പേജുകള്‍‌

30 October, 2011

ഖോല്‍ ദോ

സുപ്രസിദ്ധ ഉര്‍ദു സാഹിത്യകാരന്‍ സാദത്ത് ഹസന്‍ മന്‍ടോയുടെ ഖോല്‍ ദോ (തുറക്കൂ) എന്ന പ്രസിദ്ധമായ കഥയുടെ മലയാള വിവര്‍ത്തനമാണ് വിധിയുണ്ടെങ്കില്‍ നിങ്ങള്‍ വായിക്കാന്‍ പോകുന്നത്. 14 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ തന്നെ വിവര്‍ത്തനം നിര്‍വഹിച്ചതും  1997 മെയ് 31 ജൂണ്‍ 6 ലക്കം ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രത്യക്ഷപ്പെട്ടതുമാണിത്. മലയാളത്തിന്‍റെ മഹാനായ കഥാകാരന്‍ ഒ.വി. വിജയന്‍റെ ‘പ്രവാചകന്‍റെ വഴി’യില്‍  സ്വാസ്ഥ്യം കെടുത്തുന്ന ഈ കഥയെകുറിച്ച് പരാമര്‍ശമുണ്ട്. ഉര്‍ദുവില്‍ നിന്ന് നേരിട്ടാണ് വിവര്‍ത്തനം. 
പണ്ടു ചെയ്ത 'പാപ'ങ്ങളുടെ സോഫ്റ്റ് കോപ്പി തയ്യാറാക്കാമെന്ന് വിചാരിച്ച് പുരാരേഖകളൊക്കെ ചെറിയ നിലക്കൊന്ന് തപ്പി. അത്ഭുതം! വളരെ കുറച്ചു മാത്രമേ കണ്ടെടുക്കാനായുള്ളു. പലതിനും ഇപ്പോള്‍ ഒരു പ്രസക്തിയുമില്ല.  എന്നാല്‍, എന്നും പ്രസക്തമായ 'ഖോല്‍ ദോ' യും മറ്റു ചില കഥകളും വീണ്ടും ടൈപ്പ് ചെയ്ത് കയറ്റാന്‍ തീരുമാനിച്ചു. ആ പ്രോജക്ടിന്‍റെ ഭാഗമാണിത്. കഥ മലയാളീകരിച്ചപ്പോള്‍ തുറക്കൂ എന്നതിന് പകരം അഴിക്കൂ എന്നാക്കിയിട്ടുണ്ട്. ഗുട്ടന്‍സ് കഥയുടെ അവസാനത്തില്‍ പിടികിട്ടും. 
14 വര്‍ഷത്തിനിടെ അത്രയും പ്രായം കൂടി എന്നല്ലാതെ അറിവില്‍ ഒരു വര്‍ധനവും എന്‍റെ കാര്യത്തിലുണ്ടായിട്ടില്ല എന്ന് വേണം അനുമാനിക്കാന്‍. ഈ കഥയിലെ പല വാക്കുകളും മാറ്റണമെന്ന് തോന്നിയതാണ്, പക്ഷേ, തല പുകഞ്ഞതല്ലാതെ പകരം വയ്ക്കാവുന്ന ഒരു പദവും കണ്ടെത്താനായില്ല. കഥയുടെ പശ്ചാത്തലവും മറ്റും മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ ടോബാ ടേക് സിങ്: ഒരു സ്വാതന്ത്യ്രദിന സമാനം എന്ന  പോസ്റ്റ്‌ ന്‍റെ മുഖവുര വായിക്കുക. 

ഖോല്‍ ദോ

അമൃത്സറില്‍ നിന്ന് ഉച്ചക്ക് രണ്ട് മണിക്ക് പുറപ്പെട്ട സ്പെഷ്യല്‍ ട്രെയ്ന്‍ എട്ടു മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ലാഹോറിലെ മുഗല്‍പുര സ്റ്റേഷനിലെത്തി. കൂട്ടക്കരച്ചില്‍ കൊണ്ടും ചോരക്കാഴ്ചകള്‍ കൊണ്ടും സമൃദ്ധമായിരുന്ന യാത്ര അവസാനിച്ചപ്പോഴേക്കും നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റവര്‍ക്ക് കണക്കില്ല. സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ പലരും വഴിയിലെവിടെയൊക്കെയോ വെച്ച് കൂട്ടം തെറ്റി. 

രാവിലെ പത്തുമണി. അഭയാര്‍ഥി ക്യാംപിലെ തണുത്ത തറയില്‍ കിടന്ന് സിറാജുദ്ദീന്‍ കനം തൂങ്ങിയ കണ്‍പോളകള്‍ പതുക്കെ തുറന്ന് ഇരു വശങ്ങളിലേക്കും നോക്കി. സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടവരും മോഹങ്ങള്‍ കരിഞ്ഞവരുമായ ഒരു കൂട്ടം മനുഷ്യരുടെ ഇടയിലാണ് താന്‍ കിടക്കുന്നതെന്നയാള്‍ക്ക് മനസ്സിലായി. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന ദുരിതങ്ങളുടെ സമുദ്രത്തലേക്ക് അയാള്‍ കണ്ണ് പായിച്ചു. അതോടെ ഓര്‍ത്തെടുക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനുമുള്ള അയാളുടെ കഴിവ് കൂടുതല്‍ ദുര്‍ബലമായി. ആയാസത്തോടെ എഴുന്നേറ്റിരുന്ന് മൂടിക്കെട്ടി നില്‍ക്കുന്ന ആകാശത്തേക്ക് നോക്കിയുള്ള ആ ഇരിപ്പ് കണ്ടാല്‍ അയാള്‍ ഏതോ ഗാഢമായ ചിന്തയില്‍ മുഴുകിയിരിക്കുകയാണെന്നേ തോന്നൂ. മനസ്സ് മരവിച്ച് കീഴ്ച്ചുണ്ട് കടിച്ചുപിടിച്ച് എത്ര നേരമാണയാള്‍ അവിടെയിരുന്നതെന്ന് നിശ്ചയമില്ല. അയാളുടെ മുഴുവന്‍ ശരീരവും ആ ചുണ്ടില്‍ കേന്ദ്രീകരിച്ച പോലെ. ചുറ്റുമുള്ളവരുടെ കരച്ചിലും അട്ടഹാസങ്ങളും സമനില തെറ്റിയവരുടെ എണ്ണിപ്പറച്ചിലുകളും വൃദ്ധന്‍ കേട്ടതേയില്ല. ആകാശത്തേക്ക് വെറുതെ നോക്കിയിരിക്കെ കണ്ണുകള്‍ സൂര്യരശ്മികളുമായി ഉടക്കി. നിശിതമായ കിരണങ്ങള്‍ കണ്ണുകളെ തുളച്ച് തലച്ചോറില്‍ കയറിയപ്പോഴായിരിക്കണം അയാള്‍ ആലസ്യത്തില്‍ നിന്നുണര്‍ന്നത്.

