പേജുകള്‍‌

21 August, 2011

അന്ന് ജനങ്ങള്‍ക്കെല്ലാം ഭ്രാന്ത് പിടിച്ചിരുന്നു


കാലം: 1947 ഓഗസ്ത് 15 നെ തുടര്‍ന്നു വന്ന കറുത്ത ദിനങ്ങള്‍. മൃഗീയതയില്‍ ഒരു കൂട്ടം മറ്റൊരു കൂട്ടത്തെ പിന്നിലാക്കാന്‍ മത്സരിച്ച ശാപദുരിതമാര്‍ന്ന പകലിരവുകള്‍. 

സ്ഥലം: ജാലന്ധര്‍ സിറ്റി റെയ്ല്‍ വേ സ്റേഷന്‍ പരിസരം. അടിമുടി ആയുധം ധരിച്ച സിഖ് യുവാക്കള്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. വെള്ള യൂനിഫോമിലുള്ള അവരുടെ നേതാവിന്‍റെ  മുഖത്ത് ഏതോ വീരകൃത്യം ഏറ്റെടുത്തു നടത്തുന്നതിന്‍റെ  ഗൌരവം. നിശ്ശബ്ദമായ തെരുവുകളിലേക്ക് നീണ്ടു കിടക്കുന്ന ട്രക്കുകളുടെ നീണ്ട നിര. പിടികൂടുന്ന ഇരയെ കൊന്നതിനു ശേഷം ട്രക്കുകളില്‍ കരുതി വച്ച വിറകുപയോഗിച്ച് കത്തിച്ച് വിസ്മൃതിയിലേക്കു തള്ളുകയാണ് പതിവ്. 

റോന്തു ചുറ്റുന്ന നേതാവിന്‍റെ പകപുകയുന്ന കണ്ണുകള്‍ ഒരാള്‍  രൂപത്തിലുടക്കി. സ്റേഷന്‍റെ  കവാടത്തിലൂടെ പുറത്തേക്കു വരികയാണാരൂപം. 

ഫ്രഞ്ച് മാതൃകയില്‍ കത്രിച്ച താടിയിഴകള്‍ അവിടവിടെ നരച്ചിട്ടുണ്ട്. മുഖത്ത് കറുത്ത കണ്ണട, ക്രീം കളര്‍ ഷെര്‍വാനി; കാഴ്ചയില്‍ ഒരു കുലീന മുസ്ലിം കുടുംബത്തിലെ അംഗം. ഒരു സൈനികോദ്യോഗസ്ഥന്‍ അദ്ദേഹത്തെ അനുഗമിക്കുന്നു. 

ഇര കാത്തിരിക്കുകയായിരുന്ന അക്രമി സംഘത്തിന്‍റെ നേതാവും അനുയായികളില്‍ ചിലരും സ്റ്റേഷന്‍റെ  കവാടത്തിലേക്ക് കുതിച്ചു. 

“ഇനി ഒരടി മുമ്പോട്ടു വെക്കരുത്!” തന്‍റെ സ്റ്റേന്‍ ഗണ്‍ അവരുടെ നേരെ ചൂണ്ടി സൈനികോദ്യോഗസ്ഥന്‍ അലറി.  അത്രയ്ക്ക് അവര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നുന്നു. അവര്‍ നിന്നേടത്തു നിന്നു. വെള്ള യൂനിഫോമിലുള്ള നേതാവ് സൈനികോദ്യോഗസ്ഥനുമായി തര്‍ക്കിച്ചു. 

“നിങ്ങളെന്തിനാണ് അയാളെ സ്വീകരിക്കാനെത്തിയിരിക്കുന്നത്?” 

“ഞാനിദ്ദേഹത്തെ സ്വീകരിക്കാനായി വന്നതല്ല, മറ്റൊരു കാര്യത്തിനു വേണ്ടിയാണ് വന്നത്. ഇദ്ദേഹം ആരാണെന്ന് മനസ്സിലായപ്പോള്‍ ഞാനെന്‍റെ കൂടെ കൊണ്ടു പോകാന്‍ തീരുമാനിച്ചു. അത്രമാത്രം.”

“ശരി, ഇനി അയാളെ ഞങ്ങള്‍ക്ക് വുട്ടു തരിക”

“നാണമില്ലേ? സിഖുകാരായ നിങ്ങള്‍ മറ്റൊരു സിഖുകാരനോട് മാന്യനും കുലീനനുമായ ഒരാളെ വഞ്ചിക്കണമെന്ന് പറയാന്‍?”

“ശരി, നിങ്ങള്‍ വാക്ക് പാലിച്ചോളൂ. അയാളെ പട്ടണത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി പ്രധാന കവലയില്‍ വിട്ടേച്ചാല്‍ മതി, ഞങ്ങളെടുത്തോളാം.”

“എനിക്കിഷ്ടമുള്ളേടത്തേക്ക് ഞാനിദ്ദേഹത്തെ കൊണ്ടു പോകും; എനിക്കിഷ്ടമുള്ളേടത്ത് ഇറക്കി വിടുകയും ചെയ്യും”

*******
ഈ സംഭവത്തിലെ രണ്ടു സിഖുകാരിലൊരാള്‍, ആ നാളുകളില്‍ നിയമം കയ്യിലെടുത്ത് ഭീകരത സൃഷ്ടിച്ച, രക്തദാഹികളായ അക്രമി സംഘങ്ങളിലൊന്നിന്‍റെ  അജ്ഞാതനായ തലയാള്‍.

മറ്റെയാള്‍ തന്‍റെ രാഷ്ട്രത്തെ സേവിക്കുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരുദ്യോഗസ്ഥന്‍, ക്യപ്റ്റന്‍ ഗുര്‍ധ്യാന്‍ സിംഗ്. 

