പേജുകള്‍‌

Showing posts with label സര്‍ സയ്യിദ്‌. Show all posts
Showing posts with label സര്‍ സയ്യിദ്‌. Show all posts

16 October, 2011

അലീഗഢ്; എന്‍റെ അല്‍മാമാറ്റര്‍



ഒക്ടോബര്‍ പതിനേഴ് സര്‍സയ്യദ് ഡേ. ഇരുന്നൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരൊക്ടോബര്‍ പതിനേഴിനാണ് അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയുടെ സ്ഥാപകന്‍ സര്‍ സയ്യദ് അഹ്മദ്‌ ഖാന്‍ ജനിക്കുന്നത്. അന്നേദിനം യൂനിവേഴ്സിറ്റി ക്യാംപസ് അതിന്‍റെ ചമയങ്ങള്‍ വാരിപ്പൂശി നവോഢയെപ്പോലെ അണിഞ്ഞൊരുങ്ങും, തോരണങ്ങള്‍ തൂങ്ങും, വിദ്യര്‍ഥികളും അദ്ധ്യാപകരും ഒരൊറ്റ മൈതാനിയിലില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. പഴയ ഒരു വിദ്യാര്‍ഥിയുടെ ഗൃഹാതുരമായ ഓര്‍മകളുടെ കുടഞ്ഞൊഴിവാക്കാനാകാത്ത മാറാപ്പുകള്‍ക്ക് ചുവട്ടിലിരുന്ന്‍ കുറിച്ചതാണിത്. ഒന്നുകില്‍ വായിക്കുക, അല്ലെങ്കില്‍ വായിക്കാതിരിക്കുക. നിങ്ങളുടെ മുമ്പില്‍ വേറെ ചോയ്സില്ല; ചുരുക്കത്തില്‍, വായിച്ചാല്‍ വളയും വായിച്ചില്ലെങ്കില്‍ വലയും. 



യേ മേരാ ചമന്‍ ഹെ മേരാ ചമന്‍;
മേ അപ്നേ ചമന്‍ കാ ബുല്‍ബുല്‍ ഹും
സര്‍ഷാറെ നിഗാഹെ നര്‍ഗിസ് ഹും
പാബസ്തയെ ഗേസുവേ സുമ്പുല്‍ ഹും
(ഇതെന്‍റെ പൂവാടി, ഞാനതിലെ പൂങ്കുയിലും. ദൃഷ്ടി നിറക്കും സുന്ദര കുസുമം ഞാന്‍. ചികുരമലങ്കരിക്കും സുന്ദര ദളം ഞാന്‍)

തറാനയെ അലീഗഢ് (അലീഗഢ്ഗീതം) ആരംഭിക്കുകയാണ്. ആലാപനത്തിന്‍റെ തുടക്കത്തില്‍തന്നെ നിങ്ങളുടെ മനസ്സും കരളും മജാസ് ലഖ്നവിയുടെ വരികള്‍ പിടിച്ചെടുക്കുകയായി. ഹൃദയം തുടികൊട്ടി കാത്തു നില്‍ക്കുന്നു. രോമകൂപങ്ങളോരോന്നും പൊക്കിള്‍ വിരിയിക്കാന്‍ പാകത്തില്‍ തയ്യാറെടുത്തു കഴിഞ്ഞു. പ്രകാശം പരത്തി, ഒന്നേക്കാല്‍ നൂറ്റാണ്ട് പിന്നിട്ട അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി എന്ന വിജ്ഞാന നഗരിയിലെ ഓരോ വഴിയിലും ചരിത്രം മയങ്ങുന്നുണ്ട്. ബ്രിട്ടീഷ് വിരുദ്ധ നിലപാടുപേക്ഷിച്ച് സൌഹൃദ പാത തേടിയ ഉപഭൂഖണ്ഡത്തിലെ മുസ്ലിം രാഷ്ട്രീയത്തിന്‍റെ ആരംഭം ഇവിടെയായിരുന്നു. സ്വാതന്ത്യ്രത്തിന് ശേഷം ദേശീയ മുസ്ലിംകളുടെ വിഹാര കേന്ദ്രമായി. മാര്‍ക്സിസ്റ്റ്‌ ചരിത്രകാരന്മാരുടെ ആസ്ഥാനമായി. മാര്‍ക്സിസ്റ്റ്‌ വിരുദ്ധ സമരങ്ങളുടെ രണഭൂമിയായി. ജനതാ പാര്‍ട്ടി/ദള്‍ പരീക്ഷണങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി. ഇന്ത്യന്‍ മുസ്ലിംകളുടെ ബൌദ്ധിക കേന്ദ്രമായി. തറാന പതുക്കെ മുന്നേറുകയാണ്: 

ജോ താഖെ ഹറം മെ റോഷന്‍ ഹെ
വോ ശമാ യഹാംഭീ ജല്‍ത്തീ ഹെ
ഇസ് ദഷ്ത് കെ ഗോഷേ ഗോഷേ സെ
ഇക് ജൂവെ ഹയാത്ത് ഉബല്‍ത്തീ ഹെ
(വിശുദ്ധ ഗേഹത്തെ ദീപ്തമാക്കിയ കൈത്തിരി ഇവിടെയുമെരിയുന്നു; ഈ മണ്‍പരപ്പിന്‍ ദിക്കെട്ടിലും ജീവജലം ഉറവയെടുക്കുന്നു) 

ആ കൈത്തിരിയില്‍ നിന്നുതിര്‍ന്നു വീണ പാല്‍വെളിച്ചം പരന്നൊഴുകുന്ന ഈ മണ്‍പരപ്പിലൂടെയും ഊടുവഴികളിലൂടെയും സര്‍സയ്യദ് അഹ്മദ് ഖാന്‍ നടന്നിട്ടുണ്ട്. നെഹ്റുവും കെന്നഡിയും ഇഖ്ബാലും നടന്നു നീങ്ങിയിട്ടുണ്ട്. വിഖാറുല്‍ മുല്‍ക്കും മുഹ്സിനുല്‍ മുല്‍ക്കും ഈ പാതയോരങ്ങളിലെവിടെയോ വെച്ച് മുസ്ലിം ഇന്‍ഡ്യയുടെ ഭാവിയെക്കുറിച്ച ഗൌരവമായ ചര്‍ച്ചകളിലേര്‍പ്പെട്ടിട്ടുണ്ട്. അപ്പുറവമിപ്പുറവും കാണുന്ന നരച്ച കെട്ടിടങ്ങളിലൊന്നിലുരുന്നാണ് സര്‍ തോമസ് ആര്‍നള്‍ഡ് തന്‍റെ പ്രസിദ്ധമായ The Preaching of Islam എഴുതിപ്പൂര്‍ത്തിയാക്കിയത്.  ഇന്‍ഡോ ഇസ്ലാമിക് ശില്‍പ ഭംഗി തുടിച്ചു നില്‍ക്കുന്ന ചുവന്ന ഇഷ്ടികക്കെട്ടിടങ്ങള്‍ക്കുള്ളിലെവിടെയോ വെച്ച് അല്ലാമാ ശിബ്ലി നഅ്മാനിയോടൊപ്പം പ്രഗത്ഭനായ ചരിത്രകാരന്‍ എന്ന്‍ പിന്മുറക്കാര്‍ വിളിച്ച ഈശ്വരി പ്രസാദിന് അദ്ദേഹം ചരിത്ര പാഠങ്ങള്‍ ചൊല്ലിക്കൊടുത്തിട്ടുണ്ട്. എം.എ.ഒ കോളേജി(യൂനിവേഴ്സിറ്റിയുടെ പ്രാഗ്രൂപം)ല്‍ നിന്നിറങ്ങിയ ഒന്നാമത്തെ ബിരുദധാരി എന്ന ബഹുമതിയായിരുന്നു ചരിത്രം പ്രസാദിനു വേണ്ടി കരുതി വച്ചിരുന്നത്. തറാന ഒഴുകുകയാണ്:

ഫിത്റത്ത് നെ സിഖായി ഹെ ഹം കൊ 
ഉഫ്താദ് യഹാം പര്‍വാസ് യഹാം
ഗായെ ഹെ വഫാ കെ ഗീത്ത് യഹാം
ഛേഢാ ഹെ ജുനൂന്‍ കാ സാസ് യഹാം
(പ്രകൃതി ഞങ്ങളെ ചിറകണിയാനും പറക്കാനും പഠിപ്പിച്ചതിവിടം; വിശ്വാസ ഗീതി പാടുന്നതിവിടം, ഉന്മാദ രാഗം തിമര്‍ക്കുന്നതിവിടം)

ഈ കെട്ടിട സമുച്ചയങ്ങളിലെവിടെയെങ്കിലും വെച്ച് ഡോ. സാകിര്‍ ഹുസെയ്നും മുഹമ്മദ് അബ്ദുര്‍റഹ്മാനും, സയ്യിദ് അമീര്‍ അലിയും രാജാ മഹേന്ദ്ര പ്രാതാപും, നവാബ് ലിയാഖത്ത് അലി ഖാനും അതിര്‍ത്തി ഗാന്ധിയും, ശെയ്ഖ് അബ്ദുല്ലയും അലി സഹോദരന്മാരും, ഹര്‍ഷ് നാരായണും റഫീ അഹ്മദ് ഖിദ്വായിയും, മുഹമ്മദ് ഹബീബും മുഷീറുല്‍ ഹസനും, സയ്യിദ് ഹാമിദും സാഹിബ് സിങ് വര്‍മയും ഹാമിദ് അന്‍സാരിയും, നസീറുദ്ദീന്‍ ഷായും വക്കം പുരുഷോത്തമനുമെല്ലാം വ്യത്യസതമായ കാലങ്ങളിലും നേരങ്ങളിലും തങ്ങളുടെ ഗുരുനാഥന്മാരുടെ സാന്നിദ്ധ്യത്തിലും അല്ലാതെയും ചൂടേറിയ ചര്‍ച്ചകളിലും വാഗ്വാദങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ടാകണം. 

