലും മദീനയിലും കൊണ്ടു പോകുമോ? ജീവിതത്തില്‍ ഞാന്‍ നിങ്ങളോട് മറ്റൊന്നും ആവശ്യപ്പെടില്ല.” ഇതവസാനത്തെ പ്രാവശ്യം എന്നു പറയാതെ സ്ത്രീകള്‍ക്ക് ജീവിതത്തിലൊരുകാര്യവും ആവശ്യപ്പെടാനാവില്ലെന്നും പാവം പുരുഷന്‍റെ ഓര്‍മ വളരെ വീക്കാണെന്നും അന്ന് നമുക്കറിയില്ലായിരുന്നു. ഓരോ തവണയും ആദ്യത്തെ തവണ എന്ന പോലെ നാം അവള്‍ ചോദിച്ചതൊക്കെ കൊടുത്തു കൊണ്ടിരുന്നു. 

മേഡം സാഹബ ദുബായിലെത്തിയതിന് ശേഷം ഉണ്ടായ/കുന്ന ചെലവുകളൊക്കെ എന്‍റെ ചങ്ങാതീ നിങ്ങള്‍ക്കൂഹിക്കാവുന്നതല്ലേ ഉള്ളൂ! അങ്ങനെയും നമ്മുടെ വിലപ്പെട്ട കുറേ വര്‍ഷങ്ങള്‍ തോട്ടിലെ വെള്ളത്തോടൊപ്പം ഒലിച്ചു പോയി. പിന്നീടാണ് അവളുടെ ആങ്ങളമാര്‍, കസിന്‍സ് ഇവരെയൊക്കെ ഇവിടെ കൊണ്ടുവരാനുള്ള കല്‍പനകള്‍ അവള്‍ പുറപ്പെടുവിക്കുന്നതും കൊണ്ടുവരുന്നതും. പിന്നീട് ആഗ്രഹങ്ങള്‍ പനങ്കുലകളായി കുലച്ചു തൂങ്ങി.”

“വര്‍ഷങ്ങള്‍ കടന്നു പോകുന്നത് താങ്കള്‍ പറയാതെ തന്നെ എനിക്ക് മനസ്സിലാകുന്നുണ്ട്. അതിനി ആവര്‍ത്തിച്ചു കൊള്ളണമെന്നില്ല.”

“മാന്‍ ഗയെ!!”

“കോന്‍ ഗയേ?”

“സമ്മതിച്ചിരിക്ക്ണൂന്ന്.”

“ഓക്കേ.”

“ഇതിനിടയില്‍ നാം രണ്ടു പെണ്‍കുട്ടികളുടെ പിതാവായിക്കഴിഞ്ഞിരുന്നു. പിന്നീടുള്ള രണ്ടു വര്‍ഷം ഒരു ലക്ഷം സ്വരൂപിക്കാനുള്ള ശ്രമത്തില്‍ വ്യാപൃതനായി.  നമ്മുടെ ലക്ഷ്യം മറന്നു കൂടല്ലോ. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ബേഗം സാഹബ തന്‍റെ  ഏറ്റവും പുതിയ അന്തിമാഭിലാഷമറീക്കുന്നത്, “നോക്കൂ, നമുക്ക് രണ്ട് പെണ്‍കുട്ടികളാണ് അവര്‍ വളര്‍ന്ന് വരുന്നു. ഒരു ദിവസം നമുക്കവരെ വിവാഹം കഴിപ്പിച്ചയക്കേണ്ടി വരും. കാലം വല്ലാത്തതാണ് ഏതു തരം ആളുകളാണ് അവരുടെ ഭര്‍ത്താക്കന്മാരായി വരിക എന്ന് നമുക്കറിയില്ലല്ലോ. അവരെ ഉപേക്ഷിച്ച് പോയേക്കാം അതെല്ലെങ്കില്‍ വേറെ കല്യാണം കഴിച്ചേക്കാം, ഇതു രണ്ടുമല്ലെങ്കില്‍ മരണപ്പെടാം…”

“അതിനിപ്പോള്‍ നാമെന്ത് ചെയ്യാനാ?"

“അവരിരുവരുടെയും പേരില്‍ നമുക്ക് സ്വത്തെന്തെങ്കിലും വാങ്ങിയിടാം. ഒരു ഫ്ലാറ്റ്, ഒരു വില്ല, ഒരു ഷോപ്പിംഗ് കോംപ്ളക്സ്.” 

“ന്യായം.”