അവ്യക്തമെങ്കിലും, ഭീകരമായ കുറേ ചിത്രങ്ങള്‍ തീരെ അടുക്കും ചിട്ടയുമില്ലാതെ അയാളുടെ മനസ്സിലൂടെ കടന്നു പോയി. കൊള്ള, തീ, സ്റ്റേഷന്‍, ഓട്ടം, വെടിയുണ്ട, രാവിന്‍റെ ഇരുള്‍, സകീന!

പെട്ടെന്ന് സിറാജുദ്ദീന്‍ എഴുന്നേറ്റു. ചുറ്റും നോക്കി. പതുക്കെ ചോരയും ചലവും തളം കെട്ടി നിന്ന തറയിലൂടെ അയാള്‍ നടന്നു. ഇടക്കിടെ വിറയാര്‍ന്ന ശബ്ദത്തില്‍ വൃദ്ധന്‍ വിളിച്ചു, ‘സകീനാ.. സകീനാ…!’

മുന്ന് മണിക്കൂര്‍ ആ ക്യാംപിലൂടെ സകീനാ എന്നുവിളിച്ച് പലചാല്‍ അയാള്‍ നടന്നു. യുവതിയായ ഏകമകളെക്കുറിച്ച് ഒരു വിവരം പോലും ലഭിച്ചില്ല. ചുറ്റും മനുഷ്യരുടെ പ്രവാഹം. എല്ലാവരും ആര്‍ക്കൊക്കെയോ വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. അമ്മ, ഭാര്യ, മകള്‍, അച്ഛന്‍…

സിറാജുദ്ദീന്‍ അപ്പോഴേക്കും ക്ഷീണിച്ചിരുന്നു. അയാള്‍ ഒരു ഭാഗത്തിരുന്ന് ഓര്‍ത്തെടുക്കാന്‍  ശ്രമിച്ചു. സകീന! എപ്പോള്‍, എവിടെ വച്ചായിരുന്നു ഞങ്ങള്‍ പിരിഞ്ഞത്? മകളെപ്പറ്റി ചിന്തിച്ചു ചിന്തിച്ച് ഓര്‍മ്മ ഭാര്യയുടെ ചലനമറ്റ ശരീരത്തിനരികിലെത്തി. കണ്‍മുമ്പില്‍ വച്ചായിരുന്നു അവള്‍ അവസാന ശ്വാസം വലിച്ചത്, കുടല്‍ പുറത്തുചാടി, രക്തം വാര്‍ന്ന് മരിക്കുന്നതിന് തൊട്ടു മുമ്പ് വിളറിയ കണ്ണുകളുയര്‍ത്തി, ക്ഷീണിച്ച സ്വരത്തില്‍ അവള്‍ പറഞ്ഞത് വ്യക്തമായി ഓര്‍ക്കുന്നു. അന്നേരം സകീന എവിടെപ്പോയിരുന്നു? ഹോ, ഒന്നും ഓര്‍ക്കാനാവുന്നില്ല. അവളെപ്പറ്റിയായിരുന്നല്ലോ ഭാര്യ അവസാനം തന്നോട് സംസാരിച്ചത്, “എന്നെക്കുറിച്ച് ഇനി ചിന്തിക്കേണ്ട, സകീനയെയും കൂട്ടി വേഗം ഇവിടന്ന്  പൊയ്ക്കൊള്ളൂ. ഏതെങ്കിലും നല്ല സ്ഥലത്തേക്ക്…”

വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ സകീന അയാളുടെ കൂടെത്തന്നെയുണ്ടായിരുന്നു.  നഗ്നപാദരായി ഓടുകയായിരുന്നു ഇരുവരും. ഓട്ടത്തില്‍ സകീനയുടെ തട്ടം നിലത്തു വീണു. അതെടുക്കാന്‍ വേണ്ടി അയാള്‍ നിന്നു. അവള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു, “ഉപ്പാ വേണ്ട, അതെടുക്കേണ്ട” അപ്പോഴേക്കും അയാള്‍ അത് കുനിഞ്ഞെടുത്തു കഴിഞ്ഞിരുന്നു. സിറാജുദ്ദീന്‍ വീര്‍ത്ത് നില്‍ക്കുന്ന കോട്ടിന്‍റെ കീശയിലേക്ക് നോക്കി. കൈ കടത്തി ഒരു തുണി പുറത്തെടുത്തു‏ സകീനിയുടെ തട്ടം. പക്ഷേ, അവളെവിടെ?

സിറാജുദ്ദീന്‍ ഒന്നുകൂടി ഓര്‍മകളില്‍ ചികഞ്ഞു. അവള്‍ സ്റ്റേഷനില്‍ തന്‍റെ കൂടെ ഉണ്ടായിരുന്നോ? വണ്ടിയില്‍ കയറിയിരുന്നോ? കലാപകാരികള്‍ വണ്ടിയില്‍ കയറിയിരുന്നു. വൃദ്ധനും പരിക്ഷീണനുമായിരുന്ന അയാള്‍, എപ്പോഴാണെന്നറിയില്ല, ബോധരഹിതനായിക്കഴിഞ്ഞിരുന്നു. ആ സമയത്ത് സകീനയെ അവര്‍ അപഹരിച്ചതാകുമോ? 