ഈ പാതവക്കിലെ പുല്‍ത്തകിടികളിലും തൊട്ടടുത്തു കാണുന്ന സ്ട്രാച്ചി ഹാളിലുമിരുന്നാണ് ഹസ്റത്ത് മൊഹാനിയും മജാസും, കെയ്ഫീ ആസ്മിയും അലി സര്‍ദാര്‍ ജാഫ്രിയും, ജാന്‍ നിസാര്‍ അഖ്തറും മകന്‍ ജാവേദ് അഖ്തറും, നബകാന്ത് ബറുവയും, അനുഭവ് സിന്‍ഹയും, സാഹിര്‍ ലുധിയാണ്‍വിയും ഷകീല്‍ ബദായൂനിയും, കെ.എ അബ്ബാസും മജ്റൂഹ് സുല്‍ത്താന്‍ പുരിയും, ഷാഹിദ് ലതീഫും പത്നി, ഇസ്മത് ചുഗ്തായിയും, ഖുര്‍റത്തുല്‍ ഐന്‍ ഹൈദറും മഹാഭാരതം സീരിയലിന് തിരക്കഥയെഴുതി സംഭാഷണം തീര്‍ത്ത റാഹി മാസൂം റസയും പുനത്തില്‍ കുഞ്ഞബ്ദുല്ലയുമെല്ലാം സാഹിത്യത്തെയും സമൂഹത്തെയും കുറിച്ച ചര്‍ച്ചകളിലേര്‍പ്പെട്ടിട്ടുണ്ടാവുക. തറാന പാതി വഴി പിന്നിട്ടിരിക്കുന്നു:

ഇസ് ബസ്മ് മെ തേഗേം ഖീചീ ഹെ
ഇസ് ബസ്മ് മെ ദില്‍ തക് ജോഡേ ഹെ
ഹര്‍ ശാമ് ഹെ ശാമെ മിസ്റ് യഹാം
ഹര്‍ ശബ് ഹെ ശബേ ശീറാസ് യഹാം
(ഈ സദസ്സില്‍ ഖഡ്കങ്ങളുരസിയിട്ടുണ്ട്; ഹൃദയങ്ങള്‍ ചേര്‍ന്നിട്ടുണ്ട്.  മിസ്റിലെ സായന്തനങ്ങളിവിടെ; ശീറാസിലെ ഇരവുകളിവിടെ)

ക്യാംപസിന്‍റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന അനേകം പച്ചപ്പുല്‍ മൈതാനങ്ങളിലേതെങ്കിലൊന്നിലാവുമല്ലോ ലാലാ അമര്‍ നാഥും ധ്യാന്‍ ചന്ദും സഫര്‍ ഇഖ്ബാലുമെല്ലാം ക്രിക്കറ്റും ഹോക്കിയും പരിശീലിച്ചിട്ടുണ്ടാവുക. സമന്വയത്തിന്‍റെ മാതൃകാസ്ഥാനമാണിത്. ശാസ്ത്രവും സാഹിത്യവും ചരിത്രവും സാമ്പത്തിക ശാസ്ത്രവും കലയും മതവും ഭാഷയും ഗണിതവും വൈദ്യവും എഞ്ചിനീയറിംഗും ഭരണവും നയതന്ത്രവും കായിക വിനോദവും ഇവിടെ ഇഴപിരിഞ്ഞ് കിടക്കുന്നു. 

ഹെ സാരെ ജഹാം കാ സോസ് യഹാം
ഓര്‍ സാരെ ജഹാം കാ സാസ് യഹാം
(സകല ലോകത്തിന്‍റെയും അധ്വാനവും ഹൃദയരാഗവുമുണ്ടിവിടെ)

ആക്രമണോത്സുക ഹിന്ദുത്വം തെരുവില്‍ നൃത്തം ചെയ്ത തൊണ്ണൂറുകളുടെ തുടക്കത്തിലെ ക്യാംപസിന്‍റെ ഓര്‍മകളിലേക്ക്, നിങ്ങളനുവദിക്കുമെങ്കില്‍, കൂട്ടിക്കൊണ്ടു പോകാനാണ് വന്നത്. ജനങ്ങളെല്ലാം പിട്ത്തം വിട്ട ഉന്മാദികളായ കാലം; കൊന്നുതിന്നുന്ന ഭ്രാന്ത്. അത്ഭുതമല്ലെങ്കിലെന്ത്! പുറത്ത് താപകോപ ക്രോധങ്ങളുടെ ജ്വാലാമുഖികള്‍ ലാവയൊഴുക്കിയപ്പോഴും ക്യാംപസ് ശാന്തം! എന്തൊക്കെ ഓര്‍മകള്‍! കലാപങ്ങള്‍, രഥയാത്ര, മണ്ഡല്‍, ബാബ്‌റി ധ്വംസനം, വീണ്ടും കലാപങ്ങള്‍, ഫ്ലാഗ് മാര്‍ച്ചുകള്‍, വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍…

വായിച്ചു മാത്രമറിഞ്ഞ കാലചക്രത്തിലെ നാലു ഋതുക്കളും അതിന്‍റെ മഹിമയില്‍ നിങ്ങളിവിടെ അനുഭവിക്കുന്നു. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലത്തിന്‍റെ ഓര്‍മകള്‍ മഴവില്‍ വര്‍ണങ്ങളില്‍ പരിലസിച്ചു നില്‍ക്കുന്ന പൂക്കളുടേതാണ്. അക്കാലം ക്യാംപസ് കൂടുതല്‍ ഹരിതാഭമായി. മെയ് മുതല്‍ ഓഗസ്ത് വരെ ഗ്രീഷ്മം. വറുത്തെടുക്കുന്ന ചൂടാണ്. ക്യാംപസിനോട് തന്നെ മടുപ്പുണ്ടാക്കുന്ന പരീക്ഷാ ചൂട് വേറെയും. 

രാത്രി രണ്ട് മണിവരെ പ്രവര്‍ത്തിക്കുന്ന മൌലാനാ ആസാദ് ലൈബ്രറിയില്‍, പുസ്തകങ്ങളില്‍ കണ്ണും പൂഴ്ത്തിയിരിക്കുന്ന വിദ്യാര്‍ഥികളും അദ്ധ്യാപകരുമുണ്ട്. ബൌദ്ധിക സംവാദങ്ങളും ചര്‍ച്ചകളും കൊണ്ട് സജീവമാകുന്ന ഡിപാര്‍ട്മെന്‍റ് സെമിനാറുകള്‍, ക്ളാസ് മുറികള്‍, കവിയരങ്ങുകള്‍, നുമായിഷ്, വിജയത്തിലേക്ക് വിളിക്കുന്ന പള്ളി മിനാരങ്ങള്‍, ധാബകള്‍, വെടിവെട്ടം സജീവമായ ചായക്കടകള്‍, പിന്നെ തേനീച്ചക്കൂടു പോലെ സദാ സജീവമായ കന്‍റീന്‍. 