തര്‍ക്കത്തിലിരിക്കുന്ന വ്യക്തി ജാമിഅ മില്ലിയ ഇസ്ലാമിയയുടെ റെക്ടറും പേരുകേട്ട വിദ്യാഭ്യാസ വിചക്ഷണനുമായ ഡോക്ടര്‍ സാക്കിര്‍ ഹുസൈന്‍.
*******
രോഗിയും പരിക്ഷീണനുമായിരുന്നു ഡോക്ടര്‍ സാഹെബ്. ഡല്‍ഹിയില്‍ നിന്ന് കഷ്മീരിലേക്ക് പുറപ്പെട്ടതാണ്. അതൊരുല്ലാസയാത്രയായിരുന്നില്ല; ആരോഗ്യം വീണ്ടെടുക്കാനായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച യാത്ര. വഴിയില്‍ വെച്ചാണ് പഠാന്‍കോട്ടിലേക്കുള്ള തീവണ്ടി സര്‍വീസ് നിര്‍ത്തി വെച്ച വിവരം അദ്ദേഹത്തിനു ലഭിച്ചത്. അതോടെ യാത്ര ജാലന്ധറില്‍ അവസാനിപ്പിച്ചു. അവിടെ അദ്ദേഹത്തിന് കുറച്ച് സുഹൃത്തുക്കളുണ്ട്. ലുധിയാണയില്‍ വെച്ച് സ്റ്റേഷന്‍ മാസ്റ്റര്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു, “ഫെറോസ്പൂരിലേക്കുള്ള ട്രാക്ക് അടച്ചിരിക്കുകയാണ്. ജാലന്ധറിലേക്ക് പൊയ്ക്കൊള്ളൂ, അവിടെ താങ്കള്‍ക്കാവശ്യമുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.”

ഭാവനാ സമ്പന്നനായ സ്റ്റേഷന്‍ മാസ്ററുടെ 'സംവിധാനം' എന്ന ആലങ്കാരിക പ്രയോഗത്തിന്‍റെ അര്‍ഥം സാക്കിര്‍ സാഹെബിന് മനസ്സിലായത് ജാലന്ധറില്‍ എത്തിയ ശേഷം മാത്രമാണ്. ആ സംവിധാനങ്ങള്‍ ഏറെക്കുറെ പൂര്‍ണവുമായിരുന്നു.

വണ്ടി ജാലന്ധറിലെത്തി. ഒരു കൂലിയെപ്പോലും സ്റേഷനില്‍ കാണാനില്ല. പകരം ഒരു കൂട്ടം കൊലയാളികള്‍, സന്നദ്ധസേവകര്‍ എന്ന വ്യാജേന എല്ലാ മുസ്ലിം യാത്രക്കാര്‍ക്കും തങ്ങളുടെ സേവനം വച്ചുനീട്ടുന്നുണ്ട്. അവരുടെ കൈപിടിക്കുന്നു,  പെട്ടികള്‍ താങ്ങിയെടുക്കുന്നു, കുട്ടികളെ വാരിയെടുക്കുന്നു, മുമ്പോട്ട് വഴി കാണിക്കുന്നു... സാക്കിര്‍ സാഹെബ് ഇതൊന്നുമറിയാതെ അവരെ വിളിച്ചു, പ്രാദേശിക സേവാസമിതിയിലെ അംഗങ്ങളാണവരെന്ന് ധരിച്ചിട്ടാകണം അദ്ദേഹം അവരോടൊപ്പം നടന്നു. പുറത്തേക്കുള്ള കവാടത്തിലെത്തുന്നതിനുമുമ്പ്, കൊലയാളിയുടെ വാളിന്‍റെ ഏതാനും വാര അകലെ വെച്ച്, വിധിയുടെ ഇടപെടലുണ്ടായി; കുന്ദന്‍ലാല്‍ കപൂറിന്‍റെ രൂപത്തില്‍.

കുന്ദന്‍ലാല്‍ കപൂറിന് സാക്കിര്‍ സാഹെബിനെ അറിയാമായിരുന്നു. മരണക്കെണിയിലേക്കുള്ള അദ്ദേഹത്തിന്‍റെ നടത്തം കണ്ടപ്പോള്‍ കുന്ദന്‍ലാലിന്‍റെ കാലിനടിയില്‍ നിന്ന് മൂര്‍ധാവിലേക്കൊരു മിന്നല്‍ പാഞ്ഞു. ആദ്യത്തെ ഞെട്ടലില്‍ നിന്ന് മുക്തനായപ്പോള്‍ അദ്ദേഹം ഉറക്കെ വിളിച്ചു. 

“ഡോക്ടര്‍ സാഹെബ്, താങ്കളോ?... താങ്കളെങ്ങോട്ടു പോകുന്നു. സ്വന്തം ചോദ്യങ്ങള്‍ക്ക് കുന്ദന്‍ലാല്‍  മറുപടിയൊന്നും പ്രതീക്ഷിച്ചിരുന്നല്ലെന്ന് തോന്നുന്നു. അദ്ദേഹം സാക്കിര്‍ സാഹെബിന്‍റെ കരങ്ങള്‍ കവര്‍ന്നെടുത്തു. പിടിച്ചു വലിച്ച് സ്റ്റേഷന്‍ മാസ്റററുടെ മുറിക്കകത്തേക്ക് കൊണ്ടുപോയി. ആഗതനെ സ്റേഷന്‍ മാസ്റ്റര്‍ക്ക് പരിചയപ്പെടുത്തി കുന്ദന്‍ലാല്‍  പുറത്തേക്കോടി. വീണ്ടും ഒരു നിമിഷം...  തടിച്ച് ഉയരം കൂടിയ രണ്ടു സിഖുകാര്‍ കയ്യില്‍ കഠാരയുമായി മുറിയുടെ വിതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട് സാക്കിര്‍ സാഹെബിനോട് പുറത്തു വരാന്‍ ആംഗ്യം കാണിച്ചു. അദ്ദേഹം കുറേക്കൂടി ജീവിക്കണമെന്നാണ് ദൈവ നിശ്ചയം. ഗാലിബിന്‍റെ വരികള്‍ ഓര്‍മയിലോടിയെത്തി, “ബെയ്ഠാ രഹാ അഗര്‍ചെ ഇഷാറാ ഹുവാ കിയെ”. അദ്ദേഹം ഇരുന്നിടത്തു നിന്നിറങ്ങിയില്ല. 

