പേജുകള്‍‌

09 June, 2011

ഒന്നു മനസ്സുവെച്ചാല്‍ നിങ്ങള്‍ക്കും അത്ഭുതങ്ങള്‍ സൃഷ്ടിക്കാം‘രണ്ടായിരത്തൊന്ന് വേനല്‍ക്കാലം. കൃത്യമായിപ്പറഞ്ഞാല്‍…’

‘വേണ്ട, അത്ര കൃത്യമായി അറിയണമെന്നില്ല, കഥയല്ലേ?’

കഥപറച്ചില്‍ തുടരുകയാണ്. അതിവിദഗ്ധനായ ഒരു കവുങ്ങു കയറ്റക്കാരനെപ്പോലെയാണിയാള്‍, ഒരു കഥ അവസാനിക്കുമ്പോള്‍ അതിന്‍റെ ശിഖരം ആട്ടിയാട്ടി അടുത്ത കഥയിലേക്കൊരൊറ്റച്ചാട്ടം.

‘കേള്‍ക്കാന്‍ തയ്യാറാണല്ലോ അല്ലേ?’

‘റെഡി. പക്ഷേ, ചോദ്യങ്ങളുണ്ടാകും. പിന്നെ കഥയില്‍ ചോദ്യമില്ല എന്ന ‘ഞായം’ പറയരുത്.’

‘ആയിക്കോട്ടെ, നിലവാരം വേണമെന്ന് മാത്രം.’

അമ്പൊടുങ്ങാത്ത ആവനാഴി പോലെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളുടെ വറ്റാത്ത ഉറവയാണീ ചങ്ങാതി. കേള്‍ക്കാന്‍ നല്ല രസമാണ്. ആകാശത്തിനു തുള വീണതു പോലെ മഴ പെയ്യുന്ന ഈ സായങ്കാലത്തെ മഴക്കുളിരില്‍ ഒരു കഥ എന്തു കൊണ്ടും നന്ന്.

പുരാതനമായ ഒരുത്തരേന്ത്യന്‍ നഗരപ്രാന്തത്തിലൂടെയുള്ള ബസ് യാത്രയെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. നഗരം പുരാതനാമാണ്, നഗരത്തിലെ ബസും പുരാതനമാണ്, ബസിലെ സമ്പ്രദായങ്ങള്‍ അതിപുരാതനം, അതിലെ യാത്രക്കാരിലധികവും പുരാതന മട്ടിലുള്ളവര്‍. ഡ്രൈവറും കണ്ടക്ടറുമെല്ലാം പഴയകാലത്തിന്‍റെ പ്രതിനിധികള്‍… മൂളിയും മുരണ്ടും ബസ് മുമ്പോട്ടു നീങ്ങി. യാത്രക്കാരെല്ലാം കലപില സംസാരിക്കുന്നു. ഇന്നാട്ടുകാര്‍ അങ്ങനെയാണ്, എവിടെയും എപ്പോഴും അവര്‍ ഉറക്കെയേ സംസാരിക്കൂ. കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കുന്നവര്‍ പിന്നീട് നേതാക്കളായി നിയമസഭയിലും പാര്‍ലമെന്‍റ്ലുമെത്തി  ബഹളം കൂട്ടുന്നു.

എന്‍റെ എതിര്‍വശത്ത് കണ്ടക്ടര്‍ ഇരിക്കുന്നു. കേരളത്തിലേതുപോലെ കണ്ടക്ടര്‍ പൈസ പിരിക്കാന്‍ യാത്രക്കാരന്‍റെയടുത്ത് വരില്ല. അവിടത്തെ കണ്ടക്ടരാണ് കണ്ടക്ടര്‍, കേരളത്തിലേത് കണ്ടക്ടന്‍ മാത്രമേ ആകുന്നുള്ളൂ. മാന്യദേഹം ഉപസ്ഥിതനായേടത്ത് യാത്രക്കാരന്‍ എത്തി ടിക്കറ്റെടുത്തിരിക്കണം. യാത്രക്കാരന്‍ വരുന്നു, ടിക്കറ്റെടുക്കുന്നു, സീറ്റില്‍ പോയിരിക്കുന്നു, ശുഭം.

‘സീറ്റില്ലെങ്കിലോ?’

‘കുന്തം. പറഞ്ഞുവല്ലോ, ഇടപെടലുകള്‍ക്ക് നിലവാരം വേണം.’