ഉച്ചനേരം പന്ത്രണ്ട് മണിയോടെ നിങ്ങള്‍ സ്വന്തം ഡിപാര്‍ട്മെന്‍റ്ല്‍ നിന്നിറങ്ങുന്നു. ഭക്ഷണം കഴിഞ്ഞ് കെന്നഡി ഹാള്‍, ആര്‍ട്സ് ഫാക്കല്‍റ്റി, ജിയോഗ്രഫി ഡിപാട്മെന്‍റ്, ലോ ഫാക്കല്‍റ്റി.. അങ്ങനെ എവിടെയെങ്കിലും ചുറ്റിത്തിരിയുന്നു. അവിടെയെവിടെയെങ്കിലും വെച്ച് അവിചാരിതമായി നിങ്ങളുടെ പ്രിയപ്പെട്ട ഒരെഴുത്തു കാരന്‍റെ, ഒരു രാഷ്ട്രീയ നേതാവിന്‍റെ, ഒരു ചരിത്രകാരന്‍റെ പ്രഭാഷണം കേള്‍ക്കാം. അവരുമായി സംവദിക്കാം. ഇപ്പോള്‍ നിങ്ങളാ ഒഴുക്കില്‍ ചേര്‍ന്നു കഴിഞ്ഞു:

സര്‍റാത്ത് കാ ബോസാ ലേനെ കോ
സൌ ബാര്‍ ഝുകാ ആകാശ് യഹാം
ഖുദ് ആംഖ് സെ ഹം നെ ദേഖീ ഹെ
ബാത്തില്‍ കി ശികസ്തെ ഫാഷ് യഹാം
(ഈ മണ്‍തരികളില്‍ മുത്തമിടാനായി മാനം നൂറു വട്ടം താഴ്ന്നിറങ്ങിയിട്ടുണ്ട്; അന്ധകാരം പുഴകി വീണതിന് ഈ കണ്ണുകള്‍ സാക്ഷി)

മതങ്ങളെ കുറിച്ച് സംസാരിക്കുന്ന വഹീദുദ്ദീന്‍ ഖാനെയോ സ്വാമി അഗ്നിവേശിനെയോ, ചിത്ര കലയെക്കുറിച്ച് പ്രഭാഷണം നടത്തുന്ന ജത്തിന്‍ ദാസിനെയോ, നാടകത്തെക്കുറിച്ച് ആധികാരികകതയോടെ സംസാരിക്കുന്ന ഇബ്രാഹിം അല്‍ഖാസിയെയോ, നിയമം കീറിമുറിക്കുന്ന റാണി ജേഠ്മലാനിയെയോ (ഘടാഘടിയന്‍ റാം ജേഠ്മലാനിയുടെ മകള്‍), ചന്ദ്ര താരാഗണങ്ങള്‍ തിരിയുന്ന കോലം വിശദീകരിക്കുന്ന ജയന്ത് നാര്‍ളികറെയോ ഈ പതിവു ചുറ്റിത്തിരിച്ചിലില്‍ നിങ്ങള്‍ കണ്ടെന്നിരിക്കും. വി.പി സിംഗ്, ചന്ദ്രശേഖര്‍, മാധവ റാവു സിന്ധ്യ, മുലായം സിംഗ് യാദവ്, സയ്യദ് ഷഹാബുദ്ദീന്‍, നട്വര്‍ സിംഗ്, ഖുഷ്വന്ത് സിംഗ് കുല്‍ദീപ് നെയര്‍, മുച്കുന്ദ് ദുബെ, രാജ് മോഹന്‍ ഗാന്ധി, എ.ബി ബര്‍ധന്‍, ജോര്‍ജ് ഫെര്‍നാന്‍ഡസ്, അജീത് സിംഗ്, സീതാ റാം യെച്ചൂരി, സല്‍മാന്‍ ഖുര്‍ഷീദ്, ഇര്‍ഫാന്‍ ഹബീബ്…

ഇര്‍ഫാനെക്കുറിച്ചൊരോര്‍മ: ക്യാംപസിലെത്തിയ ആദ്യ ആഴ്ചകളിലൊന്നില്‍ കന്‍റീന് പുറത്തുള്ള അറീപ്പുഫലകത്തില്‍  പതിച്ച ഒരു നോട്ടീസ് നിങ്ങളുടെ ശ്രദ്ധയില്‍പെടുന്നു, പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ആര്‍ട്സ് ഫാക്കല്‍റ്റി ഹാളില്‍ പ്രഭാഷണം നടത്തുന്നു. വിഷയം Ayodhya at Stake തിയ്യതിയും സമയവും കുറിച്ചെടുത്തു. ധാരാളം കേട്ടിട്ടുള്ള ഇര്‍ഫാനെ നേരില്‍ കാണണം, പ്രഭാഷണം കേള്‍ക്കണം. സമയത്തിന് മുമ്പു തന്നെ ഹാളില്‍ സ്ഥലം പിടിച്ചു. അല്‍പം കഴിഞ്ഞ് വെളുത്ത് അന്തര്‍മുഖനെന്ന് തോന്നിക്കുന്ന പുറം വളഞ്ഞു മുമ്പോട്ടാഞ്ഞ ഒരു മധ്യവയസ്കന്‍ ഡയസിലെത്തി പ്രസംഗം തുടങ്ങി. ഇതാണോ ലോക പ്രശസ്ത മിഡീവലിസ്റ്റും പ്രമുഖ മാര്‍ക്സിസ്റ്റ്‌ ചരിത്രകാരനുമായ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ്? എങ്കില്‍ ഞാന്‍ നോം ചോംസ്കിയാണ്. പണ്ട് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഒരു ബന്ധുവിന്‍റെ കയ്യില്‍ കണ്ട ഇല്ലസ്ട്രേറ്റഡ് വീക്ലിയുടെ പുറം ചട്ടയില്‍ അന്ന് അലിഗഢില്‍ ഇര്‍ഫാന്‍-മാര്‍ക്സിസ്റ്റ്‌ വിരുദ്ധ സമരത്തിന് നേതൃത്വം കൊടുത്തിരുന്ന സകീ കിര്‍മാനിക്കൊപ്പം കണ്ട ആ ചിത്രത്തില്‍ നിന്ന് ഒരു പാട് മാറ്റമുണ്ടിപ്പോള്‍. ഓര്‍മയിലുള്ള ചിത്രത്തിന് യഥാര്‍ഥ ഇര്‍ഫാനുമായി വിദൂര ബന്ധം മാത്രം.

ഒരു മധ്യകാല ചരിത്ര സ്മാരകത്തെ ഓര്‍മിപ്പിക്കുന്ന സൈക്കിളില്‍ പതുക്കെ നീങ്ങുന്ന ഇയാളെ മിക്കവാറും ദിവസങ്ങളില്‍ രാവിലെ  ഡിപാര്‍ട്മെന്റിലേക്കുള്ള എന്‍റെ വഴിയില്‍ കാണാറുള്ളതല്ലേ?  യൂനിവേഴ്സിറ്റിയിലെ ഏതെങ്കിലും ഫോര്‍ത്ത് ക്ളാസ് ജീവനക്കാരനാകാമെന്ന ധാരണയില്‍ ശ്രദ്ധിച്ചില്ലെന്നു മാത്രം. ഈ പ്രസംഗം Irfan flays VHP historians എന്ന തലക്കെട്ടില്‍ പിറ്റേന്നിറങ്ങിയ പത്രങ്ങളുടെ ഒന്നാം പജില്‍ സ്ഥാനം പിടിച്ചു. (ഈ പ്രഭാഷണത്തിന് ശേഷമാണ് സി.പി.എം നേതൃത്വംനല്‍കുന്ന മുഖ്യധാരാ ഇടതു പക്ഷം ബാബ്‌റി പ്രശ്നത്തില്‍ ഒരു നിലപാടെടുക്കുന്നതെന്നാണോര്‍മ) ഈ കൊലുന്നനെയുള്ള മനുഷ്യന്‍ തന്നെയാണ് പണ്ട് കോഴിക്കോട്ട് ഡി.വൈ.എഫ്.ഐ സമ്മേളനത്തിലെത്തി ഇന്ത്യയെ, ആദ്യം ഏക സിവില്‍കോഡ് വിവാദത്തിലേക്കും പിന്നെ  ശരീഅത്ത് വിവാദത്തിലേക്കും ആനയിക്കുന്നത്.

വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന ഡിബേറ്റുകള്‍, ഗ്രൂപ് ഡിസ്കഷന്‍സ്, കവിയരങ്ങുകള്‍… ഒരുല്‍സവം പോലെ നടക്കുന്ന മുശായറ ഒരു സംഭവം തന്നെ:

ജോ അബ്റ് യഹാം സെ ഉഠേഗാ
വോ സാരെ ജഹാം പര്‍ ബര്‍സേഗാ,
ഹര്‍ ജൂവെ റവാം പര്‍ ബര്‍സേഗാ 
ഹര്‍ ഗോഹെ ഗറാം പര്‍ ബര്‍സേഗാ
(ഇവിടെയുരുണ്ടു കൂടുന്ന മേഘമാലകള്‍ നാളെ ലോകമാകെ അരുവികളിലും ഗിരിനിരകളിലും വര്‍ഷിക്കും)