അന്ന് ജനങ്ങള്‍ക്കെല്ലാം ഭ്രാന്ത് പിടിച്ചിരുന്നു. 

കുന്ദന്‍ലാല്‍ കപൂര്‍ ഓടിപ്പോയത് ക്യാപ്റ്റന്‍ ഗുര്‍ധ്യാന്‍ സിങിനെ കൂട്ടിക്കൊണ്ടു വരാനായിരുന്നു. ക്യാപ്റ്റന്‍റെ ചെവിയില്‍ അദ്ദേഹം എന്തോ തിരക്കിട്ടു മന്ത്രിച്ചു. അവരുടെ മുമ്പിലിരിക്കുന്ന വ്യക്തി ജാമിഅ മില്ലിയായുടെ റെക്ടറാണെന്നും വിദ്യാഭ്യാസ വിചക്ഷണനാണെന്നും മഹാത്മാ അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നും ജവാഹര്‍ലാല്‍ അദ്ദേഹത്തെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിനെന്തെങ്കിലും സംഭവിച്ചാല്‍ അത് ക്യാപ്റ്റനെയും ബാധിക്കുമെന്നുമൊക്കെയാകാം. ആര്‍ക്കറിയാം!

മാന്യനും അഭിമാനിയുമായ ക്യാപ്റ്റന്‍, നിരപരാധിയും ബഹുമാന്യനുമായ ‘ബന്ദി’യുടെ ജീവന്‍ രക്ഷിക്കാനായി തന്‍റെ ഉത്തരവാദിത്തം നിര്‍വഹിച്ചു. മരണത്തിന്‍റെ പിളര്‍ന്ന വായ്മുഖത്തുനിന്ന് സാക്കിര്‍ സാഹെബിനെ പിടിച്ച് പുറത്തേക്കു കൊണ്ടുവന്ന് അദ്ദേഹത്തിന് അകമ്പടി സേവിച്ചു. സാക്കിര്‍ സാഹിബിനെയിരുത്തി സ്വയം വാഹനമോടിച്ച് ജാലന്ധറിലെ സബോഡിനേറ്റ് ജഡ്ജായിരുന്ന രഘുബീര്‍ സിംഗ് ബേദിയുടെ വീട്ടിലെത്തി. ഏതാനും സൈനികരെ കാവല്‍ നിര്‍ത്തി അദ്ദേഹം സ്റ്റേഷനിലേക്ക് മടങ്ങി. 

ബേദി സാഹെബ് സാക്കിര്‍ സാഹെബിന്‍റെയൊരു പഴയ സ്നേഹിതനായിരുന്നു. കാറിന്‍റെ ശബ്ദം കേട്ട് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ബേദി തന്‍റെ ബഹുമാന്യനായ അതിഥിയെ നെഞ്ചോടു ചേര്‍ത്തു. ഇരുവരും നേര്‍ക്കുനേര്‍ നോക്കി. പറയാനുള്ളതെല്ലാം നിമിഷനേരത്തെ നോട്ടത്തിലൂടെ കൈമാറി.

ബേദിയും പത്നിയും പൌരസ്ത്യ ആദിഥ്യമര്യാദയോടെ സാക്കിര്‍ സാഹെബിനെ പരിചരിക്കുന്നതില്‍ മത്സരിച്ചു. കഥ കേട്ട് അവര്‍ സ്തബ്ധരായി. തങ്ങളുടെ ആളുകളുടെ അന്തസ്സുകെട്ട പ്രവര്‍ത്തിയോര്‍ത്ത് അവര്‍ ലജ്ജിച്ചു. അന്നേരം പുറത്ത് ജാലന്ധറിലെ ഒഴിഞ്ഞ മുസ്ലിം വീടുകളുടെ അവസാനത്തെ അവശേഷവും തീനാളങ്ങള്‍ നക്കിത്തുടക്കുകയായിരുന്നു. 

അന്ന് ജനങ്ങള്‍ക്കെല്ലാം ഭ്രാന്ത് പിടിച്ചിരുന്നു. 

അവരുടെ അതിഥിയും  ലജ്ജിച്ചു തലതാഴ്ത്തി. തന്‍റെ മതാനുയായികള്‍ അവര്‍ക്ക് സ്വാധീനമുള്ള ഭാഗങ്ങളില്‍ കാട്ടിക്കൂട്ടിയ ക്രൂരതകള്‍ ഒട്ടും കുറവായിരുന്നില്ല. ലാഹോറിലെ ഡി.വൈ.എസ്.പി യുടെ സഹോദരന്‍ കൊല്ലപ്പെട്ടത് മൃഗീയമായാണ്. വീട് കൊള്ളയടിക്കപ്പെട്ടു. പിന്നെയത് ഇടിച്ചു നിരത്തി. ഇറങ്ങിയോടിയ ഡി.വൈ.എസ്.പി യെ പിന്തുടര്‍ന്ന് നഗ്നനാക്കി അതിര്‍ത്തി കടത്തി വിട്ടു. 

അടുത്ത ദിവസം പ്രഭാതത്തില്‍, ഡല്‍ഹിയിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്ന് സാക്കിര്‍ സാഹെബ് ബേദി ദമ്പതികളോടഭ്യര്‍ഥിച്ചു. ബേദി സാഹെബ് പട്ടാളക്കാരുടെ അകമ്പടിയോടെ സ്വന്തം കാറില്‍ അദ്ദേഹത്തെ ജാലന്ധര്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിച്ചു. ഡല്‍ഹിയിലേക്കുള്ള വണ്ടിയില്‍ കയറ്റിയിരുത്തി. 