ഒരു യാത്രക്കാരന്‍മാത്രം കണ്ടക്ടറെവിട്ടു പോകുന്നില്ല. അവര്‍ തമ്മില്‍ ഉറക്കെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അടുത്തിരിക്കുന്നതു കൊണ്ട് അവരുടെ സംസാരം ശ്രദ്ധിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല; ചെവി വട്ടം പിടിച്ചു, അതിനിടെ മറ്റു ചില യാത്രക്കാരും അവിടെയെത്തി.

‘എന്താ? എന്തുണ്ടായി?’

ഞാന്‍ നോക്കി. ഇരുമുഖങ്ങളിലുമായി വികസിച്ചു നില്‍ക്കുന്ന രണ്ട് ജോഡി കൃഷ്ണമണികള്‍ അന്യോന്യം നില്‍ക്കുന്നു. കണ്ടക്ടര്‍ ഒരു മുഷിഞ്ഞ അഞ്ചു രൂപാനോട്ട് വിരലുകള്‍ക്കിടയിലാക്കിപ്പിടിച്ച് കൂടിയിരുന്നവരോടെല്ലാമെന്നപോലെ വിളിച്ചു പറഞ്ഞു (അതും ഉറക്കെതന്നെ), ‘ഈ നോട്ട് ചെലവാകില്ല.’

‘അതുപറയാന്‍ നിങ്ങള്‍ക്കവകാശമില്ല.’ – യാത്രക്കാരന്‍

‘തര്‍ക്കിച്ചു നില്‍ക്കാതെ ഈ നോട്ട് മാറ്റിത്തരൂ. അല്ലെങ്കില്‍ ബസില്‍ നിന്നിറങ്ങിത്തരണം.’

‘രണ്ടിനും നിര്‍വാഹമില്ല.’ – ശബ്ദം മുന്‍ റെക്കോഡുകളെ മുഴുവന്‍ ഭേദിച്ചിരിക്കുന്നു.

‘എങ്കില്‍ വണ്ടി ഇവിടെക്കിടക്കും’ –‏ പറഞ്ഞു നാക്കെടുത്തില്ല കണ്ടക്ടര്‍ തന്‍റെ വിരലില്‍ കോര്‍ത്ത വിസ്ലില്‍ ആഞ്ഞൊരൂത്ത്. വണ്ടി നിന്നു; ബഹളം നിന്നില്ല.

‘എന്തു കൊണ്ട് നിങ്ങളീ നോട്ടെടുക്കുന്നില്ല? എനിക്കിപ്പോള്‍ ഉത്തരം കിട്ടണം.’  അയാള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവാകാനും മതി.

‘ഇതില്‍ എഴുതിയിരിക്കുന്നതെന്താണെന്ന് കണ്ണു തുറന്നൊന്ന് നോക്ക്.’ എന്നിട്ടയാള്‍ നോട്ടിലുണ്ടെന്ന് പറഞ്ഞു ഉറക്കെ വിളിച്ചു പറഞ്ഞു ‘മേം ധാരക് കോ പാഞ്ച് റൂപ്യാ അദാ കര്‍നേ കാ വചന്‍ ദേത്താ ഹൂം’ ഇതിന് അഞ്ച് രൂപയുടെ മൂല്യമുണ്ടെന്ന്

(ഒരുപക്ഷേ, ഇയാള്‍ക്കിതുതന്നെ ഒരു പരിപാടിയായിരിക്കാം അല്ലെങ്കിലെങ്ങനെ ഇത്ര കൃത്യമായി നോട്ടിലെഴുതിയത് അയാള്‍ കാണാപാഠമുരുവിടും?)

‘അപ്പറഞ്ഞത് മുഷിഞ്ഞ നോട്ടിനെക്കുറിച്ചല്ല.’


‘ആരു പറഞ്ഞു? മുഷിഞ്ഞ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ തെളിവ് താ.’

‘എന്തൊക്കെപ്പറഞ്ഞാലും ഈ നോട്ട് ഞാനെടുക്കുന്ന പ്രശ്നമില്ല, ഇറങ്ങിയാട്ടെ.’

‘നിന്നെ ഞാന്‍ കോടതി കയറ്റും, നോക്കിക്കൊ.’- യാത്രക്കാരന്‍റെ ഭീഷണി.