“കമാല്‍ കീ ബാത്ത് ഹെ, സ്വന്തം ആവശ്യം കഴിഞ്ഞ് കയറ്റി അയക്കാന്‍ മാത്രം ഭാവന സ്റോക്കുള്ള നമ്മുടെ ഖോപ്ഡിക്കകത്ത് എന്തു കൊണ്ട് ഈ ഹാലോജന്‍ ഇതു വരെ തിരി തെളിഞ്ഞില്ല?!”

അവളുടെ ആധിയും പൂതിയും മനസ്സിലാക്കാവുന്നതേയുള്ളൂ. നാലഞ്ച് വര്‍ഷം അങ്ങനെയും. 

“ഇപ്പോള്‍ മൈതാനം ഒഴിഞ്ഞു കിട്ടിയിരിക്കുന്നു; ഇനി ഇവിടെ എന്തും കളിക്കാം. രണ്ട് വര്‍ഷം കൊണ്ട് ഒരു ലക്ഷം ഒരുക്കൂട്ടി നാം ഇങ്ങനെ പ്രഖ്യാപിച്ചു, ഇനിയൊരിക്കലും തിരിച്ചു പോക്കില്ലാത്ത വിധം ദിബൈയോട് വിട പറയുകയാണ്. പക്ഷേ, ദുബൈയിലെ അലമ്പില്ലാത്ത ജീവിതത്തിനിടെ അമ്മായ്യമ്മയെ എങ്ങനെ കയ്യിലെടുക്കാം നാത്തൂന്മാരോട് എങ്ങനെ ചിരിക്കാം എന്നൊന്നും വിചാരപ്പെടാതെ കഴിഞ്ഞു കൂടിയിരുന്ന കെട്ട്യോളെക്കാള്‍ സാമ്പത്തിക ശാസ്ത്രവും ആസൂത്രണവും വശമുള്ളയാള്‍ വേറാരുണ്ട്! അവള്‍, ഒതുക്കം വന്ന ബുദ്ധിജീവിയുടെ ആധികാരികതയോടെ വാക്കുകള്‍ നമ്മുടെ മാനസികാവസ്ഥയുടെ ആക്കത്തൂക്കങ്ങള്‍ നോക്കി ഇറക്കി വച്ചു, “നോക്കൂ, നിങ്ങള്‍ രാഷ്ട്ര സേവനത്തിനായി ഒരു ലക്ഷം നേര്‍ച്ച നേര്‍ന്ന കാലത്തെ ഒരു ലക്ഷത്തിന്‍റെ വില ഇപ്പോഴത്തെ കോടികളുടേതാണ്. നാട്ടില്‍ ചെന്ന് ഒരു ബിസ്നെസില്‍ ഏര്‍പ്പെടുകയോ ജോലി ചെയ്യുകയോ വേണ്ടി വരും, ഇക്കാലത്ത് വീട് നടത്താനും, വണ്ടി, ഡ്രൈവര്‍, സെര്‍വന്‍റ്സ് തുടങ്ങിയ വകയിലുള്ള ചെലവ് വകയിരുത്താനും ഒരു മാസം ഒരു ലക്ഷം രൂപ വേണ്ടി വരും. ഇയ്യൊരു ലക്ഷം എവിടുന്ന് കണ്ടെത്താനാ? രണ്ട് മൂന്ന് കോടി നിങ്ങളെവിടെയെങ്കിലും നിക്ഷേപിക്കുകയോ ബിസ്നെസിലിറക്കുകയോ ചെയ്താല്‍ (നാലോ അഞ്ചോ ആയാല്‍ വളരെ നല്ലത്) വയസ്സു കാലത്ത് പിന്നെ സമാധാനത്തോട് സമാധാനം.” 

“ബാക്കി വരുന്ന സമാധാനം ഫലസ്തീനിലേക്കോ കൊസോവയിലേക്കോ കൊടുത്തു വിടാമല്ലോ, അല്ലേ?”