സിറാജുദ്ദീന്‍റെ തലക്കകത്ത് സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും കൂടിക്കലര്‍ന്ന് ഉത്തരങ്ങളില്ലാത്ത നൂറുകൂട്ടം ചോദ്യങ്ങളെ സൃഷ്ടിച്ചെടുത്തു. അയാള്‍ക്ക് വേണ്ടത് സഹാനുഭൂതിയാണ്. എന്നാല്‍, ചുറ്റുമുള്ളവരെല്ലാം അത്തരമൊരവസ്ഥയില്‍ തന്നെയായിരുന്നു; ഒരു പക്ഷേ, അയാളെക്കാള്‍ കൂടുതല്‍. അയാള്‍ കരയാനാഗ്രഹിച്ചു. കണ്ണുകള്‍ സഹായത്തിനെത്തിയില്ല. കണ്ണുനീര്‍ എങ്ങോട്ടു വലിഞ്ഞോ ആവോ.

ആറ് ദിവസങ്ങള്‍ കഴിഞ്ഞു. മനസ്സ് ഒരു വിധം ശാന്തമായി. തന്നെ സഹായിക്കാന്‍ തയ്യാറായ ഒരു സംഘത്തെ സിറാജുദ്ദീന്‍ അന്ന് കണ്ടുമുട്ടി. എട്ടു ചെറുപ്പക്കാര്‍, അവര്‍ക്ക് ലോറിയുണ്ടായിരുന്നു, കയ്യില്‍ തോക്കുകളുണ്ടായിരുന്നു. സിറാജുദ്ദീന്‍ അവര്‍ക്കു വേണ്ടി ആയിരം പ്രാര്‍ഥനാ മന്ത്രങ്ങളുരുവിട്ടു. സകീനയെ കണ്ടുപിടിക്കാനുള്ള അടയാളങ്ങള്‍ പറഞ്ഞു കൊടുത്തു. വെളുത്ത നിറം, വളരെ വളരെ സുന്ദരി, എന്നെപ്പോലെയല്ല, അവളുടെ ഉമ്മയെപ്പോലെ. പതിനേഴിനോടടുത്ത് പ്രായം, വലിയ കണ്ണുകള്‍, വലതു കവിളില്‍ ഒരു കറുത്ത പുള്ളി, എന്‍റെ ഒരേയൊരു മോളാണവള്‍. പോയി വരിന്‍ മക്കളേ. പടച്ചോന്‍ നന്മവരുത്തും. 

ആ നല്ല ചെറുപ്പക്കാര്‍ അയാള്‍ക്ക് എല്ലാ സഹായവും ഉറപ്പു നല്‍കി, “നിങ്ങളുടെ മോള്‍ ഈ ലോകത്തെവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഉള്ളേടത്ത് പോയി തെരഞ്ഞു പിടിച്ച് അവളെ ഞങ്ങള്‍ നിങ്ങളുടെ മുമ്പിലെത്തിച്ചിരിക്കും.”

എട്ടുപേരും തെരച്ചിലാരംഭിച്ചു. ജീവന്‍ പണയം വെച്ചാണ് അമൃത്സര്‍ വരെ അവര്‍ പോയത്. നിരവധി സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും കണ്ടെത്തി അവര്‍ സുരക്ഷിതമായ സ്ഥലങ്ങളിലെത്തിച്ചു. എന്നാല്‍ പത്തു ദിവസത്തെ തെരച്ചിലില്‍ സകീനയെ മാത്രം കണ്ടെത്താനായില്ല. ഇനിയവളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷ തന്നെ അവര്‍ കൈവിട്ടിരുന്നു. 

ഒരു ദിവസം തങ്ങളുടെ ദൌത്യനിര്‍വഹണത്തിനായി ലാഹോറില്‍ നിന്ന് ലോറിയില്‍  അമൃത്സറിലേക്ക് പോവുകയായിരുന്നു ചെറുപ്പക്കാര്‍. ഛേഹര്‍ട്ടക്കടുത്ത് അവര്‍ ഒരു പെണ്‍കുട്ടിയെ കണ്ടു. ലോറിയുടെ ശബ്ദം കേട്ടതും അവള്‍ എഴുന്നേറ്റോടാന്‍ തുടങ്ങി. വണ്ടി നിര്‍ത്തിയിട്ട് ചെറുപ്പക്കാരെല്ലാം അവളുടെ പിറകെയും. വയലില്‍ വെച്ച് അവര്‍ അവളെ പിടികൂടി. അവള്‍ വളരെ വളരെ സുന്ദരിയായിരുന്നു. അവളുടെ വലതു കവിളില്‍ കറുത്ത വലിയൊരു പുള്ളിയുണ്ടായിരുന്നു. 

“പേടിക്കേണ്ട” അവരിലൊരാള്‍ സമാശ്വസിപ്പിച്ചു “സകീനയെന്നാണോ പേര്?”

അവളുടെ മുഖം കൂടുതല്‍ ചുവന്നു. മറുപടിയായി ഒരക്ഷരമുരിയാടാതെ ചെറുപ്പക്കാരന്‍റെ കണ്ണുകളിലേക്കവള്‍ തുറിച്ചു നോക്കി. എല്ലാവരും ചേര്‍ന്നവളെ സമാശ്വസിപ്പിച്ചു. അവര്‍ സിറാജുദ്ദീനെ കണ്ട കാര്യം പറഞ്ഞു, അയാള്‍ക്ക് നല്‍കിയ വാഗ്ദാനത്തെയും തങ്ങള്‍ നടത്തിയ സാഹസികമായ തെരച്ചിലിനെയും പറ്റി പറഞ്ഞു. അവസാനം താന്‍ സിറാജുദ്ദീന്‍റെ മകള്‍ സകീനയാണെന്ന് അവള്‍ സമ്മതിച്ചു. 

എട്ടു ചെറുപ്പക്കാരും മത്സരിച്ചാണ് അവളുടെ പരിചരണത്തില്‍ ശ്രദ്ധിച്ചത്. അവര്‍ അവളെ ഭക്ഷണം കഴിപ്പിച്ചു, പാല് കുടിപ്പിച്ചു, പിന്നെ ലോറിയില്‍ കയറ്റിയിരുത്തി. ഇതിന് മുമ്പെങ്ങും അവള്‍ മാറത്ത് തട്ടമിടാതെ പുറത്തിറങ്ങിയിട്ടില്ല. കൈ മാറത്ത് വെച്ചു കൊണ്ടുള്ള നിറുത്തം അവളുടെ നാണം വര്‍ധിപ്പിച്ചതേയുള്ളൂ. ചെറുപ്പക്കാരിലൊരാള്‍ കോട്ടൂരി സക്കീനക്കു നീട്ടി.