സാക്കിര്‍ സാഹെബ് സീറ്റില്‍ ഇരുന്നതേയുള്ളൂ ഒരു ചെറുപ്പക്കാരന്‍ വന്ന്  അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. “ഞാന്‍ അങ്ങയുടെ ശിഷ്യനാണ്. അങ്ങന്നെ പഠിപ്പിച്ചിട്ടുണ്ട്, ഇപ്പോള്‍ ഒരഭയാര്‍ഥി. എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് വരുന്നു. പരീക്ഷകളില്‍ വിജയിച്ചത് സാക്ഷ്യപ്പെടുത്തുന്ന കുറേ കടലാസുകളല്ലാതെ എന്‍റെ കയ്യിലൊന്നുമില്ല. എന്‍റെയീ രണ്ടു കൂട്ടുകാര്‍ അങ്ങേക്കൊപ്പം ഈ കംപാര്‍ട്മെന്‍റ്ലുണ്ടാകും, ഒന്നിനും പുറത്തിറങ്ങരുത്. എന്തു വേണമെന്ന് ഇവരോട് പറഞ്ഞാല്‍ മതി. അവര്‍ അങ്ങയുടെ ആവശ്യം നിവര്‍ത്തിച്ചു തരും.” 

മടക്കയാത്രക്കിടയിലെ ഭീകര ദൃശ്യങ്ങള്‍ക്കിടയില്‍ സാക്കിര്‍ സാഹെബ് മൂകനായിരുന്ന് പ്രാര്‍ഥിച്ചു; നിസ്സഹായന്‍റെ അവസാനത്തെ അത്താണി. വണ്ടി സ്റ്റേഷനുകളില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് ഇരമ്പിയൊഴുകി. ജാലന്ധര്‍ കന്റോണ്‍മെന്‍റ്  ജാലന്ധര്‍ സിറ്റി, ലുധിയാണ… എല്ലാം സ്റേഷനുകള്‍ എന്നതിനേക്കാള്‍ അഭയാര്‍ഥി ക്യാമ്പുകളായിരുന്നു. 

പ്ളാറ്റ്ഫോം നിറയെ കിനാവുകള്‍ കരിഞ്ഞ, പ്രതീക്ഷകള്‍ കൊഴുഞ്ഞ മനുഷ്യ രൂപങ്ങള്‍. അതിരുകളില്ലാത്ത നരച്ച ആകാശപ്പരപ്പില്‍ കണ്ണുംനട്ട് അവരിരുന്നു. അതിര്‍ത്തിക്കപ്പുറത്തുനിന്ന് പലായനം ചെയ്തെത്തിയ നിരാശാഗ്രസ്തരായ ജനക്കൂട്ടങ്ങള്‍. 

ചിലര്‍ തങ്ങളുടെ നഷ്ടപ്പെട്ട മാതാപിതാക്കളെ വിളിച്ച് വാവിട്ട് കരയുന്നു. മറ്റു ചിലര്‍, വഴിയില്‍ വെച്ച് കൊല്ലപ്പെടുകയോ തട്ടിയെടുക്കപ്പെടുകയോ ചെയ്ത സഹോദരനെയോ സഹോദരിയെയോ ഓര്‍ത്ത് നിലവിളിക്കുന്നു. ഇനിയും ചിലര്‍ കാണാതായ തങ്ങളുടെ കുട്ടികളെയോര്‍ത്ത് വിതുമ്പിക്കരയുന്നു. 

അന്ന് ജനങ്ങള്‍ക്കെല്ലാം ഭ്രാന്ത് പിടിച്ചിരുന്നു. 

മനുഷ്യ രൂപത്തില്‍ കണ്ടവരെല്ലാം അന്ന് മനുഷ്യരായിരുന്നില്ല. മിക്കവരും തങ്ങളുടെ ഉള്ളിലെ മൃഗങ്ങളെ കയറൂരി വിട്ടു. 

ഹൃദയത്തിലെ കാരുണ്യത്തിന്‍റെ നനവുകള്‍ക്ക് കാവലേര്‍പ്പെടുത്തിയ മഹാവ്യക്തിത്വങ്ങള്‍ വാഴ്ത്തപ്പെട്ടവര്‍.,. അവര്‍ മാത്രമാണ് മനുഷ്യത്വത്തിന്‍റെ വജ്രശോഭ വിതറി പാപത്തിന്റെ കൂരിരുളിന് പ്രഹരമേല്‍പ്പിച്ചവര്‍. മനുഷ്യത്വം മരവിക്കാത്ത മനസ്സുമായി  ചരിത്രത്താളുകളെ ദീപ്തമാക്കിയ കുന്ദലാല്‍ കപൂറിന്‍റെ, ഗുര്‍ധ്യാന്‍ സിങിന്‍റെ, രഘുബീര്‍ സിങ് ബേദിയുടെ, പേരറിയാത്ത ഹിന്ദു വിദ്യാര്‍ഥിയുടെ…എല്ലാം കനിവിന്‍റെ തീരാക്കടങ്ങള്‍ക്കു മുമ്പില്‍ ഒരു നിമിഷത്തെ മൌനം. 