“അവളുടെ വാക്കുകള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. വയസ്സുകാലത്ത് പിന്നെ മക്കളുടെയും മരുമക്കളുടെയും ഔദാര്യത്തിന് കൈ നീട്ടണ്ടല്ലോ. തന്തമാരും തള്ളമാരും ഭാരമായിക്കരുതുന്ന മക്കള്‍ കൂടി വരികയാണ്.മക്കള്‍ മുട്ടിവിളിക്കുന്നതും കാതോര്‍ത്ത് വാതിലില്‍ കണ്ണും നട്ടിരിക്കും മാതാപിതാക്കള്‍. ആ സമയത്ത് മക്കള്‍, ഭാര്യവീട്ടുകാരുടെ കണ്ണിലുണ്ണിയാകാന്‍ വേണ്ടി തത്രപ്പെടുകയായിരിക്കും. അതാലോചിച്ചപ്പോള്‍ തന്നെ മനസ്സിന്‍റെ ദിഗന്തങ്ങളില്‍ വിറയലനുഭപ്പെട്ടു. ഇന്‍ഷാ അല്ലാഹ് നമ്മുടെ ഈ പ്രോജക്ട് പൂര്‍ത്തിയാക്കിക്കഴിഞ്ഞ് വരുന്ന ഒരു ലക്ഷവുമായി നാം നാട്ടിലെത്തി രാജ്യസേവനത്തിലേര്‍പ്പെടുന്നതായിരിക്കും.”

“ഓക്കെ സാബ്, പ്രോജക്ട് ചല്‍ത്തേ രഹേ, മുലാഖാത്ത് ഹോഗി, ഇന്‍ഷാ അല്ലാഹ്.” 

“ഇന്‍ഷാ അല്ലാഹ് മുലാഖാത്ത് ഹോഗി. ഖുദാ ഹാഫിസ്.”

മുന്‍കൂര്‍ ജാമ്യം: ഈ പോസ്റ്റും അതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികവും ഭാവനാ സൃഷ്ടവുമാണ്. ഈ കഥയില്ലായ്മക്കോ കഥാപാത്രങ്ങള്‍ക്കോ, ജീവിച്ചിരിക്കുന്നവരോ അങ്ങനെ ചെയ്യാത്തവരോ ആയ യാതൊരുവരുമായും യാതൊരു ബന്ധവും ഇല്ല. വല്ല സാമ്യവും  ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അത് വാസ്തവം  മാത്രമാണ്.

38 comments:

  1. ഹി..ഞാനോര്‍ക്കുന്നു...അന്നോരികള്‍ ഞാന്‍ സമട്കയുടെ മുന്നില്‍ വെച്ച് ഹവ്വഉമ്മ ടീച്ചറോട് പറഞ്ഞു.."ഞാന്‍ മൂന്ന് വര്ഷം കൊണ്ട് ഗള്‍ഫ്‌ നിര്‍ത്തും". ചിരിച്ചു കൊണ്ട് സമട്ക പറഞ്ഞു..ശരിയാ, ഒരു വീട് വെക്കാന്‍ വേണ്ടി ഗള്‍ഫില്‍ വന്നവനാണ് ഞാന്‍..വീടൊക്കെ ആയി..മുപ്പത്‌ വര്‍ഷവും..

    ഡോക്ടര്‍ ആസാദു മൂപ്പന്‍ കോഴിക്കോട്ടെ പ്രാക്ടീസ് ബോര്‍ അടിച്ചപ്പോള്‍ കുറച്ചു കാലത്തിനു വന്നതാ ദുബൈയില്‍..ഇനി ആട്ടിപ്പായിപ്പിച്ചാല്‍ പോകുമോ..??
    സമട്കയുടെ വാദം ന്യായമാണ്..

    നിങ്ങളുടെ വീടുപണി..ഞങ്ങളുടെ വീടുപണി, സഹോദരിയുടെ വിവാഹം, പ്രവാസ ജീവിതത്തിലേക്ക്‌ ഇനി എന്തൊക്കെ വരാനുണ്ടാവോ..??

    നാട്ടില്‍ പോകണം എന്ന പൂതി കെട്ടി പൂട്ടേണ്ടി വരും..നാട്ടാര്‍ക്കും വീട്ടാര്‍ക്കും ഇതിനകം വണ്ടിക്കാളകളായ നാം കാലാകാലം ഇവിടെ ഉണ്ടാകും..ഒരലിഖിത നിയമം പോലെ..

    അല്ല നിങ്ങളെന്ന ആരിഫ്കാ നാട്ടിലേക്ക്‌..??????!!!!!

    ReplyDelete
  2. എവിടെയൊക്കെയോ കൂട്ടിക്കൊണ്ടുപോയി എന്തൊക്കെയോ ചിന്തിപ്പിക്കുന്ന ഒരു നല്ല പോസ്റ്റ്‌. അനുഭവത്തിന്റെ നന്മ കാണാന്‍ കഴിയുന്നു ഇതില്‍

    ReplyDelete
  3. ശോ ഇങ്ങനെ പേടിപ്പിക്കല്ലെ....