ചെറുപ്പക്കാരെ യാത്രയാക്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും സിറാജുദ്ദീന് മകളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പകല്‍ മുഴുവന്‍ അഭയാര്‍ഥി ക്യാംപുകളിലും ഓഫീസുകളിലും കയറിയിറങ്ങി. ആര്‍ക്കും അയാളുടെ മകളെക്കുറിച്ച് ഒരു വിവരവും നല്‍കാനായില്ല. രാത്രി മുഴുവന്‍ ജീവന്‍ പണയം വെച്ച് തന്‍റെ മകളെ തെരഞ്ഞുപോയ ചെറുപ്പക്കാര്‍ക്കു വേണ്ടി അയാള്‍ പ്രാര്‍ഥിച്ചു. സകീന ദുനിയാവിന്‍റെ കോണിലെവിയുണ്ടെങ്കിലുമുണ്ടെങ്കില്‍ തെരഞ്ഞു പിടിച്ച് കൊണ്ടു വരുമെന്ന് അവര്‍ വാക്കു നല്‍കിയുട്ടണ്ടല്ലോ. 

ക്യാംപിന്‍റെ മുമ്പിലിരിക്കുകയായിരുന്ന സിറാജുദ്ദീന്‍ ഒരു ദിവസം ആ ചെറുപ്പക്കാരെ കണ്ടു. ലോറിയിലിരുന്ന് പൊട്ടിച്ചിരിക്കുകയും പരസ്പരം കളിയാക്കുകയും ചെയ്യുന്നുണ്ടായിരുന്നു അവര്‍. സിറാജുദ്ദീന്‍ ഓടി അവര്‍ക്കരികിലെത്തി. അവരിലൊരാളോടയാള്‍ ഉറക്കെ വിളിച്ചു ചോദിച്ചു, “മോനേ, ന്‍റെ മോളെവിടെ? ന്‍റെ സകീനയെക്കുറിച്ച് വല്ല വിവരോം കിട്ട്യോ? "

“ഉടനെ കണ്ടുപിടിക്കും അമ്മാവാ, ഉടനെ...”

“വണ്ടി വിട്… വണ്ടി വിട്…” ചെറുപ്പക്കാര്‍ ഒറ്റ സ്വരത്തില്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി. ലോറി കണ്‍മുമ്പില്‍ നിന്ന് മറയുന്നതു വരെ അയാള്‍ അവിടെത്തന്നെ നിന്നു.  ചെറുപ്പക്കാര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ട് അയാള്‍ അവിടെ നിന്ന് പോന്നു.

വീണ്ടും രണ്ടു ദിവസങ്ങള്‍ കൂടി.

ക്യാംപില്‍ അസ്തമയ സൂര്യനെ നോക്കിയിരിക്കുകയായിരുന്നു സിറാജുദ്ദീന്‍. കുറച്ചകലെ  ബഹളം കേട്ട് അയാള്‍ തിരിഞ്ഞു നോക്കി. നാലഞ്ചു പേര്‍ എന്തോ പൊക്കിയെടുത്തു കൊണ്ടു വരുന്നു. റെയ്ല്‍ പാളത്തിനടുത്ത് ബോധരഹിതയായിക്കിടക്കുന്ന പെണ്‍കുട്ടിയെ ജനങ്ങള്‍ പൊക്കിയെടുത്തു വരികയാണെന്ന് അന്വേഷണത്തില്‍ മനസ്സിലായി. സിറാജുദ്ദീന്‍റെ മനസ്സില്‍ മകളെക്കുറിച്ചുള്ള ഓര്‍മ്മ തികട്ടി വന്നു. അയാള്‍ അവര്‍ക്ക് പിറകെ പതുങ്ങി നടന്നു. പെണ്‍കുട്ടിയെ ക്യാംപിനകത്തെ ആശുപത്രിയിലാക്കി അവര്‍ തിരിച്ചു പോയി. അയാള്‍ ആശുപത്രിക്കടുത്ത് നാട്ടിയ മരക്കാലില്‍ ചാരി കുറേ നേരം നിന്നു. ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ പതുക്കെ ആ മുറിയില്‍ കയറി. അവിടെ ആരുമുണ്ടായിരുന്നില്ല. സ്ട്രച്ചറില്‍ അനക്കമില്ലാത്ത ഒരു ജഢം മാത്രം. അറച്ചറച്ചയാള്‍ അതിനടുത്തെത്തി. പെട്ടെന്ന് മുറിയില്‍ പ്രകാശം പരന്നു. സിറാജുദ്ദീന്‍ സ്ട്രച്ചറില്‍ കിടക്കുന്ന രൂപത്തിലേക്ക് നോക്കി. അരുണിമയാര്‍ന്ന ‏ വലതു കവിളില്‍ കറുത്ത പുള്ളി. അയാള്‍  ഉറക്കെ വിളിച്ചു, “സകീനാ..!”

“എന്താണ് നിങ്ങള്‍ക്ക് വേണ്ടത്?” ലൈറ്റ് ഓണ്‍ചെയ്ത് മുറിയില്‍ പ്രവേശിച്ച ഡോക്ടര്‍ ചോദിച്ചു.

“അതേ, അതേ.. ഞാന്‍ ഇവളുടെ ബാപ്പയാണ്.”

ഡോക്ടര്‍ സ്ട്രച്ചറില്‍ കിടന്ന ജഢത്തെ നോക്കി.

“ആ ജനലിന്‍റെ കൊളുത്തൊന്നഴിക്കൂ”, മിഴിച്ചു നില്‍ക്കുന്ന സിറാജുദ്ദീനെ നോക്കി ഡോക്ടര്‍ സ്വരമുയര്‍ത്തി, “അതേ, വെളിച്ചം വരട്ടെ, അതൊന്നഴിക്കൂ”

അവസാനത്തെ വാക്ക് ഡോക്ടറുടെ നാക്കില്‍ നിന്ന് പുറത്തു വന്നതും സകീനയുടെ ശരീരത്തില്‍ അനക്കമുണ്ടായി. അനിച്ഛാ പ്രേരണയില്‍ അവളുടെ കൈകള്‍, ചരടഴിച്ച് തുടകള്‍ നഗ്നമാക്കി ഷെല്‍വാര്‍ താഴെയിറക്കി.

സിറാജുദ്ദീന്‍ തുള്ളിച്ചാടി. അയാള്‍ കഴിയാവുന്നത്ര ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു, “ജീവനുണ്ട്.. ന്‍റെ മോള്‍ക്ക് ജീവനുണ്ട്.”