ഷഹര്‍യാര്‍  എന്ന ഉര്‍ദു കവിയെ  ഇതാ ഇത്ര അകലത്തില്‍ നിന്ന് നിരവധി തവണ കണ്ടിട്ടുണ്ട്... വിശ്വാസം വരുന്നില്ല അല്ലേ? സത്യമാണ്. മുസഫര്‍ അലിയുടെ പ്രശസ്തമായ ഉമ്രാഓ ജാനിലെ,  മേരി ആംഖോ കി മസ്തി, ജുസ്ത്ജൂ ജിസ്കി ഥി, സിന്ദഗി ജബ് ഭി തേരി ബസ്‌മ് മേ ലാത്തി ഹേ ഹമേ, ദില്‍ ചീസ്‌ ഹേ ക്യാ ഹേ ആപ് മേരെ ജാന്‍ ലീജിയേ തുടങ്ങിയ  മനോഹര ഗാനങ്ങളുടെ രചയിതാവാണ് ഉര്‍ദു ഡിപാര്‍ട്ട്മെന്‍റ് തലവനായിരുന്ന അഖ്ലാഖ് മുഹമ്മദ്‌ ഖാന്‍ എന്ന ഷഹര്‍യാര്‍. അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങളിലൂടെ  ഉര്‍ദു കവിതകളുടെ മാസ്മരിക ലോകത്തെത്തി; അത്ഭുത ലോകത്തിലെ ആലീസ്‌  ആയി   അന്തം വിട്ട് നിന്നു. പിന്നീട് 2008 ല്‍  രാജ്യം അദ്ദേഹത്തെ ജ്ഞാനപീഠം നല്‍കി ആദരിച്ചു. ആര്‍ക്കും ആരുടെ ക്ലാസിലും എപ്പോള്‍  വേണമങ്കിലും പോയി ഇരിക്കാമായിരുന്നു എന്നത് ഇവിടത്തെ പ്രത്യകത. 

മത്സരപ്പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികളെ സജ്ജമാക്കാന്‍ പ്രത്യേകം കോച്ചിംഗ് സെന്‍ററുകള്‍, അവ നിറയെ നാളത്തെ കലക്ടര്‍മാരും അംബാസഡര്‍മാരും. പുറമെ, കുതിര സവാരിയും സ്കേറ്റിംഗും ട്രെക്കിംഗും സിനിമയും സംഗീതവുമെല്ലാം തലയില്‍കേറി കിറുങ്ങി കറങ്ങി നടക്കുന്ന കിറുക്കന്മാരെയും കാണാം. 


മികവാര്‍ന്ന പരിപാടികളോടെ ഒക്ടോബര്‍ 17 ന് സര്‍സയ്യദ് ഡേ വന്നുചേരുന്നു. വലിയ കുതിരകളെപ്പൂട്ടിയ രഥത്തില്‍ വൈസ് ചാന്‍സ്ലറോടൊപ്പം മുഖ്യാതിഥി വന്നിറങ്ങുന്നത് ഇന്നലെക്കണ്ട ദൃശ്യത്തിന്‍റെ തെളിമയോടെ മനസ്സില്‍ പച്ചച്ച് നില്‍ക്കുന്നു. അക്കൊല്ലത്തെ മുഖ്യാതിഥി ബല്‍റാം ഝക്കറുടെ വാഗ്ധാടി നിങ്ങള്‍ അനുഭവിച്ചറിയുന്നു. കോണ്‍ഗ്രസ് വിരുദ്ധ വികാരം ക്യാംപസില്‍ കൊടിപിടിച്ചു നിന്ന നാളുകളില്‍ സാധാരണ ഗതിയില്‍ ഒരു കോണ്‍ഗ്രസുകാരനെ കൂക്കി വിടേണ്ടതാണ്. തലേ വര്‍ഷം അജീത് സിംഗിന് അത്  അനുഭവിക്കേണ്ടിയും വന്നു. എന്നാല്‍ ഝക്കര്‍ജി പ്രസംഗിക്കാനായി ഇംഗ്ളീഷിന് പകരം കലര്‍പ്പില്ലാത്ത ഉര്‍ദു തെരഞ്ഞെടുത്തു. അതോടെ മഞ്ഞുരുകി എന്നു തോന്നുന്നു. പണ്ട് അല്‍ജീരിയായില്‍ അംബാസഡറായിരുന്ന കാലത്ത് പഠിച്ചെടുത്തതായിരിക്കണം, ഒന്നര മണിക്കൂര്‍ നേരത്തെ പ്രസംഗത്തില്‍ ഇടക്കിടെ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉച്ചാരണഭംഗമൊഴിഞ്ഞ ശുദ്ധ അറബിയില്‍ ഉദ്ധരിച്ച് സദസ്സിനെ നിശ്ചലം ഇരുത്തി അന്നത്തെ കൃഷി മന്ത്രി. തറാന ഗതി വേഗം വര്‍ധിച്ച് പതുക്കെ ഉച്ചസ്ഥായി പ്രാപിക്കുകയാണ്:

ഹര്‍ സര്‍ദൊ സമന്‍ പര്‍ ബര്‍സേഗാ
ഹര്‍ ദസ്തൊ ദമന്‍ പര്‍ ബര്‍സേഗാ
ഖുദ് അപ്നെ ചമന്‍ പര്‍ ബര്‍സേഗാ
ഗേറോം കെ ചമന്‍ പര്‍ ബര്‍സേഗാ
(വെളിമ്പറമ്പിലും കുടിലിലും, പട്ടിക്കാട്ടിലും പട്ടണത്തിലും എന്‍റെ കാവിലും അടുത്ത വീട്ടിലെ മുറ്റത്തും വര്‍ഷിക്കും)

47,000 ഏക്കറിലായി പരന്നു കിടക്കുന്ന വിശാലമായ ക്യാംപസില്‍ നഴ്സറി മുതല്‍ ഗവേഷണം വരെയുള്ള പഠന സൌകര്യമുണ്ട്. 88 ഡിപാര്‍ട്മെന്റുകളും 13 സെന്ററുകളുമുണ്ട്. പതിനാറ് ഹാളുകളിലായി സ്ഥിതി ചെയ്യുന്ന എഴുപതിലധികം ഹോസ്റലുകളില്‍ 33,000 വിദ്യാര്‍ഥികള്‍ അന്തിയുറങ്ങുന്നു; ചിലരൊക്കെ പകലും. 

ഇതൊക്കെയാണെങ്കിലും ഫ്യൂഡല്‍ വ്യവസ്ഥയുടെ കരിഞ്ഞ അവശേഷങ്ങള്‍ പുറത്തു പോകാന്‍ കൂട്ടാകാതെ കിടക്കുന്നുണ്ട് അലിഗഢില്‍. ജന്മിത്വത്തിന്‍റെ  ജീര്‍ണതകള്‍ നിക്ഷേപിച്ച ഒരു കൊട്ടയായി പലപ്പോഴും രംഗപ്രവേശം നടത്താറുണ്ട്. 

തങ്ങളുടെ ഇളമുറക്കാര്‍ക്കായി കേരളത്തിലും ഇത്തരം ഒരു ക്യാംപസ് സ്വപ്നം കണ്ടവര്‍ക്കിപ്പോള്‍ ആശ്വസിക്കാം. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ റീജനല്‍ സെന്റര്‍ തുറന്നിരിക്കുന്നു. എനിക്ക് വ്യക്തിപരമായി ഇനിയും സന്തോഷിക്കാനുണ്ട്. എന്‍റെ നാട്ടില്‍ നിന്നുള്ള മൂന്നാമത്തെ അലീഗേറിയനും അയല്‍പക്കക്കാരനുമായ പ്രോഫെസര്‍ മുഹമ്മദ് ആണ് സെന്‍റ്റിന്‍റെ ഡയറക്ടര്‍. തറാന ഉച്ചസ്ഥായിയിലാണ്; നിങ്ങളുടെ ആവേശവും: 

യേ അബ്റ് ഹമേശാ ബര്‍സാ ഹെ
യേ അബ്റ് ഹമേശാ ബര്‍സേഗാ
യേ അബ്റ് ഹമേശാ ബര്‍സാ ഹെ
യേ അബ്റ് ഹമേശാ ബര്‍സേഗാാാ..
(ഈ മുകിലുകള്‍ എന്നും പെയ്തിറങ്ങിയിട്ടുണ്ട്; പെയ്യുകയും ചെയ്യും)

കരഘോഷങ്ങളുടെ അലകളില്‍ നിങ്ങളും നിങ്ങളുടെ ശബ്ദവും മുങ്ങിപ്പോകുന്നു. തലതാഴ്ത്തി പതുക്കെ സ്ഥലം കാലിയാക്കുന്നു.

അലീഗഢ്നെക്കുറിച്ചുള്ള Stanley Wolpert ന്‍റെ  Aligarh's First Generation  നല്ലൊരു വായന സമ്മാനിക്കും 

അടിക്കുറി: അലിഗഢില്‍ സ്ഥിര താമസമുള്ള എന്‍റെ സഹപാഠിയോട് പതിവ് ഫെയ്സ്ബുക് സലാം ചൊല്ലലിനിടെ ഞാന്‍ ചോദിച്ചു, സര്‍സയ്യദ് ദിനത്തിന് ഇപ്രാവശ്യം ആരാ മുഖ്യാതിഥി? തല ചൊറിഞ്ഞു കാണണം, 'ആര്‍ക്കാ ആരിഫ് അതൊക്കെ നോക്കാന്‍ നേരം?' അവളുടെ കമന്‍റ്. ദൂരെ നിന്ന് നോക്കുമ്പോള്‍ എല്ലാം രസകരമായിത്തോന്നുന്നു. വിട്ടു പോന്ന അക്കരെയാണ് പച്ചപ്പുള്ളത് എന്ന് പറയുന്നത് ശരിയായിരിക്കാം.