ഉത്തരേന്ത്യയെ പിടിച്ചുകുലുക്കിയ 1947 ലെ വര്‍ഗീയ ലഹളയുടെ ഒരിരയാകുമായിരുന്ന തന്‍റെ കഥ സാക്കിര്‍ സാഹെബ് തന്നെയാണ് സുപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവ് മൌലാനാ അബ്ദുല്‍ മാജിദ് ദര്‍യാബാദിയോട് പറഞ്ഞത്.
*******
1962 ഡിസംബറില്‍ എല്ലുകളെ തുളച്ചുകയറുന്ന തണുപ്പില്‍ ഡല്‍ഹി റെയ്ല്‍ വേ സ്റ്റേഷനില്‍ വണ്ടി പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്ന മൌലാനാ ദര്‍യാബാദി അന്നത്തെ പത്രം വാങ്ങി. ഒന്നാം പേജിലെ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി. അടുത്ത നിമിഷം അദ്ദേഹത്തിന്‍റെ ചുണ്ടുകള്‍ അറിയാതെ വിരിഞ്ഞു. വളരെ പ്രധാനപ്പെട്ട ഒരു സിഖ് മത സമ്മേളനത്തിന്‍റെ ഉദ്ഘാടന വേളയിലെടുത്ത ചിത്രമായിരുന്നു അത്. 

ഇന്ത്യന്‍ യൂനിയന്‍റെ വൈസ് പ്രസിഡന്റ് ഡോക്ടര്‍ സാക്കിര്‍ ഹുസൈനെക്കൂടാതെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നേഹ്റുവിനെയും പ്രമുഖരായ സിഖ് മത നേതാക്കളെയും ചിത്രത്തില്‍ കാണാമായിരുന്നു. 

20 comments:

 1. വളരെ നല്ല ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയി ഇത്.. ഈ അടുത്ത കാലത്ത് പത്താന്‍ കോട്ട് സന്ദര്‍ശിച്ചിരുന്നു.. രണ്ടു സുഹൃത്തുക്കള്‍ അവിടെ എയര്‍ ഫോര്സില്‍ ജോലി ചെയ്യുന്നു. അവിടെ വച്ച് ഒരുപാട് ചരിത്ര പരമായ വസ്തുതകള്‍ മനസിലാക്കാന്‍ ഉള്ള അവസരവും കിട്ടി..

  ReplyDelete
 2. താന്‍ ലഹളയില്‍ പെട്ട വിവരം അറിയിച്ചു കൊണ്ട് സക്കീര്‍ ഹുസൈന്‍ സാഹിബ് മൌലാനാ ദര്യാബാടിക്ക് എഴുതിയ കത്ത് ഇപ്പോഴും അലിഗര്‍ സര്‍വകലാശാലയിലെ ആസാദ്‌ ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു...ഗംഭീരന്‍ പോസ്റ്റ് മാഷേ....നിങ്ങള്‍ അവിടെ എന്തെടുക്കുന്നു...?അധ്യാപനതിലേക്ക് മടങ്ങാനായില്ലേ...? കുട്ടികള്‍ പട്ടിണിയിലാണ്....

  ReplyDelete
 3. നല്ല പോസ്റ്റ്‌; നന്ദി.

  ReplyDelete
 4. നമ്മളുടെ രാജ്യം കടന്നുവന്ന വഴികളില്‍ വര്‍ഗീയ ലഹളയുടെ ഒരു ഭാഗം ഉണ്ടായിരുന്നു. പുതിയ തലമുറയുടെ അറിവിലേക്ക് അതെല്ലാം കൊണ്ടു വരണം. ഇനി ആ വിധത്തില്‍ ഒന്നും 
  സംഭവിക്കാതിരിക്കാന്‍ ഇത്തരം ലേഖനങ്ങള്‍ ഉപകരിക്കും 

  ReplyDelete
 5. അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ആയി ഈ പോസ്റ്റ്‌..കത്തും കൊന്നും മതിയായിട്ടില്ല ഇപ്പോഴും...പുക ഇപ്പോഴും അവശേഷിക്കുന്നു...ചിലപ്പോള്‍ മുനിഞ്ഞു കത്തും...നല്ല പോസ്റ്റ്‌ ..ഇഷ്ടമായി..

  ReplyDelete
 6. രാജ്യത്തെ ഭിന്നിപ്പിച്ചവർ, അതിന് വേണ്ടി കളിച്ചവർ, മനുഷ്യ മനസ്സുകളെയും ഭിന്നിപ്പിച്ചിരുന്നു...

  ReplyDelete
 7. എല്ലാം ചരിത്രം. നല്ല പോസ്റ്റ്‌. നന്ദി.

  ReplyDelete
 8. കൊള്ളാം എന്ന് പറയാന്‍ പോലും തോന്നുന്ന്നില്ല ,അത്ര ഭീകരം ആയിരുന്നു സംഭവങ്ങള്‍ ,സക്കീര്‍ സാഹിബിനെ പോലുള്ളവര്‍ അനുഭവിച്ചതിന്റെ എത്രയോ ഇരട്ടിയായിരുന്നു സാധാരണ ജനങ്ങള്‍ അനുഭവിച്ചത് ..ഇനിയതരം ഭ്രാന്ത് ഒരു ജനതക്കും വരാതിരിക്കട്ടെ ..

  ReplyDelete
 9. ഭീകരം. നടന്നു വന്ന വഴികളില്‍ മണക്കുന്ന ചോരയുടെ ശേഷിപ്പുകള്‍ തലമുറകള്‍ക്കൊരു പാടമാകട്ടെ. വളരെ നല്ല പോസ്റ്റ്‌..

  ReplyDelete
 10. അന്ന് ജനങ്ങള്‍ക്കെല്ലാം ഭ്രാന്ത് പിടിച്ചിരുന്നു...ഇന്നുമത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഒരവസരം കിട്ടിയാല്‍ പൊട്ടിപ്പുറപ്പെടാന്‍ തക്കവണ്ണം.