    ReplyDelete
  4. പ്രവാസത്തിന്റെ ഒരിക്കലും നിറയാത്ത മടിശ്ശീല ,അവസാനിക്കാത്ത പരാതികള്‍ ,ആശയങ്ങള്‍ ,ഒടുക്കം ആര്‍ക്കും വേണ്ടാതെ ഏതെങ്കിലും മൂലയില്‍ ..വേദനിപ്പിക്കുന്ന ചിന്തകള്‍ ,,,

    ReplyDelete
  5. എന്റ ബചെലര്‍ റൂമില്‍ ചിലപ്പോള്‍ ഉണ്ടാകാറുള്ള
    ചര്‍ച്ചയില്‍ ഇടപെട്ട് ഓരോ രൂമ്മറെസ് തിരിച്ചു പോക്കിന്റ ദിവസം എഴുതി എഴുതി റൂമിന്റ ഒരു മൂല മുഴുവന്‍ ഇപോള്‍ ആളുട പേരും തിരിച് പോവുന തിയതിയുമാണ്
    നന്നായിട്ടുണ്ട് അരിഫ്കാ...

    ReplyDelete
  6. പ്രവാസിയുടെ ഊരാക്കുടുക്കുകൾ എത്രെയെത്ര നാം കേട്ടു. എല്ലാത്തിലും പുതുമയും പിന്നെയും കേൾക്കാനുള്ള അതിയായ ആഗ്രഹവും കുത്തിനിറച്ചു വച്ചിരിക്കും. അവസാനം ഇതെല്ലാം സാങ്കൽപ്പിക കഥാപാത്രങ്ങളാണെന്ന് പറയുന്നത് മാത്രം ഒരാളും വിശ്വസിക്കില്ല. നമുക്കു ചുറ്റും, നമ്മളിൽ തന്നെയും ഇരിക്കുന്നവർ സാങ്കൽപ്പികരാകുന്നതെങ്ങിനെ? വളരേ വിഭിന്നനായ ഒരനുഭവം ഓർത്തു പോയി. ആറു വർഷം മുമ്പാണ്. വിസിറ്റ് വിസയിൽ അബു ദാബിയിൽ കറങ്ങവേ ദീർഘകാലപ്രവാസിയായ ബന്ധുവിനോട് ചോദിച്ചു "എന്ന് തിരിച്ചു പോകും?"
    മറുപടി ഒരു നീണ്ട പ്രസംഗമായിരുന്നു.

    "വരുമ്പോൾ കരുതിയത് നാലു കൊല്ലമായിരുന്നു. പിന്നെ ആറായി, എട്ടായി. അതിനിടെ കല്യാണം കഴിച്ചു. കുഞ്ഞുങ്ങളായി, ഒന്ന്, രണ്ട്, മൂന്ന്.. ഇപ്പോൾ പതിനാറു വർഷം കഴിഞ്ഞു. ഇനി കൊന്നാലും തിരിച്ചു പോകൂലാ. അബൂദാബി വിട്ടുള്ള ജീവിതമില്ല. മയ്യത്ത് കൊണ്ടുപോയാ മതി നാട്ടിൽ. ഇവിടെ ബന്ദില്ല, സമരമില്ല, പോരും കുശുമ്പും കുന്നായ്മയും അസൂയയുമില്ല. കുബ്ബൂസ് തിന്ന് പട്ടിണി കിടന്നാലും മുപ്പത് ദൊവസം ബിരിയാണി തിന്നാലും നാലാളറിയില്ല. കരണ്ട് കട്ടില്ല, അച്ചുതാനന്ദനും കുഞ്ഞാലിക്കുട്ടിയുമില്ല....പിന്നെയും എന്തൊക്കെയോ പറഞ്ഞു.

    "നാടും ഗ്രാമ്യഭംഗിയും പിന്നെ കുടുംബക്കാരുമൊക്കെ നഷ്ടമാവില്ലേ?"