05 October, 2011

ഒരു ലക്ഷം കയ്യില്‍ വരുന്ന ദിവസം പ്രവാസം നിര്‍ത്തും

പ്രഭാതത്തില്‍ ഓടാനെന്ന വ്യാജേന പാര്‍ക്കിലെത്തി നടക്കാറുണ്ടായിരുന്നു അന്നൊക്കെ ഞാന്‍. മിക്കാവാറും എല്ലാ ദിവസവും ഞാനയാളെ കാണാറുണ്ടായിരുന്നു. പാര്‍ക്കിനു ചുറ്റും ഘടികാരക്രമത്തില്‍ നടന്നു വരാറുണ്ടായിരുന്ന അയാളുടെ കണ്ണുകള്‍ എതിര്‍ ദിശയില്‍ നിന്ന് വരുന്ന എന്‍റെതുമായി  ഉടക്കും. ആദ്യമാദ്യം ചെറുചിരിയോടെ കടന്നു പോകുമായിരുന്നു; ഒരു തരം സഹകരണാത്മകമായ സഹവര്‍ത്തിത്വം. പോകപ്പോകെ ഞങ്ങള്‍ വെയ് വിങ് ഫ്രണ്ട്സായി മാറി; തമ്മില്‍ കാണുമ്പോള്‍ കൈയുയര്‍ത്തി പരസ്പരം വിഷ് ചെയ്യും.

ഒരു ദിവസം സന്തത സഹചാരിയും മുഖ്യ ഉപദേഷ്ടാവുമായ മടി, ഇന്നിത്രമതി എന്ന്  ബോധ്യപ്പെടുത്തിയതനുസരിച്ച് തൊട്ടടുത്ത് കണ്ട ബെഞ്ചില്‍ ഞാനിരുന്നു രാത്രി കണ്ട സ്വപ്നത്തിന്‍റെ നൂലിഴകള്‍ക്ക് വേണ്ടി തിരയുകയോ മറ്റോ ആയിരിക്കണം.


“ഥക് ഗയേ ജനാബ്?” എന്ന ചോദ്യം എന്നെ സംഭവലോകത്തേക്ക് കൊണ്ടു വന്നു.


“നഹി തോ!”  എന്‍റെ കൈവീശിച്ചങ്ങാതിക്കിരിക്കാനായി ഒരറ്റത്തേക്ക് മാറി ഇരുന്നു കൊടുത്തു. 

വന്നിരുന്നതും  ചെവി മുതല്‍ ചെവി വരെ നീണ്ട ചിരിയോടെ “നാം നിസാര്‍ ആസ്മി” എന്നു പരിചയപ്പെടുത്തി. ജന്മം കൊണ്ട്  ഉത്തര്‍ പ്രദേശിലെ ആസംഗഢ് കാരന്‍,  മുംബൈയിലേക്ക് കുടുംബ സമേതം കുടിയേറി. ദുബൈയില്‍ സ്ഥിരതാമസം . നാലു മക്കള്‍; രണ്ട് ആണും രണ്ട് പെണ്ണും. എന്‍റെ പേരും നാടും വിശേഷങ്ങളും ചോദിച്ചു. ഞാന്‍ എന്നിടത്തൊക്കെ നാം എന്ന പൂജക ബഹുവചനമാണ് അദ്ദേഹം ഉപയോഗിക്കുന്നത്.

“എത്ര വര്‍ഷമായി ഇവിടെ?” ഒന്നും ചോദിക്കാനില്ലാത്തതു കൊണ്ട് പതിവ് ആയുധം ഞാന്‍ പ്രയോഗിച്ചു. 

"മുപ്പത്തി മൂന്ന് വര്‍ഷം, ഇനി നിങ്ങളുടെ ചോദ്യം നമുക്കറിയാം എന്താ പോകാത്തെ മതിയായില്ലെ, അല്ലേ?"

ഞാന്‍ ചിരിച്ചു. 

നമുക്കറിയാം താങ്കളുടെ നാവിന്‍ തുമ്പില്‍ വരുന്ന ചോദ്യം അതു തന്നെയാണ്. ഒരു ലക്ഷം രൂപ നമ്മുടേതായി എന്ന്  കയ്യില്‍ വരുന്നോ അന്ന് നാം തിരിച്ചു പോകും. പണ്ടൊക്കെ ആളുകള്‍ പിന്നാമ്പുറത്ത് വന്നായിരുന്നു ചോദിച്ചിരുന്നത്, ഇപ്പോള്‍ നേര്‍ക്കുനേര്‍ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു, ഇനിയെത്ര കാലം ഈ ദുബൈയില്‍? എത്ര സമ്പാദിച്ചു ചങ്ങാതീ? ഇനിയും മതിയായില്ലേ? 

പറഞ്ഞത് ശരിയല്ലേ എന്ന് ഞാന്‍ വീണ്ടും ചിരിച്ചു.

“കേള്‍ക്കൂ കൂട്ടുകാരാ, മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് നാം ഇവിടെയെത്തുമ്പോള്‍  മുമ്പിലുണ്ടായിരുന്ന ലക്ഷ്യം അര ലക്ഷം രൂപ സമ്പാദിച്ച് തിരികെ പോവുക എന്നതായിരുന്നു. ഇന്നും ലക്ഷ്യത്തില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല; ഒരു ലക്ഷം കയ്യില്‍ വന്നാല്‍, ഇന്‍ഷാ അല്ലാഹ്, നാം തിരിച്ചു പോകും. അതേ ചങ്ങാതീ, നാം സംസാരിക്കുന്നത് ഒരു ലക്ഷം ഡോളറിനെക്കുറിച്ചല്ല, ഒരു ലക്ഷം പൌണ്ടിനെക്കുറിച്ചല്ല, ഒരു ലക്ഷം ദിര്‍ഹമിനെക്കുറിച്ച് പോലുമല്ല; ഒരു ലക്ഷം ഇന്‍ഡ്യന്‍ രൂപയെക്കുറിച്ച് തന്നെ. എന്നാല്‍  പറയുന്നത് ആരും വിശ്വസിക്കുന്നില്ല. തമാശ പറയുകയാണെന്നാണവരുടെ വിചാരം. അവര്‍ക്കൊക്കെ നമ്മുടെ അവസ്ഥയറിയുമോ? അഞ്ച് ലക്ഷം കയ്യില്‍ വന്നാലും പത്തു ലക്ഷം കിട്ടിയില്ലല്ലോ എന്ന വിചാരം തൊഴിലില്ലായ്മയെക്കാള്‍ വലിയ ആധിയായി കൊണ്ടു നടക്കുന്നവരിലല്ല നാം. എന്‍റെ യുവ സുഹൃത്തേ നിങ്ങള്‍ക്കിത്  മനസ്സിലാകുമോ ആവോ.”

“പറഞ്ഞോളൂ.”

“പറയാം, രാജ്യത്തിന് വേണ്ടി സേവനം ചെയ്യണമെന്നത് നമ്മുടെ തീവ്രമായ ജീവിതാഭിലാഷമായിരുന്നു. ഒരു സ്കൂള്‍ അല്ലെങ്കില്‍ കോളേജ് അതുമല്ലെങ്കില്‍ ഒരാശുപത്രി അതൊന്നുമല്ലെങ്കില്‍ ഇതെല്ലാം കൂടി കെട്ടിപ്പടുത്ത് വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗത്ത്  നാടിന് ഒരു കുതിപ്പുണ്ടാക്കിക്കൊടുക്കുക എന്ന തീവ്രാഭിലാഷമായിരുന്നു അക്കാലത്തെ സ്വപ്നങ്ങളെ നിറച്ചത്. ഒരു റാം മോഹന്‍ റോയ് അല്ലെങ്കിലൊരു സര്‍സയ്യദ്. ഇനി ഇതൊന്നുമല്ലെങ്കില്‍ ഒരു ഇംഗ്ളീഷ് ദിനപത്രമോ മാസികയോ തുടങ്ങുക എന്നിട്ട് ഒരു പത്രാധിപരായി  അങ്ങനെ നടക്കുക; അതിനായി ചുരുങ്ങിയത് അക്കാലത്ത് അര ലക്ഷമെങ്കിലും ആവശ്യമായിരുന്നു. നാട്ടില്‍ നിന്നുകൊണ്ട് മുപ്പത് മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് അത്രയും സംഖ്യ സ്വരൂപിക്കുക അചിന്ത്യമായിരുന്നു; അങ്ങനെയാണ് നാം ദുബൈയിലെത്തുന്നത്. മോഹം പരിഷ്കര്‍ത്താവുക എന്നു മാത്രമായിരുന്നു. !