ഹാവൂ, സമാധാനമായി. എവിടെ നിന്നെന്നില്ലാതെ രൂപം കൊണ്ട ഒരു ലഹളയുടെ കരിങ്കാറുകള്‍ ഒഴിഞ്ഞു പോകുന്നു. ഇതിപ്പോള്‍ കോടതി കൊണ്ട് തീരുമല്ലോ. ഉത്തരേന്ത്യയിലുണ്ടാകുന്ന പല ലഹളകളും ഇത്തരം നിസ്സാര പ്രശ്നങ്ങളില്‍ നിന്നാണുണ്ടാകാറുള്ളത് എന്നു കേട്ടിട്ടുണ്ട്.

എവിടെ തീരുന്നു? മറ്റു യാത്രക്കാര്‍ അതങ്ങനെ വിടാന്‍ തീരുമാനിച്ചിട്ടില്ല. രണ്ടു ചേരികളായിത്തിരിഞ്ഞ് ഇരുവരുടെയും വാദങ്ങളിലെ ന്യായാന്യായതകളെക്കുറിച്ച് സംസാരിക്കുകയാണവര്‍ (ഉറക്കെയാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ) അതിനിടെ പുറത്തു നിന്ന് ചിലര്‍ പ്രശ്നത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങി. ഇതോടെ ഒഴിഞ്ഞുപോയ ലഹളയുടെ സാധ്യത പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നു. തിടംവെക്കുന്ന സംസാരം കയ്യാങ്കളിയിലെത്തുന്നതിന്റെ സകല ലക്ഷണങ്ങളുമുണ്ട്. സമയത്തിന് ലക്ഷ്യ സ്ഥാനത്തെത്താന്‍ കഴിയില്ല എന്നു മാത്രമല്ല, ഒരു ലഹളയില്‍ രക്തസാക്ഷിയാവുക കൂടി ചെയ്യേണ്ടി വരികിലോ? കൂട്ടുകുടുംബങ്ങളില്‍ നിന്ന് ആയിരം കാതമകലെ, ഈ പുരാതന നഗരപ്രാന്തത്തിന്‍റെ പാതവക്കില്‍ ആരോരും തിരിഞ്ഞു നോക്കാനില്ലാതെ ഒരു ജഡം അനാഥമായിക്കിടക്കുന്നത്… തമ്പുരാനേ... ഓര്‍ക്കാനേ വയ്യ. അപായം മണക്കുമ്പോള്‍ ഉപായം തോന്നാറുണ്ടല്ലോ, ഇന്നെന്തേ ഇങ്ങനെ?

ഞാന്‍ പതുക്കെ സീറ്റില്‍ നിന്നെഴുന്നേറ്റു. പാന്‍റ് സിന്റെ പോക്കറ്റില്‍ തപ്പി. വിരലില്‍ തടഞ്ഞ ചില്ലറത്തുട്ടുകളില്‍ നിന്ന് അഞ്ച് രൂപയുടെ ഒരു നാണയമെടുത്ത് കൂടിനില്‍ക്കുന്നവര്‍ക്കിടയിലൂടെ കണ്ടക്ടറുടെ നേരെ നീട്ടി. ‘ഇതാ ഇതെടുത്ത് ആ അഞ്ചു രൂപാ നോട്ട് ഇങ്ങോട്ടു തന്നേക്കൂ.’ അത്ഭുതം! ബഹളം നിലച്ചു! ഒപ്പം സമയവും കാലവും. എല്ലാവരും എന്നെ നോക്കി. അയാള്‍ ആ അഞ്ചു രൂപാ നാണയം വാങ്ങി, എനിക്ക് മുഷിഞ്ഞ അഞ്ചു രൂപാ നോട്ടും യാത്രക്കാരന് ടിക്കറ്റും നല്‍കി, യാത്രക്കാര്‍ അവരവരുടെ സീറ്റുകളിലേക്ക് പിന്‍വാങ്ങി, ബാഹ്യശക്തികള്‍ എന്നെ അമര്‍ത്തി നോക്കിക്കാണും. കണ്ടക്ടര്‍ വിസ്ലൂതി, ബസ് നീങ്ങി, ലഹള നീങ്ങി, കോടതി വ്യവഹാരങ്ങളുടെ താടവീക്കം നീങ്ങി, യാത്രക്കാരുടെ മൌനം നീങ്ങി. അവരില്‍ പലരുടെയും കണ്ണുകള്‍ എന്‍റെ മുഖത്താണ്. ഈജാതി പ്രശ്നങ്ങള്‍ ഞാനെത്ര പരിഹരിച്ചതാണെന്ന മട്ടില്‍ നിസ്സംഗത അഭിനയിച്ച് അഞ്ച് രൂപാ നോട്ടിലേക്ക് കണ്ണും നട്ട് ഞാനിരുന്നു. കേരളത്തില്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആ നോട്ട് പുത്തനായിരുന്നു; പുതുപുത്തന്‍. അത്തരം നോട്ടുകള്‍ എന്റെ കീശയില്‍ അപ്പോഴും കിടക്കുന്നുണ്ട്. നിശ്ചിത ശതമാനം (എത്രയാണെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല) പ്ളാസ്റിക് ടേപുകള്‍ കൊണ്ട് ലാമിനേറ്റ് ചെയ്യപ്പെട്ടാലല്ലാതെ അക്കാലത്ത് അഞ്ചിന്റെയും രണ്ടിന്റെയും നോട്ടുകള്‍ കേരളത്തില്‍ ചെലവാകുമായിരുന്നില്ല.