  “മനുഷ്യ രൂപത്തില്‍ കണ്ടവരെല്ലാം അന്ന് മനുഷ്യരായിരുന്നില്ല. മിക്കവരും തങ്ങളുടെ ഉള്ളിലെ മൃഗങ്ങളെ കയറൂരി വിട്ടു.” ഇത് ശക്തമായ പ്രസ്താവനയാണെങ്കിലും ഞാന്‍ യോജിക്കുന്നില്ല. കാരണം മൃഗങ്ങള്‍ ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യുന്നില്ലല്ലോ. അവ തികച്ചും ജൈവപരമായി മാത്രം ആക്രമിക്കയും കൊലപ്പെടുത്തുകയും ചെയ്യുന്നു.

  “തങ്ങളുടെ ഉള്ളിലെ ചെകുത്താനെ കയറൂരിവിട്ടു” എന്നതാണ് ശരി

  ReplyDelete
 11. വളരെ നന്നായി....

  ReplyDelete
 12. innu njn i blog visit cheythiruunu. puthiyathonnum kandumilla. ith link koduthath nannayi. you r right. annu janangalkellam bhraanth pidichirunnu.

  ReplyDelete
 13. വിഭജനം അനിവാര്യമായിരുന്ന സംഗതിയായിരുന്നുവെന്നാണ് ഉള്ള അറിവ് കൊണ്ട് എനിക്കു തോന്നുന്നത് .

  ഇന്ത്യാ വിഭജനം വലിയ ദുഖകരമായ സംഗതിയാകുന്നതു ശരിയായ ആസൂത്രണമോ നിലപാടോ രൂപീകരിക്കാതെ പെട്ടെന്നു നടത്തിയ വൈകാരിക വിക്ഷോഭത്തിന്റെ ഫലമായുണ്ടായ പലായനങ്ങളും കൂട്ടക്കൊലകളും കൊണ്ട് മാത്രമാണ് , വിഭജനം അനിവാര്യമായ ഒരു സംഗതി തന്നെയായിരുന്നു അല്ലെന്നൊക്കെ കരുതുന്നത് മൌഡ്യമാണ് - പരസ്പരം വെട്ടിക്കീറാനും കൊന്നു കൊല വിളിക്കാനു തുനിഞ്ഞിറങ്ങിയ ഒരു ജനതയെ ഒരേ രാജ്യത്തിനു കീഴില്‍ അണി നിരത്താമെന്നതു കാല്പനികതയാണ് ഒരുമിച്ചു കഴിയാന്‍ പറ്റാത്ത വിധം വെറുപ്പും വിദ്വേഷവും വെച്ചു പുലര്‍ത്തിയിരുന്ന രണ്ടു ജനതയെ ആസൂത്രിതമായ രീതിയില്‍ രണ്ട് രാജ്യങ്ങളാക്കുകയായിരുന്നു വേണ്ടത് .അമിത വൈകാരികതക്കപ്പുറം യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാണ് അത്തരം നിര്‍ണ്ണായക ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടത് . പാക്കിസ്ഥാന്‍ രൂപീകരണം സംഭവിച്ചില്ലായിരുന്നെങ്കില്‍ പ്രാദേശിക അടിസ്ഥാനത്തില്‍ നിരവധി നാട്ടു രാജ്യങ്ങള്‍ ചേര്‍ന്ന പഴയ ആ “ഭാരതം “ തന്നെയായി തീരുമായിരുന്നു - കാരണം നൈസാമിന്റെ ഹൈദരാബാദും , തമിഴ് ദേശീയതയും , തെലുങ്കാനയും , സര്‍ സി പി യുടെ തിരുവിതാം കൂറും കാശ്മീരും പിന്നെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും എല്ലാം സ്വതന്ത്രമായ ഒരു ഭരണാവകാശത്തിനു ആഗ്രഹിച്ചിരുന്നു - അതിനു പിന്തുണ കൊടുക്കാന്‍ പാക്കിസ്ഥാന്‍ വിഘടന വാദത്തിന്റെ വക്താക്കള്‍ ശ്രമിച്ചിരുന്നതുമാണ് . വിഭജനം ഒരു അനിവാര്യതയായിരുന്നു - അതിനു കാരണം ഏതെങ്കിലും ഒരു നേതാവല്ല രണ്ടു മതങ്ങളായിരുന്നു , അതില്‍ മൌലികമായി വിശ്വസിച്ചിരുന്ന രണ്ട ജനതയായിരുന്നു - ജനങ്ങളെല്ലാം സര്‍വ്വമത സാഹോദര്യത്തില്‍ വിശ്വസിക്കുന്ന നിരപരാധികളും നേതാക്കള്‍ മാത്രം വില്ലന്മാരുമാകുന്നതൊന്നും യുക്തിക്കു യോജിച്ചതല്ല .

  മതപരമായ മൌലികത ദേശീയതയെ എപ്പോഴും അപകടകരമായ സ്ഥിതി വിശേഷത്തിലെത്തിക്കുന്നു .ഇന്‍ഡ്യയില്‍ ഇപ്പോള്‍ ദേശീയതയുടെ വലിയ വക്താക്കളായ ഹിന്ദു മത മൌലികതയാണ് ഇപ്പോഴത്തെ ദേശീയ ബോധത്തിന്റെ ഏറ്റവും വലിയ അപകടമെന്നത് ഉദാഹരണമായി പറയാം .

  വിഭജന കാലത്തു ഓരോ മതപരമായ ഓരോ ചേരിയിലും എതിര്‍ ചേരിക്കാരെ വംശഹത്യ ചെയ്യാനായി നുണക്കഥകളുണ്ടാക്കിയിരുന്നു .അതിലൊന്നാണ് എതിര്‍ മതത്തിലെ സ്ത്രീകളുടെ ലൈംഗിക സവിശേഷത .മുസ്ലീം കൂടാരങ്ങളില്‍ ഹിന്ദു പെണ്ണിന്റെ ലൈംഗികതയെപറ്റിയും ഹിന്ദു കൂടാരത്തില്‍ മുസ്ലീം പെണ്ണിന്റെയും പറഞ്ഞു പ്രലോഭിപ്പിച്ചാണ് ബലാത്സംഗത്തിനും ക്രൂരമായ പീഡനങ്ങള്‍ക്കും കാരണമായതെന്ന് എവിടെയോ കേട്ടിട്ടുണ്ട് . ഈ മതവെറികള്‍ക്കിടയിലും ഇങ്ങനെ ചില കഥകളുണ്ടായിരുന്നു എന്നറിയുന്നത് ആശ്വാസമാണ് .ദൈവത്തിന്റെ അല്ല ,മനുഷ്യന്റെ മഹത്വത്തിന്റെ കഥകള്‍ .