ഡോക്ടര്‍ അടിമുടി വിയര്‍പ്പില്‍ മുങ്ങി 

അനുബന്ധ പോസ്റ്റുകള്‍:
ടോബാ ടേക് സിങ്: ഒരു സ്വാതന്ത്യ്രദിന സമ്മാനം
ഇസ്മത് ചുഗ്തായിയുടെ ഒരു കഥ
അന്ന് ജനങ്ങള്‍ക്കെല്ലാം ഭ്രാന്ത് പിടിച്ചിരുന്നു


44 comments:

 1. അഭിനന്ദനങ്ങള്‍ ആരിഫ് ഭായി
  ഒരു നല്ല കഥവായിച്ചു,
  ഇനിയും വരട്ടെ ഇത്തരം നല്ല കഥകള്‍
  ആശംസകള്‍

  ReplyDelete
 2. അതെ ആരിഫ്, ഒ വി വിജയന്റെ പ്രവാചകന്റെ വഴിയിലെ ആ ഭാഗം ഇപ്പോഴും ഓര്‍മ്മയുണ്ട്. എങ്ങനെയാണത് മറക്കാനാവുക. ബംഗ്ലാദേശ് യുദ്ധത്തെക്കുറിച്ച് അടുത്തിടെ പുറത്തിറങ്ങിയ ചില പുസ്തകങ്ങളുടെ റിവ്യൂ വായിച്ചു. അതിലൊന്ന് ഇന്ന് വാങ്ങുകയും ചെയ്തു. അറിയപ്പെടാതെ കിടയ്ക്കുന്ന ഒട്ടേറെക്കാര്യങ്ങള്‍ അതിലുണ്ട്. താങ്കളുടെ പാപത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്. ഇത് പോസ്റ്റ് ചെയ്തതിന് നന്ദി.

  ReplyDelete
 3. ഈ കഥ കേരള നിയമസഭയില്‍ കൊടുങ്കാറ്റുയര്‍ത്തിയിരുന്നു .ശിവദാസന്‍ നായര്‍ എന്നാ എം.എല്‍ .എ .എന്തിനും വഴങ്ങുന്നവള്‍ എന്നാ അര്‍ത്ഥത്തില്‍ ഈ കഥ ഉദാഹരിച്ചു പറഞ്ഞത് സഭ സ്തംഭിപ്പിക്കാന്‍ ഇടയാക്കി ,അതിനു ശേഷം കലാകൌമുദി വാരികയില്‍ ഇത് പ്രസിദ്ധീകരിച്ചു വന്നതും ഓര്‍ക്കുന്നു .താങ്കള്‍ ആണോ ഇത് വിവര്‍ത്തനം ചെയ്തത് ?വല്ലാതെ ചോര മരവിപ്പിക്കുന്ന ഒരു കഥ ഒട്ടും ചോരാതെ ...

  ReplyDelete
 4. ഒരു നല്ല കഥവായിച്ചു
  അഭിനന്ദനങ്ങള്‍

  ReplyDelete
 5. വായിച്ചു ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു

  ReplyDelete
 6. വല്ലാത്തൊരു അവസ്ഥ തന്നെ. അതിന്റെ തീഷ്ണത ചോരാതെതന്നെ വിവർത്തനം ചെയ്തിട്ടുണ്ടല്ലെ. അഭിനന്ദനങ്ങൾ ഇക്ക..

  ReplyDelete
 7. മനസ്സില്‍ അസ്വസ്ഥത പടര്‍ത്തിയ വായന...

  ReplyDelete
 8. കഥ വായിച്ചു, വിവര്‍ത്തനം വളരെ നന്നായിട്ടുണ്ട്. താങ്കള്‍ ഇത് ചന്ദ്രികയില്‍ അല്ലാതെ ഈയടുത്ത് എവിടെലും പ്രസിദ്ധികരിച്ചിരുന്നോ?
  കാരണം ഞാനിത് വായിച്ചിട്ടുണ്ട്,മാധ്യമം ആഴ്ചപതിപ്പിലാണോ കലാകൌമുദിയില്‍ ആണോ..? ഓര്‍ത്തെടുക്കാനാവുന്നില്ല എനിക്ക്,
  എവിടുന്നാണീത് ഞാന്‍ വായിച്ചത്...അന്നേ സക്കീന, അവളുടെ പേര്‍ ഞാന്‍ ഓര്‍ക്കുന്നില്ല ,മനസ്സില്‍ വല്ലാതെ നീറ്റലായി ഉണ്ടായിരുന്നു. ആ മോര്‍ച്ചറി രംഗം ഇപ്പോഴും എന്റെ മനസ്സിലുണ്ട്....
  എന്തായാലും വീണ്ടും നല്ല ഒരു കഥ വായിക്കാനായതില്‍ സന്തോഷം, ഇനിയും എഴുതൂ ഇങ്ങനെ...ഇതു പോലുള്ള കഥകള്‍ എഴുതണമെന്നത് എന്റേയും ആഗ്രഹമാണു.


  ഉം ..സിയാഫിന്റെ കമന്റ് കണ്ടപ്പോള്‍ എന്റെ ചോദ്യത്തിനു ഉത്തരമായി.

  ReplyDelete
 9. വല്ലാത്തൊരു അവസ്ഥയിലൂടെ മനസ്സ് കടന്നു പോയ ഒരു കഥ ആരിഫ്‌ ജി നന്ദി

  ReplyDelete
 10. മനസ്സിനെ വേദനിപ്പിക്കുന്ന കഥ ആണെങ്കിലും ഇന്നത്തെ കാലത്ത് നടക്കുന്ന സംഭവങ്ങളും ഇതുപോലുള്ളതൊക്കെ ഉണ്ടല്ലോ ....ഇതിനെ ഒരു കഥ എന്ന് പൂര്‍ണമായും പറയുന്നതിലും നല്ലത് ജീവിതം എന്ന് പറയുന്നതാവും അല്ലെ ആരിഫ്‌ഇക്കാ ...