ഇങ്ങനെ എത്രയെത്ര അത്ഭുതങ്ങള്‍ ഞാന്‍ സൃഷ്ടിച്ചിട്ടുണ്ട്! നിനക്കുമതിന് സാധിക്കും, മനസ്സൊന്ന് നന്നാകണമെന്നു മാത്രം. മൂന്നു നാലു വര്‍ഷം മുമ്പൊരു പെരുന്നാള്‍ പിറ്റേന്നും…

രക്ഷയില്ല. പുതിയ കഥയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ‘ആയടുത്ത് മാത്രം ഉദ്ഘാടനം കഴിഞ്ഞ ദുബൈയിലെ കൃത്രിമ ദ്വീപ് സന്ദര്‍ശിക്കാന്‍ പോയപ്പോഴും ഇതു പോലൊരനുഭവമുണ്ടായി. റോഡില്‍ നല്ല തിരക്കാണ്. ഒച്ചിനെ തോല്‍പിക്കുന്ന മെല്ലെപ്പോക്ക്. വണ്ടികള്‍ അനങ്ങുന്നില്ല. കുറേ കഴിഞ്ഞപ്പോള്‍ തൊട്ടടുത്തുള്ള താല്‍ക്കാലിക പള്ളിയില്‍ നിന്ന് സന്ധ്യാ പ്രാര്‍ഥനക്കുള്ള ബാങ്കു വിളിയുയര്‍ന്നു. ആദ്യത്തെ അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ കഴിഞ്ഞുള്ള ബാങ്കിന്‍റെ വാചകങ്ങള്‍ ഒന്നടങ്കം തലകുത്തനെ. ദുനിയാവിലെ ഏറ്റവും വലിയ പ്രതിഭ വിചാരിച്ചാല്‍ പോലും ഇനി അതിലൊരു തെറ്റുവരുത്തുക അസാധ്യമായിരുന്നു. തല്‍ക്കാലം നമസ്കരിക്കാന്‍ പരിപാടിയില്ലാതിരുന്നവര്‍ പോലും ‘കാഹളത്തിലൂത്ത്’ കേട്ട് പള്ളിയിലോടിക്കൂടി ബാങ്കുവിളിച്ച സുദാനിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു; വിവിധ ഭാഷകളില്‍. അറബി, ഉര്‍ദു, ഇംഗ്ളീഷ്, ബംഗ്ളാ, തമിഴ്, പഷ്തു…. പള്ളി പെട്ടെന്നുതന്നെ ഒരു ബാബേല്‍ ഗോപുരമായി.

‘അതിനെന്താ? ഇഖാമത്തും നമസ്കാരവും ശരിയാക്കിയാല്‍ പോരേ?’ സുദാനി അയാളുടെ ഭാഗം ന്യായീകരിച്ചു. തര്‍ക്കത്തിന് മുന്നില്‍ നിന്നിരുന്ന തൂവെള്ള താടിക്കാരനായ പഠാനോട് നിങ്ങള്‍തന്നെ ഇമാമായിക്കോളൂ എന്ന് പറഞ്ഞ് തന്റെ വിശാല മനസ്കത പ്രകടിപ്പിക്കുകയും ചെയ്തു.

‘ബാങ്ക് അടിമുടി തെറ്റിച്ചിട്ട് നമസ്കരിക്കാനോ?’  പഠാന്‍

'You can’t say the azan on your own terms’ വെളുത്ത് കിളരം കൂടിയ ഇന്ത്യക്കാരനെന്നു തോന്നിക്കുന്ന ഒരാള്‍ തര്‍ക്കത്തിലിടപെടുകയാണ്. ദുബൈയിലുള്ള മകനോടും കുടുംബത്തോടുമൊപ്പം കഴിയാനായി ബോംബെയില്‍ നിന്നെത്തിയ റിട്ടയേഡ് പ്രൊഫെസര്‍ ആയിരിക്കണമയാള്‍.