“വാവ്! ഇന്റ്രസ്റിങ്.”

“വീസ വന്ന ദിവസം നാം ഉറപ്പിച്ചിരുന്നു,ഒരു ലക്ഷം രൂപ എന്ന്  കയ്യില്‍ വന്നു ചേരുന്നുവോ, അന്ന്  നാട് പിടിച്ച് സ്വന്തത്തെ നാടിനു വേണ്ടി ഉഴിഞ്ഞിടും.കല്ലേ പിളര്‍ക്കുന്ന തീരുമാനമായിരുന്നു. കഴിയുമെങ്കില്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കണം; എന്നിട്ട് രാജ്യത്തിന്‍റെ പിന്നോക്കാവസ്ഥയെ ചരിത്രത്തിനെറിഞ്ഞു കൊടുക്കണം. ഇത്തരം വിപ്ളവാത്മകമായ ആശയങ്ങള്‍ ഇപ്പോഴും നമ്മുടെ മനസ്സില്‍ കുലച്ചു വിരിഞ്ഞു കൊണ്ടിരിക്കുന്നു. നാട്ടിലുള്ള രാഷ്ട്രീയ മത സാമൂഹിക സാസ്കാരിക സംഘങ്ങള്‍ക്കിടയില്‍ പത്തു വീതം വെച്ച് വിതരണം ചെയ്താല്‍ അവരൊക്കെ അതിന്മേല്‍ മരിച്ച് പണിയെടുക്കേണ്ടിവരും. എന്നാലോ നമ്മുടെ ഐഡിയാസിന് വല്ല കുറവുമുണ്ടോ? ഉറവ പൊട്ടി അതങ്ങനെ പെരുകിപ്പെരുകി വരും.” 

“എന്നിട്ട്, നിങ്ങള്‍ക്കിതുവരെ ഒരു ലക്ഷം സ്വരൂപിക്കാനായില്ലേ?”

“ഇല്ലെന്ന് നാം പറഞ്ഞോ? വാക്കുകള്‍ വായില്‍ നിന്ന് മാന്തിയെടുക്കരുത്. നിരവധി തവണ  കയ്യില്‍ ഒരു ലക്ഷം രൂപ വന്നണഞ്ഞു.  അതെല്ലാം മണലില്‍ മൂത്രമൊഴിച്ചതു പോലെ നൊടിയിടയില്‍ അപ്രത്യക്ഷമായി. ഒന്നാമത്തെ രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ ഒരു ലക്ഷം  കയ്യില്‍ വന്നു. നാട്ടില്‍ പോകാന്‍ മനസ്സ് കെട്ടി ഭദ്രമാക്കി. അപ്പോഴാണ് ജ്യേഷ്ടന്‍ നമ്മുടെ മാനത്തെ തട്ടിയുണര്‍ത്തിയത്; ശൂന്യ ഹസ്തനായി എങ്ങനെ ഉറ്റവരുടെയും ഉടയവരുടെയും അടുത്തു ചെല്ലും? അതും രണ്ടു മൂന്ന് വര്‍ഷത്തിനു ശേഷം?


നോക്കൂ നിസാര്‍, നിന്നെ വരവേല്‍ക്കാനായി ബൊക്കെയുമായി എയര്‍പോര്‍ട്ടില്‍ വരുന്നവരൊക്കെ എന്തെങ്കിലും പ്രതീക്ഷിച്ചു കൊണ്ടായിരിക്കും വരിക. അവരെയൊക്കെ കാരക്കച്ചീളും പിഷ്തയും ബാദാമും കൊടുത്ത് പിരിച്ചയക്കാനാണോ പരിപാടി? പിന്നെ വീട്ടില്‍ ഉമ്മയും ഉപ്പയും കുഞ്ഞനുജന്മാരും അനുജത്തിമാരും നിന്‍റെ വരവ് പൂവാടി വസന്തത്തെ എന്ന പോല്‍ കാത്തിരിക്കുകയാണ് അവരെ നീയെങ്ങനെയാണ് സന്തോഷിപ്പിക്കാന്‍ പോകുന്നത്?”

“സങ്കതി ന്യായം”

“കൂടപ്പിറപ്പിന്‍റെ ആശങ്ക മനസ്സിലാകാവുന്നതേയുള്ളൂ”

“അങ്ങനെയാണ് ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങി കഴിയാവുന്നത്ര കയ്യില്‍ പിടിച്ചും ബാക്കി കാര്‍ഗോയില്‍ വിട്ടും നമ്മുടെ ഒന്നാമത്തെ തിരിച്ചുപോക്ക്  ആഘോഷിക്കുന്നത്.

“തിരികെ വന്ന് രണ്ടു മൂന്നു വര്‍ഷമെടുത്തു ഒരു ലക്ഷം രൂപ കയ്യില്‍ വരാന്‍. നാട്ടില്‍ പോക്കിനുള്ള തയ്യാറെടുപ്പില്‍ വ്യാപൃതനായിരിക്കെയാണ് ഉപ്പയുടെ എഴുത്ത് ലഭിക്കുന്നത്. നമുക്ക് ഒരു നല്ലൊരു വീട് വെക്കണം പിന്നീട് നിന്‍റെ ഇഷ്ടം പോലെയാകാം തിരിച്ചുവരവ്. ഈ മണ്‍ചുവരുകളില്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന കൂരക്കുള്ളില്‍ എത്ര കാലാന്ന് വെച്ചിട്ടാ മോനേ കഴിഞ്ഞു കൂട്വാ? മണ്‍സൂണ്‍ കാലത്തുണ്ടാകാറുള്ള ചോര്‍ച്ച കുറേ റിപയര്‍ ചെയ്തിട്ടും മാറ്റമൊന്നുമില്ല; തന്നെയുമല്ല പുതിയ ചോര്‍ച്ചകളുടെ കണ്ടുപിടിത്തിങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. ആ വീട്ടില്‍ താമസിക്കാനുള്ള പ്രയാസം നിനക്ക് നന്നായറിയുന്നതല്ലേ? നേതാവ് താമസിക്കുന്ന വീടിന്‍റെ പത്രാസും ഗരിമയും കണ്ടിട്ടാണ് ജനങ്ങള്‍ വോട്ടു നല്‍കുക.” 

“ന്യായം”

“മനസ്സിലാക്കാവുന്നതേയുള്ളൂ.”

വീട്ടില്‍ നിന്നൊരാള്‍ ഗള്‍ഫിലെത്തിയാല്‍ പതിറ്റാണ്ടുകളായി താമസിച്ചു വരുന്ന വീട് പെട്ടെന്ന് ചെറുതായിപ്പോകുന്നു. എക്സ്പ്രസ് വേഗതയില്‍ സ്ഥലം തേടി കണ്ടു പിടിച്ചു വീടുപണി തുടങ്ങി. പിന്നെ നാലഞ്ച് കൊല്ലം അതിലായിരുന്നു. നിര്‍മാണം കഴിഞ്ഞു. ആരിലും അസൂയ ജനിപ്പിക്കുന്ന ധൂമധാങ്ങളോടെ ഹൌസ് വാമിങും കഴിഞ്ഞു. ഒരു ലക്ഷം ശേഖരിക്കുക എന്ന  പഴയ ഏര്‍പ്പാടിലേക്ക് നാം വീണ്ടും ഊളിയിട്ടു. 

മുമ്പ് പരിചയമുണ്ടായിരുന്നതു കൊണ്ട് ഒരു ലക്ഷം ശേഖരിക്കുന്നതില്‍ പഴയ പ്രയാസമുണ്ടായില്ല. തിരിച്ചു പോരാനുള്ള ഒരുക്കങ്ങള്‍ നടക്കവേ ഉമ്മയുടെ എഴുത്ത് വന്നു. സഹോദരിമാര്‍ക്ക് വേണ്ടി കല്യാണാലോചനകള്‍ വന്നു തുടങ്ങിയിരിക്കുന്നു. അവരെഴുതി: മുമ്പ് നമ്മുടെ തറവാടു വീട്ടിലായിരുന്നപ്പോള്‍ മാന്യമായ കുടുംബങ്ങളില്‍ നിന്ന് ആലോചനകള്‍ വന്നിരുന്നു; വലിയ വീടായപ്പോള്‍ മരുമക്കളുടെ വില പലവുരു പെരുകി. ഒരു കോഴി ഇരുപതിരുപത്തഞ്ചിന് ലഭിച്ചിരുന്നത് ഇന്ന് നൂറും നൂറ്റമ്പതും കൊടുത്താലേ ലഭിക്കൂ. അഞ്ചാറു രൂപ കൊടുത്താല്‍ ഓട്ടോക്കാര്‍ പഴയ നമ്മുടെ വീട്ടിന് മുമ്പില്‍ ആളെയിറക്കിയിരുന്നു. ഇന്നവര്‍ വീടിന്‍റെ വലിപ്പം നോക്കി സംഖ്യ നിശ്ചയിക്കുന്നതു കൊണ്ട് ചാര്‍ജ് ശതഗുണീഭവിച്ചിരിക്കുന്നു.അതുകൊണ്ട് ചില്ലറക്കാരൊന്നും ഈ വഴിക്ക്‌ വരുന്നില്ല. ഇക്കാലത്ത് മണവാളന്മാര്‍ക്കൊക്കെ എന്താ വില!  പണ്ട് നിനക്കോര്‍മയുണ്ടോ, ഡോക്ടറേയോ എഞ്ചിനീയറെയോ അര ലക്ഷം രൂപക്ക് കിട്ടുമായിരുന്നു. ഇന്നാകട്ടെ ഒരു മാമൂലി ഗ്രാജ്വേറ്റും എന്തിന് പ്ളസ്ടൂക്കാരന്‍ പോലും ആവശ്യപ്പെടുന്നത് ഒരു ലക്ഷമാണ്. (ഇതേതാ കാലം!) ഈ അവസരത്തില്‍ മോനേ നീ ദുബൈയില്‍ നിന്ന് തിരിച്ചു പോന്നാല്‍ നിന്‍റെ പെങ്ങന്മാരുടെ അവസ്ഥയെന്തായിരിക്കും.?” 