  ReplyDelete
 11. മനസ്സിനെ മുറിവേല്‍പ്പിക്കുന്ന കഥ ആരിഫ് ഭായ്. ജെഫു പറഞ്ഞപോലെ വിവര്‍ത്തനം തീക്ഷ്ണത ചോരാതെതന്നെ ചെയ്യാന്‍ താങ്കള്‍ക്കായി. അഭിനന്ദനങ്ങള്‍... ഇനിയും പ്രതീക്ഷിക്കുന്നു.

  ReplyDelete
 12. വളരെ വളരെ നല്ല കഥ.. ഇമ്മാതിരി കഥകൾ ഇനിയുമുണ്ടെങ്കിൽ പോസ്റ്റ് ചെയ്യണേ.. :)

  ReplyDelete
 13. ആരിഫ് ജി ... എഴുത്തിന്റെ ശൈലി അഭിനന്ദനാര്‍ഹം ....
  ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്തു എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല . വായനക്കാരന്റെ നെഞ്ചിലേക്കൊരു പിടി കനല്‍ ഊതി തീ പടര്ത്തുമ്പോള്‍ വൃദ്ധന്‍ ചിരിക്കുന്നു ... ആ ചിരി കത്തുന്ന തീയിനു വന്യമായ ഒരു നിറം പകര്‍ന്നു നല്‍കുന്നു.
  ഈ ബ്ലോഗ്ഗില്‍ നിന്നും ഇനിയും ഞാന്‍ ഒരു പാട് പ്രതീക്ഷിക്കുന്നു . അത് തരാന്‍ അങ്ങേക്ക് സാധിക്കട്ടെ ... ആശംസകള്‍

  ReplyDelete
 14. ഞാനും പ്രാര്‍ത്ഥിച്ചു തുടങ്ങിയതായിരുന്നു- ആ ചെറുപ്പക്കാര്‍ക്ക് വേണ്ടി!! പക്ഷേ... മനസ്സിലെരിയുന്ന കനലടങ്ങാതെ എന്തെങ്കിലും കുത്തിക്കുറിക്കാനാവുന്നില്ല. ഒരു കഥ വായിച്ച പ്രതീതിയൊന്നും തോന്നുന്നില്ല. ഒരു മരവിപ്പ്. സകീനയെ മുന്നിലൂടെ വലിച്ചുകൊണ്ടുപോയമാതിരി! കലാപചിത്രങ്ങളെ ഇങ്ങനെയൊക്കെ നോക്കിക്കാണുമ്പോള്‍ കണ്ണുനിറയാതിരിക്കില്ല.

  പണ്ടു ചെയ്ത "പാപങ്ങള്‍" പൊടിതട്ടിയെടുക്കുന്നത് നല്ലത് തന്നെ. അച്ചടിക്കടലാസുകളെപ്പോലെ ചിതല്‍ തിന്നു പോവില്ലല്ലോ ഈയെഴുത്ത്. ഇനിയും പാപങ്ങള്‍ ചെയ്യാന്‍ മിനക്കെടൂ. ഞങ്ങളൊക്കെ ഒന്നാസ്വദിക്കട്ടെ!

  ReplyDelete
 15. ചോര കട്ടിയാക്കുംവിധം പറഞ്ഞല്ലോ ഭായ്‌.


  (ഫോണ്ട് അല്പം വലുതാക്കൂ ആരിഫ്ക്കാ.
  നല്ലൊരു കഥ വായിച്ചാലെന്താ എന്റെ കണ്ണിന്റെ ഫ്യൂസ് പോയിക്കിട്ടിയില്ലേ.!!)

  ReplyDelete
 16. അഴിക്കൂ എന്ന് തന്നെ വേണം. ഗുട്ടന്‍സ് പിടി കിട്ടി. നല്ലൊരു കഥ. അബോധ മനസ്സിലും ആ കുട്ടി യാന്ത്രികമായി ചെയ്തത് അവള്‍ അനുഭവിച്ച തീവ്രാനുഭവങ്ങളുടെ അനുരണനം തന്നെ ആയിരിക്കും അല്ലെ. വല്ലാത്തൊരു ലോകം.

  ReplyDelete
 17. വല്ലാത്ത ഒരു അവസ്ഥ..ഭീകരത മനസ്സില്‍ ആഴ്ന്നിറങ്ങുന്നു..

  ReplyDelete
 18. ഇക്കാ ...ഒരായിരം ആശംസകള്‍ ശെരിക്കും ..സഞ്ചരിക്കുക ആയിരുന്നു ....ആ ഉപ്പയോടൊപ്പം ...ഇനിയും വിവര്‍ത്തനം ചെയ്യണം .വൈകാരിക തയുടെ തീക്ഷണത ഒട്ടും കുറയാതെ തന്നെ ..വിവര്‍ത്തനം ചെയ്യാ പ്പെട്ടിട്ടുണ്ട് ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 19. അഭിനന്ദനങ്ങള്‍ ആരിഫ് ഭായി
  ഒരു നല്ല കഥവായിച്ചു,

  ഉപ്പയുടെ കൂടെ സഞ്ചരിച്ചു കൊണ്ട് വായിച്ചു...
  വല്ലാത്തൊരു അവസ്ഥ...

  ReplyDelete
 20. അനുബന്ധ കഥകൾ ഞാൻ പിന്നീട് വായിക്കാൻ വേണ്ടി വച്ചു. ഉറപ്പില്ല, ചിലപ്പോൾ ഇപ്പോൾ തന്നെ. പക്ഷെ നല്ലൊരു ശുഭകരമായ രീതിയിൽ അവസാനിപ്പിക്കാനൊരു സാധ്യതയുണ്ടായിരുന്നു. പക്ഷെ എഴുത്തുകാരുടെ ഒരു പ്രത്യേക രീതി കാരണം അത് അവിടെനിന്നും ഒരു ട്രാജഡിയിലേക്ക് നീങ്ങുകയാണ്. എന്തായാലും മനസ്സിൽ തട്ടിയ കഥ.

  ReplyDelete
 21. ഒട്ടും ശക്തി ചോരാതെ വിവർത്തനം ചെയ്തിരിക്കുന്നു.. ചന്ദ്രിക ആഴ്ചപതിപ്പിലും മറ്റും വായിക്കാൻ പ്പറ്റിയില്ല.. ഇവിടെ പോസ്റ്റി അവസരം തന്നതിന് വളരെ നന്ദി ആരിഫ് ജി..

  ആശംസകളോടെ..!!