ബഹളം, തര്‍ക്കം വഴക്ക്… അവസാനം വക്കാണമാവുന്നു. നോക്കി നില്‍ക്കാന്‍ നേരമില്ല, ഇടപെട്ടളയാം. കഴിയുന്നത്ര ഉച്ചത്തില്‍ ഞാനൊരു ബാങ്ക് വിളിച്ചു, ഉടനെ ഒരിഖാമത്തും. സമയം പാഴാക്കാതെ കൂടെയുണ്ടായിരുന്ന സ്നേഹിതന്‍ കേറി നമസ്കാരവും തുടങ്ങി. നമസ്കാരം കഴിഞ്ഞു. അത്ഭുതം! ഒന്നും സംഭവിച്ചില്ല.

‘തര്‍ക്കങ്ങളില്‍ ചാതിക്കാരനായി ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ വല്ലാത്ത സംതൃപ്തിയാണ് ഇടപെട്ടയാള്‍ക്കുണ്ടാവുക. അതൊരു ബര്‍ക്കത്തുള്ള പരിപാടിയാണ്. ഒരിക്കല്‍…’

‘വേണ്ട. മഴ തോര്‍ന്നിരിക്കുന്നു. ഞാന്‍ പോവുകയാണ്. ഹീറോ ‘ഞാന്‍’ തന്നെയായ മറ്റൊരു കഥ കൂടി കേള്‍ക്കാന്‍ എനിക്കിനി താല്‍പര്യവുമില്ല.'

‘അല്ല, വേറെ ഒന്നു പറയാം. മുഹമ്മദ് നബി ഉള്‍പ്പെട്ട ഒരു കഥ പറഞ്ഞാലോ?’

‘ഹജറുല്‍ അസ്വദ് പുനസ്ഥാപിച്ച കഥയല്ലേ? കഅ്ബയുടെ പുനര്‍നിര്‍മാണ വേളയില്‍ ഹജറുല്‍ അസ്വദ് വെക്കേണ്ട സന്ദര്‍ഭമടുത്തപ്പോള്‍ ഏതു കുടുബത്തിന്റെ പ്രതിനിധി അത് പൂര്‍വ സ്ഥാനത്ത് വെക്കണമെന്നതിനെ സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തു. ഇനി ഇതുവഴി വരുന്ന ആള്‍ ആരായാലും അയാള്‍ എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കണം എന്ന് വിവേകമുള്ളൊരാള്‍ അഭിപ്രായപ്പെട്ടു. ആദ്യം അങ്ങോട്ടു കടന്നുചെന്നത് ഖുറൈശികളില്‍ ആരാലും ആദരിക്കപ്പെടുന്ന മുഹമ്മദ് എന്ന ചെറുപ്പക്കാരനായിരുന്നു. അദ്ദേഹത്തിനു മുമ്പില്‍ വിഷയം അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഹജറുല്‍ അസ്വദ് ഒരു തുണിയില്‍ വെക്കുകയും ഓരോ കുടുംബവും ഓരോ മൂലപിടിക്കട്ടെ എന്ന് അദ്ദേഹം നിര്‍ദേശിക്കുകയും തര്‍ക്കം തീരുകയും ചെയ്തു. ഈ കഥയല്ലേ? നിന്നെ ഇതു പറയാന്‍ വിട്ടാല്‍ നീ അതിനെ നീട്ടി വലിച്ച് കമ്പിയാക്കുകയോ അടിച്ചു പരത്തി തകിടാക്കുകയോ ചെയ്യും.’

‘നാം തമ്മില്‍ അവസാനം കണ്ടതിനു ശേഷം നീ ഒരുപാട് പഠിച്ചല്ലോ.’

‘ഞാന്‍ പോകുന്നു. നാളെ കാണാം.’

31 comments:

 1. nalloru vaayananaubhavam, oppam othiri nalla message um

  thaanakalude oro vaakum ethra sundharam..!

  ReplyDelete
 2. Great Gurujee, I like this line( കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കുന്നവര്‍ പിന്നീട് നേതാക്കളായി നിയമസഭയിലും പാര്‍ലമെന്റിലുമെത്തി ബഹളം കൂട്ടുന്നു.)
  Appreciate the sense,All the best..

  ReplyDelete
 3. enikku ningale ariyilla...enkilum parayathe vayya..gambeera avatharanam..koode enne polulla eduthu chattakkarkku orupaadu meassagukalum...