  ReplyDelete
  Replies
  1. തീര്‍ച്ചയായും വിഷ്ണൂ. വിഭജനം അനിവാര്യമായിരുന്നു. അന്ന് നടന്നില്ലെങ്കിലും അത് പിന്നീട് നടക്കുമായിരുന്നു. പാക്കിസ്താന്‍ രൂപീകരണം സംഭവിച്ചില്ലായിരുന്നെങ്കില്‍ പ്രാദേശിക അടിസ്ഥാനത്തില്‍ നിരവധി നാട്ടു രാജ്യങ്ങള്‍ ചേര്‍ന്ന പഴയ ആ “ഭാരതം “ തന്നെയായിത്തീരുമായിരുന്നു, എന്നതും ശരി. പക്ഷെ അതില്‍ ഫെഡറലിസം എന്ന ഒരു പോസിറ്റീവ് വശം ഉണ്ടാകുമായിരുന്നു. സംസ്ഥാനങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിക്കാനായി ഒരു ഭീകരന്‍ 'കേന്ദ്രം' എന്ന ഇപ്പോഴത്തെ അവസ്ഥയും അത് വഴി വന്ന ഊതിവീര്‍പ്പിച്ച, ഭ്രാന്തിനോളം വന്നെത്തി നില്‍ക്കുന്ന ദേശഭക്തിയോ ഇത് പോലെ കാണുമായിരുന്നില്ല എന്ന് തോന്നുന്നു..
   തീര്‍ച്ചയായും അക്കാലത്തെ കൂട്ടക്കൊലകള്‍ തന്നെയാണ് എന്നെ അതിനെതിരെ നിലയുറപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. മണ്ടോയുടെ ഒരു കഥ പരിഭാഷപ്പെടുതിയപ്പോള്‍ അതിന്‍റെ മുഖവുരയില്‍ ഇക്കാര്യം ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്.
   "വിഭജനത്തിനെ ന്യായീകരിക്കുന്നതും അതിന്‍റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലം വിശദീകരിക്കുന്നതുമായ വിഭജന വിദഗ്ധരു(Partition experts)ടെ ഒട്ടേറെ കൃതികള്‍ വിദ്യാര്‍ഥിയായിരുന്ന കാലം തൊട്ട് വായിച്ചിട്ടുണ്ട്. ഹെക്ടര്‍ ബോളിതോ, ആയിഷാ ജലാല്‍, സ്റേന്‍ലി വൂള്‍പേര്‍ട്, എച്ച്. എം സീര്‍വായ്, കെ.കെ. അസീസ്… വിഭജനത്തെ ന്യായീകരിക്കുന്ന കൃതികളോ മുഹമ്മദലി ജിന്നയുടെ ജീവചരിത്ര ഗ്രന്ഥങ്ങളോ ആണവ. ഓരോ തവണയും വിഭജനത്തിന്‍റെ സാമൂഹ്യ സാഹചര്യം എന്നൊക്കെ പറഞ്ഞുള്ള ന്യായീകരണങ്ങള്‍ തലയില്‍ വന്ന് കൂടുകൂട്ടാനാരംഭിച്ചപ്പോള്‍ മറുമരുന്നായി വിഭജന പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു കഥ, ഒരു നോവല്‍ വായിക്കും, സാദത്ത് ഹസന്‍ മന്‍ടോ, രാജിന്ദര്‍ സിങ് ബേദി, ഭീഷം സാഹ്നി, ഗുല്‍സാര്‍, ഖദീജാ മസ്തൂര്‍, ജോഗിന്ദര്‍ പാല്‍ , മോഹന്‍ രാകേഷ്, ഇന്‍തിസാര്‍ ഹുസെയ്ന്‍… അങ്ങനെയങ്ങനെ. അതോടെ വിഭജനത്തിന്‍റെ മാനവ വിരുദ്ധതയും ക്രൌര്യങ്ങളും വിഹ്വലതകളും അതിനനുകൂലമായി അവതരിപ്പിക്കപ്പെടുന്ന യുക്തികളെയും തഥാകഥിത സാമൂഹ്യ പശ്ചാത്തലങ്ങളെയും കവിഞ്ഞു നില്‍ക്കുകയായി. വീണ്ടും വിഭജന വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ച നിലയിലായിരിക്കും പിന്നെ ഞാനെന്നെ കാണുക." http://zainocular.blogspot.com/2011/08/blog-post.html ടൊബാടേക് സിംഗ് അത്തരം ഒരു കഥയായിരുന്നു.
   ഇപ്പോള്‍ ഞാന്‍ ഒരു പുസ്തകം വായിക്കുന്നുണ്ട്. അമീത്‌ മജ്‌മൂദാര്‍ എഴുതിയ Partitions എന്ന നോവല്‍., ഇത് വരെ വിഭജന സംബധിയായ എഴുത്തുകള്‍ കാര്യമായി തൊട്ടിട്ടില്ലാത്ത, വിഭജനം ദലിത്‌ ജീവിതങ്ങളെ എങ്ങനെ ബാധിച്ചു എന്ന് പരിശോധിക്കുന്നു. തലച്ചോറും ഹൃദയവും രണ്ടു ചേരിയില്‍ നിന്ന് പിടിവലി കൂടുന്ന അവസ്ഥ. വായനക്ക് നന്ദി.