    എട്ടാം ക്ലാസ് കഴിഞ്ഞതിൽ പിന്നെ മീൻ പിടിച്ചിട്ടില്ല, വയലിൽ കളിച്ചിട്ടില്ല. പുഴയിൽ കുളിച്ചിട്ടില്ല. ബന്ധുക്കളെ ഏറിവന്നാൽ കല്യാണത്തിനോ മരണവീടുകളിലോ കാണും. എന്നും നടന്നു പോണ വഴിയിൽ ഗ്രാമ്യഭംഗി കണ്ടിട്ടില്ല തന്നെ. എന്നാൽ കൊല്ലത്തിൽ ഒരു തവണ നാട്ടിൽ പോയാൽ അധികസമയവും പാടത്തും പറമ്പിലും പുഴയിലുമൊക്കെ അങ്ങിനെയങ്ങിനെ... മാസാവസാനമാവുമ്പോഴേക്കും "ഗ്രാമ്യഭംഗിയൊക്കെ മെല്ലെമെല്ലെ അപ്രത്യക്ഷമാവുമ്പോഴേക്കും എല്ലാ ബബ്ന്ദുവീടുകളിലെയും സൽക്കാരവും കഴിഞ്ഞ് ഞാനീ അബുദാബിയിൽ തിരിച്ചെത്തും...

    ഇനി മയ്യിത്ത് കൊണ്ടു പോയാൽ മതി. അതിനൂണ്ടല്ലോ ഒരു പവർ! ഏത്! പെട്ടിയിലാക്കി കരിപ്പൂരിൽ ഇറങ്ങുന്ന ഒരു പത്രാസ്..."
    (ഒരു പോസ്റ്റ് ആക്കണമെന്ന് കരുതി വെച്ചിരുന്നതാണ്. നിസാർ ആസ്മി എല്ലാം വലിച്ചു പുറത്തിട്ടു)

    ReplyDelete
  7. എന്തു പറ്റി ഇങ്ങനെ ഒരു പോസ്റ്റ്. ജീവിതങ്ങൽ ഒന്നൊന്നായി കടന്നു പോകുന്നു വാക്കുകളിലൂടെ.
    എത്ര കൊല്ലായി ഇവൈടെ എന്ന ചോദ്യത്തിന്‌ എന്റ വയർ കാണിച്ചു കൊടുക്കും. അതു തന്നെ ധാരാളം മറുപടിക്ക്.. മനോഹരമായിരിക്കുന്നു ഇക്കാ..

    ReplyDelete
  8. പ്രവാസികള്‍ അവരുടെ ഇഷ്ട ബന്ധുക്കളോടുള്ള സ്നേഹ പ്രകടിപ്പിക്കുന്നത് അവരുടെയെല്ലാം ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കൊടുത്തു കൊണ്ടാണ്. പലപ്പോഴും, അവരയിക്കുന്ന ഓരോ കാര്യങ്ങളുടെയും ഒടുക്കം അതോരാവശ്യത്തിലാണ് അവസാനിക്കാറുള്ളത്. ആവശ്യങ്ങളിലെ അത്യാവശ്യങ്ങളെ തിരിച്ചറിയുകയും അവയല്ലാത്തവയെ അനാവശ്യമായി ഗണിക്കാതിരിക്കുകയും ചെയ്യാത്ത പക്ഷം, ഈ നില തുടര്‍ന്ന് കൊണ്ടേയിരിക്കും., കറുത്ത പാതയിലൂടെ ചക്രമുരുളുന്ന പോലെ...!!! വേണ്ടത് സാമ്പത്തിക അച്ചടക്കമാണ് എന്ന് സാരം.

    ReplyDelete
  9. പ്രവാസിയൊരു മെഴുകുതിരിയാണ്. എല്ലാവര്‍ക്കും വേണ്ടി സ്വയം കത്തിതീര്‍ന്നു പ്രകാശം പൊഴിക്കുന്നവന്‍. എനിക്ക് മെഴുകുതിരി ആകാന്‍ ഇഷ്ടമില്ല. എന്‍റെ നാട്, നാട്ടുകാര്‍, കുടുംബങ്ങള്‍, പള്ളികള്‍, യുക്തിവാദികള്‍ , ഹോം ലൈബ്രറി ഇവയൊന്നും ഒഴിവാക്കിയുള്ള ഒരു കളിക്കും ഞാനില്ല. മുകളിലേക്ക് നോക്കാറില്ല. കാരണം മുകളിലേക്ക് നോക്കിയിട്ട് ഞാന്‍ ആരെയും കാണുന്നില്ല. ...പോസ്റ്റിന് നല്ലൊരു എഡിറ്റിംഗ് കുറവുണ്ട്. സന്ദേശം മനോഹരം...