  ReplyDelete
 4. നോട്ടിന്റെ കഥയില്‍ ഇടപെടാത്തവര്‍ വളരെ ചുരുക്കം. പക്ഷെ അത് വായിക്കുമ്പോള്‍ ബഹുരസം..:)

  ReplyDelete
 5. ഇനിയും ഇത്തരം കഥകള് പ്രതീക്ഷിക്കുന്നു.

  ReplyDelete
 6. കഥയോ, സ്വന്തം അനുഭവമോ?
  ആത്മപ്രശംസ വേണ്ട എന്നു വിചാരിച്ച്‌ ഒരു 'ഞാൻ' ന്റെ പുറത്തേക്ക്‌ മാറ്റിയതല്ലേ?
  ഈ ഞാൻ എന്നു പറയുന്നത്‌ താങ്കൾ തന്നെയല്ലേ എന്നൊരു സംശയമില്ലാതില്ല ;) കഥകളും പറയുന്ന രീതിയും നന്നായി.

  ReplyDelete
 7. ഇത് അനുഭവമോ അതോ...? ഏതായാലും നോട്ട് കഥയും ബാങ്ക് കഥയും സൂപ്പറായിക്ക്ണ് ട്ടോ.. ഇനീം എഴുത്.. വേഗം..

  ReplyDelete
 8. ഹഹ.. അനുഭവം ഇങ്ങനെയും പറയാം എന്ന് പഠിപ്പിച്ചു.. ഇനീം വരട്ടെ.. ആദ്യം വല്ലേടത്തും പോയി അനുഭവങ്ങളുണ്ടാക്ക്, എന്നിട്ട് അതും ബ്ലോഗിൽ പോസ്റ്റൂ.. :)

  ReplyDelete
 9. ലോകത്തുള്ള പല പ്രശ്നങ്ങള്ക്കും ഇത്തരം പ്രതിവിധികള്‍ ഉണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു

  ReplyDelete
 10. എത്ര ഈസിയായാണു ഓരോ പ്രശ്നങ്ങളും പരിഹരിച്ചത്. ഇത്രെയുണ്ടാവുകയുള്ളു എപ്പോഴും കാര്യങ്ങള്‍. പക്ഷെ അതിനു വേണ്ടിതന്നെയാണു പലപ്പോഴും കൊലപാതകം വരെ നടക്കുന്നത്. എല്ലാവരും ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നെങ്കില്‍...

  ReplyDelete
 11. ഇഷ്ടപ്പെട്ടു.
  നല്ല രസകരമായ വായന സമ്മാനിച്ചതിനു അഭിനന്ദനങ്ങള്‍ !!

  ReplyDelete
 12. നല്ല അവതരണം.
  വേറെ ഒരു രഹസ്യം പറയാം. എന്റെ നാട്ടില്‍ കവുങ്ങുകള്‍ക്ക് ശിഖരം ഇല്ല!
  (അതി വിദഗ്ധനായ ഒരു കവുങ്ങു കയറ്റക്കാരനെപ്പോലെയാണിയാള്‍, ഒരു കഥ അവസാനിക്കുമ്പോള്‍ അതിന്റെ ശിഖരം ആട്ടിയാട്ടി അടുത്ത കഥയിലേക്കൊരൊറ്റച്ചാട്ടം.)

  ReplyDelete
 13. കൊള്ളാം ആരിഫ്‌ഇക്കാ നന്നായി കഥ പറഞ്ഞു ...എന്ത് നിസാരമായാണ് ഓരോ പ്രശ്നങ്ങളും പരിഹരിച്ചിരിക്കണത്....ഇത് കഥയാണെന്ന് തോന്നൂല്ലട്ടോ നടന്ന സംഭവം പോലുണ്ട് ....

  ReplyDelete
 14. ട്രപ്പീസ് കളിക്കാരന്റെ മെയ്‌വഴക്കത്തോടെ അയാള്‍ ഒരു കഥയില്‍ നിന്നും മറ്റൊരു കഥയിലേക്ക്‌..
  യാ അള്ളാ... ഞമ്മക്കും ഇത് പോലൊരു ചങ്ങായി ഒണ്ടായിരുന്നേല്‍ എഴുതാന്‍ കഥയ്ക്ക് മുട്ടുണ്ടാവില്ലാര്‍ന്ന്‍... :)

  ഈ വ്യത്യസ്തമായ അവതരണം ഏറെ ഇഷ്ടമായി...