   Delete
  2. ഈ അറിവിനും നന്ദി ട്ടോ ഇക്കാ.

   Delete
 14. നല്ലൊരു എഴുത്ത്, നല്ല അറിവും, ഓർമ്മപ്പെടുത്തലും

  ReplyDelete
 15. വിഭജനത്തിന്റെയും മതഭീകരതയുടേയും കാലത്തും മാനവികതയുടെ കൈത്തിരി കെടാതെ സൂക്ഷിച്ചവർ......
  അവർ ഒരുപാടു പേരുണ്ടായിരുന്നു.....

  വായിച്ചറിഞ്ഞ വിഭജനകാല കഥകളിലൊന്നും ഇല്ലാതിരുന്ന ഈ അദ്ധ്യായം വായിക്കാൻ അവസരം തന്നതിന് നന്ദി.

  ReplyDelete
 16. വിഭജനത്തിന്റെ ആരും കാണാതെ പോയ മുഖങ്ങള്‍ .അന്നും ഇന്നും ജനങ്ങള്‍ ഭ്രാന്ത് പിടിക്കാന്‍ വിധിക്കപ്പെട്ടവര്‍ ആണ്.നല്ല പോസ്റ്റ്‌ ആരിഫ്‌ക്കാ.പുതിയ പുതിയ അറിവുകലാണ് എന്നും ഇവിടെ വരുമ്പോള്‍ കിട്ടുന്നത് .

  ReplyDelete
 17. '“ഡോക്ടര്‍ സാഹെബ്, താങ്കളോ?... താങ്കളെങ്ങോട്ടു പോകുന്നു. സ്വന്തം ചോദ്യങ്ങള്‍ക്ക് കുന്ദന്‍ലാല്‍ മറുപടിയൊന്നും പ്രതീക്ഷിച്ചിരുന്നല്ലെന്ന് തോന്നുന്നു. അദ്ദേഹം സാക്കിര്‍ സാഹെബിന്‍റെ കരങ്ങള്‍ കവര്‍ന്നെടുത്തു. പിടിച്ചു വലിച്ച് സ്റ്റേഷന്‍ മാസ്റററുടെ മുറിക്കകത്തേക്ക് കൊണ്ടുപോയി. ആഗതനെ സ്റേഷന്‍ മാസ്റ്റര്‍ക്ക് പരിചയപ്പെടുത്തി കുന്ദന്‍ലാല്‍ പുറത്തേക്കോടി. വീണ്ടും ഒരു നിമിഷം... തടിച്ച് ഉയരം കൂടിയ രണ്ടു സിഖുകാര്‍ കയ്യില്‍ കഠാരയുമായി മുറിയുടെ വിതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട് സാക്കിര്‍ സാഹെബിനോട് പുറത്തു വരാന്‍ ആംഗ്യം കാണിച്ചു. അദ്ദേഹം കുറേക്കൂടി ജീവിക്കണമെന്നാണ് ദൈവ നിശ്ചയം. ഗാലിബിന്‍റെ വരികള്‍ ഓര്‍മയിലോടിയെത്തി, “ബെയ്ഠാ രഹാ അഗര്‍ചെ ഇഷാറാ ഹുവാ കിയെ”. അദ്ദേഹം ഇരുന്നിടത്തു നിന്നിറങ്ങിയില്ല. '

  ഈ വാക്കുകളിൽ കൂടി, ആ കാലത്ത് നില നിന്നിരുന്ന ആ ക്രൂരമായ സാമുദായികാന്തരീക്ഷം വരച്ചു കാട്ടാൻ ഇക്കായ്ക്ക് കഴിഞ്ഞിരിക്കുന്നു. അത്രയ്ക്കും തീവ്രമായ ഭീതിതമായ ഒരു സ്ഥിതി തരണം തരണം ചെയ്യാൻ പ്രഗൽഭനായ അദ്ദേഹത്തിനിത്രയ്ക്കും കഷ്ടപ്പെടേണ്ടി വന്നെങ്കിൽ സാധാരണ ജനങ്ങളുടെ ആ കാലത്തെ സ്ഥിതി ഊഹിക്കാൻ പോലും കഴിയുന്നില്ല ആരിഫിക്കാ.

  '1962 ഡിസംബറില്‍ എല്ലുകളെ തുളച്ചുകയറുന്ന തണുപ്പില്‍ ഡല്‍ഹി റെയ്ല്‍ വേ സ്റ്റേഷനില്‍ വണ്ടി പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്ന മൌലാനാ ദര്‍യാബാദി അന്നത്തെ പത്രം വാങ്ങി. ഒന്നാം പേജിലെ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി. അടുത്ത നിമിഷം അദ്ദേഹത്തിന്‍റെ ചുണ്ടുകള്‍ അറിയാതെ വിരിഞ്ഞു. വളരെ പ്രധാനപ്പെട്ട ഒരു സിഖ് മത സമ്മേളനത്തിന്‍റെ ഉദ്ഘാടന വേളയിലെടുത്ത ചിത്രമായിരുന്നു അത്.

  ഇന്ത്യന്‍ യൂനിയന്‍റെ വൈസ് പ്രസിഡന്റ് ഡോക്ടര്‍ സാക്കിര്‍ ഹുസൈനെക്കൂടാതെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നേഹ്റുവിനെയും പ്രമുഖരായ സിഖ് മത നേതാക്കളെയും ചിത്രത്തില്‍ കാണാമായിരുന്നു.'


  അദ്ദേഹത്തിന്റെ ചുണ്ടുകൾ അറിയാതെ വിരിയും,വിരിയണമല്ലോ ?!, അതായിരുന്നല്ലോ ആ കാലത്തെ ഒരവസ്ഥ.!

  ആശംസകൾ.

  ReplyDelete