  ReplyDelete
 22. ആരിഫ്‌,

  വളരെ ഹൃദയസ്പര്‍ശിയായി എഴുതി. മനസ്സില്‍ നന്നേ സ്പര്‍ശിച്ചു.
  കഥ അവസാനിപ്പിച്ച വിധമാണ്‌ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്‌.

  ആശംസകള്‍

  ReplyDelete
 23. വിവര്‍ത്തനം മൂല കൃതിയോടു നീതി പുലര്‍ത്തി എന്നു വ്യക്തം. വികാര തീവ്രത ഒട്ടും ചോര്‍ന്നു പോകാതെ അവതരിപ്പിക്കാനായത് താങ്കളുടെ ഭാഷാ നൈപുണ്യം കൊണ്ട് തന്നെ. സകീന മനസ്സില്‍ നൊമ്പരമായി.

  ReplyDelete
 24. നല്ല കഥ ,ഇനിയും എഴുതുക

  ReplyDelete
 25. nannayittundu.......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.............

  ReplyDelete
 26. കഥ മനസ്സിലേക്കിട്ടത് ഒരു കനലടുപ്പ്.
  ആവിഷ്കാരം ഇത്ര വളരെ ഹൃദയസ്പര്‍ശിയായതില്‍ താങ്കളുടെ ഭാഷ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
  സമയലഭ്യതക്കനുസരിച്ച് മറ്റു സൃഷ്ടികളും വായിക്കുന്നുണ്ട്.എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 27. എന്തൊക്കെയോ അസസ്ത്വതകള്‍ .....ഹൃദയസ്പര്‍ശിയായി പറഞ്ഞു
  അഭിനന്ദനങ്ങള്‍ ആരിഫ് ഭായി

  ReplyDelete
 28. ഖോൽ ദോ എന്ന പ്രയോഗം, അഴിയ്ക്കൂ എന്ന് സസ്പെൻസ് ഒട്ടും കളയാതെ പകർത്തിയതാണു ആരിഫ്ജിയുടെ വിജയം.

  So touching!

  ReplyDelete
 29. വളരെയേറെ ഹൃദയ സ്പര്‍ശിയായ കഥ.. ..

  ReplyDelete
 30. ഈ കഥ മുന്നെ വായിച്ചിട്ടുണ്ട്. ബ്ലോഗില്‍ നിന്നാണോ എന്ന് ഓര്‍മ്മയില്ല..
  അവസാനം പിതാവ് സന്തോഷം കൊള്ളുന്ന രംഗം അതിലില്ലായിരുന്നു.

  താങ്കളുടെ കഥ പ്രസിദ്ധീകരിച്ചത് വായിച്ചതാവാം..

  ഹൃദയം കീറിമുറിക്കുന്ന കഥ

  ReplyDelete
 31. സാദത്ത് ഹസന്‍ മണ്ടോയെ പരിചയപ്പെടുത്തിയതിനു നന്ദി .ഖോള്‍ ദോ വായിച്ചു! ഖോല്‍ ദോ യുടെ അര്‍ഥം സക്കീന യില്‍ ഉണ്ടാക്കിയ ചലനം ഒട്ടേറെ നൊമ്പരപ്പെടുത്തി! സിരാജുദീന്‍ എന്നാ പിതാവ് തന്നെയാണ് ഒട്ടു വര്‍ഷങ്ങള്‍ക്കു മുന്നില്‍ പത്ര താളുകളിലൂടെ നമുക്ക് മുന്നില്‍ വന്ന കൃഷ്ണപ്രിയയുടെ പിതാവും ! മഹാ നദിയിലെ കമലഹാസന്‍ കൈകാര്യം ചെയ്ത പിതാവിന്റെ റോളും ഒക്കെ! വായന സുഖമുള്ള വിവര്‍ത്തനത്തിനു നന്ദി !

  ReplyDelete
 32. ഫൈനല്‍ സെക്ക്ന്റിഹയറില്‍ വെചു ഈ കഥ കേട്ട ഓര്മക ഇപ്പോലും മനസ്സിലുണ്ട് . അടുത്ത കാലത്തും ഈ കഥയുടെ സാരം കൂട്ടുകാരോടും ഷെയര്‍ചെയ്തിരുന്നു. ഇപ്പോല്‍ ഒന്നു കൂടി വായിക്കാന്‍ കഴിഞ്ഞു. പെരുത്തു സന്തോഷമായി. രാമുവിന്റെയ കഥ അടുത്തു തന്നെ പ്രതീക്ഷിക്കം അല്ലേ.

  ReplyDelete
 33. കള്ള കുഫ്‌രീങ്ങളാണല്ലോ ആ ചെറുപ്പക്കാര്‍.. രക്ഷപ്പെടുത്താന്‍ പോയി കണ്‌ട്‌ പിടിച്ച്‌ വളര്‍ത്തി നശിപ്പിച്ച്‌ തീവണ്‌ടി പാളത്തിലെറിഞ്ഞുവല്ലേ? ഏതായാലും സക്കീന മരിച്ചില്ലല്ലോ ? നേരിയ ജീവന്‌റെ തുടിപ്പുണ്‌ടല്ലോ ? ഈ വിവര്‍ത്തനം വളരെ നന്നായി, കഥ പെട്ടെന്ന് നിന്ന് പോയ ഒരു പ്രതീതിയുണ്‌ടായല്ലോ ആരിഫ്ക്ക... ഞാന്‍ ഇനിയും വരികളുണ്‌ടാവുമെന്ന് കരുതി പക്ഷെ അപ്പോഴേക്കും തീര്‍ന്നുപോയി. അഭിനന്ദനങ്ങള്‍ ! ആശംസകള്‍ !

  ReplyDelete
 34. ഇത് വായിച്ചിട്ടുണ്ട് , കലാകൌമുദിയിലും വായിച്ചിരുന്നു, അതിനു മുൻപ് ഇംഗ്ലീഷിലും..നല്ലൊരു തർജ്ജമക്കാരൻ തന്നെയാണെന്ന് വ്യക്തമായി.

  ReplyDelete
 35. മനസ്സില്‍ കനല്‍ കോരിയിട്ട വായനാനുഭവം.നെഞ്ചില്‍ ഒരു ഭാരം അനുഭവപ്പെടുന്നു.മനസ്സിന്റെ ഇനിയും വിറയല്‍ അടങ്ങുന്നില്ല ആരിഫ്‌ക്കാ.. നല്ല തര്‍ജ്ജമ.. നന്ദി.. സാദത്ത്‌ ഹസന്‍ മന്‍ടോയെ പരിചയപ്പെടുത്തി തന്നതിന്..