    ReplyDelete
  10. എല്ലാ ഭാവി അളിയന്മാരും ജാമാതാക്കളും കൂടി, മാമൂലിന്‍റെയും നാട്ടുനടപ്പിന്‍റെയും പേരും പറഞ്ഞ് ആര്‍ത്തിപ്പണ്ടാരങ്ങളായി മറ്റൊരാള്‍ക്കും മേല്‍ ഒരു ഭാരമായിരിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയാണെങ്കില്‍ ...ആഗ്രഹം കൊള്ളാം നടക്കാത്ത ആഗ്രഹം ആണെങ്കിലും അല്ലെഇക്കാ ...

    <<<“തരക്കേടില്ലല്ലോ!”>>> ഒട്ടും തരക്കേടില്ലിക്ക.

    <<<>>>>ഇന്നത്തെ കാലഘട്ടത്തില്‍ കണ്ടു വരുന്നതാണ് ,സ്നേഹം എന്നത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു നാളെ അവരുടെ ഗതി ഇതിലും ഭയാനകമായിരിക്കും എന്ന് അവര്‍ മനസ്സിലാക്കുന്നില്ല ......

    ആഗ്രഹങ്ങള്‍ നീണ്ടു കിടക്കുന്നു എല്ലാം അത്യാവശ്യം വേണ്ട ആഗ്രഹങ്ങള്‍ തന്നെ ഇനി എന്നാണു ഒരു ലക്ഷം കയ്യില്‍ കയ്യില്‍ എത്തുക ,എല്ലാ പ്രവാസികളും ഇങ്ങനായിരിക്കും ചിന്ടിക്ക അല്ലെ ...
    നന്നായിട്ടുണ്ട് അരിഫ്കാ...

    ReplyDelete
  11. <<>>>>> ഇന്നത്തെ കാലഘട്ടത്തില്‍ കണ്ടു വരുന്നതാണ് ,സ്നേഹം എന്നത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു നാളെ അവരുടെ ഗതി ഇതിലും ഭയാനകമായിരിക്കും എന്ന് അവര്‍ മനസ്സിലാക്കുന്നില്ല .....

    ReplyDelete
  12. ഈ ബ്ലോഗില്‍ ആദ്യാമായാണെന്നാണെന്റെ ഓര്‍മ്മ (ഇനി ഓര്‍മ്മക്കുറവാണോ )
    പതിനേഴ് വര്‍ഷം മുന്നെ പ്രവാസഭൂമിയിലെത്തുമ്പോള്‍ എനിക്കുമുണ്ടായിരുന്നു ചില കണക്കുകൂട്ടലുകള്‍.. ഒന്നൊന്നായി തെറ്റിതുടങ്ങിയപ്പോള്‍ പിന്നെ ഞാന്‍ തെറ്റാനായി കണക്ക് കൂട്ടാതായി..

    ചിന്തനീയമായ ഈ രചനയ്ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  13. പോസ്റ്റ് ഇഷ്ടപ്പെട്ടു. ചീരാമുളകിന്റെ അഭിപ്രായം അതിലും അധികം.

    അഭിനന്ദനങ്ങൾ!
    -സുൽ

    ReplyDelete
  14. എല്ലാം ന്യായം തന്നെ പടച്ചോനേ....

    ReplyDelete
  15. ഒന്നിനു പിറകെ ഒന്നായി ഒരു നാണവുമില്ലാതെ നാട്ടിൽ നിന്നു വരുന്ന ലിസ്റ്റിനു മുന്നിൽ വലിയ്യൊരു ചോദ്യ ചിഹ്നവുമായി നിൽക്കുകയാണ് പ്രവാസികൾ..അവർ അധ്വാനിക്കുന്നു.. വിയർപ്പൊഴുക്കുന്നു.. അവസാനമെന്ത്?? അർക്കുവേണ്ടിയായിരുന്നു ഇതൊക്കെ??

    ഭാഗ്യം, ഞാനൊരു പ്രവാസിയല്ല :)

    ReplyDelete
  16. ചിന്തനീയം, അരിഫ്കാ

    ReplyDelete
  17. പത്തു ലഭിക്കുകില്‍ നൂറിനു മോഹം
    നൂറിനെ ആയിരമാക്കാന്‍ മോഹം
    ആയിരമോ പതിനായിരമാകണം
    ആശയ്ക്കുലകിതില്‍ അതിരുണ്ടാമോ....?