“ന്യായം”

“ഉമ്മയുടെ ആധി മനസ്സിലാക്കാവുന്നതേയുള്ളൂ. വീട്ടില്‍ നിന്നൊരാള്‍ ഗള്‍ഫിലെത്തിയാല്‍ പെണ്‍കുട്ടികള്‍ക്ക് പെട്ടെന്ന് പ്രായമാകുന്നു. കൊള്ളക്കൊടുക്കകളുടെ ദുനിയാവില്‍ മരുമക്കളെയും അളിയന്മാരെയും വാങ്ങാനായുള്ള മാര്‍ക്കറ്റുകളില്‍ ചുറ്റിത്തിരിഞ്ഞ് ജീവിതത്തിന്‍റെ നല്ലൊരു ഭാഗം കരിഞ്ഞു തീരുന്നു. അത് ജീവിതത്തില്‍ നാം ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളില്‍ നിന്ന് നമ്മെ ഗതിമാറ്റി വിടുകയും ചെയ്യുന്നു. രസമതല്ല, ഇച്ചങ്ങായി വേറൊരാളുടെ മരുമകനോ അളിയനോ ആകുമ്പോള്‍ അയാള്‍ താനനുഭവിച്ച പ്രയാസങ്ങള്‍ക്കുള്ള വിലയൊക്കെ അയാളുടെ ശ്വശുരനില്‍ നിന്നും ഭാര്യയുടെ സഹോദരന്മാരില്‍ നിന്നും ഈടാക്കുന്നു.എല്ലാ ഭാവി അളിയന്മാരും ജാമാതാക്കളും കൂടി, മാമൂലിന്‍റെയും നാട്ടുനടപ്പിന്‍റെയും പേരും പറഞ്ഞ് ആര്‍ത്തിപ്പണ്ടാരങ്ങളായി മറ്റൊരാള്‍ക്കും മേല്‍ ഒരു ഭാരമായിരിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയാണെങ്കില്‍, പരിഷ്കര്‍ത്താവാകാന്‍ പരിശ്രമിക്കുന്ന ഒരാളെന്ന നിലയില്‍ എനിക്ക് പറയാനാകും, ആയിരക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ വിലപ്പെട്ട പണവും സമയും രാജ്യത്തിന്റെ നന്മക്കായി ചെലവഴിക്കാനാകും.

“പക്ഷേ ഇതൊക്കെ നാം നമ്മുടേതാകാന്‍ പോകുന്ന അളിയന്മാരോടും ജാമാതാക്കളോടും പറഞ്ഞു എന്നിരിക്കട്ടെ, ആ സമയത്ത് അവരതെല്ലാം തികഞ്ഞ ഭവ്യതയോടെ തലയും താഴ്ത്തി കേട്ടിരിക്കും. അടുത്ത ദിവസം അയാളുടെ തന്താജിയുടേയോ തള്ളാജിയുടേയോ ഫോണ്‍ വരും രിഷ്താ മന്‍സൂര്‍ നഹി.”

“ച്ചാല്‍?”

“ബന്ധം നടക്കില്ല എന്നു തന്നെ.”

“അതു കൊണ്ടാണ് ഈ ഉപദേശമെല്ലാം മറ്റുള്ളവര്‍ക്ക് ഫ്രീയായി നല്‍കാനായി  നീക്കി വെച്ചിരിക്കുന്നത്.”

“തരക്കേടില്ലല്ലോ!”

“ഇല്ല അല്ലേ? നമ്മുടെ നാലഞ്ചു വര്‍ഷം അങ്ങനെയും പോയി. പിന്നീട്, അല്‍ഹംദു ലില്ലാഹ് ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം ഒരുക്കൂട്ടി ലീവില്‍ നാട്ടിലെത്തി. അവിടെയെത്തിയതും വീട്ടുകാരും കുടുംബക്കാരും നാട്ടുകാരും കൂട്ടുകാരുമെല്ലാം ചേര്‍ന്ന്  ഒരുത്തിയുടെ ഭര്‍ത്താവുദ്യോഗം നല്‍കി നമ്മെ ആദരിച്ചു. രാജ്യ സേവനത്തിനാണ് ഒന്നാം പരിഗണിയെന്നും അതു കഴിഞ്ഞിട്ടേ വിവാഹത്തെ കുറിച്ച് ചിന്തിക്കുകയുള്ളുവെന്നും ആണയിട്ട് പറഞ്ഞതാണ്. നടക്കാതെ വന്നപ്പോള്‍ കേണപേക്ഷിച്ചതാണ്. അന്നാണ് ചരിത്രത്തിലാദ്യമായി പിതാശ്രീ ഫിലോസഫറായതും ചരിത്രത്തെയും വര്‍ത്തമാനത്തെയും കൂട്ടുപിടിച്ചുള്ള തത്ത്വശാസ്ത്രപരമായ തന്‍റെ ആദ്യത്തെ ഉദീരണം ലോകത്തിന് സംഭാവന ചെയ്തതും. ‘രാഷ്ട്ര സേവനത്തിന് വാജ്പേയിജി ആകേണ്ട ആവശ്യമൊന്നുമില്ല; കല്യാണം കഴിച്ചവരും സാമൂഹ്യ സേവനം നടത്തുന്നില്ലേ? ഗാന്ധീജിയെത്തന്നെയെടുക്ക്.”

ഓക്കേ, കെട്ടുപാടുകളില്‍ നിന്നും മരണത്തില്‍ നിന്നും ഓടിപ്പോകാന്‍ ആര്‍ക്കുമാകില്ല എന്ന് നാം തിരിച്ചറിയുന്നു. ഫിലോസഫറുടെ മകന്‍ ഫിലോസഫര്‍. അല്ലാതെന്താ? 

ആദ്യ രാത്രി മണവാട്ടി ചോദിച്ചു, “എന്നെ മക്കയിലും മദീനയിലും കൊണ്ടു പോകുമോ? ജീവിതത്തില്‍ ഞാന്‍ നിങ്ങളോട് മറ്റൊന്നും ആവശ്യപ്പെടില്ല.” ഇതവസാനത്തെ പ്രാവശ്യം എന്നു പറയാതെ സ്ത്രീകള്‍ക്ക് ജീവിതത്തിലൊരുകാര്യവും ആവശ്യപ്പെടാനാവില്ലെന്നും പാവം പുരുഷന്‍റെ ഓര്‍മ വളരെ വീക്കാണെന്നും അന്ന് നമുക്കറിയില്ലായിരുന്നു. ഓരോ തവണയും ആദ്യത്തെ തവണ എന്ന പോലെ നാം അവള്‍ ചോദിച്ചതൊക്കെ കൊടുത്തു കൊണ്ടിരുന്നു. 

മേഡം സാഹബ ദുബായിലെത്തിയതിന് ശേഷം ഉണ്ടായ/കുന്ന ചെലവുകളൊക്കെ എന്‍റെ ചങ്ങാതീ നിങ്ങള്‍ക്കൂഹിക്കാവുന്നതല്ലേ ഉള്ളൂ! അങ്ങനെയും നമ്മുടെ വിലപ്പെട്ട കുറേ വര്‍ഷങ്ങള്‍ തോട്ടിലെ വെള്ളത്തോടൊപ്പം ഒലിച്ചു പോയി. പിന്നീടാണ് അവളുടെ ആങ്ങളമാര്‍, കസിന്‍സ് ഇവരെയൊക്കെ ഇവിടെ കൊണ്ടുവരാനുള്ള കല്‍പനകള്‍ അവള്‍ പുറപ്പെടുവിക്കുന്നതും കൊണ്ടുവരുന്നതും. പിന്നീട് ആഗ്രഹങ്ങള്‍ പനങ്കുലകളായി കുലച്ചു തൂങ്ങി.”