  ReplyDelete
 36. എനിക്കറിയേണ്ട ഒരേയൊരു കാര്യം ആ പുരാരേഖകളെ കുറിച്ച് മാത്രമാണ്. എവിടെ?

  ReplyDelete
 37. ഭീഷ്മ സാഹ്നിയുടെ തമസ്സ് മുമ്പൊരിക്കല്‍ വായിച്ചത് ഓര്‍ക്കുന്നു....

  വിഭജനത്തിന്റെ മുറിവുകള്‍ രേഖപ്പെടുത്തിയ സര്‍ഗസൃഷ്ടികള്‍ ഏറെയും എഴുതപ്പെട്ടത് ഹിന്ദി ഉര്‍ദു ഭാഷകളിലാണെന്നാണ് എന്റെ പരിമിതമായ അറിവ്... ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ടതുണ്ട് ആ കാലഘട്ടവും ഒരു ജനത കടന്നു പോന്ന ദുരിതപര്‍വ്വങ്ങളും.... പണ്ഡിതന്മാര്‍ക്ക് മാത്രം പ്രാപ്യമായ ചരിത്രപുസ്തകങ്ങള്‍ പരതുന്നതിലും മറ്റും താല്‍പ്പര്യം കുറവായ സാധാരണക്കാര്‍ക്ക് മുന്നില്‍ സര്‍ഗത്മകരചനകളിലൂടെ സാഹിത്യകാരന്മാര്‍ക്ക് ആ കാലഘട്ടം അനാവരണം ചെയ്യാനാവുന്നു...

  സര്‍ഗാത്മകരചനകളിലെ ഫിക്ഷന്റെയും എത്രയോ അപ്പുറത്തായിരുന്നു വിഭജന കാലത്തെ ദുരിതങ്ങള്‍... അവ അടയാളപ്പെടുത്തിയ സൃഷ്ടികള്‍ ഓരോ ഭാരതീയന്റെ മനസ്സിലും ആഴത്തില്‍ അടയാളപ്പെടുത്തേണ്ടതും ജീവിതവീക്ഷണത്തിലും രാഷ്ട്രീയ ബോധത്തിലും സ്വാധീനം ചെലുത്തേണ്ടതുമുണ്ട്...

  വിഭജനകാലം അടയാളപ്പെടുത്തിയ രചനകള്‍ ഭാരതീയ ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെടേണ്ടതും വായിക്കപ്പെടേണ്ടതുമാണ്... ആരിഫ് സാറിന്റെ ഉദ്യമം അഭിനന്ദനീയമാണ്.... ഇരു ഭാഷകളിലൂമുള്ള തികഞ്ഞ പാണ്ഡിത്യവും സര്‍ഗാത്മകമായ ഒരു മനോനിലയും കൈവ്വശമുള്ള ആരിഫ് സാര്‍ ഈ കൃതി അതിന്റെ തനിമ ഒട്ടും ചോര്‍ന്നു പോവാതെ തര്‍ജമ ചെയ്തിരിക്കുന്നു..

  താങ്കളുടെ മുന്‍ തര്‍ജമകളും വായിച്ചിരുന്നു.... ഉര്‍ദു സാഹിത്യത്തിന്റെ മുത്തുകളും രത്നങ്ങളും പെറുക്കി മലയാണ്മക്കു നല്‍കുവാനുള്ള താങ്കളുടെ ഉദ്യമങ്ങള്‍ തുടരുക...

  ReplyDelete
 38. വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി... ഗംഭീരന്‍ ക്ലൈമാക്സ്‌ .... കഥാപശ്ചാത്തലം കൂടി കണക്കിലെടുക്കുമ്പോള്‍ കഥ ഇന്നും പ്രസക്തമാവുന്നു... ഇന്നും ഇതൊക്കെ നടക്കുന്നില്ലേ..... :-(

  ReplyDelete
 39. ഹൃദയസ്പര്‍ശിയായ കഥ.. ആ കഥയുടെ ഫീല്‍ ഒട്ടും നഷ്ടപ്പെടാതെ വായനക്കാരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് വലിയൊരു കഴിവാണ്.. ആശംസകള്‍

  ReplyDelete
 40. ഈ നല്ല കഥ ഇവിടെ വിവര്‍ത്തനം ചെയ്തതിനു നന്ദി.
  വിഭജന കാലത്തെ കഥയാണല്ലേ.
  നമ്മളെല്ലാം ഭാഗ്യം ചെയ്തവരാണ്.ഒരു യുദ്ധമോ,ലഹളലയോ ഒന്നും അനുഭവിക്കാതെ സ്വാതന്ത്ര്യം അനുഭവിക്കുനവര്‍.എത്രയോ സക്കീനമാരും സിറാജുദ്ദീന്‍ന്മാരും ഈ ലഹളയില്‍ അനുഭവിച്ചു കാണും...

  ReplyDelete
 41. അതിമനോഹരമായ കഥ..ഇത് പങ്കു വച്ചതിനു അഭിനന്ദനങ്ങള്‍...

  ReplyDelete
 42. വിവർത്തനം നന്നായിരിക്കുന്നു.

  ReplyDelete
 43. മനസ്സില്‍ വേദനയുടെ തീയമ്പുകള്‍ അവശേഷിപ്പിച്ച കഥ .മനോഹരമായി വിവര്‍ത്തനം ചെയ്തു ഇക്കാ.മൂല കൃതിയുടെ ആതമാവ്‌ ചോര്‍ന്നു പോകാത്ത രീതിയില്‍ തന്നെ .ഉര്‍ദുസാഹിത്യത്തിലെ അപരിചിതമായിരുന്ന മനോഹര കഥകള്‍ പരിചയപ്പെടുത്തിയതിനു നന്ദി അരിഫ്ക്കാ.വിഭജന കാലത്ത് ഇതുപോലെ അനുഭവങ്ങള്‍ ഉണ്ടായിടുള്ള എത്രപേര്‍ കാണും ?അറിയപ്പെടാതെ പോയ എത്രയോ ജന്മങ്ങളുടെ വ്യഥകളുടെ കഥ ഇഷ്ടമായീ ഏറെ

  ReplyDelete