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. ഈ കഥ ഓരോ പ്രവാസിയുടെയും കഥയല്ലേ ! അതുമല്ലെങ്കില്‍ ഇതിലെ കഥാപാത്രങ്ങളെയല്ലേ നാം ദിവസവും
    കാണുന്നത് !! വീട്ടുകാരുടെയും ബന്ധുജനങ്ങളുടെയും ആവശ്യങ്ങളും
    ആഗ്രഹങ്ങളും തീര്‍ത്തു കൊടുത്തിട്ട് നാട്ടിലേക്ക് മടങ്ങി പോവാം എന്ന് കരുതിയാല്‍ ഒരിക്കലും ഒരു പ്രവാസിക്കും തിരിച്ചു പോവേണ്ടി വരില്ല ! ഒരുപാടിഷ്ടായി ഈ പോസ്റ്റ്‌...

    ReplyDelete
  20. വിപ്രവാസത്തിന്റെ വിഹ്വലതകള്‍
    നന്നായി പറഞ്ഞു

    ReplyDelete
  21. എല്ലാ പ്രവാസികള്‍ക്കും പറയാനുള്ളതാണ് ഇക്കഥ.അങ്ങിനെയൊക്കെ പോട്ടെ.അല്ലെങ്കില്‍ ഏതൊക്കെ തന്നെയല്ലേ ജീവിതം.

    ReplyDelete
  22. അതെ ,ഗള്‍ഫ്‌ ഒരു കുടുക്കാണ് അഴിക്കുന്തോറും മുറുകുന്ന കുടുക്ക്.വളരെ നന്നായി പറഞ്ഞു, ആശംസകള്‍ ......

    ReplyDelete
  23. തലേന്ന് രാത്രികണ്ട സ്വപ്നത്തിന്റെ നൂലിഴകള്‍ തേടുന്ന വേളയില്‍ തന്നെ ഒരു ലക്ഷംരൂപ സ്വപ്നംകാണുന്ന 'പരദേശി'യുടെ ചുടുനിശ്വാസങ്ങളിലേക്ക്, ആത്മനൊമ്പരങ്ങളിലേക്ക് ചെവികൊടുക്കുന്ന കഥാസന്ദര്‍ഭം മനോഹരമായൊരു ക്രാഫ്റ്റ് ആണ്. നിസാര്‍ ആസ്മിയുടെ ജീവിതത്തിനു ഭൂരിപക്ഷം മനുഷ്യരുടെയും (തൊഴില്‍ പ്രവാസിയുടെ മാത്രമല്ല) ജീവിതത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടുവാന്‍ പറ്റുന്ന സാമാന്യതയും സമാനതയും ഉണ്ട്. ആശയവും, ഭാഷയും, സങ്കേതവുമൊക്കെ മഹത്തായ ഒരു എകജൈവ രൂപമായി മാറുന്ന ഈ നല്ല സൃഷ്ടി വായിച്ചതിന്റെ ബാക്കിപത്രം വായനക്കാരനും, കഥാപാത്രവും അവസാനം ഒന്നായിത്തീരുന്നു എന്ന അത്ഭുതം സംഭവിക്കുന്നു എന്നുള്ളതാണ്. അനുഗൃഹീതനായ എഴുത്തുകാരന് ആശംസകള്‍.

    ReplyDelete
  24. എന്തിനാണപ്പാ മുൻ കൂർ ജാമ്യം? ഇതു പോലെ അനുഭവമുള്ള എത്ര പ്ര്വാസികളെ വേണമെങ്കിലും ദൂ‍ബായിലൊന്നും എത്തിനോക്കാത്ത ഞാൻ കാണിച്ചു തരാം.....
    പോസ്റ്റ് ഉഷാറായിരുന്നു കേട്ടൊ.

    ReplyDelete
  25. അയ്യോ! അക്ഷരത്തെറ്റ്! പ്രവാസി എന്നു വായിയ്ക്കണേ.

    ReplyDelete
  26. വായിച്ചു.... പിന്നെ സ്വന്തത്തെ ഓർത്ത് ഒരു ദീർഘ നിശ്വാസവും.....

    പ്രവാസികളായ എല്ലാ പ്രയാസികൾക്കും ഈ കഥയിലെ റോൾ ചേരും... അതിനാലെനിക്കും....

    ReplyDelete
  27. anubavam guru tanne guro!!

    e pavam pravasiyude blog visit cheyyumallo?
    http://heraldgoodearth.blogspot.com
    http://echirikavitakal.blogspot.com

    ReplyDelete
  28. ഒരു പ്രവാസിയുടെ നെടുവീര്‍പ്പുകൂടി വീണു ഇതു വായിച്ചു അവസാനിച്ചപ്പോള്‍...,!