  ReplyDelete
 15. സത്യം. പല തര്‍ക്കങ്ങളുടെയും മൂല കാരണം അന്വേഷിച്ചാല്‍ വളരെ നിസ്സാരമായിരിക്കും പ്രശ്നം. കുട്ടികളുടെ കളിയില്‍ നിന്നും പോലും ചിലപ്പോള്‍ രക്ഷിതാക്കള്‍ തമ്മിലുള്ള വലിയ തര്‍ക്കത്തിലേക്കു കാര്യങ്ങള്‍ നീങ്ങാറുണ്ട്. എന്തായാലും അവതരണം ഭംഗിയായി.

  ReplyDelete
 16. ഇടപെടലുകള്‍ അവസരോചിതമെങ്കില്‍.. നമ്മുടെ വിവേചനാധികാരം ശരിയാം വണ്ണം പ്രയോഗിക്കുകില്‍.. സാരമായ പലതും നിസ്സാരമെന്നു തിരിച്ചറിയാനാകും.
  കഥ പറയുന്ന രീതി ഇഷ്ടപ്പെട്ടു. പലരും തിരക്കിയ 'ഞാന്‍' ഇനിയാരായിരുന്നാലും അദ്ദേഹമൊരു ഗുണകാംക്ഷി തന്നെ..!!!
  ഇക്കാ ഇരിപ്പിടം വഴിയാണ് ഈ പോസ്റ്റിലെക്കെത്തിയത്.
  വഴികാണിച്ച ഇരിപ്പിടത്തിനും അക്ബരിക്കക്കും നന്ദി.

  ReplyDelete
 17. ഇഷ്ടപ്പെട്ടു. ഇരിപ്പിടം വഴി വന്നതാണ്

  ReplyDelete
 18. ആരിഫ്ജിയുടെ പതിവ് രീതികളില്‍ നിന്നുള്ള ഒരു വഴിമാറി നടത്തം .നാടന്‍ പൊങ്ങച്ച സഞ്ചികളെ കണക്കിന് കളിയാകുമ്പോഴും ആരിഫ്ജി തന്റെ മനോഹരമായ ഭാഷ കൊണ്ട് അതിനെ ആകര്‍ഷണീയ മാക്കുന്നു .നല്ല നിരീക്ഷണങ്ങള്‍ (ഇരിപ്പിടം വഴി അല്ല വന്നത് ,ഞാന്‍ ഈ റൂട്ടില്‍ കാശ് കൊടുക്കാതെ സോറി കീറിയ നോട്ട് കൊടുത്ത് മിക്കപ്പോഴും യാത്ര ചെയ്യാറുണ്ട് )

  ReplyDelete
 19. നല്ല ലേഖനം ..നിസ്സാര്‍ പ്രശ്നങ്ങള്‍ ആണ് പിന്നെ പലപ്പോഴും വലിയ വലിയ പ്രശ്നത്തില്‍ എത്തുന്നത്‌ ...!

  ReplyDelete
 20. നല്ലൊരു വായനാ സുഖം തന്ന കഥാകാരനും ഇരിപ്പിടത്തിനും നന്ദി....

  ReplyDelete
 21. നല്ല അവതരണം....
  സ്വയം പുകഴ്ത്തല്‍-കാര്‍ക്ക് കുറിക്കു കൊള്ളുന്ന എഴുത്ത്....

  ReplyDelete
 22. ഇങ്ങനെ എത്രയെത്ര അത്ഭുതങ്ങള്‍ pakshe മനസ്സൊന്ന് നന്നാകണമെന്നു മാത്രം

  ReplyDelete
 23. അതെ,ഒന്ന് മനസ്സ് വെച്ചാല്‍ മതി.പക്ഷെ,ആ മനസ്സല്ലേ ആര്‍ക്കുമില്ലാത്തത് ?
  മനോഹരമായിരിക്കുന്നു.

  ReplyDelete
 24. This comment has been removed by the author.

  ReplyDelete
 25. ഇത്രയേ ഉണ്ടായിരുന്നുള്ളൂ...

  ആ ബസ്‌ യാത്ര ചെന്നൈയിലെ ബസുകളെ കുറിച്ചാണോ??
  കണ്ടക്ടറെ കുറിച്ച് പറഞ്ഞത്‌ കറക്റ്റ്‌ (സീറ്റില്‍ നിന്ന്‍ എണീക്കില്ല. ടിക്കറ്റ്‌ അവിടെ പോയി വാങ്ങണം). സംസാരത്തിലെ ഉച്ചതയും കറക്റ്റ്‌.