“വര്‍ഷങ്ങള്‍ കടന്നു പോകുന്നത് താങ്കള്‍ പറയാതെ തന്നെ എനിക്ക് മനസ്സിലാകുന്നുണ്ട്. അതിനി ആവര്‍ത്തിച്ചു കൊള്ളണമെന്നില്ല.”

“മാന്‍ ഗയെ!!”

“കോന്‍ ഗയേ?”

“സമ്മതിച്ചിരിക്ക്ണൂന്ന്.”

“ഓക്കേ.”

“ഇതിനിടയില്‍ നാം രണ്ടു പെണ്‍കുട്ടികളുടെ പിതാവായിക്കഴിഞ്ഞിരുന്നു. പിന്നീടുള്ള രണ്ടു വര്‍ഷം ഒരു ലക്ഷം സ്വരൂപിക്കാനുള്ള ശ്രമത്തില്‍ വ്യാപൃതനായി.  നമ്മുടെ ലക്ഷ്യം മറന്നു കൂടല്ലോ. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ബേഗം സാഹബ തന്‍റെ  ഏറ്റവും പുതിയ അന്തിമാഭിലാഷമറീക്കുന്നത്, “നോക്കൂ, നമുക്ക് രണ്ട് പെണ്‍കുട്ടികളാണ് അവര്‍ വളര്‍ന്ന് വരുന്നു. ഒരു ദിവസം നമുക്കവരെ വിവാഹം കഴിപ്പിച്ചയക്കേണ്ടി വരും. കാലം വല്ലാത്തതാണ് ഏതു തരം ആളുകളാണ് അവരുടെ ഭര്‍ത്താക്കന്മാരായി വരിക എന്ന് നമുക്കറിയില്ലല്ലോ. അവരെ ഉപേക്ഷിച്ച് പോയേക്കാം അതെല്ലെങ്കില്‍ വേറെ കല്യാണം കഴിച്ചേക്കാം, ഇതു രണ്ടുമല്ലെങ്കില്‍ മരണപ്പെടാം…”

“അതിനിപ്പോള്‍ നാമെന്ത് ചെയ്യാനാ?"

“അവരിരുവരുടെയും പേരില്‍ നമുക്ക് സ്വത്തെന്തെങ്കിലും വാങ്ങിയിടാം. ഒരു ഫ്ലാറ്റ്, ഒരു വില്ല, ഒരു ഷോപ്പിംഗ് കോംപ്ളക്സ്.” 

“ന്യായം.”

“കമാല്‍ കീ ബാത്ത് ഹെ, സ്വന്തം ആവശ്യം കഴിഞ്ഞ് കയറ്റി അയക്കാന്‍ മാത്രം ഭാവന സ്റോക്കുള്ള നമ്മുടെ ഖോപ്ഡിക്കകത്ത് എന്തു കൊണ്ട് ഈ ഹാലോജന്‍ ഇതു വരെ തിരി തെളിഞ്ഞില്ല?!”

അവളുടെ ആധിയും പൂതിയും മനസ്സിലാക്കാവുന്നതേയുള്ളൂ. നാലഞ്ച് വര്‍ഷം അങ്ങനെയും. 

“ഇപ്പോള്‍ മൈതാനം ഒഴിഞ്ഞു കിട്ടിയിരിക്കുന്നു; ഇനി ഇവിടെ എന്തും കളിക്കാം. രണ്ട് വര്‍ഷം കൊണ്ട് ഒരു ലക്ഷം ഒരുക്കൂട്ടി നാം ഇങ്ങനെ പ്രഖ്യാപിച്ചു, ഇനിയൊരിക്കലും തിരിച്ചു പോക്കില്ലാത്ത വിധം ദിബൈയോട് വിട പറയുകയാണ്. പക്ഷേ, ദുബൈയിലെ അലമ്പില്ലാത്ത ജീവിതത്തിനിടെ അമ്മായ്യമ്മയെ എങ്ങനെ കയ്യിലെടുക്കാം നാത്തൂന്മാരോട് എങ്ങനെ ചിരിക്കാം എന്നൊന്നും വിചാരപ്പെടാതെ കഴിഞ്ഞു കൂടിയിരുന്ന കെട്ട്യോളെക്കാള്‍ സാമ്പത്തിക ശാസ്ത്രവും ആസൂത്രണവും വശമുള്ളയാള്‍ വേറാരുണ്ട്! അവള്‍, ഒതുക്കം വന്ന ബുദ്ധിജീവിയുടെ ആധികാരികതയോടെ വാക്കുകള്‍ നമ്മുടെ മാനസികാവസ്ഥയുടെ ആക്കത്തൂക്കങ്ങള്‍ നോക്കി ഇറക്കി വച്ചു, “നോക്കൂ, നിങ്ങള്‍ രാഷ്ട്ര സേവനത്തിനായി ഒരു ലക്ഷം നേര്‍ച്ച നേര്‍ന്ന കാലത്തെ ഒരു ലക്ഷത്തിന്‍റെ വില ഇപ്പോഴത്തെ കോടികളുടേതാണ്. നാട്ടില്‍ ചെന്ന് ഒരു ബിസ്നെസില്‍ ഏര്‍പ്പെടുകയോ ജോലി ചെയ്യുകയോ വേണ്ടി വരും, ഇക്കാലത്ത് വീട് നടത്താനും, വണ്ടി, ഡ്രൈവര്‍, സെര്‍വന്‍റ്സ് തുടങ്ങിയ വകയിലുള്ള ചെലവ് വകയിരുത്താനും ഒരു മാസം ഒരു ലക്ഷം രൂപ വേണ്ടി വരും. ഇയ്യൊരു ലക്ഷം എവിടുന്ന് കണ്ടെത്താനാ? രണ്ട് മൂന്ന് കോടി നിങ്ങളെവിടെയെങ്കിലും നിക്ഷേപിക്കുകയോ ബിസ്നെസിലിറക്കുകയോ ചെയ്താല്‍ (നാലോ അഞ്ചോ ആയാല്‍ വളരെ നല്ലത്) വയസ്സു കാലത്ത് പിന്നെ സമാധാനത്തോട് സമാധാനം.” 

“ബാക്കി വരുന്ന സമാധാനം ഫലസ്തീനിലേക്കോ കൊസോവയിലേക്കോ കൊടുത്തു വിടാമല്ലോ, അല്ലേ?”

“അവളുടെ വാക്കുകള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. വയസ്സുകാലത്ത് പിന്നെ മക്കളുടെയും മരുമക്കളുടെയും ഔദാര്യത്തിന് കൈ നീട്ടണ്ടല്ലോ. തന്തമാരും തള്ളമാരും ഭാരമായിക്കരുതുന്ന മക്കള്‍ കൂടി വരികയാണ്.മക്കള്‍ മുട്ടിവിളിക്കുന്നതും കാതോര്‍ത്ത് വാതിലില്‍ കണ്ണും നട്ടിരിക്കും മാതാപിതാക്കള്‍. ആ സമയത്ത് മക്കള്‍, ഭാര്യവീട്ടുകാരുടെ കണ്ണിലുണ്ണിയാകാന്‍ വേണ്ടി തത്രപ്പെടുകയായിരിക്കും. അതാലോചിച്ചപ്പോള്‍ തന്നെ മനസ്സിന്‍റെ ദിഗന്തങ്ങളില്‍ വിറയലനുഭപ്പെട്ടു. ഇന്‍ഷാ അല്ലാഹ് നമ്മുടെ ഈ പ്രോജക്ട് പൂര്‍ത്തിയാക്കിക്കഴിഞ്ഞ് വരുന്ന ഒരു ലക്ഷവുമായി നാം നാട്ടിലെത്തി രാജ്യസേവനത്തിലേര്‍പ്പെടുന്നതായിരിക്കും.”

“ഓക്കെ സാബ്, പ്രോജക്ട് ചല്‍ത്തേ രഹേ, മുലാഖാത്ത് ഹോഗി, ഇന്‍ഷാ അല്ലാഹ്.” 

“ഇന്‍ഷാ അല്ലാഹ് മുലാഖാത്ത് ഹോഗി. ഖുദാ ഹാഫിസ്.”

മുന്‍കൂര്‍ ജാമ്യം: ഈ പോസ്റ്റും അതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികവും ഭാവനാ സൃഷ്ടവുമാണ്. ഈ കഥയില്ലായ്മക്കോ കഥാപാത്രങ്ങള്‍ക്കോ, ജീവിച്ചിരിക്കുന്നവരോ അങ്ങനെ ചെയ്യാത്തവരോ ആയ യാതൊരുവരുമായും യാതൊരു ബന്ധവും ഇല്ല. വല്ല സാമ്യവും  ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അത് വാസ്തവം  മാത്രമാണ്.