    ReplyDelete
  29. ഒരു ലക്ഷം രൂപ ആണ് വേണ്ടത്‌ അല്ലെ.. :) മ ഗ്രൂപ്പിലെ ചാറ്റില്‍ നിന്നാണ് ലിങ്ക് കിട്ടിയത്.

    പ്രവാസം,ഒരിക്കല്‍ പെട്ട് പോയാല്‍ പിന്നൊരിക്കലും രക്ഷപ്പെടാനാവാത്ത ഊരാക്കുടുക്ക്.. രക്ഷപ്പെടാന്‍ ശ്രമിക്കുന്തോറും ആണ്ട് പോവുന്ന ചതുപ്പുനിലം എന്ന് മഹാകവി മദിരാസി പാടിയത് കേട്ടിട്ടില്ലേ??

    ReplyDelete
  30. വായിക്കാന്‍ ഒരു പാട് വൈകി പോയി. :(

    ReplyDelete
  31. ഇനി എന്നാണാവോ സ്വന്തത്തിനായൊരു ലക്ഷം ഉണ്ടാക്കുക :)

    ReplyDelete
  32. ഈ പോസ്റ്റ് ഞാന്‍ എന്തെ കാണാതെ പോയത് ?. ഓരോ പ്രവാസി വായനക്കാരനും സ്വയം കഥാപാത്രമാകുന്നത് ഇത്തരം കഥകളിലാണ്. ഇത് എന്റെ തന്നെ കഥയാണ്‌, അനുഭവമാണ് എന്ന് ഓരോ പ്രവാസിക്കും തോന്നും. കാരണം അത്രമേല്‍ സാമ്യമുണ്ട്‌ ഓരോ പ്രവാസികളുടെയും ചിന്തകള്‍ക്ക്, മാനസിക സങ്കര്‍ഷങ്ങള്‍ക്ക്, ആത്മനൊമ്പരങ്ങള്‍ക്കു.

    ആരിഫ ഭായി ഇത് പറയാന്‍ മനോഹരമായ ഒരു ക്രാഫ്റ്റ് തിരഞ്ഞെടുത്തു എന്ന് മാത്രം. മനുഷ്യരുടെ കഥ പച്ചയായി പറയുമ്പോഴാണ് നമ്മള്‍ നല്ല എഴുത്തുകാരാകുന്നത്. അഭിനന്ദനങ്ങള്‍ പ്രിയ ആരിഫ് ജി.

    ചീരാമുളകിന്റെ അഭിപ്രായവും വളരെ ടച്ചിംഗ് ആയി. അതൊരു കഥയാക്കി എഴുതാമായിരുന്നു.

    ReplyDelete
  33. വളരെ അര്‍ത്ഥവത്തായ പോസ്റ്റ്‌ . പതിവ് പരാധീനതകല്‍ക്കപ്പുരം വളരെ വ്യക്തമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട് . ആശംസകള്‍ ആരിഫ്ക .

    ReplyDelete
  34. ആരിഫ്ക്കാ ഈ പോസ്റ്റ്‌ കാണാന്‍ ഒരുപാട് വൈകി... സത്യത്തില്‍ മഹാ ഭൂരിപക്ഷം പ്രവാസികളുടെയും ചിന്ത ഇങ്ങനെ തന്നെ, ഒരു വര്ഷം രണ്ടു വര്ഷം എന്നോര്‍ത്ത് വരുന്നവര്‍ക്ക് ഇരുപതും മുപ്പതും വര്ഷം കഴിയുമ്പോളും ആ ഒരു വര്ഷം അല്ലെങ്കില്‍ രണ്ടു വര്ഷം പിന്നെയും വേണ്ടി വരുന്നു എന്നതാണ് സത്യം

    ReplyDelete
  35. പലരാല്‍ , പലകുറി പലരീതിയില്‍ കേട്ടതായിട്ട് പോലും താങ്കളുടെ ഫിലോസഫറായ കഥാപാത്രത്തിന്റെ വാക്കുകളില്‍ പ്രവാസിയുടെ പ്രയാസങ്ങളിലൂടെ ഊളിയിട്ടപ്പോള്‍ "എന്റെ മനസ്സിന്റെ ദിഗന്തങ്ങളില്‍ ഒരു വിറയലനുഭവപ്പെട്ടു".

    അടുത്തൂണ്‍ പറ്റുന്ന ദിനം അടുത്തുവരവെ ആ വിറയല്‍ കൂടിവരുന്നു. :)

    ReplyDelete