  അഞ്ചു രൂപ നോട്ടിനെ കുറിച്ച് പറഞ്ഞത് കറകറകറക്റ്റ്‌. നാട്ടില്‍ ചെലവാകുന്ന ഒട്ടുമുക്കാല്‍ (ഓട്ടമുക്കാല്‍ അല്ല) നോട്ടുകളും ചെന്നൈയില്‍ ചെലവാകില്ല. അവര്‍ക്ക് ഇന്നലെ പ്രിന്‍റ് ചെയ്ത നോട്ടുകള്‍ (ഉദാഹരണം) തന്നെ കൊടുക്കണം..

  ReplyDelete
 26. ഈ കഥ പതിവ് ശൈലിയിലല്ലാലോ ആരിഫ്ക്കാ ...
  വാക്കുകള്‍ക്ക് കട്ടി കുറവാണ് .അതുകൊണ്ട് തന്നെ നല്ല മൊഞ്ചില്‍ ഒറ്റയിരുപ്പില്‍തന്നെ വായിച്ചുതീര്‍ക്കാന്‍ കഴിഞ്ഞു .എനിക്ക് യാത്രക്കാരുടെ തോളില്‍ ചാരിയിരുന്നു പൈസ മേടിക്കുന്ന കണ്ടക്ടരിനെയാ പരിജയം ,ആദ്യായിട്ടാ സീട്ട്ലിരുന്നു പൈസ മേടിക്കുന്നതിനെക്കുരിച്ചരിയുന്നത്..(ഒരു പാവം ഗ്രമീണയാ, വല്യ നാട്ടുപരിജയമൊന്നും ഇല്ല )എന്തായാലും നല്ല രസമുണ്ട് വായിക്കാന്‍ ... വായനയിലുടനീളം ഒരു ചെറു ചിരി ചുണ്ടില്‍ നിലനിര്‍ത്തി മാത്രമേ ഇത് വായിക്കാന്‍ കഴിയൂ .
  ആശംസകള്‍ !
  (ലിങ്ക് അയച്ചുതന്നതിനു നന്ദി )

  ReplyDelete
 27. ശരിയാണ്..ആരിഫ്ക്കാ..പല വലിയ ഉരുള്‍ പൊട്ടലുകളും നടന്നിരിക്കുന്നത് ചെറിയ കാരണങ്ങളില്‍ നിന്നാണ്. കഥയില്‍ ഇടയ്ക്കിടയ്ക്ക് കഥാകാരന്‍ ഒരു മാഷെന്ന പോലെ വന്നിട്ട് കഥയില്‍ ചോദ്യം ഇല്ല എന്ന് പറയുന്ന ശൈലി ഇഷ്ടമായി ട്ടോ. ഹി.ഹി..പലരും അനുസരണയോടെ മുഴുവന്‍ വായിക്കാന്‍ അത് കാരണമായേക്കും..

  പിന്നെ, അവസാന ഭാഗത്ത് ഉണ്ടായ തര്‍ക്കങ്ങള്‍ മുഴുവന്‍ വായിച്ചെങ്കിലും ചില പരാമര്‍ശങ്ങള്‍ ഒന്നും മനസിലായില്ല. ഇഖാമത്ത് എന്ന് പറഞ്ഞാല്‍ എന്താണ് ? അത് പോലെ ഹജറുല്‍ അസ്വദ് എന്താണെന്നും മനസിലായില്ല. ..

  ആശംസകള്‍..വീണ്ടും വരാം..

  ReplyDelete
 28. ഒരു അഞ്ചു രൂപ മതി അഞ്ചു ആളുകളുടെ ജീവനെടുക്കാൻ ..
  ഒരു അഞ്ചു രൂപ മതി തഞ്ചത്തിൽ അതില്ലാതാക്കാൻ

  ReplyDelete
 29. ആ ബാങ്കിന്റെ പണി കേരളത്തിൽ ചെലവാകൂല.. ങ്ങളെ സംഘടനാ മെമ്പര്ഷിപ് നോക്കിയിട്ടേ ബാങ്ക് കൊടുക്കാൻ സമ്മതിക്കൂ

  ReplyDelete
 30. വായിച്ചു - പറയാൻ ഒരുപാട് തോന്നുന്നു.....
  എല്ലാം കൂടി ചുരുക്കി.... സംഗതി ഇഷ്ടമായി എന്നു പറഞ്ഞുകൊള്ളട്ടെ....

  ReplyDelete